UPDATES

ഇന്ത്യ

1984ലെ കലാപത്തില്‍ രാഹുലിന്‍റെ ഉത്തരം തെറ്റാണ്; 2002ലെ കലാപത്തില്‍ മോദിയോടുള്ള ചോദ്യം എവിടെ?

1984-ലെ കലാപത്തിൽ കോൺഗ്രസിന്റെ പങ്ക് നിഷേധിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനോട് പൊറുക്കാനാകില്ല. പക്ഷെ അയാളെ മാധ്യമങ്ങൾ നിർത്തിപ്പൊരിക്കുമ്പോൾ, അതെ തരത്തിൽ മോദിയെ ചോദ്യം ചെയ്യാത്ത മാധ്യമങ്ങളുടെ കാപട്യവും മനസ്സിൽ വെക്കണം.

                       

നാട്ടിലായാലും വിദേശത്തായാലും 1984 കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിരന്തരം വേട്ടയാടുന്നു. ഓരോ തവണ അയാളെ കാര്യപ്രാപ്തിയുള്ള നേതാവായി പൊക്കിക്കാണിക്കുമ്പോഴും 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾ പ്രതിഷേധവുമായി ഉണരും. മാക്ബെത്തിനെ ബാൻകോയുടെ പ്രേതം വേട്ടയാടിയപോലെ. ഓരോ തവണയും പൊതുസംവാദങ്ങളിൽ പങ്കെടുക്കുമ്പോളും 1984ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖുകാരായ അംഗരക്ഷകർ കൊന്നതിനുന് ശേഷമുണ്ടായ കലാപത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അയാൾക്ക് നേരെ ഉയരും.

എന്നാൽ മാക്ബെത്തിനെപ്പോലെ രാഹുൽഗാന്ധി ഭയചകിതനായി കുറ്റസമ്മതം നടത്തുന്നില്ല. വെള്ളിയാഴ്ച്ച ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളുമായുള്ള സംവാദത്തിലും ഈ ചോദ്യമുയർന്നു. അക്ഷോഭ്യനായി കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു, “നിങ്ങൾ പറയുന്നു, കോൺഗ്രസ് പാർട്ടി അതിൽ ഉൾപ്പെട്ടിരുന്നു എന്ന്. ഞാൻ യോജിക്കുന്നില്ല. തീർച്ചയായും, അക്രമം ഉണ്ടായിട്ടുണ്ട്. ഒരു ദുരന്തമുണ്ടായിട്ടുണ്ട്”. 1984ന്റെ പ്രേതാത്മാക്കളുടെ പ്രതികാരം എന്ന് പറയാം – രാഹുൽ ഗാന്ധി വീണ്ടും തലക്കെട്ടുകളിൽ നിറഞ്ഞു, ഒട്ടും സുഖകരമല്ലാത്ത കാരണങ്ങളാൽ.

1984ലെ കലാപത്തിൽ പാർട്ടിയുടെ പങ്ക് രാഹുൽ ഗാന്ധി അംഗീകരിക്കണമെന്നും അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പറയുന്നത് അന്യായവും ക്രൂരവുമാണ്. അന്യായമെന്ന് പറയാൻ കാരണം അയാൾക്കന്നു വെറും 14 വയസെ പ്രായമുള്ളൂ. ക്രൂരം എന്ന് പറയാൻ കാരണം, അങ്ങനെ ചെയ്‌താൽ അയാള്‍ക്ക് മരിച്ചുപോയ അച്ഛൻ, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമര്‍ശിക്കേണ്ടി എന്നാണ്. കൂടാതെ, കോൺഗ്രസ് ഇപ്പോഴും പറയുന്നപോലെ, 2005 ആഗസ്ത് 11ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാർലമെന്റിൽ 1984ലെ കലാപത്തിന് മാപ്പു പറഞ്ഞു. സിഖ് സമൂഹത്തോട് മാത്രമായിരുന്നില്ല അത്, മുഴുവൻ രാജ്യത്തോടുമായിരുന്നു. പക്ഷെ അപ്പോഴും കോൺഗ്രസ് ബോധപൂർവം ആ കലാപത്തിന് തിരികൊളുത്തി എന്ന് സിംഗ് അംഗീകരിച്ചോ എന്ന് വ്യക്തമല്ല.
ഈ സൂചനയെ അംഗീകരിക്കാൻ രാഹുൽ ഗാന്ധി എക്കാലത്തും വിസമ്മതിച്ചു. 2014ൽ ടിവി അവതാരകനായ അർണാബ് ഗോസ്വാമിയുടെ നടത്തിയ ഒരു അഭിമുഖത്തിലാണ് ഇതേറ്റവും ദുരന്താത്മകമായി അയാൾ പറഞ്ഞത്, “ഞാനോർക്കുന്നു, 1984ൽ ഞാനൊരു കുട്ടിയായിരുന്നു. കലാപം തടയാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടായിരുന്നു, 1984ന്‍റെ പ്രേതം അയാളെ ആക്ഷേപിക്കാൻ അപ്പോഴേക്കും ചാടിവീണു.

1984ലെ കലാപത്തിലെ തന്റെ പാർട്ടിയുടെ പങ്ക് സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് രാജ്യത്തിന്റെ കൂട്ടായ ഓർമ്മയെ അവഹേളിക്കുന്നതാണ്. നിലവിലെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥിനെപ്പോലുള്ളവര്‍ സിഖുകാരെ ആക്രമിക്കാൻ ആൾക്കൂട്ടത്തെ പ്രേരിപ്പിച്ച അന്നത്തെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ട്. കേന്ദ്ര സർക്കാർ ഡൽഹിയിൽ ബോധക്കേട് നടിച്ചു കിടന്നു. “വൻമരം കടപുഴകി വീഴുമ്പോൾ ഭൂമി കുലുങ്ങും” എന്ന ക്രൂരമായ സാമാന്യവത്കരണത്തിലൂടെ രാജീവ് ഗാന്ധി അക്രമത്തെ ന്യായീകരിച്ചു.

പിതാവിന്റെ കുറ്റത്തിന് മകനെ പഴിക്കാനാവില്ല. മറ്റൊരു കാലത്തിൽ തന്റെ പാർട്ടി ചെയ്ത കുറ്റത്തിന് അതിന്റെ ഇപ്പോഴത്തെ നേതാവിനെയും. പക്ഷെ രാജീവ് ഗാന്ധിയുടെ മകനും ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയും ജവഹർലാൽ നെഹ്രുവിന്റെ പേരക്കുട്ടിയുടെ മകനുമായ രാഹുൽഗാന്ധി, ഇന്ത്യയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കുടുംബത്തിൽ നിന്നുമായതുകൊണ്ടാണ് കോൺഗ്രസിനെ നയിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതിൽ കോൺഗ്രസിന്റെ ചരിത്രപരമായ പങ്കിനെക്കുറിച്ച് അയാൾ ഇടയ്ക്കിടെ പറയാറുമുണ്ട്.
ചരിത്രത്തിലെ ആസ്തികൾ മാത്രമെടുത്ത് ബാധ്യതകൾ ഉപേക്ഷിക്കാനുള്ള ആഡംബരം രാഹുൽ ഗാന്ധിക്ക് നൽകാനാവില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ തങ്ങളുടെ രാജ്യം നടത്തിയ കൊടുംക്രൂരതകൾക്ക് അതിൽ വ്യക്തിപരമായ പങ്കൊന്നുമില്ലാത്ത ജപ്പാൻ പ്രധാനമന്ത്രിമാർ മാപ്പുപറയുന്നപോലെ, രാഹുൽ ഗാന്ധിയും 1984ന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.

2002ലെ ഗുജറാത്ത് വര്‍ഗീയ കലാപം
അതോടൊപ്പം ഓർക്കേണ്ടതുണ്ട്, 1984ലെ കലാപത്തിന് ഒരു സയാമീസ് ഇരട്ടയുണ്ട് – 2002ലെ ഗുജറാത്ത് കലാപത്തിന്റെ പ്രേതം. 1984ലെ ഡൽഹിയിൽ സിഖുകാർ എന്ന പോലെ ഗുജറാത്തിൽ 2002ല്‍ മുസ്ലീങ്ങളെ അതിക്രൂരമായി കൂട്ടക്കുരുതി നടത്തി. അവരുടെ വസ്തുവകകൾ തീയിട്ടു നശിപ്പിച്ചു. 1984ൽ ഡൽഹിയിൽ സംഭവിച്ച പോലെ ഭരണകൂടം ഗുജറാത്തിലും ബോധപൂർവം ബോധക്കേട് നടിച്ചു. ഇന്നത്തെ കാഴ്ച്ചപ്പാടിൽ നോക്കുമ്പോൾ 1984നും 2002നും ഒരു വലിയ വ്യത്യാസമുണ്ട്. 1984ൽ കേന്ദ്ര സർക്കാരിനെ നയിച്ച ആളുടെ മകനാണ് രാഹുൽ ഗാന്ധി. അയാൾ പ്രതിപക്ഷ കക്ഷിയുടെ നേതാവാണ്. എന്നാൽ 2002ൽ ഗുജറാത്ത് ഭരണത്തിന്റെ തലവനായിരുന്ന മനുഷ്യൻ ഇന്ന് പ്രധാനമന്ത്രിയാണ്. സ്വദേശത്തോ വിദേശത്തോ ആരും 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് മോദിയോട് ചോദിക്കുന്നില്ല എന്നത് ദുരൂഹമായ കൗതുകമാണ്.
ഒരു കാരണം, 2002നെക്കുറിച്ച് ചോദ്യം ചോദിക്കാൻ മോദി ആർക്കും അവസരം നൽകുന്നില്ല എന്നാണ്. മാധ്യമപ്രവർത്തകരെ അയാൾ അപൂർവമായേ കാണാറുള്ളൂ. 2002നെക്കുറിച്ച് മോദിയോട് ചോദിക്കാൻ മാധ്യമപ്രവർത്തകരും ബോധപൂർവം മറന്നു എന്നും വാസ്തവമാണ്. മാക്ബെത്തിൽ ബാങ്കോയെപ്പോലെയല്ല, കലാപങ്ങളുടെ പ്രേതങ്ങളെ വിളിച്ചുവരുത്തിയാലേ വരൂ. പക്ഷെ ഇപ്പോഴും ഇങ്ങനെയായിരുന്നില്ല അവസ്ഥ, കുറഞ്ഞത് മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെങ്കിലും., കരൺ ഥാപ്പറുടെ ടെലിവിഷൻ അഭിമുഖ പരിപാടിയിൽ നിന്നും Devil’s Advocate – മോദിയുടെ കുപ്രസിദ്ധമായ ഇറങ്ങിപ്പോക്ക് ആരും മറന്നിട്ടില്ല.

ഥാപ്പറുടെ ഈ ചോദ്യമായിരുന്നു ഇറങ്ങിപ്പോക്കിന് വഴിയൊരുക്കിയത് – “2002ലെ ഗുജറാത്ത് കൂട്ടക്കൊലകൾക്ക് അഞ്ച് വർഷത്തിന് ശേഷവും ഗോധ്രയുടെ പ്രേതം ഇപ്പോഴും താങ്കളെ വേട്ടയാടുന്നു. ആ പ്രേതത്തെ ഉച്ചാടനം ചെയ്യാൻ താങ്കൾ കൂടുതലായി ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്?” മോദി ഇങ്ങനെ മറുപടി നൽകി – “ഈ (പണി) ഞാൻ കരൺ ഥാപ്പറെ പോലുള്ള മാധ്യമ പ്രവർത്തകർക്ക് നൽകുന്നു. അവർ ആനന്ദിക്കട്ടെ”.
പക്ഷെ ഥാപ്പർ വിട്ടില്ല – “കൊലപാതകങ്ങളിൽ ഖേദിക്കുന്നു എന്ന് താങ്കൾ പറയാത്തത് എന്തുകൊണ്ടാണ്?” അയാൾ ചോദിച്ചു. മോദി മറുപടി നൽകി – “എനിക്ക് പറയാനുള്ളത് ഞാൻ ആ സമയത്ത് (2002) പറഞ്ഞിട്ടുണ്ട്. നിങ്ങൾക്കെന്റെ പ്രസ്താവനകളിൽ കാണാം”. കുറച്ചു നിമിഷങ്ങൾക്ക് ശേഷം താൻ അഭിമുഖം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് മോദി എഴുന്നേറ്റുപോയി. മോദി പ്രധാനമന്ത്രിയായപ്പോൾ പാർട്ടി നേതാക്കളെ ഥാപ്പറുടെ അഭിമുഖങ്ങൾക്ക് അയയ്ക്കുന്നത് ബിജെപി നിർത്തി.

മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ അനുഭവവും സമാനമാണ്. അദ്ദേഹത്തിന്റെ 2014: The Election That Changed India എന്ന പുസ്തകത്തിൽ പറയുന്നു – “കലാപത്തെക്കുറിച്ചുള്ള എന്റെ വാർത്തകൾ മോദിയുമായുള്ള എന്റെ ബന്ധം വഷളാക്കി. അതുവരെ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു” (മാധ്യമപ്രവർത്തകർക്കും നേതാക്കൾക്കും എപ്പോഴെങ്കിലും സുഹൃത്തുക്കളാകാമെങ്കിൽ!).
2014ലെ തെരഞ്ഞെടുപ്പുകാലത്ത് സർദേശായിക്ക് നിരവധിതവണ ശ്രമിച്ചിട്ടും മോദിയുടെ അഭിമുഖം ലഭിച്ചില്ല. ഒരു സമയം അനുവദിക്കാമെന്നും എന്ത് ചോദ്യവും ചോദിക്കാമെന്നുപോലും മോദി ഉറപ്പ്പറഞ്ഞതായി സർദേശായി പറയുന്നു. മോദിയുടെ വാക്കുകളായി സർദേശായി പറയുന്നു, “ഏയ്, രാജ്‌ദീപ്‌, നിങ്ങളുമായി ഒരു ശത്രുതയുമില്ല”.

അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ വിലക്കാനാകാത്തതുകൊണ്ടായിരിക്കും സർദേശായിയെ വിലക്കിയത്. പക്ഷെ 2014-ൽ ഇൻഡ്യ ടിവിയിലെ രജത് ശർമയുടെ ‘ആപ് കി അദാലത്’ എന്ന പരിപാടിയിൽ മോദി പങ്കെടുത്തു. ആ പരിപാടി തിരക്കഥയനുസരിച്ചു നടത്തിയതായിരുന്നു എന്ന് നിരവധി പേര് കരുതുന്നു. ഇൻഡ്യ ടി വിയുടെ എഡിറ്റോറിയൽ ഡയറക്ടർ ക്വമർ വഹീദ് നഖ്വി രാജിവെച്ചു. “ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചോദ്യവും ചോദിച്ചില്ല” എന്ന് നഖ്വി തന്നോട് പറഞ്ഞതായി സർദേശായി പറയുന്നു.

2002ൽ സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി പറയാൻ മോദിക്ക് ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാണ് Narendra Modi: The Man. The Times എന്ന പുസ്തകമെഴുതുന്ന സമയത്ത് അതെഴുതിയ നിരഞ്ജൻ മുഖോപാധ്യായയോട് 2002ലെ കലാപത്തെക്കുറിച്ച് ഇതിനോടകം പറഞ്ഞതിൽ നിന്നും കൂടുതലായി ഒന്നും പറയാനില്ലെന്ന് മോദി തീർത്തുപറഞ്ഞത്. ഒരുപക്ഷെ 2002നെക്കുറിച്ച് മോദി അവസാനമായി ചോദ്യം നേരിട്ടത് 2014ലെ തെരഞ്ഞെടുപ്പ് കാലത്താണ്. 2002ലെ അക്രമത്തിൽ ഖേദിക്കുന്നുണ്ടോ എന്ന് റോയിട്ടേഴ്‌സ് വാർത്ത ഏജൻസി അയാളോട് ചോദിച്ചു. മോദി മറുപടി നൽകി – “ആരെങ്കിലും കാറോടിക്കുകയും നമ്മൾ പിന്നിലിരിക്കുകയും ചെയ്യുമ്പോൾ ഒരു പട്ടിക്കുട്ടി ചക്രത്തിനടിയിൽപ്പെട്ടാൽ പോലും നമുക്ക് വേദനിക്കില്ല? തീർച്ചയായും വേദനിക്കും.” പട്ടിക്കുട്ടി എന്ന പ്രതീകം പലരെയും വേദനിപ്പിച്ചു.

ഒരിക്കലും ചോദിക്കാത്ത ചോദ്യങ്ങൾ
മോദി പ്രധാന്മന്ത്രിയായപ്പോഴേക്കും അയാൾക്ക് 2002നെക്കുറിച്ചുള്ള ചോദ്യങ്ങൾ വെറുപ്പുണ്ടാക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. മോദിയുടെ അടുത്തെത്താൻ ആഗ്രഹിക്കുന്ന ആർക്കുമുള്ള അടിസ്ഥാന ചട്ടങ്ങളിലൊന്നായി അത് മാറി-2002-നെക്കുറിച്ച് ചോദ്യങ്ങൾ പാടില്ല. സംഘത്തിന്റെ പങ്കിനെക്കുറിച്ച് ചൂണ്ടിക്കാട്ടരുത്, ഭരണസംവിധാനത്തിന്റെ അന്നത്തെ നിഷ്ക്രിയത്വത്തെക്കുറിച്ച് പറയരുത്, കലാപത്തെക്കുറിച്ച് അന്വേഷിച്ച്‌ മോദിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക സംഘത്തലവൻ ആർ കെ രാഘവനെ പിന്നീട് സൈപ്രസിലെ സ്ഥാനപതിയാക്കിയതിനെക്കുറിച്ച് പറഞ്ഞു കുഴപ്പിക്കരുത്.

അടുത്ത കാലത്ത് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൊന്നിലും ഈ വിഷയങ്ങൾ ചോദിച്ചില്ല. നേരിട്ട് നടത്തിയതിലും ഇ മെയിലിൽ നടത്തിയതിലും. വിദേശത്ത് പോകുമ്പോൾ പ്രവാസി ഇന്ത്യക്കാരോ മാധ്യമപ്രവർത്തകരോ 2002നെക്കുറിച്ച് ഒരു ചോദ്യം ഉറക്കെവിളിച്ച് ചോദിക്കുന്നതും നമ്മൾ കേട്ടില്ല.
മോദിയുടെ മുന്നിൽ മാധ്യമ പ്രവർത്തകർ ഭീരുക്കളാകുന്നു, കാരണം മാധ്യമപ്രവർത്തനത്തിന്റെ ധീരത അവിടെ കാണിച്ചാൽ സ്ഥാപനത്തിന്റെ ഉടമ തങ്ങളെ പിരിച്ചുവിടുമെന്ന് അവർക്കറിയാം. എന്നാൽ ഈ ഒതുക്കമൊന്നും രാഹുൽ ഗാന്ധിയോട് കാണിക്കാറില്ല. കാരണം അയാളുടെ കക്ഷി അധികാരത്തിലില്ല. തന്റെ അഭിപ്രായങ്ങൾ പരസ്യമാക്കാൻ അയാൾക്ക് മാധ്യമങ്ങളെ ആശ്രയിക്കാതെ നിവൃത്തിയില്ല. മാധ്യമ താൻപോരിമയുടെ എളുപ്പത്തിലുള്ള ഇരയാണ് രാഹുൽ ഗാന്ധി. പരസ്യദാതാക്കളെ ഭയപ്പെടുത്താനോ തങ്ങളുടെ വ്യാപാരതാത്പര്യങ്ങളെ ഹനിക്കാനോ അയാൾക്കിപ്പോൾ ശേഷിയില്ലെന്നും അവർക്കറിയാം. “1984നെക്കുറിച്ച് എന്റെ അഭിപ്രായം ഞാൻ പറഞ്ഞുകഴിഞ്ഞു, കൂടുതലായൊന്നും പറയാനില്ല,” എന്നൊരു മറുപടിയുമായി രാഹുൽ ഗാന്ധിക്ക് രക്ഷപ്പെടാനാകില്ല.

തീർച്ചയായും, 1984-ലെ കലാപത്തിൽ കോൺഗ്രസിന്റെ പങ്ക് നിഷേധിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനോട് പൊറുക്കാനാകില്ല. പക്ഷെ അയാളെ മാധ്യമങ്ങൾ നിർത്തിപ്പൊരിക്കുമ്പോൾ, അതെ തരത്തിൽ മോദിയെ ചോദ്യം ചെയ്യാത്ത മാധ്യമങ്ങളുടെ കാപട്യവും മനസ്സിൽ വെക്കണം. പാവം ഷേക്സ്പിയർ, തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി കൊന്നവരുടെ പ്രേതങ്ങളെ ഉച്ചാടനം ചെയ്യാൻ പറ്റുന്ന വിദ്യകളുണ്ടെന്ന് അയാൾക്കറിയുമായിരുന്നില്ല.

Share on

മറ്റുവാര്‍ത്തകള്‍