ഒന്നര പതിറ്റാണ്ട് മുന്‍പ് ടെലികോം സ്‌പെക്ട്രം, കല്‍ക്കരി അഴിമതികള്‍ എന്നിവയിലെ നഷ്ടം ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ടുകള്‍ രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണമായി. എന്നാല്‍, 2025 ഡിസംബര്‍ മുതല്‍ രാജ്യത്തെ പ്രമുഖ ക്ഷേമപദ്ധതികളിലെ തട്ടിപ്പുകള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും, ഭരണകൂടവും പൊതുസമൂഹവും പാലിക്കുന്ന മൗനം അമ്പരപ്പിക്കുന്നതാണ്.
ജിഎസ്ടി പിരിവ്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, നൈപുണ്യ വികസനം, ഭവന പദ്ധതികള്‍, ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പും കെടുകാര്യസ്ഥതയുമാണ് കഴിഞ്ഞ ആഴ്ചകളിലെ സിഎജി റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള ഒരു അതോറിറ്റി ഗൗരവമേറിയ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും യാതൊരുവിധ പ്രതിഫലനങ്ങളും സമൂഹത്തില്‍ ഉണ്ടാകുന്നില്ല.
ഡിജിറ്റല്‍ ഇന്ത്യ വഴി 34 ലക്ഷം കോടി രൂപ വിതരണം ചെയ്തുവെന്നും 2.7 ലക്ഷം കോടി രൂപയുടെ ലാഭവും ഉണ്ടാക്കിയതായി സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. 1985ല്‍ രാജീവ് ഗാന്ധി നടത്തിയ ’15 പൈസ’ പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ട്, തങ്ങളുടെ ഭരണത്തിന് കീഴിലുള്ള ഡെലിവറി സിസ്റ്റം കുറ്റമറ്റതാണെന്നാണ് മന്ത്രിമാര്‍ വാദിക്കുന്നത്. എന്നാല്‍, സിഎജിയുടെ ഏറ്റവും പുതിയ ഓഡിറ്റുകള്‍ ഈ വാദങ്ങളുടെ മുനയൊടിക്കുന്നു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൊണ്ടും പഴയ അഴിമതിയുടെ പഴുതുകള്‍ അടഞ്ഞിട്ടില്ലെന്നും, ഇനി അത് മൂടിവെക്കാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡിജിറ്റല്‍ ഇന്ത്യയുടെ കരുത്തായി വിശേഷിപ്പിക്കപ്പെടുന്ന ഡിബിടി സംവിധാനം വലിയ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് സിഎജി സഞ്ജയ് മൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു. മതിയായ നിരീക്ഷണങ്ങളില്ലാതെയാണ് കോടിക്കണക്കിന് രൂപ അക്കൗണ്ടുകളിലേക്ക് ഒഴുകുന്നത്. വിവരശേഖരണത്തിലെ പോരായ്മകളും വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയമില്ലായ്മയും കാരണം, 2023 ല്‍ മരണപ്പെട്ട ഗുണഭോക്താക്കളുടെ പേരിലും പണം വിതരണം ചെയ്യപ്പെട്ടു. അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവിലുണ്ടായിട്ടും ഇത്തരം ചോര്‍ച്ചകള്‍ സംഭവിക്കുന്നത് ഭരണനിര്‍വ്വഹണത്തിലെ വലിയ വീഴ്ചയാണ്.
ഡിജിറ്റല്‍ സംവിധാനങ്ങളിലെ പഴുതുകള്‍ അഴിമതിക്കാര്‍ക്ക് വലിയ സൗകര്യമൊരുക്കുന്നുവെന്നാണ് ഏറ്റവും പുതിയ സിഎജി ഓഡിറ്റുകള്‍ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക ദുരുപയോഗമാണ് റിപ്പോര്‍ട്ടുകളില്‍ അക്കമിട്ടു നിരത്തിയിരിക്കുന്നത്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും സാങ്കേതിക പിഴവുകള്‍ മുതലെടുക്കുന്നതും വഴി വന്‍തോതിലുള്ള പണം ചോരുമ്പോള്‍, രാജ്യത്തെ സാധാരണക്കാരുടെ ക്ഷേമപദ്ധതികള്‍ വെറും കടലാസ് രേഖകളായി മാറുന്നു. ഇത് ഡിജിറ്റല്‍ സുതാര്യത എന്ന ലക്ഷ്യത്തിന് വലിയ തിരിച്ചടിയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലെ (DEAF) വെറും 250 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ലഭിക്കേണ്ട ക്ഷേമ ഫണ്ടുകള്‍ അവരിലേക്ക് എത്തുന്നതിന് പകരം പത്ത് വര്‍ഷത്തോളമായി ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഏകദേശം 1.5 ലക്ഷം കോടി രൂപയോളം വരുന്ന തുക ഈ വിധത്തില്‍ കെട്ടിക്കിടക്കുന്നത് രാജ്യത്തെ ക്ഷേമപദ്ധതികളുടെ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയെയാണ് സൂചിപ്പിക്കുന്നത്.
2025 ഡിസംബര്‍ 11-ന് സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് പ്രകാരം ജിഎസ്ടി പിരിവില്‍ മാത്രം 21,695 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ കണ്ടെത്തി. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ ജിഎസ്ടിയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട പണം ഇത്തരത്തില്‍ ചോരുന്നുവെങ്കില്‍, സാധാരണക്കാര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ പണമില്ലാതെ തകരുന്നതില്‍ അത്ഭുതപ്പെടാനില്ല.
പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയില്‍ (PMKVY) 2015-നും 2022-നും ഇടയില്‍ 90 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ രേഖകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. ഇത് കേവലം സാങ്കേതിക പിഴവല്ല, മറിച്ച് ആസൂത്രിതമായ കൊള്ളയാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്ക് പകരം വ്യാജ നമ്പറുകളാണ് പലയിടത്തും നല്‍കിയിരിക്കുന്നത്. കലണ്ടറില്‍ പോലുമില്ലാത്ത ഫെബ്രുവരി 31 ന് പരിശീലനം നടത്തിയെന്ന അവകാശവാദവും ക്രമക്കേടിന്റെ തീവ്രത വ്യക്തമാക്കുന്നു. കൂടാതെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയും കോടികള്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2025ല്‍ സര്‍ക്കാര്‍ 8,800 കോടി രൂപ കൂടി പദ്ധതിക്കായിഅനുവദിച്ചെങ്കിലും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ ഇപ്പോഴും അന്യമാണ്. സമാനമായ രീതിയില്‍, ഹിമാചല്‍ പ്രദേശിലെ ദളിത്-ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവെച്ച 1,024 കോടി രൂപ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ വിനിയോഗിക്കാതെ കെട്ടിക്കിടക്കുന്നു. ഇത് ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത്.
രാജ്യത്തെ ഭവന നിര്‍മാണ പദ്ധതിയിലും വ്യാപക ക്രമക്കേടുകള്‍ നടന്നതായി സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയില്‍ വന്‍ പുരോഗതിയുണ്ടെന്ന സര്‍ക്കാര്‍ വാദമാണ് സിഎജി റിപ്പോര്‍ട്ടിലൂടെ തകര്‍ന്നുവീണത്. രേഖകളില്‍ പൂര്‍ത്തിയായ വീടുകള്‍ പലതും വാസയോഗ്യമല്ല എന്ന് മാത്രമല്ല, ശുചിമുറിയോ വൈദ്യുതിയോ കുടിവെള്ളമോ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത കെട്ടിടങ്ങള്‍ മാത്രമാണ്.
ഇതിനുപുറമെ, 159 ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട 86.20 ലക്ഷം രൂപ സൈബര്‍ തട്ടിപ്പിലൂടെ അനധികൃത ബാങ്ക് അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ബഹുമതി തുടര്‍ച്ചയായി നേടുമ്പോഴും, ഇന്‍ഡോറിലെ ജലവിതരണ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകള്‍ സിഎജി റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ തുറന്നുകാട്ടിയിരുന്നു. കുടിവെള്ളത്തില്‍ മലിനജലം കലരാന്‍ സാധ്യതയുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ സിഎജി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചതുകൊണ്ട് 2026 ജനുവരിയില്‍ പന്ത്രണ്ടിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഡല്‍ഹിയിലെ അവസ്ഥ ഇതിലും മോശമാണ്. അവിടുത്തെ ഭൂഗര്‍ഭജലത്തിന്റെ പകുതിയിലധികവും കുടിക്കാന്‍ കൊള്ളാത്തതാണ്. കൂടാതെ, വെള്ളം ശുദ്ധീകരിക്കാന്‍ പാടില്ലാത്ത അപകടകരമായ കെമിക്കലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനങ്ങളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന അധികൃതരുടെ ഈ രീതി വലിയ തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കേണ്ട ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായും സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരേ ഫോണ്‍ നമ്പറില്‍ ലക്ഷക്കണക്കിന് ആളുകളെ ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. ഇതിലും ക്രൂരമായത് ഗുജറാത്തില്‍ നടന്ന സംഭവമാണ്; പണം തട്ടാന്‍ വേണ്ടി മാത്രം ഡോക്ടര്‍മാര്‍ ആളുകള്‍ക്ക് അനാവശ്യമായി ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പല ആശുപത്രികള്‍ക്കും വലിയ പിഴ ലഭിച്ചു. ഇത്രയധികം തുക സര്‍ക്കാര്‍ പദ്ധതിക്കായി മാറ്റിവെച്ചിട്ടും, പാവപ്പെട്ടവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ ലഭിക്കാത്തത് വലിയൊരു പ്രതിസന്ധിയായി തുടരുന്നു.
സിഎജി കണ്ടെത്തലുകളോട് പൊതുസമൂഹം പുലര്‍ത്തുന്ന നിസ്സംഗത ഭീതിജനകമാണ്. ഓരോ ബജറ്റിലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി പ്രഖ്യാപിക്കുന്ന വന്‍തുകകള്‍ അര്‍ഹരിലേക്ക് എത്തുന്നില്ല എന്ന സത്യം പൗരന്മാര്‍ അറിയുന്നില്ല. ഇടനിലക്കാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട ‘ഡിജിറ്റല്‍ ഇന്ത്യ’ ഇന്ന് തട്ടിപ്പിന്റെയും വഞ്ചനകളുടെയും കേന്ദ്രമായി മാറിയിരിക്കുന്നു. സ്‌കൂള്‍ കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് തട്ടിപ്പ് പുറത്തുപറയുന്നവര്‍ക്ക് വധഭീഷണി വരെ ഉണ്ടായി. വന്‍കിട പദ്ധതികളും രാഷ്ട്രീയ ഫണ്ടിംഗും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇന്ന് ഗൗരവമായി ചോദ്യം ചെയ്യപ്പെടുന്നില്ല. ഇത്തരം ക്രമക്കേടുകളും യാഥാര്‍ത്ഥ്യങ്ങകളും മാധ്യമങ്ങള്‍ കൂടി മൂടിവയ്ക്കുന്നതോടെ ഇവ പൊതുജനങ്ങളിലേക്കും എത്തുന്നില്ല. ഇതോടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും ഭരണകൂടത്തെ എളുപ്പത്തില്‍ ഒഴിഞ്ഞുമാറാന്‍ സഹായിക്കുന്നു. വികസനത്തേക്കാള്‍ ഉപരിയായി പരസ്യങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും ഭരണം മുന്നോട്ട് പോകുന്ന അപകടകരമായ കാഴ്ചയാണിത് ഇതിലൂടെ രാജ്യത്ത് നടക്കുന്നത്.
Content Summary: India under digital plunder: audit reports being silenced