യുവരാജ് സിംഗിന്റെയും ധോണിയുടെയും സെഞ്ച്വറി മികവില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോര്‍. 382 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്. ആദ്യ നാല് ഓവറിനുള്ളില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങളെയായിരുന്നു ഇംഗ്ലണ്ട് ബൗളര്‍ ക്രിസ് വോക്‌സ് കൂടാരം കയറ്റിയത്. ലോകേഷ് രാഹുല്‍(5), വിരാട് കോലി(8), ശിഖര്‍ ധവാന്‍(11) എന്നിവരുടെ വിക്കറ്റുകളാണ് 25 റണ്‍സെടുക്കുന്നതിന് മുമ്പ് നഷ്ടപ്പെട്ടത്.
നാലാം വിക്കറ്റില്‍ യുവരാജും ധോണിയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമായിരുന്നു ഇന്ത്യയെ കൂറ്റന്‍ സോകോറിലേക്ക് നയിച്ചത്. തന്റെ കരിയറിലെ 14-ാം സെഞ്ച്വറി നേടിയ യുവരാജ് 2011-ന് ശേഷം നേടുന്ന ആദ്യ അന്താരഷ്ട്ര സെഞ്ചുറിയാണിത്. 127 പന്തില്‍ 21 ബൗണ്ടറികളും മൂന്നു സിക്‌സറുകളുടെയും അകമ്പടിയോടെ 150 റണ്‍സാണ് യുവരാജ് നേടിയത്.
ഒമ്പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ പത്താം ഏകദിന സെഞ്ചുറിയിലേക്കെത്തിയ ധോണിയുടെ 2013- സെപ്റ്റംബറിന് ശേഷമുള്ള ആദ്യ ഏകദിന സെഞ്ച്വറിയാണിത്. ധോണി 122 പന്തില്‍ 134 റണ്‍സാണ് നേടിയത്. 256 റണ്‍സാണ് യുവരാജും ധോനിയും ചേര്‍ന്നുള്ള കൂട്ടുക്കെട്ടില്‍ പിറന്നത്. നാലാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല-എ.ബി ഡിവില്ലിയേഴസ് സഖ്യം നേടിയ 172 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്.
നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും രണ്ടു വിക്കറ്റെടുത്ത പ്ലങ്കെറ്റും ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 8 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തിട്ടുണ്ട്.