June 04, 2026 |
Share on

പാക് ലക്ഷ്യങ്ങള്‍ തകര്‍ത്ത് ഇന്ത്യ; അതിര്‍ത്തി സംസ്ഥാനങ്ങള്‍ ‘ബ്ലാക് ഔട്ടില്‍’

ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളിലെ നഗരങ്ങളിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതായി സൈന്യം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രണശ്രമം. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സായുധ സേന നടത്തിയ പ്രത്യാക്രമണത്തില്‍ പാക് ശ്രമം പരാജയപ്പെടുകയും ചെയ്തു. പാക് ആക്രമണ പശ്ചാത്തലത്തില്‍ ശ്രീനഗര്‍ മുതല്‍ ചണ്ഡീഗഡ് മുതല്‍ ഭുജ് വരെയുള്ള 15 ലധികം നഗരങ്ങളില്‍ വൈദ്യുതി തടസം നേരിടുന്നുണ്ട്.

ജമ്മു, പത്താന്‍കോട്ട്, ഉധംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളായിരുന്നു പാകിസ്താന്‍ ലക്ഷ്യമിട്ടതെന്ന് പറയുന്നു. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇന്ത്യ അറിയിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാക് ആക്രമണം ഉണ്ടായത്. പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തില്‍ ആള്‍ അപായമോ മറ്റ് നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. കൈനറ്റിക്, നോണ്‍-കൈനറ്റിക് മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ്് പാക് ഭീഷണി നിര്‍വീര്യമാക്കിയതെന്നാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്. മിസൈലുകളുടെയും മറ്റ് ആയുധ സംവിധാനങ്ങളും ഉപയോഗിച്ചുള്ള പ്രത്യാക്രമണമാണ് കൈനറ്റിക് മാര്‍ഗത്തിലുളളത്. ജാമറുകള്‍, ആന്റി-ഡ്രോണ്‍ വലകള്‍ പോലുള്ള പ്രതിരോധ മാര്‍ഗങ്ങളാണ് നോണ്‍-കൈനറ്റിക് എന്നറിയപ്പെടുന്നത്.

പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ പലയിടത്തായി പാകിസ്താന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതാണ് ഔദ്യോഗിക വിവരം. ഇന്ത്യന്‍ സായുധ സേനയ്ക്ക് എല്ലാ ഭീഷണികളെയും ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സത്വാരി, സാംബ, ആര്‍എസ് പുര, അര്‍നിയ എന്നിവിടങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ട എട്ട് പാക് മിസൈലുകള്‍ എല്ലാം തന്നെ ഇന്ത്യന്‍ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ തകര്‍ത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് (ആളില്ലാത്ത വ്യോമ സംവിധാനങ്ങള്‍) ഗ്രിഡ്, എസ് 400 ട്രയംഫ്, ബരാക് 8 എംആര്‍എസ്എഎം (മീഡിയം റേഞ്ച് സര്‍ഫസ്-ടു-എയര്‍ മിസൈല്‍), തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് എന്നിവയുള്‍പ്പെടെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ശത്രുവിന്റെ ഭീഷണി തടയാന്‍ വ്യോമസേന സജ്ജമാക്കിയിരുന്നത്.

വ്യാഴാച്ച വൈകുന്നേരത്തോടെ ജമ്മുവില്‍ പൂര്‍ണമായി വൈദ്യുതി തടസ്സപ്പെട്ടു. ഡ്രോണുകളും മിസൈലുകളും പോലെ തോന്നിക്കുന്ന ഒന്ന് ആകാശത്ത് വച്ച് തടയപ്പെടുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെക്കുറിച്ചാകാം ആളുകള്‍ പറയുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. വലിയ ശബ്ദത്തില്‍ സ്‌ഫോടന കേട്ടതായും, സൈറണുകള്‍ മുഴങ്ങിയെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. ജമ്മു വിമാനത്താവളം പാകിസ്താന്‍ ലക്ഷ്യം വച്ചുവെന്നാണ് പലരും കരുതിയത്. കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങള്‍ ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് പൊലീസ് നല്‍കിയിരുന്നു. ബ്ലാക് ഔട്ട് സമയത്ത് എല്ലാത്തരം ലൈറ്റുകളും ഓഫ് ചെയ്യനും, സുരക്ഷിതമായ സ്ഥലങ്ങളിലും വീടിനുള്ളില്‍ തന്നെയും തുടരാനും ജനത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അനാവശ്യമായി വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

ജമ്മുവിലെ അഖ്നൂര്‍, രജൗരി, പൂഞ്ച് തുടങ്ങിയ അതിര്‍ത്തി ജില്ലകളിലേക്ക് പാകിസ്ഥാന്‍ കനത്ത തോതില്‍ പീരങ്കി ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശ്രീനഗറില്‍ രാത്രി 10 മണിക്ക് മുമ്പ് തന്നെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ സംവിധാനം പൂര്‍ണ സജ്ജമാക്കിയിട്ടുണ്ട്.

പഞ്ചാബിലെയും രാജസ്ഥാനിലെയും നിരവധി ജില്ലകളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇവിടങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങിയെന്നാണ് വിവരം. പഞ്ചാബില്‍ അമൃത്സര്‍, ജലന്ധര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍, ഹോഷിയാര്‍പൂര്‍, പത്താന്‍കോട്ട്, ഫിറോസ്പൂര്‍, ഫാസില്‍ക്ക, ചണ്ഡീഗഡ് എന്നിവിടങ്ങളിലും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മൊഹാലിയിലും അയല്‍ പ്രദേശമായ പഞ്ച്കുളയിലും, ഗുജറാത്തിലെ കച്ച് ജില്ലയിലെ മിക്ക ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളായ ജയ്‌സാല്‍മീര്‍, ബിക്കാനീര്‍ എന്നിവിടങ്ങളില്‍ ആകാശത്ത് ഡ്രോണുകളോ മിസൈലുകളോ പോലെ തോന്നിക്കുന്ന ഒന്ന് കണ്ടതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അവയെ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായും പറയുന്നു. രാജസ്ഥാനിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ രാത്രി ഒമ്പത് മണിയോടെ പാക് ഡ്രോണ്‍ ആക്രമണം ഉണ്ടായിയെന്നും അവയെ നമ്മള്‍ തടഞ്ഞുവെന്നുമാണ് ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. വ്യാഴാഴ്ച രാത്രി 11 മണി വരെ പാക് ഭാഗത്ത് നിന്നുള്ള ആക്രമണം തുടര്‍ന്നുവെന്നാണ് ബിഎസ്എഫ് അറിയിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായി അതിര്‍ത്തി ജില്ലകളില്‍ സമ്പൂര്‍ണ്ണ വൈദ്യുതി നിരോധനം ഏര്‍പ്പെടുത്തിയതായും സേന വിഭാഗം പറഞ്ഞു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി ഡയറക്ടര്‍ ജനറല്‍മാരുമായി സംസാരിച്ചു.  Indian forces thwarted drone and missile attacks by Pakistan. Border states in blackout

Content Summary; Indian forces thwarted drone and missile attacks by Pakistan. Border states in blackout

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×