മെറ്റ വിട്ട് ഓപ്പൺ എഐയിലേക്ക്; 9 വർഷത്തെ സേവനം അവസാനിപ്പിച്ച് ഇന്ത്യൻ വംശജ

ആരാണ് ചായാ നായക്?

മാർക്ക് സക്കർബർഗിന്റെ മെറ്റയിൽ നിന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇന്ത്യൻ വംശജയായ എഐ സ്പെഷ്യലിസ്റ്റ് ചായാ നായക് ആണ് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനത്തിൽ നിന്ന് രാജിവെച്ച ഏറ്റവും പുതിയ വ്യക്തി. ഒരു പതിറ്റാണ്ടോളം മെറ്റയിൽ പ്രവർത്തിച്ച ശേഷമാണ് ചായാ നായക് ഓപ്പൺഎഐയിൽ ചേർന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ചായാ നായക് ഓപ്പൺ എഐയുടെ സ്പെഷ്യൽ ഇനിഷ്യേറ്റീവ്സ് ടീമിൽ പുതിയ ചുമതല ഏറ്റെടുത്തത്.

മെറ്റയിലെ ഒമ്പത് വർഷത്തെ സേവനം

ഏകദേശം ഒമ്പത് വർഷത്തോളം മെറ്റയിൽ പ്രവർത്തിച്ച ചായാ നായക് മെറ്റയിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2023 മേയ് മുതൽ 2025 ഓഗസ്റ്റ് വരെ ചായാ ജനറേറ്റീവ് എഐയുടെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടറായിരുന്നു. ഈ കാലയളവിൽ കമ്പനിയുടെ Llama മോഡലിന്റെ വിവിധ ജെനറേഷൻ വികസനത്തിന് അവർ നേതൃത്വം നൽകി. അതിനുമുമ്പ് 2018 ജൂൺ മുതൽ 2023 മേയ് വരെ ഓപ്പൺ റിസർച്ച് ആന്റ് ട്രാൻസ്പരൻസി ടീമിന്റെ ചീഫായിരുന്നു. 2016 ഒക്ടോബർ മുതൽ 2018 ജൂൺ വരെ ഡാറ്റ ഉപയോഗിച്ച് ആഗോള സമൂഹങ്ങളെ സഹായിക്കുന്ന ‘ഡാറ്റ ഫോർ ഗുഡ്’ എന്ന പദ്ധതിയുടെ ചീഫായും അവർ പ്രവർത്തിച്ചിരുന്നു.

കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പബ്ലിക് പോളിസിയിലും ഡാറ്റാ സയൻസിലും ചായാ നായക് ബിരുദാനന്തര ബിരുദം നേടിയത്. യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മിൽവാക്കിയിൽ നിന്ന് ഗ്ലോബൽ സ്റ്റഡീസിൽ ബിരുദം നേടിയ ചായാ സുരക്ഷ, സമാധാന പഠനങ്ങൾ, സ്പാനിഷ് എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസണിലും അവർ പഠനം നടത്തിയിട്ടുണ്ട്.

ചായാ നായകിന്റെ വിടവാങ്ങൽ കുറിപ്പ്

മെറ്റയിലെ തന്റെ 9 വർഷത്തെ യാത്രയെ ചായാ നായക് എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ അനുഭവങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്. ഒരു പരീക്ഷണമായി തുടങ്ങിയ ‘ഡാറ്റ ഫോർ ഗുഡ്’ പദ്ധതി തന്റെ കരിയറിന് അടിത്തറയായെന്ന് ചായാ നായക് തന്റെ വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സമൂഹങ്ങളെ സഹായിക്കുന്ന ഡിസാസ്റ്റർ മാപ്സ് പോലുള്ള പ്രോജക്റ്റുകളിൽ പ്രവർത്തിച്ചതും ഡാറ്റാ സ്വകാര്യത പോലുള്ള സങ്കീർണ്ണ വിഷയങ്ങൾ കൈകാര്യം ചെയ്തതും ചായാ നായക് പറഞ്ഞു. ഈ അനുഭവങ്ങൾ തന്നെ ആത്മവിശ്വാസം, ധൈര്യം എന്നിവ എന്താണെന്ന് പഠിപ്പിച്ചുവെന്നും അവർ വിശദീകരിച്ചു. ഓപ്പൺഎഐയിൽ ഇറിന കോഫ്മാനോടൊപ്പം സ്പെഷ്യൽ ഇനിഷ്യേറ്റീവ്സ് ടീമിൽ ചേരുന്നത് അനുയോജ്യമായ തീരുമനാമാണെന്നും അവർ കൂട്ടിച്ചേർത്തു.

മാർക്ക് സക്കർബർഗിന്റെ മെറ്റ, സൂപ്പർഇന്റലിജൻസ് രംഗത്ത് തങ്ങളുടെ വലിയ കുതിച്ചുചാട്ടത്തിന് തിരിച്ചടികൾ നേരിടുകയാണ്. ബിസിനസ് ഇൻസൈഡറുടെ റിപ്പോർട്ട് അനുസരിച്ച് സക്കർബർഗ് മെറ്റ സൂപ്പർഇന്റലിജൻസ് ലാബ്സ് (MSL) തുടങ്ങി രണ്ട് മാസത്തിനുള്ളിൽത്തന്നെ എട്ട് ജീവനക്കാർ രാജിവെച്ചു. മെറ്റയുടെ പ്രധാന എഐ സിസ്റ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പരിചയസമ്പന്നരായ ആളുകളും, അടുത്തിടെ ചേർന്നവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.

Content Summary: Indian-origin Chaya Nayak leaves Meta after 9 years to join OpenAI

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment