January 21, 2025 |

ഇന്ത്യക്കാരെ തേടി ഹൃദയാഘാതം നേരത്തെ എത്തുന്നു; പുതിയ പഠനം പറയുന്നത് എന്ത് ?

10 വർഷം മുൻപേ ഹൃദയാഘാതത്തിന്റെ പിടിയിലാകുന്നു

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് പത്ത് വർഷം മുമ്പ് തന്നെ ഇന്ത്യയെ ഹൃദ്രോഗം പിടിമുറുക്കുന്നുവെന്ന് പഠനം. അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യയുടെ (എപിഐ) പഠന റിപ്പോർട്ട് രാജ്യത്തിൻ്റെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നതാണ്. ഹൃദയ രോഗവും പക്ഷാഘാതവുമാണ് ആഗോളതലത്തിൽ മരണ സംഖ്യ ഉയർത്തുന്നതിന്റെ പ്രധാന കാരണങ്ങൾ. ഈ കണക്കുകളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഓരോ വർഷവും, ഇന്ത്യയിലെ 20% പുരുഷന്മാരും ഏകദേശം 17% സ്ത്രീകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണ് മരണപ്പെടുന്നത്. heart attack in Indians

‘ എപിഐയുടെ റിപോർട്ടുകൾ ആശങ്കാജനകമാണ്, ലോകമെമ്പാടുമുള്ള കൊറോണറി ആർട്ടറി രോഗത്തിൻ്റെ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. പാശ്ചാത്യരെ അപേക്ഷിച്ച് പകർച്ചവ്യാധിക്ക് സമാനമായാണ് ഇന്ത്യക്കാരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ (സിവിഡി) അനുഭവപ്പെടുന്നത്. ജീവിത ശൈലിയുടെ ഭാഗമായി പാശ്ചാത്യർക്കും ഇത്തരം അസുഖങ്ങൾ വരുമെങ്കിലും ഇന്ത്യയിലുള്ളവർക്ക് 10 വർഷം മുൻപ് തന്നെ ഇവയുടെ പിടിയിലാകുന്ന അവസ്ഥയാണുള്ളത്’ എന്നാണ് ഡോ നഡ്കർ വ്യക്തമാക്കുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നെഞ്ചുവേദനയായ ആൻജീന പോലുള്ള ആദ്യകാല ലക്ഷണങ്ങൾ കണ്ടെത്തുന്നത് പോലുള്ള, സമയോചിതമായ ഇടപെടലിൻ്റെയും അവബോധത്തിൻ്റെയും ആവശ്യകത ഏറി വരികയാണെന്നും ഡോ നഡ്കർ പറഞ്ഞു.

പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളാണ് കൂടുതൽ വെല്ലുവിളി നേരിടുന്നത്, പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകളിൽ അസാധാരണമായ ലക്ഷണങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഹൃദയസംബന്ധമായ അസുഖങ്ങളുടെ രോഗനിർണയം വൈകുന്നത് സ്ത്രീകളുടെ സ്ഥിതി കൂടുതൽ അപകടകരമാക്കുകയും ഇത് ആൻജീന കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. ഇത് വഴി രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസമുണ്ടാക്കുകയും ചെയ്യുന്നു.

അസുഖങ്ങൾ ഉയരുന്നതിന് പിന്നിലെ കാരണം

ഇന്ത്യക്കാരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉയരുന്നതിന് പിന്നിലെ പ്രധാന കാരണം അനാരോഗ്യകരമായ കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയ ഭക്ഷണക്രമവും വ്യായാമത്തിന്റെ അഭാവം തുടങ്ങിയവയാണ്, എന്നാണ് ന്യൂ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിൻ്റെ സീനിയർ കൺസൾട്ടന്റും കാർഡിയോതൊറാസിക് ആൻഡ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് സർജറി മേധാവിയുമായ ഡോ മുകേഷ് ഗോയൽ പറയുന്നത്. കൂടാതെ, പുകവലിയും അമിതമായ മദ്യപാനവും പോലെയുള്ള പാശ്ചാത്യ ജീവിതരീതികളുടെ സ്വാധീനവും ഇന്ത്യയുടെ യുവ ജനങ്ങളിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു വെന്നും മുകേഷ് ഗോയൽ കൂട്ടിച്ചേർത്തു.

ഇത്തരം അസുഖങ്ങൾ തടയുന്നതിന് ചിട്ടയായ വ്യായാമം, സമീകൃതാഹാരം, സ്ട്രെസ് മാനേജ്മെൻ്റ് തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ വളർത്തുന്നത് പ്രധാനമാണ്. അതോടൊപ്പം ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ അപകടസാധ്യത ഉയർത്തുന്ന ഘടകങ്ങളെ നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ഒരുപോലെ പ്രധാനമാണ്. കൂടാതെ, ഹൃദയാഘാതത്തെയും ലക്ഷണങ്ങളെയും കുറിച്ച് ജനങ്ങളെ കൃത്യമായി ബോധവൽക്കരിക്കുകയും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടാൻ പ്രേരിപ്പിക്കുകയും വേണം. പ്രതിരോധ നടപടികൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നതിലൂടെ, അസുഖങ്ങൾ ലഘൂകരിക്കുന്നതിനും യുവജനങ്ങളുടെ ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്നതിനും ഇന്ത്യയ്ക്ക് നിർണായക നടപടികൾ കൈക്കൊള്ളാനാകും.

Post Thumbnail
ലക്ഷ്മണ രേഖയാണ് ആദ്യത്തെ ലോക്ക്ഡൗണ്‍...!വായിക്കുക

content summary ;  Indians suffer heart attacks 10 years earlier than Westerners, according to Indian physician body. Why is that?  k k k k k k k k k k k k k k k k k k k k k k k

×