ഫതാഹ് പാർട്ടിയിൽ നിന്നും മുഹമ്മദ് സ്റ്റായെഹിനെ പാലസ്തീനിൽ പുത്തൻ ഗവൺമെന്റ് ഉണ്ടാക്കാൻ ക്ഷണിച്ച് പ്രസിഡന്റ്റ് മഹമൂദ് അബ്ബാസ്. മുൻ പ്രധാനമന്ത്രി റാമി അൽ ഹംദുല്ലയുടെ രാജിയെ തുടർന്നാണ് സ്റ്റായെഹിനെ പുതിയ പ്രധാനമന്ത്രിയാക്കാൻ അബ്ബാസ് അടിയന്തിര ഇടപെടലുകൾ നടത്തിയത്. പലസ്തീനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ഫതാഹും ഹമാസും തമ്മിലുള്ള ദീർഘകാലങ്ങളായ തർക്കം വേണ്ടരീതിയിൽ പരിഹരിക്കാനാവാത്തതിനെ തുടർന്ന് പഴയ ഗവൺമെന്റ് പടിയിറങ്ങുമ്പോൾ പലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് സ്റ്റായെഹിനും അദ്ദേഹമുണ്ടാക്കുന്ന ഗവൺമെന്റിനുമുള്ളത്.
പ്രായാധിക്യത്താൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശനങ്ങൾ മൂലം പ്രസിഡന്റ് അബ്ബാസ് സ്ഥാനമൊഴിയാൻ നിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിൻറെ മുഴുവൻ ചുമതലയും അദ്ദേഹം സ്റ്റായെഹിനെ ഔദ്യോഗികമായി തന്നെ ഏല്പിക്കുകയാണെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റായെഹിനെ തന്റെ പിൻഗാമി ആയാണ് അബ്ബാസ് കരുതുന്നതെന്നാണ് റിപ്പോർട്ടുകൾ.
താൻ അധികാരത്തിലേറിയാലുടൻ അബ്ബാസ് നയിച്ചിരുന്ന പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുമെന്നും പുത്തൻ ക്യാബിനറ്റ് ഉണ്ടാക്കാനുള്ള ചർച്ചകൾ ആരംഭിക്കുമെന്നുമാണ് പലസ്തീൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സ്റ്റായെഹ് വാഗ്ദാനം ചെയ്യുന്നത്. ഗാസയെ നിയന്ത്രിക്കുന്ന ഹമാസ് പാർട്ടി നിലവിൽ ഈ ഓർഗനൈസേഷനിൽ അംഗമല്ല.
ഹമാസ് പാർട്ടിയും ഫതാഹ് പാർട്ടിയും 2017 ൽ ഗാസയുടെ ഭരണവുമായി ബന്ധപ്പെട്ട് ഒരു ഉഭയകക്ഷി ചർച്ചയിലെത്തി സന്ധി ഒപ്പുവെച്ചിരുന്നെങ്കിലും പിന്നീട് ഭരണത്തെ ചൊല്ലി വീണ്ടും കാര്യങ്ങൾ കലുഷിതമാകുകയായിരുന്നു. പലസ്തീനെ സംബന്ധിച്ച മറ്റൊരു പൊള്ളുന്ന വിഷയമായ ഇസ്രയേലിന്റെ കാര്യത്തിൽ സ്വീകരിക്കുന്ന നയങ്ങളും വളരെ പ്രധാനമാണ്. ലിബറേഷൻ ഓർഗനൈസേഷനിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ഇസ്രായേൽ അതിർത്തി പ്രശ്നങ്ങളെ ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതുമായിരിക്കും സ്റ്റായെഹിന് മുന്നിലുള്ള അടിയന്തിര പ്രതിസന്ധി.
61 വയസുള്ള മുഹമ്മദ് സ്റ്റായെഹ് ഇംഗ്ളണ്ടിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിന് ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്. അതിനുശേഷം ഇദ്ദേഹം പലസ്തീൻ എക്കണോമിക് കൗൺസിൽ ഫോർ ഡിവലപ്മെന്റ് ആൻഡ് റീകൺസ്ട്രക്ഷനിൽ സാമ്പത്തിക വിദഗ്‌നായി ജോലി നോക്കി. 2009 ലും 2016 ലും ഇദ്ദേഹം ഫതാഹ് സെൻട്രൽ കൗസിലിലിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.