എഴുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കേരളം രഞ്ജി ട്രോഫി ഫൈനലിൽ എത്തി. കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് അതൊരു അഭിമാന നിമിഷമായിരുന്നു. കേരളത്തെ ഇത്തവണ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സച്ചിൻ ബേബിയാണ്. 2009ൽ രഞ്ജി ട്രോഫി മത്സരത്തിലേക്ക് കാലെടുത്തുവച്ച സച്ചിൻ ക്രിക്കറ്റ് ആരാധകർക്ക് എന്നും പ്രിയപ്പെട്ട കളിക്കാരനാണ്. തന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും, രഞ്ജി ട്രോഫിയെക്കുറിച്ചും അഴിമുഖത്തോട് സംസാരിക്കുകയാണ് സച്ചിൻ ബേബി. Interview with Sachin Baby
ക്രിക്കറ്റിലേക്കുള്ള വഴി
ചെറുപ്പകാലത്ത് എനിക്ക് താൽപര്യം ഫുട്‌ബോളിനോടായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ഫുഡ്‌ബോൾ ടീമിന്റെ ക്യാപ്റ്റനൊക്കെയായിരുന്നു. ഫുഡ്‌ബോൾ കളിക്കാനും അതിന്റെ സെലക്ഷനുമൊക്കെ പോയിട്ടുണ്ട്. ഇടുക്കിയിലുള്ള ടീമിന്റെ സെലക്ഷന് പോവുകയും അത് കിട്ടുകയുമൊക്കെ ചെയ്തിരുന്നു. പക്ഷെ അത് ഇടയ്ക്ക് വച്ച് നിന്ന് പോയി. പിന്നെ ഒരു വർഷത്തിന് ശേഷമാണ് ക്രിക്കറ്റിലേക്ക് എത്തുന്നത്.
അമ്മയ്ക്ക് ക്രിക്കറ്റ് വളരെ ഇഷ്ടമായിരുന്നു. കോളേജ് കാലം മുതൽ അമ്മ ക്രിക്കറ്റ് ആരാധികയാണ്. അമ്മയുടെ സഹോദരനാണ് അമ്മയെ ക്രിക്കറ്റ് കാണാൻ പഠിപ്പിച്ചതൊക്കെ. ഞാൻ ഉണ്ടാകുന്ന സമയത്ത് സച്ചിൻ തെൻഡുൽക്കർ പതിയെ ക്രിക്കറ്റിന്റെ മുഖമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് സച്ചിൻ എന്നുള്ള പേര് അധികമാർക്കും ഉണ്ടായിരുന്നില്ല, അങ്ങനെ ആ താൽപര്യത്തിന്റെ പുറത്താണ് സച്ചിൻ എന്ന പേര് വന്നത്.
വീട്ടിൽ നിന്ന് ഞാൻ കായിക മേഖലയിലേക്ക് വരുന്നതിനോട് അമ്മയ്ക്ക് വളരെ താൽപര്യമുണ്ടായിരുന്നു. കളിയും പഠിത്തവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകണമെന്നായിരുന്നു പപ്പ പറഞ്ഞിരുന്നത്. അങ്ങനെ വീട്ടിൽ നിന്ന് നല്ല പിന്തുണ ലഭിച്ചിരുന്നു. എന്നാൽ അന്ന്, ഞാൻ ഇത്രയും എസ്റ്റാബ്ലിഷ്ഡ് ആവാതിരുന്ന കാലത്ത് ക്രിക്കറ്റിന്റെ കിറ്റ് ബാഗൊക്കെ തൂക്കി ബസിൽ കയറുമ്പോൾ പോലും ഒരുപാട് പരിഹാസങ്ങളൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്ന് ഞങ്ങൾ അതൊക്കെ കേട്ടിട്ടും ഇട്ടിട്ട് പോവാതെ ഇവിടെ തന്നെ തുടർന്നതുകൊണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് കുറച്ചുകൂടി എളുപ്പമാണെന്ന് തോന്നുന്നു.
12ാമത്തെ വയിസിൽ ക്രിക്കറ്റിലെത്തിയ ആളാണ് ഞാൻ. അണ്ടർ തേർട്ടിയിലാണ് ആദ്യമായി കേരളത്തിന് വേണ്ടി കളിച്ചത്. പണ്ട് സ്‌കൂൾ വിട്ടൊക്കെ വന്ന് എല്ലാ ദിവസവും പാടത്തും പറമ്പിലുമൊക്കെ കളിക്കാൻ പോകുമായിരുന്നു. ഇടുക്കി ജില്ലയിലെ മലയോര പ്രദേശമായ അടിമാലിയിൽ നിന്നാണ് ഞാൻ വന്നത്, അവിടെ വൈകുന്നേരം ഗ്രൗണ്ടിലൊക്കെ ഇത് തന്നെയായിരുന്നു കാഴ്ച്ച.

കേരളം രഞ്ജി ട്രോഫി ഫൈനലിൽ എത്തിയപ്പോൾ
വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ഞാൻ 2009ൽ ടീമിന്റെ ഭാഗമാകുമ്പോൾ മുതൽ കേൾക്കുന്ന കാര്യമാണ് നമുക്ക് രഞ്ജി ട്രോഫി കപ്പടിക്കണം എന്നുള്ളത്. അന്ന് ശ്രീശാന്തായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. പ്ലേറ്റ് ഗ്രൂപ്പ്, എലൈറ്റ് ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായിരുന്നു ഉണ്ടായിരുന്നു. അതിൽ പ്ലേറ്റ് ഗ്രൂപ്പ് ആയിരുന്നു നമ്മുടെ ടീം, എലൈറ്റ് ഗ്രൂപ്പ് ആകണമെന്നതായിരുന്നു നമ്മുടെയെല്ലാം ആഗ്രഹം.
പ്ലേറ്റ് ഗ്രൂപ്പിൽ നിന്ന് മാറി എലൈറ്റിൽ കളിക്കണമെന്നതായിരുന്നു എല്ലാവർക്കും ആഗ്രഹം. അപ്പോൾ വലിയ കളിക്കാരുടെ കൂടെയൊക്കെ കളിക്കാൻ അവസരം കിട്ടുമായിരുന്നു. കേരളത്തെ ലീഡ് ചെയ്ത എല്ലാ ക്യാപ്റ്റൻമാരുടെയും വലിയ ആഗ്രഹമായിരുന്നു രഞ്ജി ട്രോഫിയിൽ ഡൊമസ്റ്റിക്കലി ഒരു കപ്പടിക്കണമെന്നുള്ളത്.
ഞാൻ ക്യാപ്റ്റനായിരിക്കുമ്പോഴായിരുന്നു ആദ്യമായി നമ്മൾ ക്വോട്ടർ ഫൈനൽ, സെമി ഫൈനൽ കളിച്ചതുമൊക്കെ. 2013 ലാണ് ആദ്യമായി കേരളാ ടീം സെമി ഫൈനൽ കളിച്ചത്. പക്ഷെ അപ്പോഴും കപ്പടിക്കാൻ കഴിഞ്ഞില്ല. അതിന് ശേഷം പലതവണ നമ്മൾ ക്വോട്ടർ ഫൈനൽ കളിച്ചു, അതിലും ഒരു തവണ പോലും കപ്പ് നേടാൻ കഴിഞ്ഞില്ല. പക്ഷെ ഈ വർഷം ഫൈനലിൽ എത്താനും കപ്പ് നേരിട്ട് കാണാനുമൊക്കെ കഴിഞ്ഞു. ഇപ്പോ ടീമിന് അറിയാം കപ്പ് നേടാൻ എന്തൊക്കെ വേണം എങ്ങനെയാണ് എന്നൊക്കെ. ഇനിയും ഒരുപാട് വർക്ക് ചെയ്യേണ്ടതുണ്ട് പല കാര്യങ്ങളും നമുക്ക് നേടാൻ പറ്റുമെന്ന വിശ്വാസമുണ്ട്. രഞ്ജി ട്രോഫി കേരളം ഇന്നുവരെ നയിച്ച എല്ലാ ക്യാപ്റ്റൻമാരുടെയും, അതിന് വേണ്ടി അസോസിയേഷനിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും സ്വപ്‌നമാണ്. അതിന്റെ മുന്നിൽ വരെ എത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
കേരളം ഐപിഎല്ലിൽ
ഐപിഎലിൽ ഇനിയൊരു കേരള ടീം വരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ടീമിന്റെ ബ്രാൻഡ് വാല്യൂ ഒക്കെ വളരെ ഹൈപ്പിൽ പോകുന്ന സമയമാണിത്. അതുകൊണ്ട് ഇപ്പോൾ ഒരു ടീമിന്റെ വില തന്നെ 7,000 കോടി രൂപയാണ്. അതൂകൊണ്ട് തന്നെ സാധ്യത വളരെ കുറവാണ്. പക്ഷെ നമുക്ക് കേരളത്തിൽ ഒരുപാട് നല്ല നല്ല കളിക്കാരുണ്ട്, അവർക്കൊക്കെ നല്ല അവസരങ്ങളും കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.

കേരളത്തിലെ കളിക്കാർക്ക് അവസരം കുറയുന്നുവോ
കുറേ വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കളിക്കാർക്ക് അവസരം കുറവാണെന്ന് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ഇവിടുത്തെ കളിക്കാരും അറിയപ്പെടുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് ഉണ്ടായിരുന്നു, അത് ലൈവ് സംപ്രേക്ഷണം ചെയ്തത് സ്റ്റാർ സ്‌പോർട്‌സിലായിരുന്നു. അതുപോലെ നമ്മൾ രഞ്ജി ട്രോഫി ഫൈനലിൽ എത്തി, അത് രാജ്യത്തെ തന്നെ എല്ലാവരും അറിഞ്ഞു, കളിക്കാരെ എല്ലാവരും മനസിലാക്കി. ഇത്തരത്തിലുള്ള അവസരങ്ങളിലൊക്കെ കളിക്കാരെയും ആളുകൾ മനസിലാക്കി വക്കുകയാണല്ലോ. അതുകൊണ്ട് ഇനി കേരളത്തിലെ കളിക്കാരെ അറിയാതെ പോകുന്ന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്.
പാഠ്യേതര പ്രവർത്തനങ്ങളുടെ ആവശ്യകത
മകൻ ക്രിക്കറ്റ് കളിക്കാറുണ്ട്. അവനും ഭാവി ഇതിലേക്കാണെന്ന് തോന്നുന്നു. രഞ്ജി ട്രോഫിയിൽ എത്തിയ ശേഷമാണ് ക്രിക്കറ്റിനെ ഞാൻ വളരെ സീരിയസായി കണ്ട് തുടങ്ങിയത്. അണ്ടർ തേർട്ടി കളിക്കുമ്പോൾ പോലും ഇതിന്റെ ഗൗരവം വ്യക്തമായി മനസിലായിരുന്നില്ല. ആ തരത്തിൽ ഒരു പ്രൊഫഷണലിസം ക്രിക്കറ്റിനോട് കാണിക്കുന്നതിൽ മകനെ സഹായിക്കാൻ കഴിയുമെന്ന് തോന്നുന്നു.
കുട്ടികൾ കലയിലേക്കും, കായിക മേഖലയിലേക്കുമൊക്കെ കൂടുതൽ പങ്കാളികളാകാൻ ശ്രമിക്കേണ്ടതുണ്ട്. ഇപ്പോൾ കാണുന്ന പല വാർത്തകൾക്കും പരിഹാരമാകാൻ ചിലപ്പോൾ അതിന് കഴിയും. എല്ലാവർക്കും വ്യത്യസ്ത കഴിവുകളുണ്ട്, അത് നേരത്തെ തിരിച്ചറിഞ്ഞ്, അതിന് വേണ്ടി അവരെ പ്രാപ്തരാക്കുന്നത് നന്നായിരിക്കും. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതിലും എത്രയോ നല്ലതായിരിക്കും ഓരോരുത്തരും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത്. അപ്പോൾ അവർക്ക് അവരുടെ നൂറ് ശതമാനം ജോലിയിൽ കൊടുക്കാനും സാധിക്കും.

ക്രിക്കറ്റിലെ സ്ത്രീ സാന്നിധ്യം
പെൺകുട്ടികൾ ക്രിക്കറ്റിലേക്ക് എത്തുന്നതിൽ വളരെ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ടീമിനു വേണ്ടി കളിച്ച പെൺകുട്ടികളിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. മിന്നുമണി, സജ്‌ന, ജോഷിത അങ്ങനെ കുറേ പേർ മുന്നോട്ട് വരുന്നുണ്ട്. ഡബ്ല്യൂപിഎൽ വന്നതോടെ ഇത്തരത്തിൽ ഒരുപാട് കളിക്കാരെ നമുക്ക് കണ്ടെത്താനും മുൻനിരയിൽ കാണാനുമൊക്കെ സാധിക്കാറുണ്ട്. Interview with Sachin Baby
content summary; Interview with Sachin Baby: Reflecting on the Ranji Trophy and His Cricket Journey
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.