ഇന്ത്യാ ചരിത്രത്തിലെ കറുത്ത അടയാളമായാണ് 1948 ജനുവരി 30 രേഖപ്പെടുത്തപ്പെട്ടത്. ജീവിതം തന്നെ സന്ദേശമാക്കിയ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി ഫാസിസത്തിന്റെ വെറുപ്പിലും വിദ്വേഷത്തിലും കൊല്ലപ്പെട്ട ദിനം. ബിര്‍ളാ മന്ദിരത്തിലെ പ്രാര്‍ത്ഥനാ യോഗത്തിലേക്ക് നടന്നുനീങ്ങിയ ഗാന്ധിക്ക് മുന്നിലേക്ക് നാഥുറാം വിനായക് ഗോഡ്‌സെ കടന്നുവന്ന് വണങ്ങാനെന്നവണ്ണം കുനിഞ്ഞ് കൈയ്യിലുണ്ടായിരുന്ന 9mm ബെരേറ്റ പിസ്റ്റലില്‍ നിന്നും മൂന്ന് വെടിയുണ്ടകള്‍ മഹാത്മജിക്ക് നേരെ ഉതിര്‍ത്തു. ഫാസിസത്തിനെതിരെ അക്ഷരങ്ങള്‍ കൊണ്ട് പോരാടുന്ന 9mm ബെരേറ്റ നോവലിന്റെ രചയിതാവ് വിനോദ് കൃഷ്ണ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി അഴിമുഖത്തോട് സംസാരിക്കുന്നു.interview with vinod krishna; assassination of Mahatma Gandhi
രാജ്യം മറ്റൊരു രക്തസാക്ഷി ദിനം കൂടി ആചരിക്കുന്ന ഈ വേളയില്‍ ഗാന്ധി വധത്തിന് കൂട്ടുനിന്നവര്‍ തന്നെ മൂന്നാംതവണയും രാജ്യം ഭരിക്കുമ്പോള്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയമല്ലേ രാജ്യത്ത് നിലനില്‍ക്കുന്നത്?
നാടകം എന്ന വാക്ക് പാര്‍ലമെന്റില്‍ നിരോധിച്ചത് ഫാസിസ്റ്റ് സര്‍ക്കാരാണ്. സത്യത്തില്‍ അസഹിഷ്ണുത എന്ന വാക്കാണ് ജനാധിപത്യത്തില്‍ നിരോധിക്കേണ്ടിയിരുന്നത്. ലിബറല്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ് ഡാറ്റ ഹാക്ക് ചെയ്യുന്നത്. നമ്മുടെ ഇമെയില്‍, വ്യക്തിഗത വിവരങ്ങള്‍ ബാങ്ക് അക്കൗണ്ട് മാത്രമല്ല, അവര്‍ നമ്മുടെ വികാരങ്ങളെയും (feelings) ഹാക്ക് ചെയ്യുന്നു. ഈ വികാരങ്ങളാണ് ജനാധിപത്യത്തില്‍ പോളറൈസേഷന്‍ ഉണ്ടാക്കാന്‍ അവര്‍ ഉപയോഗിക്കുന്നത്. സിലിക്കന്‍വാലി പണ്ട് ഇത്തരം വികാരങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയത് എന്നുള്ളത് ചരിത്രമാണ്. ഇന്ന് സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റുകളുടെ ദല്ലാളുകളായി പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം അല്‍ഗോരിതം ജനങ്ങളെ നിയന്ത്രിക്കാനുള്ള യുദ്ധോപകരണമായി മാറിയിട്ടുണ്ട്. മനുഷ്യരുടെ വികാരങ്ങളെ ഹാക്ക് ചെയ്യുന്നതിലൂടെ പൊതുബോധ നിര്‍മ്മിതി എളുപ്പമാകുന്നു. പ്രാചീനകാലത്ത് ഭൂമിക്ക് (land) വേണ്ടിയുള്ള യുദ്ധങ്ങള്‍ ആയിരുന്നുവെങ്കില്‍, പിന്നീടത് യന്ത്രങ്ങള്‍ (Machine) പാറ്റേണ്‍ ടാങ്കുകള്‍ ബുള്‍ഡോസറുകള്‍ സ്വന്തമാക്കാനുള്ള യുദ്ധമായി മാറി. ഇപ്പോള്‍ അത് ഡാറ്റകള്‍ക്ക് വേണ്ടിയുള്ള യുദ്ധമാണ്. ഇന്റര്‍നെറ്റ് ഇല്ലാതിരുന്ന കാലത്തും ഗോള്‍വാള്‍ക്കറേ പോലുള്ള ഫാസിസ്റ്റുകള്‍ ജനങ്ങളുടെ വികാരങ്ങളെ വിഭാഗീയതയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. ഗോള്‍വാള്‍ക്കറുടെ ശിഷ്യന്മാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. മോദി ആര്‍എസ്എസിന്റെ പ്രൊഡക്റ്റാണ്. ഇന്ത്യയിലെ ആദ്യത്തെ പാര്‍ലമെന്റ് ആക്രമണം നടത്തിയത് ഗോള്‍വാള്‍ക്കര്‍ ആണ്. ഗോഹത്യ നിരോധിക്കണമെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് പുരി ശങ്കരാചാര്യര്‍ അടക്കമുള്ളവരെയും നാഗാ സന്യാസികളെയും ഉപയോഗിച്ച് അന്ന് ഗോള്‍വാള്‍ക്കര്‍ കലാപം ഉണ്ടാക്കിയത്. വിചാരധാര ഇറങ്ങിയ അതേവര്‍ഷം തന്നെയായിരുന്നു ഇത്. അതൊക്കെ തന്നെയാണ് ഈ ഭരണകൂടവും ആവര്‍ത്തിക്കുന്നത്.
മണിപ്പൂര് പോലുള്ള സ്ഥലങ്ങളില്‍ സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് കലാപങ്ങള്‍ ഉണ്ടാക്കുന്നത് ഇവര്‍ അല്ലാതെ മറ്റാരാണ്. കലാപബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചിട്ട് പോലുമില്ല. ഇന്ത്യക്കാരെ ആക്രമിക്കുന്ന ഇവരാണ് യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹികള്‍. മോഡി തോറ്റ പ്രധാനമന്ത്രിയാണ്. ജനം സത്യത്തില്‍ ഫാസിസ്റ്റിനെ തോല്‍പ്പിച്ചിട്ടുണ്ട്. 240ല്‍ ഒതുങ്ങിയത് അതുകൊണ്ടാണ്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നുലക്ഷം വോട്ട് കുറവാണ് മോദിക്ക് കിട്ടിയത്. അയോധ്യയില്‍ മത്സരിക്കാന്‍ ഇരുന്നതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കാരണം പേടിച്ച് പിന്മാറി. ജനാധിപത്യത്തില്‍ ജനം ഫാസിസ്റ്റുകളെ തിരിച്ചറിയുമ്പോള്‍ അവരെ അട്ടിമറിക്കും. അല്‍ഗോരിതമാണ് മോദിയെ രക്ഷിച്ചത്. അയോധ്യയില്‍ അമ്പലം ഉണ്ടാക്കിയിട്ട് എന്ത് സംഭവിച്ചു. അവിടെ എട്ടുനിലയില്‍ സംഘപരിവാര്‍ ആശയം പൊട്ടി. മിസ്‌കോള്‍ അടിച്ച് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് കിട്ടിയ ആളല്ല തങ്ങളുടെ രാമന്‍ എന്ന് ജനം വിളിച്ചുപറഞ്ഞു. ജനാധിപത്യത്തിലും ജനാധിപത്യ വിശ്വാസികളിലും വിശ്വാസമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. പശു രാഷ്ട്രീയവും കലാപവും വിഭാഗീയതയും ചങ്ങാത്ത മുതലാളിത്തവും കൊണ്ട് ഇനി വളരെ കാലമൊന്നും അവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. ഇത് അവരും തിരിച്ചറിഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് രാമനെ വിട്ട് ഇപ്പോള്‍ കൃഷ്ണനെ പിടിക്കാന്‍ നോക്കുന്നത്. ദ്വാരക ഉണ്ടെന്ന് പറയപ്പെടുന്ന കടലില്‍ പ്രധാനമന്ത്രി സ്‌കൂബ ഡ്രൈവ് ചെയ്തത് അതുകൊണ്ടാണ്. അവതാരങ്ങളെ മാറ്റിപ്പിടിച്ചത് കൊണ്ടൊന്നും ഇനി അവര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഫാസിസ്റ്റുകള്‍ക്ക് ഇനി എസി വെച്ച ഗുഹയില്‍ കഴിയാനാണ് വിധി. ഭാവി ഇന്ത്യന്‍ യുവത്വം അതിന് ഒരുങ്ങിക്കഴിഞ്ഞു. ചെറുപ്പക്കാരാണ് ഇനി ഇന്ത്യയെ നിര്‍ണയിക്കുക. മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ തന്നെയാണ്, തിരഞ്ഞെടുപ്പ് വിധി വരുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി സുപ്രീംകോടതിയില്‍ നിന്ന് നിരവധി വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ജാതിരഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്ന കാര്യത്തില്‍ അനുകൂല വിധി സമ്പാദിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അല്ല വ്യക്തികള്‍ സമരശരീരം ആകുന്ന നൈതികയുടെ രാഷ്ട്രീയമാണ് ഇനി ഇന്ത്യയെ നിലനിര്‍ത്തുക.
ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ എത്രമാത്രം പ്രസക്തിയുണ്ട്. ജീവിച്ചിരുന്ന ഗാന്ധിയേക്കാള്‍ മരിച്ച ഗാന്ധിയെ സംഘപരിവാര്‍ ശക്തികള്‍ ഭയക്കുന്നുണ്ടോ ?
ജീവിച്ചിരുന്ന ഗാന്ധിയെക്കാള്‍ സംഘപരിവാര്‍ ഭയക്കുന്നത് കൊല്ലപ്പെട്ട ഗാന്ധിയെയാണ്. അതുകൊണ്ടാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മിച്ചപ്പോഴും അതിന്റെ മുന്നില്‍ ഗാന്ധി പ്രതിമ തന്നെ അവര്‍ക്ക് സ്ഥാപിക്കേണ്ടി വന്നത്. ഗാന്ധിയന്‍ ജീവിതരീതിയും ഗാന്ധിയന്‍ ആശയങ്ങളും ഇന്ത്യക്കാരുടെ മാത്രം കണ്‍സേണ്‍ അല്ല. അത് ലോകം മുഴുവനും ഉള്ള ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹവും ആവേശവും ആണ്. സംഘപരിവാര്‍ ഗാന്ധിയെ അവഹേളിക്കുമ്പോള്‍ ലോക ശബ്ദം ഉയര്‍ന്നത് അതുകൊണ്ടാണ്. അതിനാല്‍ ഗാന്ധിയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഗാന്ധിയുടെ ആത്മീയ ദേശീയത ഹൈന്ദവദേശീയതയായി പരിണമിക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങാണ് സംഘപരിവാര്‍ നടത്തുന്നത്. സഹതാപത്തിന്റെ കവിതയാണ് പശു എന്ന് പറഞ്ഞത് ഗാന്ധിയാണ്. ഗാന്ധിയുടെ പശു ഹോളി കൗ അല്ല. സംഘപരിവാര്‍ ഗാന്ധിയുടെ പശുവിനെ ഗോള്‍വാള്‍ക്കറുടെ പശുവാക്കി മാറ്റുകയാണ്. പശു രാഷ്ട്രീയം തിരിച്ചറിയാന്‍ തുടങ്ങിയ നിമിഷം മുതല്‍ ഗാന്ധി പശുവിനെ കുറിച്ചുള്ള തന്റെ മതവിശ്വാസത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് മാറി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു.
‘ഗോ സംരക്ഷണം ഒരു എളുപ്പ വേലയല്ല. ഇതിന്റെ പേരില്‍ കുറെയധികം പണം പാഴാക്കുന്നുണ്ട്. അഹിംസയുടെ അഭാവത്തില്‍ ഹിന്ദുക്കള്‍ ഗോരക്ഷകരാകുന്നതിന് പകരം പശുക്കളുടെ വിനാശകാരികള്‍ ആവുകയാണ് ചെയ്യുന്നത്.’ 1947 ല്‍ ഹരിജനില്‍ അദ്ദേഹം എഴുതി: ഇന്ത്യന്‍ കറന്‍സികളില്‍ നിന്ന് ഗാന്ധി ഈ പത്തു വര്‍ഷത്തിനിടയിലും അപ്രത്യക്ഷമാകാതിരുന്നത്, ഗാന്ധിക്ക് പകരം പുതിയ പാര്‍ലമെന്റിന് മുന്നില്‍ സവര്‍ക്കറുടെ പ്രതിമ വരാതിരുന്നത് ജീവിച്ചിരുന്ന ഗാന്ധിയുടെ ചരിത്രത്തെക്കാള്‍ മിലിറ്റന്റ് ഹിന്ദുത്വ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ പേടിക്കുന്നതുകൊണ്ടാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള താക്കോലാണ്. ഗാന്ധിക്ക് പകരംവെക്കാന്‍ സംഘപരിവാരങ്ങള്‍ക്ക് സവര്‍ക്കര്‍ മതിയാവില്ല. ധാര്‍മികതയാണ് ഗാന്ധിയുടെ മതം. വില്യം മക്ന്റര്‍ സാള്‍ട്ടറിന്റെ എത്തിക്കല്‍ റിലീജിയന്‍ (ethical religion) മൊഴി മാറ്റിയ ഗാന്ധിയുടെ മതങ്ങളെ കുറിച്ചുള്ള നിലപാട് എന്താണെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാകും. സംഘപരിവാറിന് ഗാന്ധിയുടെ മതം മനസ്സിലാവില്ല. ആളുകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയമാണ് അവരുടേത്. അമ്പലത്തില്‍ പോകാത്ത ആള്‍ദൈവങ്ങളെ ആരാധിക്കാത്ത ആളാണ് ഗാന്ധി. സംഘപരിവാറിന്റെ ഹിന്ദുത്വവും ഗാന്ധിയുടെ ഹിന്ദുയിസവും രണ്ടാണ്. ഒന്ന് വെറുപ്പിന്റെ രാഷ്ട്രീയവും മറ്റൊന്ന് സാഹോദര്യത്തിന്റെയും അഹിംസയുടെയും ജീവിതരീതിയാണ്. ഗാന്ധിയുടെ ധാര്‍മിക മതത്തോടുള്ള വെറുപ്പാണ് ഗാന്ധിവധത്തില്‍ കലാശിച്ചത് തന്നെ. ജനാധിപത്യ ഇന്ത്യയ്ക്ക് ഗാന്ധി വലിയൊരു സ്വപ്നമാണ്. ആ സമരശരീരം, ഇന്ത്യയ്ക്ക് എക്കാലവും വെളിച്ചമേകും.
ഗാന്ധിഘാതകനായ ഗോഡ്‌സെയെ മഹത്വവത്കരിച്ച് ഗാന്ധിയുടെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിക്കുന്ന ഫാസിസ്റ്റുകള്‍ വളരെ സമര്‍ത്ഥമായല്ലേ ഗാന്ധിയെ ഉപയോഗിക്കുന്നത്?
ഗാന്ധിയെ കൊല്ലാന്‍ ഉപയോഗിച്ച തോക്കിന്റെ പേരാണ് 9mm ബെരേറ്റ എന്ന് നമുക്കറിയാം. മിലിറ്റന്റ് ഹിന്ദുത്വ രാജ്യം ഭരിക്കുമ്പോള്‍ അവര്‍ ആളുകളെ തമ്മിലടിപ്പിക്കാന്‍ ഗണ്‍ കള്‍ച്ചര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നുവേണം കരുതാന്‍. ഈ ഭരണകൂടം 9mm ബെരേറ്റ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. Make in India പദ്ധതിയുടെ കീഴില്‍ ചെന്നൈയില്‍ ഉള്ള പ്ലാന്റില്‍ നിന്ന് കല്യാണി ഗ്രൂപ്പ് തോക്ക് നിര്‍മ്മിച്ച് വിപണിയിലെത്തിക്കും. ഓണ്‍ലൈനില്‍ മരുന്നുകള്‍ വാങ്ങാന്‍ കിട്ടില്ല പക്ഷേ ഭാവിയില്‍ തോക്ക് കിട്ടും. ഗാന്ധിയെ വധിക്കാന്‍ കൂട്ടുപോയ മാസ്റ്റര്‍ ബ്രെയിന്‍ നാരായണ്‍ അപ്തെ പൂനയിലും മറ്റും റൈഫിള്‍ ക്ലബ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് രാജ്യത്തെ ഗണ്‍ കള്‍ച്ചറിലേക്ക് നയിക്കുന്ന ഈ തീരുമാനങ്ങള്‍. ഒരുവശത്ത് ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രത്തിന്റെ കൈകള്‍ തന്നെ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും അതേ തോക്ക് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയും ചെയ്യുന്നു. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ പങ്കുള്ള ആളുകള്‍ സ്ഥാപിച്ച ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം കൊടുക്കുന്നു. രണ്ടു തോണിയില്‍ കാലിട്ടു നില്‍ക്കുന്നവരെ വിശ്വസിക്കരുത്.
ജനാധിപത്യത്തെ മുറുകെ പിടിക്കുന്ന രാജ്യമാണല്ലോ ഇന്ത്യ. ജനാധിപത്യമെന്ന സങ്കല്പം അപകടത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നുണ്ടോ?
വ്യത്യസ്തമായ അനേകം സാംസ്‌കാരിക ധാരകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ജനാധിപത്യത്തില്‍ സംഘപരിവാര്‍ വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ മോഡി ഭരണകാലത്ത് നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ ഈ കാലയളവില്‍ തന്നെയാണ് വലിയ സമരങ്ങള്‍ ഇന്ത്യ കണ്ടത്. ജനം അടങ്ങിയിരിക്കില്ലെന്ന് അര്‍ത്ഥം. ജനാധിപത്യത്തിന് പരിക്കേല്‍ക്കുമ്പോള്‍ നമുക്ക് ചരിത്രത്തിലേക്ക് നോക്കേണ്ടിവരും, ചരിത്രത്തിന്റെ നൈതികത മുറുകെ പിടിക്കേണ്ടി വരും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതിന് മുതിരുന്നില്ല. ജനകീയമായ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അത് രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത്. രാഷ്ട്രീയ ജാഗ്രത ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് സംഘപരിവാറിന് വളം വച്ചുകൊടുത്തത്. ഇന്ത്യ മുന്നണി കുറെക്കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മോദി ഭരണം മൂന്നാമതും വരില്ലായിരുന്നു. തങ്ങളുടെ താല്‍പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങളാണ് വലുതെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തിരിച്ചറിയേണ്ട ചരിത്ര സന്ധിയാണിത്. സാംസ്‌കാരികമായ ദേശീയത നടപ്പിലാക്കുമ്പോള്‍ നാം ശാസ്ത്രീയമായും സാമൂഹ്യമായും ആര്‍ജ്ജിച്ച മുന്നേറ്റങ്ങളൊക്കെയും സനാതനത്തിന്റെ പേരിലും അന്ധവിശ്വാസത്തിന്റെ പേരിലും ബലി കഴിക്കപ്പെടുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് ഇതാണ് ആശങ്ക. രാജ്യം പിറകോട്ട് പോകും. ഗോമൂത്രം വലിയ സംഭവമാണെന്ന് വിശ്വസിക്കുന്ന വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് ജനാധിപത്യത്തില്‍ നല്ലതല്ല. നമുക്ക് ജനാധിപത്യത്തില്‍ യുക്തിയുള്ള മനുഷ്യരെയാണ് ആവശ്യം.
മോദി റെജീം മധ്യവര്‍ഗങ്ങളില്‍ ഉയര്‍ത്തുന്ന വികസനത്തെ പറ്റിയുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും ആശങ്കകളും ആണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളി. വ്യാജ ദേശീയ ബോധവും ജാതി ബോധവും മതബോധവും കൂട്ടിക്കലര്‍ത്തി ജനങ്ങളുടെ തലയ്ക്ക് പിടിക്കുന്ന ഒരു മയക്കുമരുന്ന് ഉണ്ടാക്കുന്നു. ചൈന, ജപ്പാന്‍, സിംഗപ്പൂര്‍ പോലെ നമ്മുടെ രാജ്യം വന്‍ വികസനം ആര്‍ജിക്കും എന്ന വ്യാജ സ്വപ്നമാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന ബോധമലിനീകരണം ആണ് ഇന്ന് നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം. പൊള്ളുന്ന ജനകീയ പ്രശ്നങ്ങളൊക്കെ നോര്‍മലൈസ് ചെയ്യപ്പെടുന്നത് വികസന പുരുഷന്റെ വ്യാജ നിര്‍മിതിയിലൂടെയാണ്. ഇന്ത്യയില്‍ ഇന്ന് സത്യം വിളിച്ചു പറയുന്ന രാഷ്ട്രീയ നേതാക്കളോ മാധ്യമങ്ങളോ ഇല്ല. ഫ്രീ പ്രസ്സ് തിരിച്ചു കൊണ്ടുവന്നാല്‍ മാത്രമേ ആശ്വാസത്തിന് വകയുള്ളൂ. സിലബസ് ഹൈന്ദവവല്‍ക്കരണം, ഗോവധ നിരോധനം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു രാജ്യം ഒറ്റഭാഷ, ഹോസ്റ്റലുകളിലെ സസ്യാഹാര മെനു, മറ്റ് മതവിഭാഗക്കാരുടെ പൊതു അവധികള്‍ എടുത്തുകളയല്‍ ഇത്തരം കാര്യങ്ങളില്‍ മാത്രം ജനാധിപത്യവിരുദ്ധമായി ശ്രദ്ധ ഊന്നുന്ന ഭരണകൂടം ഫെഡറല്‍ സംവിധാനത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയെ കുറിച്ച് ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ചകള്‍ നടക്കുന്നത് അതുകൊണ്ടാണ്.
ഭൗതിക മൂലധനവും പ്രാകൃതിക മൂലധനവും മാനവിക മൂലധനവും ജൈവീകമായി സമുന്നയിക്കുമ്പോള്‍ മാത്രമേ ഒരു രാജ്യത്തിന്റെ വികസനവും ജനാധിപത്യവും ഒന്നിച്ച് മുന്നോട്ടുപോവുകയുള്ളൂ എന്ന് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ സമ്മാന ജേതാവായ ജോസഫ് സ്റ്റിഗ്ളിറ്റസ് നിരീക്ഷിക്കുന്നുണ്ട്. ആധുനിക ഇന്ത്യയില്‍ ഇതല്ല സ്ഥിതി.
രാജ്യത്ത് ഫാസിസ്റ്റ് ഭരണത്തിന് തുടര്‍ച്ചയുള്ളതായി കരുതുന്നുണ്ടോ? ഇന്ത്യയുടെ ഭാവിയില്‍
പ്രതീക്ഷയുണ്ടോ?
സ്വതന്ത്ര ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ്. കാരണം, ഇടകലര്‍ന്ന് ജീവിച്ചതിന്റെ സാമൂഹ്യമായ ഓര്‍മ്മയും ബഹുസ്വരതയും നിലനില്‍ക്കുന്ന ഒരു സാംസ്‌കാരിക ഭൂപടത്തില്‍ ഫാസിസ്റ്റുകള്‍ക്ക് താല്‍ക്കാലിക വിജയം മാത്രമേ ഉണ്ടാവുകയുള്ളൂ. ചരിത്രം അവരെ വേട്ടയാടുകയും ജനങ്ങള്‍ അവരെ തൂത്തെറിയുകയും ചെയ്യും. ഹിന്ദുത്വ ഹിന്ദുക്കളെ രക്ഷിക്കാനുള്ള ഒരു പദ്ധതി ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. സംഘപരിവാര്‍ ഹിന്ദുക്കളുടെ രക്ഷകര്‍ അല്ല അവര്‍ രാജ്യസ്‌നേഹികളും അല്ല. അവര്‍ ഈ ഭരണകാലയളവില്‍ പാകിസ്ഥാനെ ആക്രമിച്ചിട്ടില്ല. അവര്‍ ആക്രമിച്ചത് മുഴുവനും ഇന്ത്യക്കാരെയാണ്. കാശ്മീരില്‍, മണിപ്പൂരില്‍, യുപിയില്‍, ബീഹാറില്‍ ഒക്കെയുള്ള മനുഷ്യരെ അവര്‍ ആക്രമിച്ചു. അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി ആയിരുന്ന ലാല്‍ ദാസിനെ വെടിവെച്ചു കൊന്നത് ജനം മറന്നിട്ടില്ല. പുതിയ ക്ഷേത്ര നിര്‍മ്മാണത്തിനായി അവിടെ താമസിച്ചിരുന്ന പാവം ഹിന്ദുക്കളെ അടിച്ചോടിച്ച് കുടിയൊഴിപ്പിച്ചു. മിസ്‌കോള്‍ അടിച്ച് പാര്‍ട്ടി അംഗത്വം നേടിയ ഒരാളല്ല തങ്ങളുടെ രാമന്‍ എന്ന് ജനങ്ങള്‍ക്കറിയാം. അയോധ്യയില്‍ അവര്‍ തോറ്റത് അതുകൊണ്ടാണ്. ഹിന്ദുക്കളുടെ സംരക്ഷകര്‍ എന്ന് നടിക്കുന്ന സംഘപരിവാറിനോട് ദൈവം പാര്‍ട്ടി മെമ്പര്‍ അല്ലെന്ന് ഹിന്ദുക്കള്‍ പറഞ്ഞു. ജനാധിപത്യത്തില്‍ രാമന്‍ ഒരു തോറ്റ പ്രതിഷ്ഠയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്.
ബഹുസ്വരതയെ കീറിമുറിക്കുന്നതൊന്നും സ്വതന്ത്ര ബോധവും മാനവിക ബോധവും ഉള്ള ജനത അധികകാലം സഹിക്കില്ല. ബോധമലിനീകരണത്തില്‍ കുടുങ്ങിപ്പോയ ഒരു ജനതയുടെ കണ്‍ഫ്യൂഷന്‍ ആണ് ഇക്കാലമത്രയും ഫാസിസ്റ്റുകളെ അധികാരത്തില്‍ നിലനിര്‍ത്തിയത്. ഇന്ത്യയുടെ ചരിത്രത്തെ തിരിച്ചുപിടിക്കുന്നതോടുകൂടി ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ നാമാവശേഷമാകും. ചരിത്രവല്‍ക്കരിക്കുക എപ്പോഴും ചരിത്രവല്‍ക്കരിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ഫെഡറിക് ജെയിംസണ്‍ ‘രാഷ്ട്രീയ അബോധം’ (political unconscious : Narrative As a Socially Symbolic Act)’ എന്ന വിഖ്യാതമായ ഗ്രന്ഥം ആരംഭിക്കുന്നത്. ചരിത്രവല്‍ക്കരിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. സെക്കുലര്‍ ഇന്ത്യയെ തിരിച്ചു പിടിക്കാനും നിലനിര്‍ത്താനും നാം ഈ പണി ഗൗരവപൂര്‍വ്വം ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെ ഉണരുന്ന ജനത ചോര്‍ച്ച വീണ രാഷ്ട്രീയ രാമന്റെ കെട്ടിടത്തെ ഗുജറാത്ത് കലാപ സ്മാരകമാക്കുന്ന കാലം വിദൂരമല്ല. യൂറോപ്പിലും മറ്റും ഹോളോകോസ്റ്റ് മ്യൂസിയങ്ങള്‍ ഉള്ളതുപോലെ ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ ഓര്‍മ്മയും ചരിത്രപാഠവും ഇന്ത്യയെ കൂടുതല്‍ സെക്യുലര്‍ ആക്കും. ബീഹാറിലെ മാരി ഗ്രാമം അതിന് തെളിവാണ്. ഇസ്ലാം മതവിശ്വാസികള്‍ ഗ്രാമം ഒഴിഞ്ഞുപോയിട്ടും 200 വര്‍ഷം പഴക്കമുള്ള പള്ളി അവിടുത്തെ ജനങ്ങള്‍ സംരക്ഷിക്കുന്നു. തങ്ങളുമായി സ്‌നേഹപ്പെട്ട് കഴിഞ്ഞ ആളുകളുടെ സംസ്‌കാരത്തിന്റെ ഓര്‍മ്മയ്ക്കായി അഞ്ചുനേരവും റെക്കോര്‍ഡ് പ്ലെയര്‍ വെച്ച് ബാങ്ക് വിളിക്കുന്നു. ഇത്തരം ജനകീയ ഇടപെടലാണ് ഇന്ത്യയുടെ ഭാവി.
ഗാന്ധിവധം എന്നത് ഇന്ന് ഗാന്ധി മരണമായി ലഘൂകരിക്കപ്പെടുന്നു. ഭരണഘടനയുടെ ശില്‍പിയായ അംബേദ്കറും മാറ്റിനിര്‍ത്തപ്പെടുന്നു. ഇവരെയെല്ലാം വീണ്ടെടുക്കപ്പെടേണ്ട ഒരു കാലത്തിലേക്കല്ലേ നമ്മള്‍ നടന്ന് നീങ്ങുന്നത്?
മനുഷ്യര്‍ക്ക് ഇടകലര്‍ന്ന് സമാധാനത്തോടെ ജീവിക്കാനുള്ള അവസ്ഥ രാജ്യത്ത് ഉണ്ടാക്കി എടുക്കണം. നാനാത്വത്തില്‍ ഏകത്വം എന്ന വലിയ കാഴ്ചപ്പാട് ഇന്ന് ആരും സംസാരിക്കുന്നില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം നിലനില്‍ക്കുന്നിടത്തോളം കാലം, നാം പല്ലുതേക്കുന്നതുപോലെ നിത്യവും ചെയ്യേണ്ട ഒരു കാര്യമായി സമരം മാറേണ്ടതുണ്ട്. പെട്രോളിന്റെ വില വര്‍ദ്ധനവില്‍ ഇപ്പോള്‍ നാം പ്രതിഷേധിക്കാതായതുപോലെ സമരസപ്പെടാന്‍ ശീലിച്ചാല്‍ ജനാധിപത്യ ഇന്ത്യ സംസ്‌കാരം കെട്ട ഒരു ഭൂമിക മാത്രമായി തീരും. ആപത്തിന്റെ നിമിഷങ്ങളില്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന ഓര്‍മ്മകളാണ് ചരിത്രം എന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറഞ്ഞിട്ടുണ്ട്. നാം ഇന്ന് നെഞ്ചോട് ചേര്‍ത്ത് പിടിക്കേണ്ട ഓര്‍മ അബ്ദുള്‍ കലാം ആസാദും നെഹ്‌റുവും അംബേദ്കറും ഗാന്ധിയുമാണ്. interview with vinod krishna; assassination of Mahatma Gandhi
Content Summary: interview with vinod krishna; assassination of Mahatma Gandhi