പകരക്കാരനായെത്തി അമരക്കാരനായവന്‍

ശാര്‍ദൂല്‍ താക്കൂറിന്റെ തിരിച്ചുവരവിന്റെ കഥ

അവസരങ്ങള്‍ മുതലാക്കണം എന്നാണ് ശാര്‍ദൂല്‍ താക്കൂറിന്റെ കളിയില്‍ നിന്നും പഠിക്കേണ്ടത്. പ്രവചനാതീതമായൊരു ഇന്‍സ്വിംഗറോ ഔട്ട് സ്വിംഗറോ പോലെ 2025 ഐപിഎല്‍ സീസണിലെ താക്കൂറിന്റെ പെര്‍ഫോമന്‍സിനെ വിശേഷിപ്പിക്കാം. ഇത്തവണത്തെ ഐപിഎല്‍ ലേലം കഴിഞ്ഞപ്പോള്‍ ആര്‍ക്കും വേണ്ടാത്തവനായിരുന്നു. ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ എസെക്‌സിനു വേണ്ടി കളിക്കാന്‍ വിമാനം കേറാന്‍ ഇരുന്നതാണ്. ഒരു മത്സരത്തിന്റെ ഗതിതിരിയും പോലെ, ശാര്‍ദൂല്‍ താക്കൂറിന്റെ വിധിയും മാറി. കൗണ്ടി കളിക്കാനിരുന്ന അയാള്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിന്റെ(എല്‍സിജി)യുടെ പ്രധാന ബൗളറായി ഐപിഎല്ലിന് ഇറങ്ങി. വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി.

കഴിഞ്ഞ ഡിസംബറില്‍ വിജയ് ഹസാരെ ട്രോഫിയില്‍ വച്ച് മൊഹ്‌സിന്‍ ഖാന് പരിക്കേറ്റതാണ് എല്ലാത്തിന്റെയും തുടക്കം. കണങ്കാലിനേറ്റ പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ഖാന് ഐപിഎല്‍ നഷ്ടമായി. ഒരു പ്രധാന ബോളറുടെ അഭാവം നേരിട്ടതോടെ എല്‍എസ്ജി ഒരു പകരക്കാരനെ തേടാന്‍ ആരംഭിച്ചു. അങ്ങനെയാണ് ലേലശേഷം അവര്‍ താക്കൂറിന്റെ തേടിയെത്തുന്നത്. തേഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിക്കുന്നതുപോലെ, ഒരു തിരിച്ചുവിളി.

വീണു കിട്ടിയ അവസരം അപ്പാടെ മുതലെടുത്തു താക്കൂര്‍. അയാളുടെ തലയിലാണ് ഇപ്പോള്‍ വിക്കറ്റ് വേട്ടക്കാരിലെ മുമ്പന്‍ അണിയുന്ന പര്‍പ്പിള്‍ ക്യാപ്പ്. കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നായി ആറ് വിക്കറ്റുകള്‍. വമ്പനടിക്കാരുടെ കൂടാരമായ ഹൈദരാബാദിനെ തകര്‍ത്ത സ്‌പെല്‍ താക്കൂറിന്റെ ഐപിഎല്‍ കരിയര്‍ ബെസ്റ്റ് ആയി. 34 റണ്‍സിന് നാല് വിക്കറ്റ്. 8.83 എന്ന ആവേറേജും, 8.33 ല്‍ തന്നെ നില്‍ക്കുന്ന എക്കോണമി റേറ്റും. ബാറ്റര്‍മാരുടെ മാത്രം കളിയെന്ന് വിമര്‍ശിക്കപ്പെടുന്ന ടൂര്‍ണമെന്റില്‍ ഒരു ബൗളറുടെ സ്വപ്‌നതുല്യമായ നേട്ടം.

അപ്രതീക്ഷിതമായൊരു തിരിച്ചുവരവ് തന്നെയാണ് സംഭവിച്ചത്. ഇതാണ് ക്രിക്കറ്റ് എന്നാണ് തനിക്ക് കിട്ടിയ അവസരത്തെ താക്കൂര്‍ വിലയിരുത്തുന്നത്. എന്തും സംഭവിക്കാമെന്നതാണല്ലോ ക്രിക്കറ്റിന്റെ സൗന്ദര്യം. ഐപിഎല്‍ ലേലത്തിലെ ആ ദിവസം എന്നെ സംബന്ധിച്ച് ഒരു മോശം ദിവസമായിരുന്നു, ആരും എന്നെ വിളിച്ചില്ല” തന്റെ നിര്‍ഭാഗ്യത്തെ താക്കൂര്‍ അയവിറക്കുമ്പോള്‍ അയാളുടെ തലയില്‍ പര്‍പ്പിള്‍ ക്യാപ്പുണ്ടായിരുന്നു. ‘ചെറിയ പരിക്കുകളും അലട്ടുന്നുണ്ടായിരുന്നു. എല്‍എസ്ജിയില്‍ നിന്നും ഓഫര്‍ വന്നപ്പോള്‍ ഞാനത് സ്വീകരിച്ചു, കാരണം അവരായിരുന്നു എന്നെ ആദ്യം സമീപിച്ചത്, സ്വഭാവികമായി അവര്‍ക്ക് മുന്‍ഗണന കൊടുത്തു. പിന്നെ സഹീര്‍ഖാനുമായി അടുത്ത് പ്രവര്‍ത്തിച്ചതിന്റെ ബന്ധവുമുണ്ടായിരുന്നു’ തന്റെ വഴികളേക്കുറിച്ച് ഹൈദരാബാദുമായുള്ള മത്സരശേഷം താക്കൂര്‍ വിശദീകരിക്കുകയാണ്.

ലക്‌നൗ ടീമിന്റെ മെന്റര്‍ ആയ സഹീര്‍ ഖാന്, ശാര്‍ദൂലിന്റെ തിരിച്ചുവരില്‍ നിര്‍ണായ പങ്കുണ്ട്. രഞ്ജി ട്രോഫിയിലാണ് താക്കൂറിനു മേല്‍ ഖാന്റെ കണ്ണ് പതിയുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്നായി 35 വിക്കറ്റുകളാണ് താക്കൂര്‍ വീഴ്ത്തിയത്. അവശ്യ സമയങ്ങളില്‍ ബാറ്റുകൊണ്ടും ടീമിനെ സഹായിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. താക്കൂറിന് പലതും ചെയ്യാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞാണ് സഹീര്‍ സമീപിക്കുന്നത്. ലക്‌നൗവിലേക്കുള്ള ഒരു വിളി പ്രതീക്ഷിക്കാമെന്ന് ഖാന്‍ അയാള്‍ക്ക് ആത്മവിശ്വാസം നല്‍കി.

”സഹീര്‍ വിളിച്ചത്, എന്നെയവര്‍ ഒരു പകരക്കാരനായി പരിഗണിക്കുന്നുണ്ടെന്നു പറയാനായിരുന്നു. നിരാശനായിരിക്കാതെ തയ്യാറായി നില്‍ക്കാന്‍ പ്രചോദനം നല്‍കി. ആ ദിവസമാണ് ഐപിഎല്‍ എന്ന മാനസികാവസ്ഥയിലേക്ക് ഞാന്‍ തിരിച്ചു വരുന്നത്. വീണ്ടും പ്രതീക്ഷകള്‍” താക്കൂര്‍ പങ്കുവയ്ക്കുന്നു.

ലക്‌നൗ നല്‍കിയ പ്രതീക്ഷയില്‍, എസ്സെക്‌സിനു വേണ്ടി കൗണ്ടി കളിക്കാന്‍ പോകാനുള്ള തീരുമാനം താക്കൂര്‍ പൂര്‍ണമായി ഉപേക്ഷിച്ചു. താക്കൂര്‍ വന്നത് എല്‍എസ്ജിക്കും ഉണര്‍വായി. അതേസമയം താക്കൂറിന് തനിക്ക് കിട്ടിയ അവസരം ഏറ്റവും ഭംഗിയായി ഉപയോഗിക്കേണ്ടിയുമിരുന്നു, ഏറ്റവും വേഗത്തിലും. ഹൈദരാബാദിനെതിരേ നടത്തിയ മാച്ച് വിന്നിംഗ് പെര്‍ഫോമന്‍സിലൂടെ താക്കൂര്‍ അത് സാധിക്കുകയും ചെയ്തു. ഐപിഎല്‍ ടീമുകളില്‍ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റിംഗ് നിരയാണ് ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരേ അവരുടെ സ്‌ഫോടനാത്മക ബാറ്റിംഗ് കണ്ടതാണ്. 286/6 . ഡല്‍ഹിക്കു മുന്നില്‍ വീണായിരുന്നു ഈ സീസണ്‍ ലക്‌നൗ തുടങ്ങിയത്. ടോസ് കിട്ടിയിട്ടും ക്യാപ്റ്റന്‍ പന്ത് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രാജസ്ഥാനെതിരേ നിര്‍ത്തിയിടത്തു നിന്നും സണ്‍റൈസേഴ്‌സ് തുടങ്ങും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ താക്കൂര്‍ അവരെ വെല്ലുവിളിച്ചു. അക്രമണകാരിയായ അഭിഷേക് ശര്‍മയെ(6) നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. സഞ്ജുവിന്റെ ടീമിനെതിരേ സെഞ്ച്വറിയടിച്ച ഇഷാന്‍ കിഷനെ(0) പിന്നാലെ വീഴ്ത്തി ഹൈദരാബാദിന്റെ തലയൊടിച്ചു. ബാക്കി രണ്ട് വിക്കറ്റുകള്‍ ഡെത്ത് ഓവറിലായിരുന്നു. അഭിനവ് മനോഹറും മുഹമ്മദ് ഷമിയുമായിരുന്നു ഇരകള്‍. അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിക്കുമെന്ന് കരുതിയ ഹൈദരാബാദിനെ 20 ഓവറില്‍ 9 ന് 190 എന്ന നിലയിലേക്ക് ഒതുക്കി കളഞ്ഞത് ശാര്‍ദൂല്‍ താക്കൂറായിരുന്നു. പകരക്കാരനില്‍ നിന്നും അമരക്കാരനായി അയാള്‍.

ഹൈദാരാബാദിന്റെ ബാറ്റര്‍മാര്‍മാര്‍ക്കെതിരേ പ്രത്യാക്രമണം നടത്തുകയെന്നതായിരുന്നു ലക്‌നൗവിന്റെ പദ്ധതി. ഓരോ അവസരവും ഉപയോഗപ്പെടുത്തുക, ശക്തമായി തിരിച്ചടിക്കുക; ടീമിന്റെ പ്ലാന്‍ നടപ്പാക്കാന്‍ താക്കൂര്‍ നേതൃത്വം ഏറ്റെടുത്തു. അതിലവര്‍ വിജയിക്കുകയും ചെയ്തു. ഫ്‌ളാറ്റ് പിച്ചാണ്, അവര്‍ വലിയ സ്‌കോര്‍ ലക്ഷ്യം വയ്ക്കും. തുടക്കത്തിലെ തന്നെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കണം, അതിനായി ഓരോ അവസരവും പ്രയോജനപ്പെടുത്തണം, തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താനായാല്‍ മത്സരം വരുതിയിലാക്കാം’ എന്നായിരുന്നു ടീമിന്റെ തീരുമാനത്തെ കുറിച്ച് താക്കൂര്‍ പറയുന്നത്.

തന്റെ നേട്ടങ്ങളിലല്ല താക്കൂര്‍ ആഹ്ലാദിക്കുന്നത്. 34 ന് 4 എന്ന കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സോ, ഐപിഎല്ലില്‍ 100 വിക്കറ്റ് തികച്ചതോ അയാള്‍ ആഘോഷിക്കുന്നില്ല, ടീമിന് നല്‍കാന്‍ കഴിയുന്ന കോണ്‍ട്രിബ്യൂഷനിലാണ് തന്റെ സന്തോഷമെന്ന് അയാള്‍ പറയുന്നു. ” സ്‌കോര്‍ ഷീറ്റില്‍ ഇടം നേടുന്നത് നല്ലതാണ്, പക്ഷേ കളി ജയിക്കുന്നതാണ് എനിക്ക് പ്രധാനം. എന്തെങ്കിലും ചെയ്യണം എന്നാണ് എനിക്കപ്പോഴുമുള്ള വിചാരം. ബൗളിംഗില്‍ എന്തു ചെയ്യാമെന്നോ ബാറ്റിംഗില്‍ എന്തു ചെയ്യാമെന്നോ അല്ല, ടീമിന് കളി ജയിക്കാന്‍ വേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാമെന്നതിനെ കുറിച്ചാണ് ഞാന്‍ നോക്കുന്നത്’ ഇതാണ് താക്കൂറിന്റെ നിലപാട്.

ശാര്‍ദൂല്‍ ആണ് ആ മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കിയതെന്ന് ടീമംഗങ്ങളും വിശ്വസിക്കുന്നു. ലക്‌നൗവിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ പ്രശംസ അതിന് തെളിവാണ്. ‘ ശാര്‍ദൂല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചു. അഭിഷേകിനും ഹെഡിനും എതിരേ തന്റെ അനുഭവപരിചയം ഉപയോഗിച്ചു, പിന്നീട് അവസാന ഓവറുകളിലും മികച്ച രീതിയില്‍ പന്തെറിഞ്ഞു”. നിര്‍ണായക സമയത്ത് സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് പന്തെറിയാനും വിക്കറ്റുകള്‍ വീഴ്ത്താനുമുള്ള ശാര്‍ദൂല്‍ താക്കൂറിന്റെ മിടുക്ക് ഈ സീസണില്‍ എല്‍എസ്ജിയുടെ കരുത്ത് കൂട്ടും.

ഈ സീസണില്‍ താക്കൂര്‍ ഐഎപിഎല്ലിന്റെ ഭാഗമാകുന്നത് എങ്ങനെയുമാകട്ടെ, ഇവിടെ കാണേണ്ടത് അയാളിലെ മികവ് മാത്രമാണ്. കഴിവും എന്തും നേരിടാമെന്ന ഉറപ്പും, അതിനേക്കാളൊക്കെ വലുതായി, തന്നില്‍ തന്നെയുള്ള വിശ്വാസവും. ആര്‍ക്കും വേണ്ടാതിരുന്നിട്ടും, ഒടുവില്‍ പകരക്കാരന്റെ കുപ്പായം കിട്ടിയപ്പോഴും താക്കൂര്‍ കാത്തിരുന്നത് ഒരു അവസരം വന്നാല്‍ അതെങ്ങനെ ഉപയോഗിക്കണമെന്ന് തെളിയിക്കാനായിരുന്നു. വിക്കറ്റ് വീഴ്ത്തിയും, എതിരാളികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയും, ടീമിനെ വിജയത്തിലെത്തിച്ചും അയാള്‍ തെളിയിക്കുന്നത്, ക്രിക്കറ്റില്‍ എന്തും സംഭവിക്കാമെന്നാണ്. ഏറ്റവും മികച്ച കഥകള്‍ പ്രതീക്ഷിക്കാത്ത സമയത്താണല്ലോ ഉണ്ടാവുക… IPL 2025; The return of Shardul Thakur

Content Summary; IPL 2025; The return of Shardul Thakur

 

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment