June 04, 2026 |
Share on

ഗാസ കുടിയൊഴിപ്പിക്കല്‍; മനുഷ്യരാശിക്കെതിരായ ക്രൂരതയുടെ രൂപരേഖയുമായി ഇസ്രയേല്‍

ആദ്യഘട്ടത്തില്‍ 600,000 പലസ്തീനികളെയായിരിക്കും ഒഴിപ്പിക്കുകയെന്നാണ്‌ ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറയുന്നത്‌

തകര്‍ന്നു കിടക്കുന്ന റാഫയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു ക്യാമ്പ് നിര്‍മിച്ച് അവിടേക്ക് ഗാസയിലെ എല്ലാ ജനങ്ങളെയും നിര്‍ബന്ധപൂര്‍വം മാറ്റാനുള്ള നടപടിയുമായി ഇസ്രയേല്‍. റാഫയില്‍ ‘ മാനുഷിക നഗരം’ എന്ന പേരില്‍ ഒരു ക്യാമ്പ് നിര്‍മിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക്(ഐഡിഎഫ്) പ്രതിരോധനമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഉത്തരവ് നല്‍കിയതായി ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇത്തരമൊരു പദ്ധതിയെ, മനുഷ്യത്വത്തിനെതിരായ ക്രൂരതയുടെ രൂപരേഖ എന്നാണ് നിയമവിദഗ്ധര്‍ ഉള്‍പ്പെടെ കുറ്റപ്പെടുത്തുന്നത്.

എല്ലാ പലസ്തീനികളെയും കര്‍ശന സുരക്ഷയ്ക്ക് വിധേയരാക്കിയായിരിക്കും പുതിയതായി നിര്‍മിക്കുന്ന ക്യാമ്പിലേക്ക് പ്രവേശിപ്പിക്കുക. ഒരിക്കല്‍ അവിടേക്ക് പോയാല്‍, പിന്നീടൊരിക്കലും തിരികെ പോരാന്‍ അനുവദിക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകരോടായി പ്രതിരോധ മന്ത്രി കാറ്റ്‌സ് പറഞ്ഞു.

ഇസ്രയേല്‍ സൈന്യത്തിനായിരിക്കും ക്യാമ്പിന്റെ നിയന്ത്രണം. ആദ്യഘട്ടത്തില്‍ 600,000 പലസ്തീനികളെയായിരിക്കും ഒഴിപ്പിക്കുക. അവരില്‍ ഭൂരിഭാഗവും നിലവില്‍ അല്‍-മവാസി പ്രദേശത്താണ് കഴിയുന്നത്. ഗാസയിലെ മുഴുവന്‍ ജനങ്ങളെയും അവിടെക്കു മാറ്റി പാര്‍പ്പിക്കും. ഇസ്രയേല്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ഈ ‘കുടിയേറ്റ പദ്ധതി’ സംഭവിക്കും എന്നാണ് പ്രതിരോധ മന്ത്രി ഉറപ്പ് പറയുന്നതെന്നും, അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയുടെ തെക്കേ അറ്റത്തുള്ള റാഫ, ഇസ്രയേല്‍ ആക്രമണത്തില്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന പ്രദേശമാണ്. ഇവിടെയാണ് ക്യാമ്പ് നിര്‍മിച്ച് ഏകദേശം 2.3 മില്യണ്‍ ജനങ്ങളെ അങ്ങോട്ടേക്ക് മാറ്റാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നത്.

രണ്ടാം ടേമില്‍ അധികാരത്തില്‍ വന്നശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വച്ചൊരു സ്വപ്‌നവും, പലസ്തീനികളെ മുഴുവന്‍ മാറ്റിയിട്ടുള്ള ഗാസയുടെ ശുദ്ധീകരണമായിരുന്നു. ട്രംപ് ഇങ്ങനെയൊരു പദ്ധതി പറഞ്ഞതോടെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രയേല്‍ നേതാക്കള്‍, പലസ്തീനികളുടെ നാടുകടത്തലിന് ആവേശകരമായ പിന്തുണ നല്‍കി. ഇതിപ്പോള്‍ അവരുടെ പ്രധാനലക്ഷ്യമാണ്. യുദ്ധാനന്തരം എല്ലാ പലസ്തീനികളെയും ഒഴിപ്പിച്ച് ഗാസ അവര്‍ക്ക് സ്വന്തമാക്കണം. അതിനായാണ്, നിയമവിദഗ്ധരും അന്താരാഷ്ട്ര സമൂഹവും എല്ലാം ഒറ്റക്കെട്ടായി മനുഷ്യത്വവിരുദ്ധം എന്ന് അപലപിക്കുന്ന ഒരു രൂപരേഖയുമായി അവര്‍ ഇറങ്ങിയിരിക്കുന്നത്.

കാറ്റ്‌സിന്റെ പദ്ധതി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നാണ് ഇസ്രയേലിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരില്‍ ഒരാളായ മൈക്കല്‍ സ്ഫാര്‍ഡ് കുറ്റപ്പെടുത്തുന്നത്. സ്വന്തം സംരക്ഷണത്തിനാര്‍ത്ഥമാണ് പലസ്തീനികളെ ഗാസയില്‍ നിന്നും മാറ്റി പാര്‍പ്പിക്കുന്നതെന്ന ഇസ്രയേല്‍ സൈനിക മേധാവിയുടെ ഓഫീസ് ഒരു കത്തില്‍ പറഞ്ഞതും നിയമവിരുദ്ധമായ കാര്യമാണെന്നും സ്ഫാര്‍ഡ് പറയുന്നു.

പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച്ച നടക്കുകയാണ്. ഈ കൂടിക്കാഴ്ച്ചയില്‍, 21 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനോ, അതല്ലെങ്കില്‍ 60 ദിവസത്തെ വെടി നിര്‍ത്തലിനോ നെതന്യാഹുവിനെ കൊണ്ട് ട്രംപ് സമ്മതിപ്പിക്കാന്‍ സാധ്യതയുണ്ട്. അത്തരമൊരു കരാര്‍ നിലവില്‍ വരുന്നതിന് തൊട്ടു മുമ്പായാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഗാസ കുടിയൊഴിപ്പിക്കല്‍ പദ്ധതിയുമായി രംഗത്തു വന്നിരിക്കുന്നത്.  Israel plans to force all Palestinians in Gaza into a camp on the ruins of Rafah

Content Summary; Israel plans to force all Palestinians in Gaza into a camp on the ruins of Rafah

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×