ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ (ഐ.എസ്.ആർ.ഒ) ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക്. ഏതാനും മാസങ്ങൾക്കിടെ നൂറോളം പേരാണ് രാജിവച്ചുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഗഗൻയാൻ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഏറ്റവും നിർണായക ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ രാജിവച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതിലും കൊഴിഞ്ഞുപോക്ക് തടയുന്നതിനും കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകൾ കർശനമാക്കിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
ശാസ്ത്രജ്ഞർ വി.ആർ.എസ് എടുക്കുകയോ രാജിവയ്ക്കുകയോ ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടിലുള്ളത്. ബെംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് മാത്രം 80-ഓളം ആളുകളാണ് വിട്ടുപോയത്. വി.എസ്.എസ്.സിയിൽ നിന്ന് ഇരുപതോളം പേരും രാജിവച്ചു. ഇതുവരെ 100-നും 120നു ഇടയിൽ രാജിയാണ് നടന്നിട്ടുള്ളതെന്നും ഇനിയും കൂടുതൽ പേർ ജോലി വിടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
എൽ.വി.എം 3 പ്രൊജക്റ്റ് ഡയറക്ടർ വി.എസ്.എസ്.സിയിലെ വിക്ടർ ജോസഫ്, സ്പാഡെക്‌സ് പ്രൊജക്റ്റ് ഡയറക്ടർ, ചന്ദ്രയാൻ 3 പദ്ധതിയുടെ ഭാഗമായിരുന്ന യുവ ശാസ്ത്രജ്ഞൻ തുടങ്ങിയവരാണ് അടുത്തിടെ രാജിച്ച നിർണായക സ്ഥാനങ്ങളിലുള്ളവർ.
രാജികളും സ്വമേധയാ വിരമിക്കലുകളും നിയന്ത്രിക്കാൻ കേന്ദ്ര ബഹിരാകാശ വകുപ്പ് പുതിയ മാർഗനിർദേശം പുറത്തിറക്കി. 2020 മുതൽ നിലവിലുണ്ടായിരുന്ന ചില ഇളവുകൾ പിൻവലിക്കുകയും നിർണായക ദൗത്യങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ രാജി അംഗീകരിക്കുന്ന അധികാരം വിവിധ കേന്ദ്രങ്ങളുടെ ഡയറക്ടർമാരിൽ നിന്ന് കേന്ദ്രതലത്തിലേക്ക് മാറ്റുകയും ചെയ്തു.
ജൂലൈ 14-ന് പുറത്തിറക്കിയ ബഹിരാകാശ വകുപ്പിന്റെ സർക്കുലർ പ്രകാരം, ഗഗൻയാൻ ഉൾപ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജിയോ സ്വമേധയാ വിരമിക്കലോ ഇനി പതിവ് നടപടിക്രമമായി അംഗീകരിക്കില്ല. അത്തരം അപേക്ഷകളിൽ സെന്റർ ഡയറക്ടർ സ്വയം തീരുമാനമെടുക്കരുതെന്നും അന്തിമ അംഗീകാരത്തിനായി കേന്ദ്ര ബഹിരാകാശ വകുപ്പിന് കൈമാറണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
അതേസമയം, ഐ.എസ്.ആർ.ഒയിൽ നിന്ന് നിരവധി പേർ ജോലി വിട്ടതായി ചെയർമാൻ വി. നാരായണൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിന് പ്രതിസന്ധിയില്ലെന്ന് സാഹചര്യം നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ ജോലി വിടുന്നത് ഏതൊരു സ്ഥാപനത്തിലും നടക്കുന്നതാണെന്നും ഒരാൾ പോകുമ്പോൾ മറ്റൊരാൾ ചുമതലയേറ്റെടുക്കുമെന്നും അതിനാൽ ഒരു പദ്ധതിയും പ്രതിസന്ധിയിലാകില്ലെന്നും ഇസ്രോ ചെയർമാൻ വ്യക്തമാക്കി.
ഇസ്രോയിൽ ആകെ 14,000-ത്തിലധികം ജീവനക്കാരുള്ളതിനാൽ 100 പേരുടെ രാജി ശതമാന കണക്കിൽ വളരെ വലുതല്ല. എന്നാൽ വിട്ടുപോയവരിൽ പലരും അതീവ നിർണായകമായ സാങ്കേതിക മേഖലകളിലും ദേശീയ പ്രാധാന്യമുള്ള പദ്ധതികളിലുമായിരുന്നു പ്രവർത്തിച്ചിരുന്നത് എന്നതാണ് ആശങ്ക ഉയർത്തുന്നത്. ഇതാണ് കേന്ദ്ര സർക്കാരിന്റെ പെട്ടെന്നുള്ള ഇടപെടലിന് കാരണം.
ശാസ്ത്രജ്ഞരുടെ രാജിക്ക് കാരണം എന്തെന്ന് വ്യക്തമല്ല. സ്വകാര്യ ബഹിരാകാശ മേഖലയിലെ അവസരങ്ങൾ, സ്വകാര്യ മേഖലയിലെയും വിദേശത്തെയും ഉയർന്ന ശമ്പളം, ഗവേഷണ സ്വാതന്ത്ര്യം എന്നിവയാണ് രാജിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം ദീർഘകാല പദ്ധതികളിലെ സമ്മർദവും ജോലിഭാരവും ചിലരുടെയെങ്കിലും രാജിക്ക് കാരണമായതായും കരുതുന്നു.
കൊഴിഞ്ഞുപോക്ക് ആദ്യമല്ല
ഇസ്രോയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് പുതിയ സംഭവമല്ല. മുൻ വർഷങ്ങളിലും പരിചയസമ്പന്നരായ നിരവധി ശാസ്ത്രജ്ഞർ വിരമിക്കലിനുമുമ്പ് സ്ഥാപനമൊഴിഞ്ഞതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. 2004-നും 2007-നും ഇടയിൽ സ്ഥാപനത്തിലേക്ക് പുതുതായി നിയമിക്കപ്പെട്ടവരിൽ പകുതിയോളം പേർ ജോലിവിട്ടിരുന്നു. 2012-നും 2024-നും ഇടയിൽ 700 ഓളം ജീവനക്കാർ ഐ.എസ്.ആർ.ഒയിൽ നിന്ന് രാജിവച്ചിട്ടുണ്ട്.
ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് വെല്ലുവിളി
കഴിഞ്ഞ ഒരു ദശകത്തിൽ ഇന്ത്യയുടെ ബഹിരാകാശ പരിപാടികൾ വൻ വളർച്ചയാണ് കൈവരിച്ചത്. ചന്ദ്രയാൻ, ആദിത്യ-എൽ1, സ്പാഡെക്‌സ്, ഗഗൻയാൻ, ഭാവിയിലെ ചന്ദ്രദൗത്യങ്ങൾ, സ്വകാര്യ മേഖലയുമായുള്ള സഹകരണം എന്നിവയിലൂടെ ഇന്ത്യ ആഗോള ബഹിരാകാശ ശക്തിയായി മാറാനുള്ള ശ്രമത്തിലാണ്. ഇത്തരം സാഹചര്യത്തിൽ ഉയർന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവം നിലനിർത്തുക എന്നത് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതുപോലെ തന്നെ നിർണായകമാണ്. അതുകൊണ്ടുതന്നെ രാജി നടപടിക്രമങ്ങൾ കടുപ്പിച്ചത് ഒരു ഭരണപരമായ തീരുമാനം മാത്രമല്ല, ഇന്ത്യയുടെ ദീർഘകാല ബഹിരാകാശ ലക്ഷ്യങ്ങളെ സംരക്ഷിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
Content Summary: India’s Department of Space has introduced stricter rules to curb the growing exodus of scientists from ISRO after reports that more than 100 personnel resigned in recent months.
This post was last modified on July 16, 2026 3:23 pm
Leave a Comment