സ്വതന്ത്ര ഇന്ത്യയിലെ പത്രപ്രവര്‍ത്തനരംഗത്തെ ഏറ്റവും പ്രഗത്ഭരായ എഡിറ്റര്‍മാരിലൊരാളായ എടത്തട്ട നാരായണന്റെ ജന്മവാര്‍ഷികമാണിന്ന്
മലയാളത്തിലെ പ്രസിദ്ധമായ ഒരു നോവലില്‍ എടത്തട്ട നാരായണനും, അദ്ദേഹത്തിന്റെ ദിനപത്രവും, പത്രത്തിന്റെ ആസ്ഥാനമായ ലിങ്ക് ഹൗസും, അതിലെ പത്രപ്രവര്‍ത്തകരും കഥാപാത്രങ്ങളായി പ്രതൃക്ഷപ്പെടുന്നുണ്ട്. എന്നാല്‍ നോവലിലെ നായകന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരാളാണെന്നും നോവലില്‍ പ്രതിപാദിക്കുന്ന ചില സംഭവങ്ങള്‍ നടന്നതാണെന്നും അധികമാരുമറിയാത്ത കഥയാണ് ഈ നോവലിന്റെ കഥയ്ക്ക് പിന്നിലെ കഥ. ആവേശമുണര്‍ത്തുന്ന ത്രില്ലര്‍ പോലെയുള്ള പത്രപ്രവര്‍ത്തനത്തിന്റെയും ഒരു പത്രപ്രവര്‍ത്തകന്റെയും തീഷ്ണമായ അനുഭവകഥ. ആ നോവലിന്റെ പേര് ‘ മുന്‍പേ പറക്കുന്ന പക്ഷികള്‍ ‘. ‘1990 ലെ വയലാര്‍ അവാര്‍ഡ് നേടിയ സി.രാധാകൃഷ്ണന്റെ നോവല്‍.It is the birth anniversary of Edathatta Narayan
ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ഞെട്ടലുണ്ടാക്കിയ നക്‌സല്‍ബാരി സംഭവപരമ്പരകളുടെ പിറകിലെ സത്യം അറിയാന്‍ വാര്‍ത്തകള്‍ക്കായി അപകടകരമായ ഒരു ദൗത്യം ഏറ്റെടുത്ത് നക്‌സല്‍ബാരിയില്‍ എത്തിയ ഒരു പത്രപ്രവര്‍ത്തകന്റെ ആ അനുഭവങ്ങള്‍ പിന്നീട് മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി വായനക്കാരുടെ മുന്നിലെത്തി.
അറുപതുകളുടെ അവസാനം നടന്ന നക്‌സല്‍ബാരിയിലെ കലാപഭൂമിയിലെ സംഭവങ്ങള്‍ അവിടെ പോയി നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത സി.രാധാകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ അനുഭവങ്ങളും ലിങ്ക് ഹൗസ് എന്ന പത്രസ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച കാലത്തേയും പ്രമേയമാക്കി പിന്നീട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം എഴുതിയ നോവലാണ് പ്രശസ്തമായ ‘മുന്‍പേ പറക്കുന്ന പക്ഷികള്‍’.
പ്രശസ്തനായ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ അറുപതുകളില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണമായ സയന്‍സ് ടുഡെ മാസികയുടെ ചുമതലയുമായി കഴിയവേ ഒരു പത്രപ്രവര്‍ത്തക സമ്മേളനത്തില്‍ വെച്ച് ഡല്‍ഹിയിലെ പേട്രിയറ്റ് ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്ററായ എടത്തട്ട നാരായണനെ കണ്ടുമുട്ടി. സംസാരിച്ച് വന്നപ്പോള്‍ സയന്‍സ് ടുഡെ മടുത്തു കഴിഞ്ഞ രാധാകൃഷ്ണനോട് എടത്തട്ട ചോദിച്ചു. ‘എന്റെ കുടെ കൂടുന്നോ?’. ചെറിയ പത്രമാണ് പേട്രിയറ്റ്, പോരെങ്കില്‍ ഇടതുപക്ഷ വീക്ഷണമുള്ള ദിനപത്രവും. തനിക്ക് ഒരു പക്ഷവുമില്ലെന്ന് തുറന്നുപറഞ്ഞ രാധാകൃഷ്ണനോട് എടത്തട്ട ചെറുചിരിയോടെ പറഞ്ഞു:
”ഭൂമധ്യരേഖയില്‍ കഴിയുന്നവര്‍ക്കും സ്വാഗതം” അങ്ങനെ 1968 ല്‍ സി.രാധാകൃഷ്ണന്‍ ഡല്‍ഹിയിലെ ലിങ്ക് ഹൗസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പേട്രിയറ്റ് ദിനപത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി ചേരുന്നു.
ആ കാലത്ത് പശ്ചിമ ബംഗാളിലെ ഡാര്‍ജലിംഗ് ജില്ലയിലെ സിലിഗുരി പ്രവിശ്യയില്‍ നക്‌സല്‍ബാരി എന്ന കുഗ്രാമത്തില്‍ കനു സന്യാലിന്റെയും ചാരു മജുംദാറിന്റെയും ജംഗള്‍ സന്താളിന്റെയും നേതൃത്വത്തില്‍ ഭൂസ്വാമിമാര്‍ക്കും അവരുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കുമെതിരെ നടന്നിരുന്ന കര്‍ഷക സമരങ്ങള്‍ ഒരു സായുധസമരമായി പൊട്ടിപ്പുറപ്പെട്ടു. അതോടെ നക്‌സല്‍ബാരി എന്ന കുഗ്രാമം ലോകപ്രശസ്തിയിലേക്കുയര്‍ന്നു.
ചാരു മജുംദാര്‍
വസന്തത്തിന്റെ ഇടിമുഴക്കം ഇന്ത്യന്‍ മണ്ണില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യയിലെ സി.പി.എം ലെ കലാപകാരികളും വിമതരുമായ നക്‌സലൈറ്റുകള്‍ സായുധ കലാപത്തിനൊരുങ്ങി. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇടതും വലതുമായി, പിളര്‍ന്നപ്പോള്‍ രണ്ട് ചേരികളെയും അംഗീകരിക്കാത്ത വിമതരായിരുന്നു സിപിഎം ലെ നക്‌സ്‌ലൈറ്റുകള്‍. അവര്‍ അധികാരം പിടിച്ചെടുക്കാനുള്ള സ്വന്തമായുള്ള വഴികളിലേക്ക് നീങ്ങി. ‘നാടുവാഴിത്വത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കുന്ന ഈ സായുധ കാര്‍ഷിക കലാപത്തെയും നക്‌സല്‍ പ്രസ്ഥാനത്തേയും കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകള്‍ പരന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പേട്രിയറ്റിലൂടെ ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്ന് എടത്തട്ട തീരുമാനിച്ചു.
നക്‌സല്‍ മേഖലയില്‍ നിന്നുള്ള നേരിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പേട്രിയറ്റില്‍ കൊടുക്കാനായിരുന്നു എടത്തട്ടയുടെ ലക്ഷ്യം. നേതാക്കന്മാരേയും പ്രവര്‍ത്തകരേയും നേരില്‍ കാണേണ്ടി വരും. അപരിചിതരെ അവര്‍ സ്വീകരിക്കണമെന്നില്ല. പോലീസും നോട്ടപ്പുള്ളിയാക്കിയേക്കാം. അപകടം പിടിച്ച ജോലിയാണത്. ഈ ജോലി ആരെറ്റെടുക്കും? അപകടകരമായ ഈ ദൗത്യം ഏറ്റെടുക്കാന്‍ ആവേശത്തോടെ ഒരാള്‍ മുന്നോട്ടുവന്നു… സി. രാധാകൃഷ്ണന്‍. 28 കാരനായ അവിവാഹിതന്‍. അദ്ദേഹം നേരെ ബംഗാളിലേക്ക് തിരിച്ചു.
കല്‍ക്കട്ടയിലെത്തിയ സി. രാധാകൃഷ്ണന് പ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ ചില വഴികള്‍ തുറന്നുകിട്ടി. പ്രസ്ഥാനത്തിലെ ചിലരെ പരിചയപ്പെട്ടു. കേരളത്തില്‍ നിന്ന് നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേരാന്‍ വന്ന ചെറുപ്പക്കാരനായി അവരുടെ കൂടെ കൂടി. വെറെ വഴിയില്ലായിരുന്നു. സംഘടനയുടെ നേതാക്കള്‍ തങ്ങുന്ന മേഖലയിലേക്ക് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്തു. ചാരു മജുംദാറിനേയും കനു സന്യാലിനേയും നേരില്‍ കണ്ടു. കാര്യങ്ങളെല്ലാം മനസ്സിലാക്കി. രണ്ടാഴ്ച പാര്‍ട്ടി ക്ലാസുകളില്‍ രാധാകൃഷ്ണന്‍ പങ്കെടുത്തു. ഏറെ താമസിയാതെ സായുധാക്രമണവുമായി ആക്ഷനിലേക്ക് അവര്‍ നീങ്ങുകയാണെന്ന് രാധാകൃഷ്ണന് മനസ്സിലായി.
അപകടാവസ്ഥ മനസ്സിലാക്കിയ രാധാകൃഷ്ണന്‍ താനാരാണെന്നും തന്റെ ദൗത്യം എന്താണെന്നും കനു സന്യാലിനെ നേരിട്ടു കണ്ട് ധരിപ്പിച്ചു. തിരിച്ച് പോകാന്‍ താന്‍ തീരുമാനിച്ചെന്നും പറഞ്ഞു. കനു സന്യാല്‍ പറഞ്ഞത് ‘ഇനി തിരികെ പോകുന്നത് അപകടമാണ്.’ പോലീസിന്റെ വലയില്‍ പിടികൂടപ്പെട്ടാല്‍ എല്ലാം തുറന്ന് പറയേണ്ടി വരും. മാത്രമല്ല കൊല്ലപ്പെടാനുള്ള സാധ്യത കൂടുതലാണ്.
കനു സന്യാല്‍
ഇതിനിടയില്‍ പോലീസ് വിവരങ്ങളെല്ലാം ശേഖരിച്ച്, വിപ്ലവകാരികളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു. ഒടുവില്‍ പ്രവര്‍ത്തകരോടൊപ്പം രാധാകൃഷ്ണനും 24 പര്‍ഗാനയിലേക്ക് നീങ്ങി. (പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ജില്ല). ”അതൊരു വല്ലാത്ത അനുഭവമായിരുന്നു”, സി. രാധാകൃഷ്ണന്‍ പിന്നീട് പറഞ്ഞു. ”പുറം ലോകവുമായി ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവും ഇല്ല. റിപ്പോര്‍ട്ട് എഴുതാന്‍ പോയിട്ട്, ഒരു കത്തെഴുതാന്‍ പോലും എഴുത്ത് സാമഗ്രികള്‍ ഇല്ല. കുളിയില്ല. പല്ല് തേപ്പ് പോലുമില്ല. താടിയും മുടിയും വളര്‍ന്നു.” പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ സ്ഥിരമായി ഒരിടത്തും തങ്ങാറില്ല. മാത്രമല്ല കേന്ദ്ര സേനയുമായി ഏത് നിമിഷവും എറ്റുമുട്ടല്‍ ഉണ്ടാകാം. സേനയുമായുള്ള വെടിവയ്പ്പില്‍ നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു എന്ന ഭാഷ്യം സാധാരണ വാര്‍ത്തയായ കാലം.
ആ സമയത്താണ് രാധാകൃഷ്ണന്‍ സംഘത്തിലുള്ള ഒരു വിപ്ലവകാരിയെ പരിചയപ്പെടുന്നത്. അര്‍ജുന്‍ ഘോഷ് എന്നായിരുന്നു അയാളുടെ പേര്. ഉന്നത വിദ്യാഭ്യാസം നേടിയ ആ ചെറുപ്പക്കാരന്‍ ബംഗാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു. അച്ഛന്‍ ഡോക്ടറായിരുന്നു. ഒരു അനുജത്തിയുണ്ട് അനുരാധ. വിപ്ലവാശയങ്ങളില്‍ ആകൃഷ്ടനായി വീടുപേക്ഷിച്ച് പ്രസ്ഥാനത്തില്‍ ചേര്‍ന്ന അയാളുമായി രാധാകൃഷ്ണന്‍ അടുപ്പത്തിലായി.
ഏറെ താമസിയാതെ സായുധ സേനയുമായി ഏറ്റുമുട്ടല്‍ നടന്നു. വെടിവയ്പ്പില്‍ ചിലര്‍ കൊലപ്പെട്ടു. അര്‍ജുന്‍ ഘോഷും മറ്റ് ചിലരും രക്ഷപ്പെട്ടു. രാധാകൃഷ്ണന്‍ സായുധ സേനയുടെ പിടിയിലായി. തമിഴ്‌നാട്ടുകാരനായ ഒരു ഐ.പി.എസ്. ഓഫീസറായിരുന്നു സേനയുടെ തലവന്‍. ചോദ്യം ചെയ്യലില്‍ താന്‍ നക്‌സലൈറ്റ് അല്ലെന്നും പത്രപ്രവര്‍ത്തകനാണെന്നും പേട്രിയറ്റിന്റെ ലേഖകനാണെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ആദ്യമയാള്‍ വിശ്വസിച്ചില്ലെങ്കിലും ഭാഗ്യവശാല്‍ ഡല്‍ഹിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കാന്‍ അയാള്‍ തയ്യാറായി. ഒടുവില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിച്ചതോടെ അയാള്‍ രാധാകൃഷ്ണനെ മോചിപ്പിച്ച് പോലീസ് സഹായത്തോടെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു.
പേട്രിയറ്റില്‍ എടത്തട്ടയുള്‍പ്പെടെ എല്ലാവരും തങ്ങളുടെ ലേഖകന്റെ ഒരു വിവരവും ലഭിക്കാതെ ആശങ്കയിലായിരുന്നു. ഒന്നുകില്‍ നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. അല്ലെങ്കില്‍ കൊല്ലപ്പെട്ടു എന്ന നിഗമനത്തിലായിരുന്നു അവര്‍. സി. രാധാകൃഷ്ണന്‍ തിരിച്ചെത്തിയതോടെ അവരെല്ലാം ആശ്വസിച്ചു. പിന്നീട് നക്‌സല്‍ബാരിയിലെ തന്റെ അനുഭവങ്ങളെല്ലാം രാധാകൃഷ്ണന്‍ പേട്രിയറ്റ് ദിനപത്രത്തിലും ലിങ്ക് വാരികയിലും വിശദമായി എഴുതി. അങ്ങനെയിരിക്കെ സിദ്ധാര്‍ത്ഥ് താപ്പ എന്ന പേരില്‍ അര്‍ജുന്‍ പേട്രിയറ്റില്‍ പുതിയ റിപ്പോര്‍ട്ടറായി ജോലിക്ക് ചേര്‍ന്നു. അര്‍ജ്ജുന്‍ ഘോഷുള്‍പ്പടെയുള്ള നക്‌സല്‍ പ്രവര്‍ത്തകരുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അയാളായിരുന്നു. സ്വാഭാവികമായും അയാള്‍ രാധാകൃഷ്ണനുമായി സൗഹാര്‍ദത്തിലായി. നാല് വര്‍ഷത്തിന് ശേഷം സി.രാധാകൃഷ്ണന്‍ പേട്രിയറ്റില്‍ നിന്ന് രാജിവച്ച് ഡല്‍ഹി വിട്ട് കേരളത്തില്‍ തിരിച്ചെത്തി.
സി.രാധാകൃഷ്ണന്‍
ഏറെക്കാലത്തിന് ശേഷം രാധാകൃഷ്ണനെ തേടി പേട്രിയറ്റിലെ പഴയ സ്‌നേഹിതന്റെ വിളിവന്നു. പഴയ റിപ്പോര്‍ട്ടറായിരുന്ന സിദ്ധാര്‍ത്ഥ് താപ്പ ഭാര്യയുടെ ചികിത്സയ്ക്കായി കേരളത്തില്‍ എത്തിയതാണ്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍. നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവാംഗമായിരുന്ന അയാളുടെ ഭാര്യ പോലീസിന്റെ പിടിയിലായപ്പോള്‍ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയയായ കഥയൊക്കെ അയാള്‍ രാധാകൃഷ്ണനോട് പറഞ്ഞു. അവരുടെ രണ്ട് വൃക്കകളും തകരാറിലായപ്പോള്‍ ഭര്‍ത്താവ് തന്നെ ഒരു വൃക്ക നല്‍കി.
സംഭാഷണത്തിനൊടുവില്‍ അയാള്‍ രാധാകൃഷ്ണനോട് ഒരു സത്യം വെളിപ്പെടുത്തി. പോലീസ് അന്വേഷിച്ചിരുന്ന, നിരവധി കേസുകളില്‍ പ്രതിയെന്ന് പോലീസ് മുദ്രകുത്തിയിരുന്ന, അര്‍ജുന്‍ ഘോഷ് എന്ന നക്‌സല്‍ പ്രവര്‍ത്തകന്‍ താന്‍ തന്നെയാണ്! റിപ്പോര്‍ട്ടറും, അര്‍ജുന്‍ ഘോഷ് ഉള്‍പ്പെടെയുള്ള വിപ്ലവകാരികളുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേട്രിയറ്റിലെ രാധാകൃഷ്ണന്റെ സുഹൃത്തായ അതേ, വ്യക്തി.
അമ്പരന്നുപോയ രാധാകൃഷ്ണനെ അത്ഭുതപ്പെടുത്തിയ ഒരു നിഗൂഢരഹസ്യം കൂടി അയാള്‍ വെളിപ്പെടുത്തി. ആരും തിരിച്ചറിയാതിരിക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജ്ജറി നടത്തി മുഖച്ഛായ പൂര്‍ണ്ണമായും മാറ്റിയാണ് പേട്രിയറ്റില്‍ എത്തിയത്. എല്ലാ കാര്യങ്ങളും അതീവ രഹസ്യമായി എടത്തട്ടയുടെ പിന്തുണയോടെയാണ് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. പോലീസ് ഭാഷ്യമനുസരിച്ച് അനേകം കേസുകളില്‍ പ്രതിയായ, ഒളിവില്‍ കഴിയുന്ന, അര്‍ജ്ജുനന്റെ കേസുകളുടെ വിചാരണ പേട്രിയറ്റ് പത്രത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് പ്രതിയായ അതേ വ്യക്തി തന്നെയെന്ന് എഡിറ്ററായ എടത്തട്ടയല്ലാതെ ആരും അറിഞ്ഞില്ല.
എടത്തട്ട നാരായണൻ്റെ വിയോഗ വാർത്ത പ്രസിദ്ധീകരിച്ച പേട്രിയറ്റ് ദിനപത്രം
” ആ മനുഷ്യന്‍ ഒരത്ഭുതമായിരുന്നു. അര്‍ജുന്‍ ഘോഷ് ! മൂന്ന് മാസത്തോളം എനിക്കൊപ്പം നടന്നയാള്‍. നക്‌സല്‍ പ്രസ്ഥാനത്തിന്റെ സമര്‍പ്പിത മനസ്‌ക്കനായ പ്രവര്‍ത്തകനായ, ഞാന്‍ മനസ്സിലാക്കിയ അര്‍ജുന്‍ ഘോഷ്. ‘എന്റെ മുന്‍പേ പറക്കുന്ന പക്ഷി’കളിലെ പ്രധാന കഥാപാത്രമായ അതേ അര്‍ജുന്‍! എന്നിട്ടും ഞാന്‍ അയാളെ അറിഞ്ഞില്ലല്ലോ. രാവും പകലും എത്രയോ നാള്‍, അല്ല മാസങ്ങള്‍ അടുത്ത് കഴിഞ്ഞിട്ടും… ഒടുവില്‍ വൃക്ക തകരാറായി മരണത്തെ മുഖാമുഖം കാണുമെന്ന ഘട്ടത്തില്‍ അയാള്‍ എന്നോട് വെളിപ്പെടുത്തി.’ ഞാന്‍ നിന്റെ അര്‍ജുന്‍ ! സി.രാധാകൃഷ്ണന്‍ ഓര്‍മ്മിച്ചു. ഏറെ നാളുകള്‍ക്ക് ശേഷം അവശേഷിച്ച ഏക വൃക്ക തകരാറായി അര്‍ജുന്‍ ഘോഷ് മരണത്തിന് കീഴടങ്ങി.
വിപ്ലവകാരിയായ അര്‍ജുന്‍ ഘോഷിന്റെ ആര്‍ക്കുമറിയാത്ത രഹസ്യങ്ങള്‍ നിറഞ്ഞ ജീവിതകഥ തന്നെക്കുറിച്ചോ, തന്റെ പത്രപ്രവര്‍ത്തന ജീവിതത്തെ കുറിച്ചോ ഒരു വരിപോലും ഒരിക്കലും എഴുതാത്ത, എഡിറ്ററായ എടത്തട്ട നാരായണന് മാത്രമറിയാവുന്ന രഹസ്യങ്ങളായി ഒതുങ്ങി. ആ കഥയിലെ തന്റെ അനുഭവങ്ങളാണ് സി.രാധാകൃഷ്ണന്‍ നോവലിലാവിഷ്‌ക്കരിച്ചത്.
36 വര്‍ഷം മുന്‍പാണ് 1988 നവംബറില്‍ സി.രാധാകൃഷ്ണന്റെ ‘മുന്‍പേ പറക്കുന്ന പക്ഷികള്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്.. വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ആഖ്യാന ശൈലി കൊണ്ടും ഒട്ടേറെ വായനക്കാരെ ഈ നോവല്‍ ആകര്‍ഷിച്ചു. ഏറെക്കഴിയും മുന്‍പ് അത് വായനക്കാരുടെ ഇടയില്‍ ചര്‍ച്ചയായ ഒരു നോവലായി. വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച മിഴിവുറ്റ കുറെ വ്യക്തിത്വങ്ങളാല്‍ സമ്പന്നമാണ് ഈ നോവല്‍. സി.രാധാകൃഷ്ണന്‍ അന്നുവരെ എഴുതിയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പ്രമേയമായിരുന്നു ഈ നോവലിന്റെത്.
നോവല്‍ ഭാഗം
ഡല്‍ഹിയിലെ ഒരു പത്രമാപ്പീസിലെ എഡിറ്റര്‍ക്ക്, ഒരു നാള്‍ പേരില്ലാതെ ഒരു അജ്ഞാതന്റെ കത്ത് കിട്ടുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ചില പ്രധാന വിവരങ്ങള്‍ പത്രത്തിന് കൈമാറാന്‍ ഒരാള്‍ ആഗ്രഹിക്കുന്നു. അത് വാങ്ങാന്‍ എഡിറ്റര്‍ തനിക്ക് പ്രിയപ്പെട്ട ‘ഒരു അസിസ്റ്റന്റ് എഡിറ്ററെ വിടുന്നു. വിപ്ലവകാരിയും പിടി കിട്ടാപ്പുള്ളിയുമായ അര്‍ജ്ജുനന്റെ ഡയറി കുറിപ്പുകളാണ് അത്. ഒരു രഹസ്യ കൂടിക്കാഴ്ചയില്‍ ‘ഞാന്‍’ എന്ന് നോവലില്‍ വിശേഷിപ്പിക്കുന്ന, കഥ പറയുന്ന ആ പത്രലേഖകന് ഒരു അജ്ഞാതന്‍ ഡയറി കൈമാറുന്നു.
തന്റെ എഡിറ്ററെ ഏല്‍പ്പിക്കും മുന്‍പ് ആ ഡയറി കുറിപ്പുകള്‍ അയാള്‍ വായിക്കുന്നു. പിന്നീട് ഡയറിക്കുറിപ്പുകള്‍ പത്രത്തിന്റെ എഡിറ്റര്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ രാജ്യതലസ്ഥാനത്തെ ഒരു ഇടതുപക്ഷ ഇംഗ്ലീഷ് ദിനപത്രം നടത്തുന്ന ധര്‍മ്മസമരത്തിന്റെയും അവര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ കഥയാണ് മുന്‍പേ പറക്കുന്ന പക്ഷികള്‍. 1990 ലെ വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ ഏഴ് പ്രമുഖ പുരസ്‌ക്കാരങ്ങള്‍ നേടിയ ‘മുന്‍പേ പറക്കുന്ന പക്ഷികള്‍ സി. രാധാകൃഷ്ണന്റെ മികച്ച നോവലുകളില്‍ ഒന്നാണ്.
‘തന്റെ അനുഭവങ്ങള്‍ കൈയ്യില്‍ വന്നുചേരുന്ന ജീവചരിത്രപരമായ ഒരു ഡയറിയിലൂടെ പത്രത്തിലൂടെ വായനക്കാരറിയുമ്പോള്‍ – ഡയറി ആദ്യം വായിച്ച ലേഖകനും, കാരണവര്‍ എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന എഡിറ്ററും, ജഗന്നാഥ് എന്ന ഡെപ്യൂട്ടി എഡിറ്ററും, ലേഖകന്‍ ഗിരീഷ് ശുക്ല, ഒക്കെ ചേര്‍ന്ന ഒരു സംഘം പത്രപ്രവര്‍ത്തകര്‍ അര്‍ജ്ജുനന്റെ ഡയറിയിലെ വിപ്ലവ നാളുകളുടെ വാര്‍ത്താവതരണം നടത്തി പ്രസിദ്ധിയും വിമര്‍ശനവും നേരിടുന്നു. അര്‍ജ്ജുനന്റെ പെങ്ങള്‍ അനു എന്ന അനുരാധ, പിന്നെ അയാളുടെ വിപ്ലവവഴിയില്‍, ജമീന്ദാരായ അമ്മാവന്റ ഗുണ്ടകളാല്‍ മരണപ്പെട്ട മാതാപിതാക്കളും, ചെറിയമ്മയും, അവരുടെ മകളും, അര്‍ജ്ജുനന് എറെ പ്രിയപ്പെട്ടവളായ – കലാപകാരികളാല്‍ ആക്രമിക്കപ്പെട്ട് ജീവച്ഛവം പോലായ, ആരുണിയുമൊക്കെ നോവലിലെ കഥാപാത്രങ്ങളാണ്. ഒപ്പം ഉള്‍ഗ്രാമവും ഗ്രാമവാസികളും, ഗ്രാമമൂപ്പനും പിന്നെ അര്‍ജ്ജുനന്റെ പരാജയപ്പെട്ട വിപ്ലവവും അതിന്റെ ആദ്യകാല അണിയറ പ്രവര്‍ത്തകരും ഒക്കെ ചേരുന്ന ചുറ്റുപാടുകളും, വ്യവസ്ഥിതിയുമൊക്കെ നോവലിലൂടെ കടന്നുവരുന്നു.
ലിങ്ക് ഇന്ത്യയിലെ ആദ്യത്തെ വാർത്താ വാരിക
ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ ചേരിയിലെ ബഹിഷ്‌കൃതര്‍ വരെ അണിനിരക്കുന്ന ഈ നോവലിലെ, ആശയങ്ങളും, ചിന്തകളും, യാഥാര്‍ത്ഥ്യങ്ങളും നമ്മെ പ്രചോദിപ്പിക്കുന്ന ആഖ്യാനശൈലിയാണ്. ഇന്ദിരാ ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും അവരുടെ അക്കാലത്തെ വിവാദങ്ങളെല്ലാം നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്
നോവലിന്റെ അവസാനം, പത്രത്തിന്റെ എഡിറ്ററായ കാരണവരും, പിന്നീട് ആ കസേരയിലേക്ക് അവരോധിക്കപ്പെടുന്ന ജഗന്നാഥും അര്‍ബുദ രോഗത്തിന് കീഴ്‌പ്പെട്ട് മരണമടയുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ മൂലം പത്രസ്ഥാപനത്തിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നു. ഡല്‍ഹി ഉപേക്ഷിച്ച് നാട്ടില്‍ കഴിയുന്ന ലേഖകനെത്തേടി വരുന്ന കത്തില്‍, അര്‍ജ്ജുനന്‍ എല്ലാം വെളിപ്പെടുത്തുന്നു. അയാള്‍ അവര്‍ക്കിടയില്‍ത്തന്നെ ഒരാളായി ലേഖകന്റെയും, കാരണവരുടെയും അനുവിന്റെയും കൂടെത്തന്നെ വേഷപ്രച്ഛന്നനായി ഉണ്ടായിരുന്നു! എല്ലാ സംഭവങ്ങള്‍ക്കും മൂകനായ ഒരു ദൃക്‌സാക്ഷിയായിട്ട്! അര്‍ജുനനെ കുറ്റവിമോചിതനാക്കുക എന്ന ലക്ഷ്യത്തോടെ ഡയറിയും തുടര്‍ന്നുള്ള എല്ലാ സംഭവങ്ങളും പത്രാധിപര്‍ നേരിട്ട് രഹസ്യമായി ആസൂത്രണം ചെയ്തതായിരുന്നു.
ഇക്കാലമത്രയും, അര്‍ജ്ജുനനെ തിരിച്ചറിയാതെ പത്രലേഖകന്‍ അയാളുടെ പേരില്‍ അധികാരികള്‍ ചുമത്തിയ കള്ളക്കേസുകള്‍ ഒഴിവാക്കാനായി, നിയമത്തിന്റെ സഹായത്തോടെ അയാളെ വെറുതെ വിടാനുള്ള തെളിവുകള്‍ തേടി അലയുകയായിരുന്നു.
ഈ നോവലില്‍ എടത്തട്ട നാരായണനുണ്ട്, ഡല്‍ഹിയിലെ പേട്രിയറ്റ് ദിനപത്രം പുറത്തിറങ്ങുന്ന ലിങ്ക് ഹൗസുണ്ട്, ഡെപ്യൂട്ടി എഡിറ്ററായ വിശ്വനാഥ് ഉണ്ട്. പേട്രിയറ്റ് ദിനപത്രത്തില്‍ സംഭവിച്ച പല കാര്യങ്ങളും നോവലില്‍ ആവിഷ്‌ക്കരിച്ചിട്ടുമുണ്ട്. ഡല്‍ഹിയില്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന പലരുടേയും പ്രതിരൂപങ്ങളുണ്ട്.
നോവലിലെ പത്രാധിപര്‍ എന്ന കഥാപാത്രം എടത്തട്ട നാരായണന്‍ തന്നെ. യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹത്തിന്റെ മുന്‍ശുണ്ഠിയും പത്രമോഫീസിലെ കര്‍ക്കശ സ്വഭാവവും ഡല്‍ഹി പത്രലോകത്ത് ഏറെ പ്രശസ്തമായിരുന്നു. തലക്ഷണം പ്രതികരിക്കുന്ന ആളായിരുന്നു എടത്തട്ട. ഒരിക്കല്‍ പേട്രിയറ്റിന്റെ എഡിറ്റോറിയല്‍ ഡസ്‌ക്കിലിരുന്ന് മാസിക വായിച്ചുകൊണ്ടിരുന്ന ഒരു സാഹിത്യകാരന് എടത്തട്ട ഒരു കുറിപ്പ് പ്യൂണിന്റെ കൈയ്യില്‍ കൊടുത്തുവിട്ടു. ‘ This is not a reading room’ പിന്നെ ആ സാഹിത്യകാരന്‍ ആ വഴി വന്നിട്ടില്ല…
എടത്തട്ട നാരായണന്‍
ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്‌സ് തുടങ്ങിയ ഇന്ദിരാ ഗാന്ധിയുടെ പരിഷ്‌ക്കാരങ്ങളെ പിന്തുണച്ച എടത്തട്ട നാരായണന്‍ 1975 ലെ അടിയന്തരാവസ്ഥയില്‍ ഏകാധിപതിയായ സഞ്ജയ് ഗാന്ധിയെ തുറന്നെതിര്‍ത്തു. കുപ്രസിദ്ധമായ അയാളുടെ അടിയന്താവസ്ഥ സൂക്തം ‘കുറച്ച് സംസാരം കൂടുതല്‍ ജോലി’ എന്നതിനെ പരിഹസിച്ച് എടത്തട്ട പേട്രിയറ്റില്‍ എഡിറ്റോറിയല്‍ എഴുതി ‘കുറച്ച് സംസാരിക്കുക, വിവേകപൂര്‍വം ചിന്തിക്കുക’. മാധ്യമസെന്‍സറിംഗ് നിലവില്‍ വന്ന ആ കാലത്ത് സഞ്ജയ് ഗാന്ധിയുടെ പേരോ ഫോട്ടോയോ ഒരിക്കലും തന്റെ പേട്രിയറ്റ് ദിന പത്രത്തിലോ ലിങ്ക് വാരികയിലോ അച്ചടിക്കുകയില്ലെന്ന സ്വന്തം സെന്‍സറിംഗ് എടത്തട്ട നടപ്പിലാക്കി. അടിയന്തരാവസ്ഥയിലുടനീളം ഇത് തുടര്‍ന്നു.
ക്ഷുഭിതനായ സഞ്ജയ് ഗാന്ധി പേട്രിയറ്റ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ട് തിരിച്ചടിച്ചു. മാത്രമല്ല എടത്തട്ടയുടെ വരുമാന നികുതി കണക്കുകള്‍ പരിശോധിക്കാന്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ലിങ്ക് ഹൗസിലെത്തി. പക്ഷേ, തെളിവുകളൊന്നും കിട്ടാതെ അവര്‍ മടങ്ങി. അതോടെ സഞ്ജയ് ഗാന്ധി ആക്രമണം കുറെക്കൂടി രൂക്ഷമാക്കി. ലിങ്ക് ഹൗസിലേക്കുള്ള വൈദ്യുതി വിതരണവും ജലവിതരണവും അടിക്കടി തടസ്സപ്പെടുത്തി. കൂടാതെ പത്രക്കെട്ടുകള്‍ തടയുക, ഗുണ്ടകളെ അയച്ച് പത്ര ഏജന്റുമാരെ വിരട്ടിയോടിക്കുക തുടങ്ങിയവ ആരംഭിച്ചു. എടത്തട്ട പതറാതെ നിന്നു. ഒരു ദൂതന്‍ ലിങ്ക്ഹൗസില്‍ വന്ന് സഞ്ജയ് ഗാന്ധിയെ ചെന്ന് കാണമെന്ന സന്ദേശം എടത്തട്ടയ്ക്ക് നല്‍കി. ‘ മിസ്റ്റര്‍ സഞ്ജയ് ഗാന്ധിക്ക് വേണമെങ്കില്‍ ഇവിടെ വന്ന് എന്നെ കാണാം ‘എന്നാണ് എടത്തട്ട മറുപടി നല്‍കിയത്. കുത്തക പത്രങ്ങള്‍ക്ക് മറുപടിയായാണ് 1963 മാര്‍ച്ചില്‍ പേട്രിയറ്റ് ഇംഗ്ലീഷ് ദിനപത്രം ആരംഭിച്ചത്. സാധാരണക്കാരുടെ പത്രമായി അറിയപ്പെട്ട പേട്രിയറ്റ് 1978 സെപ്റ്റംബര്‍ 7ന് മരിക്കും വരെ ഉറച്ച ഇടതുപക്ഷ നയങ്ങളുള്ള പത്രമായി നിലനിന്നു.
എടത്തട്ട നാരായണന്റെ അനന്തരവനും വലം കൈയ്യുമായിരുന്ന പേട്രിയറ്റിലെ പി. വിശ്വനാഥന്റെ ആവിഷ്‌കാരമാണ് നോവലിലെ പത്രമാഫീസിലുള്ള ജഗനാഥ്. വ്യക്തിപരമായി സി.രാധാകൃഷ്ണന് അടുപ്പമുണ്ടായിരുന്ന പേട്രിയറ്റിലെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന വിശ്വനാഥന്‍. മികച്ച പത്രപ്രവര്‍ത്തകനും പരന്ന വായനയുള്ള ഒരാളായിരുന്നു മിതഭാഷിയായ വിശ്വനാഥന്‍. ലോറന്‍സ് ഡ്യൂറലിന്റെ വിഖ്യാതമായ അലക്‌സാ(ഡ്രിയ ക്വാര്‍ട്ടെറ്റ് എന്ന നോവല്‍ പരമ്പരയെ പറ്റിയൊക്കെ ഒ.വി. വിജയനോടൊക്കെ ആദ്യം പറയുന്നത് അത് വായിച്ച വിശ്വനാഥനായിരുന്നു… എടത്തട്ടയുടെ വലംകൈയ്യായി, നിഴലുപോലെ ശങ്കേഴ്‌സ് വീക്കിലിയിലും പിന്നീട് ലിങ്കിലും, പേട്രിയറ്റ് ദിനപത്രത്തിലും വിശ്വനാഥന്‍ ഉണ്ടായിരുന്നു. പേട്രിയറ്റിന്റെ എഡിറ്ററായിരിക്കെ ബോണ്‍ കാന്‍സര്‍ വന്ന് അവിവാഹിതനായിരുന്ന വിശ്വനാഥ് അകാലത്തില്‍ മരിക്കുകയായിരുന്നു.
നോവലിൻ്റെ കവർചിത്രം
നോവലില്‍ ആദ്യം മരിക്കുന്നത് പത്രാധിപരും പിന്നീട് ജഗനാഥുമാണ്. യഥാര്‍ത്ഥത്തില്‍ വിശ്വനാഥന്‍ ആദ്യം മരിച്ചു. പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞ് എടത്തട്ടയും. തന്റെ പത്രസ്ഥാപനം പ്രതിലോമ ശക്തികള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞ എടത്തട്ട പത്രത്തിലെ തൊഴിലാളികളുടെ ഒരു സഹകരണ സംഘം സ്ഥാപിച്ച് പത്രം അതുവഴി നടത്താന്‍ തീരുമാനിച്ചു. വിശ്വനാഥന്റെ അകാല മരണം അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. പക്ഷേ, അത് പ്രാവര്‍ത്തികമാക്കും മുന്‍പ് എടത്തട്ട അന്തരിച്ചു. അതോടെയാണ് ലിങ്ക് ഹൗസിന്റെ തകര്‍ച്ച തുടങ്ങിയത്.
പത്രപ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷുകാരെ എതിര്‍ത്ത് ജയിലില്‍ ശിക്ഷയനുഭവിച്ച ദേശീയരംഗത്തെ അപൂര്‍വ്വം പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു എടത്തട്ട നാരായണന്‍. ആറ് പതിറ്റാണ്ടോളം, തന്റെ മരണം വരെ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായിരുന്നു. അര നൂറ്റാണ്ട് ദേശീയ പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തെപ്പോലെ ദീര്‍ഘകാലം പത്രപ്രവര്‍ത്തനം നടത്തിയ മറ്റൊരു മലയാളി പത്രപ്രവര്‍ത്തകന്‍ ഇന്ത്യന്‍ പത്രലോകത്തില്ല.
‘ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ആദ്യത്തെ സബ് എഡിറ്റര്‍മാരിലൊരാള്‍, ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലിന്റെ ആദ്യത്തെ മലയാളിയായ എഡിറ്റര്‍, ശങ്കേഴ്‌സ് വീക്കിലിയിലെ പ്രധാന എഡിറ്ററും എഴുത്തുകാരനും. ഇന്ത്യയിലെ ആദ്യത്തെ വാര്‍ത്താമാസികയായ ലിങ്കിന്റെ സ്ഥാപക എഡിറ്റര്‍, ഡല്‍ഹിയിലെ ആദ്യത്തെ ഇടതുപക്ഷ ഇംഗ്ലീഷ് ദിനപത്രമായ പേട്രിയറ്റിന്റെ സ്ഥാപക എഡിറ്റര്‍ എന്ന നിലയിലൊക്കെ ഇന്ത്യന്‍ പത്രരംഗത്ത് വിഖ്യാതനായിരുന്നു അദ്ദേഹം.
ആ കാലത്ത് പേട്രിയറ്റ് ദിനപത്രത്തില്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന ഒ.വി.വിജയന്‍ എടത്തട്ടയെ രേഖപ്പെടുത്തിയത് ഇങ്ങനെ: മുന്‍ ശുണ്ഠിക്കാരന്‍, തൊഴില്‍ ദൗര്‍ബല്യങ്ങളോട് കടുത്ത പുച്ഛം പുലര്‍ത്തി പോന്നവന്‍, പ്രായാധിക്യത്തിലും തീവ്രാദ്ധ്വാനത്തില്‍ ഊറ്റം കൊണ്ടവന്‍. അത്തരമൊരു പത്രാധിപരുടെ കൂടെ പണിയെടുക്കുകയെന്ന വെല്ലുവിളി ഉല്ലാസപ്രദമായിരുന്നു.’
ഒ.വി.വിജയന്‍, ബി.ആര്‍.പി. ഭാസ്‌ക്കറൊക്കെ എടത്തട്ടയുടെ കൂടെ ജോലി ചെയ്തവരാണ്. ഡല്‍ഹിയിലെ ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിന്റെ ഉജ്ജല അദ്ധ്യായങ്ങളാണ് ‘ലിങ്ക് ‘മാസികയുടേയും ‘പേട്രിയറ്റ്’ ഇംഗ്ലീഷ് ദിനപത്രത്തിന്റെയും കഥ.
ലിങ്ക് ഹൗസ്
‘നട്ടെല്ലുള്ള പത്രാധിപര്‍’ എന്നാണ് സി. രാധാകൃഷ്ണന്‍ തന്റെ എഡിറ്ററായിരുന്ന എടത്തട്ടയെ വിശേഷിപ്പിക്കുന്നത്. ‘ഞാന്‍ കണ്ട ധീരനായ പത്രാധിപര്‍. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം പത്രത്തിന്റെ അധിപനായിരുന്നു. ടൈംസില്‍ നിന്ന് ഞാന്‍ പഠിച്ചത് പ്രൊഫഷണല്‍ ജേര്‍ണ്ണലിസമായിരുന്നു. എടത്തട്ടയുടെ കൂടെ നിന്ന് പഠിച്ചത് ധാര്‍മിക ജേര്‍ണ്ണലിസം. ഏത് അധികാരിയേയും അധികാരത്തേയും പേടിക്കാനില്ല എന്ന പാഠമാണ് മുഖ്യം. പറയുന്നത് ശരിയായിരിക്കണം. അത്രയേ വേണ്ടു.’ സി.രാധാകൃഷ്ണന്‍ എഴുതി.
പ്രശസ്തനായ പൊതു പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ കപ്പനകണ്ണന്‍ മേനോനും എടത്തട്ട രുഗ്മണിയുമാണ് തലശ്ശേരിയില്‍ ജനിച്ച എടത്തട്ട നാരായണന്റെ മാതാപിതാക്കള്‍. ചങ്ങാനാശ്ശേരിയില്‍ സെന്റ് ബര്‍ക്കുമാന്‍സ് സ്‌കൂളില്‍ പ്രധാന അദ്ധ്യാപകനായിരിക്കെ മന്നത്ത് പത്മനാഭനുമായി വളരെ അടുത്ത സൗഹാര്‍ദമുണ്ടായിരുന്ന കണ്ണന്‍ മേനോന്റെ ആശയം സ്വീകരിച്ചാണ് മന്നം എന്‍.എസ്.എസ് സംഘടനയുടെ ആദ്യ രൂപമായ ‘നായര്‍ ഭൃത സംഘം’ രൂപീകരിച്ചത്. കോണ്‍വെന്റ് സ്‌ക്കൂളില്‍ പഠിച്ച് 10-ാം തരം പാസ്സായ തലശ്ശേരിയിലെ ആദ്യത്തെ വനിതയാണ് എടത്തട്ടയുടെ മാതാവ് രുഗ്മണി. മലയാളത്തിലെ അക്കാലത്തെ പ്രസിദ്ധ വനിതാ മാസികയായ ‘ലക്ഷ്മീ ഭായ്’യില്‍ സ്ഥിരമായി അവര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു.
ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണ്ണലില്‍ പ്രവര്‍ത്തിച്ച പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് അവിടെ തന്റെ എഡിറ്ററായിരുന്ന എടത്തട്ടയെ കുറിച്ച് എഴുതി: ”ഉജ്ജലമായ കഴിവുകളുടെ ഉടമയായിരുന്ന എടത്തട്ട നാരായണന് അര്‍ഹിച്ച വിജയങ്ങള്‍ കിട്ടാതെ പോയി. സമൂഹ നന്മക്ക് വേണ്ടി വിജയങ്ങള്‍ ലക്ഷ്യം വെച്ചെന്ന വസ്തുത പരാജയത്തിന്റെ തീക്ഷ്ണത വര്‍ധിപ്പിച്ചു. 1978 ല്‍ 71-ാം വയസ്സില്‍ ലിങ്ക് ഹൗസിലെ മഹര്‍ഷി തപസ്സവസാനിപ്പിച്ചു.” It is the birth anniversary of Edathatta Narayan
Content Summary: It is the birth anniversary of Edathatta Narayan
Edathata Narayanan C Radhakrishnan latest news charu majumdar Kanu sanyal novel literature news p vishwanath patriot news paper