വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു; പൈലറ്റുൾപ്പെടെ രണ്ട് മരണം

പ്രദേശവാസികളായ രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം

ഇന്ത്യൻ വ്യോമസേനയുടെ ജാ​ഗ്വാർ യുദ്ധവിമാനം രാജസ്ഥാനിലെ ചുരുജില്ലയിൽ തകർന്ന് വീണതായി റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭനുഡ ​ഗ്രാമത്തിൽ വിമാനം തകർന്നുവീണത്. അപകടസ്ഥലത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായും അതിൽ ഒന്ന് വിമാനത്തിന്റെ പൈലറ്റിന്റേതാണെന്നും തെളിഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പ്രദേശവാസികളായ രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. രാജസ്ഥാനിലെ സുരത്ത്ഗഡ് വ്യോമസേനാ ബേസിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്. അതേസമയം, സംഭവത്തെക്കുറിച്ച് വ്യോമസേന ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സൈന്യവും തദ്ദേശ ഭരണകൂടവും ചേർന്നാണ് തിരിച്ചറിയൽ പ്രക്രിയ നടത്തുന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ വിമാനത്തിലുണ്ടായിരുന്നതോണോ പ്രദേശവാസിയാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആറ് സ്‌ക്വാഡ്രണുകളിലായി 120 ജഗ്വാർ ഫൈറ്റർ ജെറ്റുകളാണ് ഇന്ത്യയ്ക്കുള്ളത്. ഈ വർഷത്തെ മൂന്നാമത്തെ ജഗ്വാർ ഫൈറ്റർ ജെറ്റ് വിമാനാപകടമാണിത്. മാർച്ച് ഏഴിന് ഹരിയാനയിലെ പഞ്ച്‌കുളയിലാണ് ആദ്യ അപകടമുണ്ടായത്. ഏപ്രിൽ രണ്ടിന് ഗുജറാത്തിലെ ജാംനഗറിലും ഫൈറ്റർ ജെറ്റ് തക‌ർന്നുവീണു.ഒറ്റ, ഇരട്ട സീറ്റ് വേരിയന്റുകളിൽ ലഭ്യമായ ഇരട്ട എഞ്ചിൻ ഫൈറ്റർ- ബോംബറാണ് ജഗ്വാർ. വിന്റേജ് വിമാനങ്ങളായി കണക്കാക്കുന്നവയാണെങ്കിലും വ്യോമസേന വ്യാപകമായി ഉപയോഗിക്കുന്ന വിമാനങ്ങളാണിത്.

Content Summary: Jaguar trainer jet crashes in Rajasthan’s Churu

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment