July 17, 2025 |
Share on

‘സമ്മാനമായി കിട്ടുന്നതുകൊണ്ട് അരി കാശുകൊടുത്ത് വാങ്ങാറില്ല’; കൃഷിമന്ത്രിയുടെ വിവാദ പരാമര്‍ശം, പിന്നാലെ രാജി

അരി വിലയാണ് ഇപ്പോള്‍ ജപ്പാന്റെ ഏറ്റവും വലിയ തലവേദന

ജപ്പാനെ കഴിഞ്ഞ കുറച്ചു കാലമായി ‘ അരി പ്രശ്‌നം’ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ അവിടുത്തെ കൃഷി മന്ത്രിക്ക് രാജി വയ്‌ക്കേണ്ടി വന്നതിനും കാരണം അരിയാണ്. ഞാന്‍ കാശ് കൊടുത്ത് അരി വാങ്ങാറില്ല, എനിക്കത് സൗജന്യമായി കിട്ടുമെന്ന മന്ത്രിയുടെ പരാമര്‍ശമാണ് കസേര പോകാന്‍ കാരണമായത്. ഭക്ഷ്യവിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. സംഭവം വലിയ ജനരോഷത്തിന് കാരണമായതോടെയാണ് കൃഷി മന്ത്രി ടാക്കു എറ്റോയ്ക്ക് രാജിവയ്‌ക്കേണ്ടതായി വന്നത്.

ടാക്കു എറ്റോയുടെ രാജി പ്രധാനമന്ത്രി ഷിഗെരു ഇഷിബയെയാണ് വെട്ടിലാക്കിയിരിക്കുന്നത്. കാരണം, കുതിച്ചുയരുന്ന അരി വില പിടിച്ചു നിര്‍ത്താന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. ജനങ്ങള്‍ക്ക് ജീവിത ചെലവ് താങ്ങാനാകുന്നില്ല. ഈ ഗുരുതരമായ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഷിഗെരു ഇഷിബ പരാജയമാണെന്നാണ് ജനങ്ങളുടെ പരാതി. ഉപരിസഭ( അപ്പര്‍ ഹൗസ് കൗണ്‍സിലേഴ്‌സ്) തിരഞ്ഞെടുപ്പ് ജൂലൈയില്‍ നടക്കാനിരിക്കെ ഷിഗെരു ഇഷിബ സര്‍ക്കാരിന്റെ ഭാവിയെ കൂടുതല്‍ ദോഷമായി ബാധിക്കുന്നതാണ് കൃഷി മന്ത്രിയുടെ രാജിയും അതിനു പിന്നിലെ കാരണവും. എറ്റോയുടെ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയും ജനങ്ങളോട് മാപ്പ് പറഞ്ഞിരുന്നു.

തന്നെ പിന്തുണയ്ക്കുന്നവര്‍ സമ്മാനങ്ങളായി തരുന്നതുകൊണ്ട് തനിക്കൊരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ലെന്ന് ഒരു രാജ്യത്തിന്റെ കൃഷി മന്ത്രി പറയുന്നത് ജനങ്ങളുടെ വര്‍ദ്ധിത രോഷത്തിനാണ് കാരണമായത്. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. കാര്യങ്ങള്‍ പൂര്‍ണമായി കൈവിട്ടെന്ന് ബോധ്യമായതോടെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് എറ്റോ രാജി സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും പുറത്തിറങ്ങിയശേഷം എറ്റോ തന്നെയാണ് രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

അരിവില കുതിച്ചുയര്‍ന്നു നില്‍ക്കുന്ന ഈ നിര്‍ണായക സമയത്ത് കൃഷി മന്ത്രാലയത്തിന്റെ തലപ്പത്ത് തുടരുന്നത് ഉചിതമാണോ എന്ന് ഞാന്‍ എന്നോടുതന്നെ ചോദിച്ചു, അങ്ങനെയല്ലെന്ന് ഞാന്‍ നിഗമനത്തിലെത്തി.’ ഒരിക്കല്‍ കൂടി, കുതിച്ചുയരുന്ന അരിവിലയില്‍ ബുദ്ധിമുട്ടുമ്പോള്‍ മന്ത്രി എന്ന നിലയില്‍ അങ്ങേയറ്റം അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഞാന്‍ ആളുകളോട് ക്ഷമ ചോദിക്കുന്നു’ എന്നാണ് രാജി വിവരത്തിനൊപ്പം എറ്റോ നടത്തിയ ഏറ്റു പറച്ചില്‍.

ഒരു ചാക്ക് അരിക്ക് ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ ഇരട്ടി വിലയാണ് ഇപ്പോള്‍ ജനം നല്‍കേണ്ടി വരുന്നത്. മെയ് 11 വരെയുള്ള ആഴ്ചയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റ അരിയുടെ ശരാശരി വില 5 കിലോയ്ക്ക് ¥4,268 യെന്‍ (ഏകദേശം 2,484 രൂപ) എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ഇത് ¥4,214 ആയിരുന്നു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇരട്ടി വിലയാണിത്.

അരി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം അടിയന്തരാവശ്യങ്ങള്‍ക്കായി സംരക്ഷിച്ചു വച്ചിരുന്നതില്‍ നിന്നും 300,000 ടണ്‍ അരി സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ഇങ്ങനെയൊരു സാഹചര്യം രാജ്യത്തുണ്ടെന്നും ഉപഭോക്താക്കള്‍ അരിവിലയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും അന്ന് സമ്മതിച്ചിട്ടുള്ള എറ്റോ, കഴിഞ്ഞാഴ്ച്ച നടന്ന ഒരു ധനസമാഹരണ യോഗത്തില്‍ ജനങ്ങളെ പ്രകോപിപ്പിച്ചു പ്രസംഗിച്ചത്. എന്റെ അനുയായികള്‍ എനിക്ക് സംഭവനയായി ധാരാളം അറി നല്‍കുന്നതുകൊണ്ട് ഞാനത് കാശ് കൊടുത്തു വാങ്ങാറില്ല, വേണമെങ്കില്‍ വില്‍ക്കാനുള്ളത്ര അരി സമ്മാനമായി എനിക്ക് കിട്ടുന്നുണ്ടെന്നു കൂടി മന്ത്രി അവകാശപ്പെട്ടിരുന്നു.

രാജിവച്ച എറ്റോയ്ക്ക് പകരക്കാരനായി മുന്‍ പരിസ്ഥിതി മന്ത്രി ഷിന്‍ജിറോ കൊയ്‌സുമി കൃഷിവകുപ്പിന്റെ ഭരണം ഏറ്റെടുക്കും. പ്രധാനമന്ത്രി ഇഷിബയ്‌ക്കെതിരേ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍ഡിപി)യുടെ നേതൃസ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ് കൊയ്‌സുമി. 2023ലെ ചൂട് കാലാവസ്ഥ മൂലമുണ്ടായ മോശം വിളവും, 2024-ലെ ‘മെഗാക്വേക്ക്’ മുന്നറിയിപ്പിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ പരിഭ്രാന്തി തുടങ്ങി പല ഘടകങ്ങള്‍ ജപ്പാനിലെ അരിക്ഷാമത്തിന് കാരണമായി പറയുന്നുണ്ട്. കടുത്ത ഭക്ഷ്യ ക്ഷാമം രാജ്യത്തെ ബാധിക്കുമെന്ന കണക്ക് കൂട്ടലില്‍ മൊത്തകച്ചവടക്കാരും വിതരണക്കാരും അരി പൂഴ്ത്തി വയ്ക്കുന്നതും ജനത്തെയാണ് ദുരിതത്തിലാക്കുന്നത്.  Japan’s agriculture minister resigned after controversial remarks over rice 

Content Summary; Japan’s agriculture minister resigned after controversial remarks over rice

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×