June 19, 2026 |
Share on

ഇന്ത്യ രൂപപ്പെട്ട ആ 21 ദിവസങ്ങളും അത്ര പരിചിതരല്ലാത്ത നായകരും വില്ലന്മാരും

ജോസി ജോസഫിന്റെ ‘ഒരു രാഷ്ട്രത്തിന്റെ ജനനം, ഇന്ത്യയെ രൂപപ്പെടുത്തിയ 21 ദിവസങ്ങള്‍’

സ്വാതന്ത്ര്യസമരത്തെ കുറിച്ചും ഇന്ത്യയുടെ രൂപീകരണത്തെ കുറിച്ചും ധാരാളം പുസ്തകങ്ങളുണ്ട്. ഡൊമിനിക് ലാപിയറും ലാറി കോളിന്‍സും ചേര്‍ന്നെഴുതിയ വിഖ്യാതമായ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ മുതല്‍ ചരിത്രകാരന്മാരും രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ഉദ്യോഗസ്ഥരുമെന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍ പെടുന്ന ഇന്ത്യാക്കാരും വിദേശികളുമായ പലരും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള മോചനത്തേയും അതിന്റെ ഭാഗമായി രൂപപ്പെട്ട രണ്ട് രാജ്യങ്ങളുടെ പിറവിയേയും ഇരുപതാംനൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വിഭജന കലാപത്തേയും കുറിച്ച് എഴുതിയിട്ടുണ്ട്.

മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഡോ.ബി.ആര്‍.അംബേദ്കറും മുഹമ്മദ് അലി ജിന്നയും സര്‍ദാര്‍ വല്ലഭായ് പട്ടേലും മൗണ്ട്ബാറ്റണ്‍ പ്രഭുവും പ്രധാന കഥാപാത്രങ്ങളായ ഈ ചരിത്ര വിവരണങ്ങളില്‍ നിന്നെല്ലാം വഴി മാറി നാമിന്ന് കാണുന്ന ഇന്ത്യന്‍ യൂണിയന്‍ എന്ന ദേശരാഷ്ട്രം അതിന്റെ അതിര്‍ത്തികളോടെ എങ്ങനെ രൂപപ്പെട്ടുവെന്നാണ് പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ‘ഒരു രാഷ്ട്രത്തിന്റെ ജനനം, ഇന്ത്യയെ രൂപപ്പെടുത്തിയ 21 ദിവസങ്ങള്‍'(Birth Of a Nation; The Twenty-One days that made India) എന്ന തന്റെ മൂന്നാമത്തെ പുസ്തകത്തിലൂടെ പറയുന്നത്. 1947 ജൂലായ് 25 മുതല്‍ ഇന്ത്യ സ്വതന്ത്രയായ ഓഗസ്റ്റ് 14 രാത്രി വരെ നീളുന്ന 21 ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങളും അക്കാലത്തെ രൂപപ്പെടുത്തിയ മനുഷ്യരും രാജ്യത്തെമ്പാടും ചിതറിക്കിടക്കുന്ന നാട്ടുരാജ്യങ്ങളുടെ താത്പര്യങ്ങളും അവിടത്തെ ഭരണാധികാരികളുടെ താത്പര്യങ്ങളും അവര്‍ നടത്തിയ അവസാന ശ്രമങ്ങളും ചേര്‍ന്നതാണ് ഈ രചന. ജോസിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘അതികായരുടെ നിഴലില്‍ പെട്ടുപോയ’ ഇന്ത്യന്‍ ചരിത്രത്തിലെ വലിയ താരങ്ങളും അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത സംഭവവികാസങ്ങളുമാണ് ഇതിന്റെ കാതല്‍.

ഇന്ത്യന്‍ ആര്‍ക്കേവ്സിന്റെ പൊടിപിടിച്ച് കിടന്ന രേഖകളില്‍ നിന്നും സ്വകാര്യ രേഖകളില്‍ നിന്നും വിദേശത്തും സ്വദേശത്തുമുള്ള അക്കാദമിക് ശേഖരങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നമ്മുടെ രാജ്യത്തിന്റെ ചരിത്രമാണിത്. ഇന്നീ കാണുന്ന ഇന്ത്യയില്‍ നിന്ന് വിട്ട് സ്വതന്ത്രരാജ്യങ്ങളായി കഴിയാന്‍ ആഗ്രഹിച്ചിരുന്ന നാട്ടുരാജ്യങ്ങളുടെ ഭരണാധികാരികള്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കി ഐക്യമെന്ന ആശയത്തെ പുറകില്‍ നിന്ന് കുത്താന്‍ ശ്രമിച്ച വിനായക് ദാമോദര്‍ സവര്‍കറേയും ഹിന്ദുമഹാസഭയേയും നമുക്കീ ചരിത്ര രചനയില്‍ കാണാം. സ്വിറ്റ്ലര്‍ലാന്‍ഡിന്റെ മാതൃകയില്‍ ഭോപ്പാലിനെ സ്വതന്ത്രവും നിഷ്പക്ഷവുമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ച, പോളോ കളിക്കാരന്‍ കൂടിയായ ഹമീദുള്ള, തിരുവിതാംകൂറിലിരുന്ന് കൊണ്ട് കോണ്‍ഗ്രസിനും ഇന്ത്യയുടെ ഐക്യത്തിനുമെതിരെ നിരന്തരം പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന, ജിന്നയും സവര്‍കറും പ്രമുഖ നാട്ടുരാജ്യങ്ങളുടെ ഭരണത്തലവന്മാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി ഒരേ പോലെ ബന്ധമുണ്ടായിരുന്ന സര്‍ സി.പി, കോലാര്‍ ഖനിത്തൊഴിലാളിയും മുംബൈയിലെ തെരുവുകച്ചടവക്കാരുമായിരുന്ന, പിന്നീട് ബ്രിട്ടീഷ് ഇന്ത്യയിലെ വലിയ ഉദ്യോഗസ്ഥനായി തീര്‍ന്ന, ഇന്ത്യ രൂപീകരണത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ച ഒരു മലയാളി, ബ്രിട്ടനിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് 20 ടണ്‍ സ്വര്‍ണം കടത്തിക്കൊണ്ടുപോകാന്‍ പായ്ക്കപ്പല്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ നിഴലുകളില്‍ നിന്നിറങ്ങി വെളിച്ചത്ത് നില്‍ക്കുകയാണിവിടെ.

സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റും അതിലെ നിശ്ചയദാര്‍ഢ്യക്കാരായ ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ചാണ് ജോസി ആ 21 ദിവസത്തെ കഥ പറയുന്നത്. സ്വന്തമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച നാട്ടുരാജ്യങ്ങളേയും അവരുടെ തന്ത്രശാലികളായ ഉപദേഷ്ടാക്കളേയുമായിരുന്നു അവര്‍ക്ക് നേരിടേണ്ടിയിരുന്നത്. തീവ്രനിലപാടുകളുള്ള ഒരു ഹിന്ദു രാജ്യം യഥാസ്ഥിതിക മുസ്ലീം ഭരണാധികാരികളുടെ രാജ്യങ്ങളുമായി സഖ്യത്തിലായിരുന്നു. അവര്‍ വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങള്‍ ആരംഭിക്കുകയും മൗണ്ട്ബാറ്റന്‍ പ്രഭുവിനോടും നെഹ്‌റുവിനോടും പട്ടേലിനോടും കള്ളം പറയുകയും ചെയ്തു. അവര്‍ സ്വന്തമായി കറന്‍സികള്‍ അച്ചടിക്കാന്‍ ആരംഭിച്ചു. നെഹ്‌റു സര്‍ക്കാരിന്റെ സൈനിക നടപടികളെ പ്രതിരോധിക്കാന്‍ ജിന്നയുമായി അവര്‍ സഖ്യത്തിലേര്‍പ്പെട്ടു. ഒരേ സമയം മുസ്ലീം ലീഗിന്റേയും ഹിന്ദുമഹാസഭയുടെയും പിന്തുണ നേടി. ഇതിനെ എല്ലാം മറികടന്നാണ് ഇന്ന് കാണുന്ന ഇന്ത്യ എന്ന റിപ്പബ്ലിക് ഉണ്ടായത്. അത് സൃഷ്ടിക്കാന്‍ നടത്തിയ കഠിന ശ്രമങ്ങളേയും നേരിട്ട വൈതരണികളേയും അറിയുമ്പോള്‍ ഇന്ത്യ എന്ന റിപ്പബ്ലിക്കിനെ സംരക്ഷിക്കാനുള്ള ബാധ്യത കൂടി വായനക്കാര്‍ക്ക് ബോധ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട രചനകളിലൊന്നായി ‘ഒരു രാഷ്ട്രത്തിന്റെ ജനനം, ഇന്ത്യയെ രൂപപ്പെടുത്തിയ 21 ദിവസങ്ങള്‍’ എന്ന പുസ്തകം മാറുന്നു. വെസ്റ്റ്ലാന്‍ഡ് പബ്ലിഷ് ചെയ്യുന്ന പുസ്തകം ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. ഈ മാസം അവസാനം തന്നെ പുസ്തക ശാലകളിലെത്തും.

ദ ഹിന്ദു-വിലെ നാഷണല്‍ സെക്യൂരിറ്റി എഡിറ്റര്‍ പദവി രാജിവച്ച് കോണ്‍ഫ്ളൂവന്‍സ് മീഡിയ എന്ന അന്തരാഷ്ട്ര തലത്തില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്ന സ്ഥാപനം ആരംഭിച്ചിട്ടുള്ള ജോസി ജോസഫ് അന്തരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. ജോസിയുടെ, ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ‘കഴുകന്മാരുടെ വിരുന്ന്: ഇന്ത്യന്‍ ജനാധിപത്യത്തിലെ നിഗൂഢ വ്യവസായങ്ങള്‍’, ‘നിശബ്ദ അട്ടിമറി: ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യസംഘങ്ങളുടെ ചരിത്രം’ എന്നീ രചനകള്‍ ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളായി കണക്കാക്കപ്പെടുന്നു. 2010-ലെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി കേസ് മുതല്‍ ഇന്ത്യയിലെ വിവിധ മുഖ്യമന്ത്രിമാരുടേയും കേന്ദ്ര മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും അഴിമതി വാഴ്ചകള്‍ അവസാനിപ്പിച്ച ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ടുവന്നിട്ടുള്ള ജോസിക്ക് പ്രേം ഭാട്യ പുരസ്‌കാരം രാംനാഥ് ഗോയങ്ക പുരസ്‌കാരം എന്നിങ്ങനെ ഇന്ത്യന്‍ ജേര്‍ണലിസത്തിന് ലഭിക്കുന്ന ഉന്നത ബഹുമതികളും ലഭിച്ചിട്ടുണ്ട്.

കഴുകന്മാരുടെ വിരുന്ന്, നിശബ്ദ അട്ടിമറി എന്നീ രചനകളുടെ പരിഭാഷ ആദ്യം അഴിമുഖം പബ്ലിക്കേഷന്‍സും ഇപ്പോള്‍ ഡി.സി.ബുക്സും പുറത്തിറക്കി. ‘ബര്‍ത്ത് ഓഫ് എ നേഷന്‍’-ന്റെ പരിഭാഷയും ഡി.സി. ബുക്സ് ഉടന്‍ പുറത്തിറക്കും.

ആമസോണില്‍ പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കുക

Content Summary; Josy Joseph’s third book, ‘Birth Of a Nation: The Twenty-One Days That Made India’, which uncovers the untold stories, heroes, and hidden plots behind the formation of the Indian Republic.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×