കെ-റെയില്‍ വരില്ല കേട്ടോ; മഞ്ഞക്കുറ്റിയില്‍ നിന്ന് മോചനം നേടി മനുഷ്യര്‍

കെ-റെയില്‍ പദ്ധതി ഔദ്യോഗികമായി റദ്ദാക്കി വി ഡി സതീശന്‍ സര്‍ക്കാര്‍

K Rail Project Cancelled

കഴിഞ്ഞ അര പതിറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും ശക്തമായ ജനകീയ പ്രതിഷേധത്തിന് കാരണമായി തീര്‍ന്നൊരു സര്‍ക്കാര്‍ പദ്ധതി; അതായിരുന്നു കെ-റെയില്‍ അഥവ സില്‍വര്‍ ലൈന്‍ പദ്ധതി. ഒരു മഞ്ഞക്കുറ്റിയുടെ ചുറ്റും മനുഷ്യര്‍ പരിഭ്രാന്തിയോടെ നില്‍ക്കുന്നു, തങ്ങളുടെ മണ്ണും കിടപ്പാടവും കീറി മുറിക്കപ്പെടുന്നു, അതുവരെ ജീവിച്ചിരുന്നിടത്ത് നിന്നും ഇറങ്ങി കൊടുക്കേണ്ടി വരുന്നു; മനുഷ്യര്‍ക്ക് വേണ്ടിയെന്ന് അവകാശപ്പെട്ടൊരു പദ്ധതി അതേ മനുഷ്യര്‍ക്ക് തന്നെ ദുര്‍വിധിയായി തീര്‍ന്ന കാഴ്ച്ചയായിരുന്നു പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനം കൊണ്ട് ഉണ്ടായത്.

രാഷ്ട്രീയ-സാമൂഹിക തര്‍ക്കങ്ങള്‍ക്ക് വഴിതെളിച്ച കെ-റെയില്‍ പദ്ധതി ഇപ്പോള്‍ ഔദ്യോഗികമായി റദ്ദാക്കപ്പെട്ടിരിക്കുന്നു. വി. ഡി സതീശന്‍ സര്‍ക്കാരിന്റെ തുടക്കത്തില്‍ കൈക്കൊണ്ട ഏറ്റവും ജനപ്രിയ തീരുമാനങ്ങളില്‍ ഒന്ന്. കെ-റെയില്‍ വിരുദ്ധ പോരാട്ടത്തിന്റെ മുഖ്യഭൂമികയായി മാറിയ ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ മനുഷ്യര്‍ ഉള്‍പ്പെടെ ആഹ്ലാദത്തിലാണ്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സമരപന്തല്‍ സന്ദര്‍ശിച്ച വി ഡി സതീശന്‍, ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു അധികാരത്തില്‍ എത്തിയാല്‍ കെ റെയില്‍ പദ്ധതി റദ്ദാക്കുമെന്ന്. ആ വാക്ക് പാലിച്ചതിലുള്ള നന്ദി അവര്‍ക്ക് മുഖ്യമന്ത്രിയോടുണ്ട്. എങ്കിലും, അവരുടെ ആവശ്യങ്ങള്‍ ബാക്കി കിടക്കുകയാണ്.

വലിയ ജനകീയ പ്രതിരോധങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് പദ്ധതിയില്‍ നിന്നും പൂര്‍ണ്ണമായി പിന്മാറാനും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കാനുമുള്ള ചരിത്രപരമായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍, പദ്ധതിയുടെ റദ്ദാക്കലിലേക്ക് നയിച്ച കാരണങ്ങള്‍, എന്തായിരുന്നു കെ-റെയില്‍ പദ്ധതി, മുന്‍ സര്‍ക്കാര്‍ ഇതിന്റെ അനുകൂല വശങ്ങളായി ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കാം;

പദ്ധതി റദ്ദാക്കലും നിലവിലെ തീരുമാനങ്ങളും

ആറ് വര്‍ഷത്തോളമായി തുടരുന്ന ജനകീയ സഹനസമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് കെ-റെയില്‍ പദ്ധതി പൂര്‍ണ്ണമായി റദ്ദാക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിന്റെ ഭാഗമായി പ്രധാനമായും മൂന്ന് നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

വിജ്ഞാപനങ്ങള്‍ റദ്ദാക്കല്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് പുറപ്പെടുവിച്ചിരുന്ന എല്ലാത്തരം വിജ്ഞാപനങ്ങളും ഉത്തരവുകളും പൂര്‍ണ്ണമായി റദ്ദാക്കും.

മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യല്‍

പദ്ധതിയുടെ അതിരടയാളമായി മൂവായിരം ഏക്കറോളം വരുന്ന ഭൂമിയില്‍ സ്ഥാപിച്ചിരുന്ന 6,746 മഞ്ഞക്കുറ്റികള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതോടെ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വന്തം ഭൂമി വില്‍ക്കാനോ പണയം വയ്ക്കാനോ സാധിക്കാതെ ദുരിതത്തിലായിരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

കേസുകള്‍ പിന്‍വലിക്കല്‍

പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങള്‍ക്കെതിരെയും സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍, അവയുടെ സ്വഭാവം അനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശ കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കും. 1490 ദിവസത്തിലധികം നീണ്ടുനിന്ന കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് ഈ സമരം ലക്ഷ്യത്തിലെത്തുന്നത്.

എന്തുകൊണ്ട് കെ-റെയില്‍ പദ്ധതി റദ്ദാക്കേണ്ടി വന്നു?

പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിലേക്ക് നയിച്ച പ്രധാന കാരണങ്ങള്‍ പരിശോധിക്കാം.

കടുത്ത സാമ്പത്തിക ബാധ്യത

ഡിപിആര്‍ പ്രകാരം 63,940 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിരുന്നതെങ്കിലും, യഥാര്‍ത്ഥ ചെലവ് ഇതിന്റെ ഇരട്ടിയാകുമെന്നായിരുന്നു നിതി ആയോഗിന്റെയും സാമ്പത്തിക വിദഗ്ദ്ധരുടെയും മുന്നറിയിപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഈ ഭീമമായ തുക താങ്ങാന്‍ കഴിയില്ലെന്നത് വലിയ യാഥാര്‍ത്ഥ്യമായിരുന്നു.

ജനകീയ പ്രതിരോധവും കുടിയൊഴിപ്പിക്കലും

പദ്ധതി നടപ്പിലാക്കാന്‍ 9314 കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടി വരുമായിരുന്നു. ഇതില്‍ വലിയൊരു ഭാഗവും (67 ശതമാനം) സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന പഞ്ചായത്ത് പ്രദേശങ്ങളായിരുന്നു. സമവായമില്ലാതെ, ബലപ്രയോഗത്തിലൂടെ ജനങ്ങളെ കുടിയിറക്കാന്‍ ശ്രമിച്ചതാണ് വലിയ ജനകീയ സമരങ്ങള്‍ക്ക് കാരണമായത്.

പാരിസ്ഥിതിക ആശങ്കകള്‍

529 കിലോമീറ്റര്‍ നീളമുള്ള പാതയ്ക്കായി 11.52 കിലോമീറ്റര്‍ തുരങ്കങ്ങളും 12.99 കിലോമീറ്റര്‍ പാലങ്ങളും നിര്‍മ്മിക്കേണ്ടി വരുമായിരുന്നു. ഇത് പ്രകൃതിദത്ത നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തുമെന്നും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നശിക്കുമെന്നും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കേന്ദ്ര അനുമതിയുടെ അഭാവം

സാങ്കേതികവും സാമ്പത്തികവുമായ വ്യക്തതക്കുറവ് കാരണം കേന്ദ്ര റെയില്‍വേ മന്ത്രാലയമോ റെയില്‍വേ ബോര്‍ഡോ ഈ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിരുന്നില്ല. ബദലായി വന്ദേ ഭാരത് ട്രെയിനുകള്‍ വന്നതും പദ്ധതിയുടെ പ്രസക്തി കുറച്ചു.

എന്തായിരുന്നു കെ-റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി?

കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരം മുതല്‍ വടക്കേ അറ്റമായ കാസര്‍ഗോഡ് വരെ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഒരു അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിയായിരുന്നു കെ-റെയില്‍. മുന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദമായ പദ്ധതിരേഖ (ഡിപിആര്‍) പ്രകാരമുള്ള പ്രധാന വിവരങ്ങള്‍ ഇവയായിരുന്നു:

വേഗതയും സമയവും

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ വഴി തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോട്ടേക്ക് വെറും 4 മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും. നിലവില്‍ ഇതിനായി 12 മണിക്കൂറിലധികം സമയമാണ് എടുക്കുന്നത്.

സര്‍വീസുകളും യാത്രാശേഷിയും

ഒരു ട്രെയിനില്‍ 675 പേര്‍ക്ക് യാത്ര ചെയ്യാം. പ്രതിദിനം 18 സര്‍വീസുകളാണ് വിഭാവനം ചെയ്തിരുന്നത്. 2025-26 കാലയളവില്‍ പ്രതിദിനം 65,339 യാത്രക്കാരെയും ഭാവിയില്‍ 1,45,018 യാത്രക്കാരെയും പദ്ധതി പ്രതീക്ഷിച്ചിരുന്നു.

യാത്രാച്ചെലവ്

തുടക്കത്തില്‍ കിലോമീറ്ററിന് 2.75 രൂപ നിരക്കില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക് 1475 രൂപയാണ് കണക്കാക്കിയിരുന്നത്. (ഇത് 2025-ല്‍ 1959 രൂപയായും 2032-ല്‍ 2949 രൂപയായും വര്‍ദ്ധിക്കുമെന്നും ഡിപിആറില്‍ പറഞ്ഞിരുന്നു).

മറ്റ് സൗകര്യങ്ങള്‍

ചരക്കുനീക്കം സുഗമമാക്കുന്നതിനായി റോ റോ സര്‍വീസിലൂടെ പ്രതിദിനം 445 ട്രക്കുകള്‍ കൊണ്ടുപോകാനുള്ള സൗകര്യവും ഇതിലൂടെ വിഭാവനം ചെയ്തിരുന്നു.

ഭാവി കേരളത്തിന്റെ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്നായിരുന്നു മുന്‍ സര്‍ക്കാര്‍ പ്രചാരണം നടത്തിയിരുന്നത്. കേരളത്തിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും. അതിവേഗ യാത്രകള്‍ സാധ്യമാകുന്നതോടെ ഐടി മേഖല, വ്യവസായങ്ങള്‍, വിനോദസഞ്ചാരം എന്നിവയ്ക്ക് വലിയ ഉണര്‍വ് ലഭിക്കും. പദ്ധതിയുടെ നിര്‍മ്മാണ ഘട്ടത്തിലും അതിനുശേഷവും പതിനായിരക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. റോഡുകളിലെ വണ്ടികളുടെ തിരക്ക് കുറയുന്നതിലൂടെ കാര്‍ബണ്‍ ഉത്പാദനം വന്‍തോതില്‍ കുറയും. പൂര്‍ണ്ണമായും സോളാര്‍ പോലുള്ള പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച് ട്രെയിനുകള്‍ ഓടിക്കുന്നതിനാല്‍ ഇത് പ്രകൃതിക്ക് ദോഷം ചെയ്യില്ല എന്നിങ്ങനെയായിരുന്നു വാദങ്ങള്‍.

നാടിന്റെ വികസനവും അതിവേഗ യാത്രകളും കാലഘട്ടത്തിന്റെ ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരു വികസന പദ്ധതിയും ജനങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ടോ, പ്രകൃതിയെ തകര്‍ത്തുകൊണ്ടോ ആകരുത് എന്ന തിരിച്ചറിവാണ് കെ-റെയില്‍ പദ്ധതിയുടെ റദ്ദാക്കലിലൂടെ വ്യക്തമാകുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട്, നാടിന് ഗുണകരമാകുന്ന വികസന പദ്ധതികള്‍ തയ്യാറാക്കുക എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നിലവിലെ സര്‍ക്കാരിനുള്ള മുന്നറിയിപ്പ് കൂടിയായി കെ-റെയില്‍ പദ്ധതിയെ അനുസ്മരിക്കാം.

Content Summary: K-Rail SilverLine project officially cancelled in Kerala. Read a detailed report on why the semi-high-speed rail was scrapped, Chief Minister V D Satheesan’s directives, and the original DPR project cost, route, and benefits

This post was last modified on May 21, 2026 8:51 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment