ആനന്ദ് മഹീന്ദ്രയെ കാത്ത് കടമക്കുടി; ശുചിമുറി സൗകര്യം മുതല്‍ പലതും പരിഹരിക്കാനുണ്ട്

ഈ ആ​ഗ്രഹത്തിന് മങ്ങലേൽപ്പിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്

കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പൊൻതൂവലായി മാറാൻ ഒരുങ്ങുകയാണ് എറണാകുളം ജില്ലയിലെ കടമക്കുടി എന്ന ​ഗ്രാമം. ഇന്ത്യയിലെ തന്നെ പ്രധാന വ്യവസായികളിൽ ഒരാളായ ആനന്ദ് മഹീന്ദ്രയുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ചതോടെയാണ് കടമക്കുടി ലോക ശ്രദ്ധ ആകർഷിച്ചത്. സോഷ്യൽ മീഡിയ ചർച്ചകളിൽ കടമക്കുടി നിറയുമ്പോൾ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കിനെ താങ്ങാനുള്ള ശേഷിയും അടിസ്ഥാന സൗകര്യങ്ങളും കടമക്കുടിയ്ക്ക് ഇല്ലെന്ന വാദങ്ങളും ഉയരുന്നു. ​റീൽസ് കൾച്ചറിൽ ഉടക്കി കിടക്കുന്ന കാലമാറ്റം കേരളത്തിലെ വിനോദ സ‍ഞ്ചാരമേഖലയിലും പ്രതിഫലിക്കുന്നുണ്ട്.

കൊല്ലങ്കോടിന് ശേഷം ഇനി റീൽസ് കൾച്ചറിൽ സ്ഥാനമുറപ്പിക്കാൻ പോകുന്നത് കടമക്കുടിയായിരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വിനോദ സഞ്ചാരികളെ പിന്നോട്ടു വലിച്ചേക്കാം. മത്സ്യബന്ധനവും പൊക്കാളി കൃഷിയും ഉപജീവനമാക്കിയ കടമക്കുടിയിലെ ജനങ്ങൾക്ക് തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള സുവർണ്ണാവസരമാണ് ഇത്. എന്നാൽ കടക്കുടിയുടെ അതീജീവനത്തിന് ഇക്കാരണങ്ങൾ മങ്ങലേൽപ്പിച്ചേക്കാമെന്ന ആശങ്കകയിലാണ് കടമക്കുടിയിലെ ജനങ്ങളെന്ന് കടമക്കുടി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് അഴിമുഖത്തോട് പറഞ്ഞു. ദ്വീപിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്ന് നിശ്ചിത തുക അനുവദിച്ചതായും മേരി വിൻസെന്റ് വ്യക്തമാക്കി.

എറണാകുളത്തിന്റെ ഹൃദയഭാ​ഗത്താണെങ്കിലും ​​ഗ്രാമീണ ഭം​ഗിയും പരമ്പരാ​ഗത രീതികളും ഉൾക്കൊണ്ട് ജീവിക്കുന്ന കടമക്കുടിയിലെ ജനജീവിതം ​ഗൃഹാതുര്വം നിറയ്ക്കുന്നുണ്ട്. പരമ്പരാ​ഗത മത്സ്യത്തൊഴിലാളികളും പൊക്കാളി നെൽകർഷകരും സജീവമായ പ്രദേശമെന്ന പ്രത്യേകത കൂടിയുണ്ട് കടമക്കുടിയ്ക്ക് എടുത്തു പറയാൻ. പൊക്കാളി പാടങ്ങളും, കള്ളുഷാപ്പുകളും, പരമ്പരാ​ഗത രീതിയിൽ പാകം ചെയ്ത ഭക്ഷണവും കടമക്കുടിയുടെ സവിശേഷതയാണ്. ആനന്ദ് മഹീന്ദ്രയുടെ സന്ദർശനം കൊണ്ട് വിനോദ സഞ്ചാരം ഒരു പ്രധാന വരുമാന മാർ​ഗമായി മാറ്റാവുന്ന തരത്തിലേക്ക് വേണമെങ്കിൽ കടമക്കുടിയ്ക്ക് മാറാം. എന്നാൽ ഈ ആ​ഗ്രഹത്തിന് മങ്ങലേൽപ്പിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്.

വിനോദസഞ്ചാരികൾക്ക് ഉപയോ​ഗിക്കാവുന്ന തരത്തിൽ മതിയായ ശുചിമുറികളില്ല എന്നതാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. വലിയ കടമക്കുടി ഭാ​ഗത്തായി ഒരു കംഫർട്ട് സ്റ്റേഷൻ നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും അടഞ്ഞു കിടക്കുന്ന സാഹചര്യമാണുള്ളത്. എറണാകുളം ന​ഗരത്തിൽ നിന്ന് ദൂരെ മാറി സ്ഥിതി ചെയ്യുന്നത് കൊണ്ട് സഞ്ചാരികൾക്ക് മറ്റു മാർ​ഗങ്ങളെ ആശ്രയിക്കാനും സാധിക്കില്ല. മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള സംവിധാനങ്ങളുടെ അഭാവങ്ങളും ദ്വീപിലുണ്ട്. രണ്ട് മൂന്ന് സ്ഥലങ്ങളിലായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനസ്രോതസുകളിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത്. ഇത് ജലസ്രോതസുകൾക്കും പ്രകൃതിയ്ക്കും ഒരു പോലെ ഭീഷണിയാണ്. വിനോദ സഞ്ചാരികൾക്കായി കയാക്കിങ്ങ് ബോട്ടിം​ഗ് പോലുള്ള ആക്ടിവിറ്റികൾ ഒരുക്കിയിട്ടുണ്ടെങ്കിലും മതിയായ സുരക്ഷാ സംവിധാനങ്ങൾ പ്രദാനം ചെയ്യാൻ സാധിച്ചിട്ടില്ല. ബോട്ടിം​ഗിനായി ഒരാൾ തുഴയുന്ന കൊതുമ്പ് വള്ളങ്ങളാണ് ഉപയോ​ഗിക്കുന്നത്. ഇവയിലെ യാത്രകൾക്കാവട്ടെ ലൈഫ് ജാക്കറ്റുകളില്ല. പൊലീസ് ഔട്ട് പോസ്റ്റുകൾ ഇല്ലായെന്നതും ഒരു പ്രധാന വെല്ലുവിളിയാണ്. സ‍ഞ്ചാരികളുടെ സുരക്ഷയും ഉറപ്പല്ല.

കടമക്കുടി ദ്വീപുകളുടെ സമ​ഗ്ര വികസനത്തിനായി 2021ൽ ഒരു ടൂറിസം പദ്ധതി ആവിഷ്കരിച്ചിരുന്നു. കടമക്കുടി ദ്വീപ സമൂഹത്തിന്റെ സവിശേഷത നിലനിർത്തിക്കൊണ്ടുള്ള ഒരു പദ്ധതിയായിരുന്നു അന്ന് ആവിഷ്കരിച്ചിരുന്നത്. 5 കോടി ചിലവ് വരുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കാനുമായിരുന്നു ടൂറിസം വകുപ്പിന്റെ തീരുമാനം. നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലം ഉപയോ​ഗപ്രദമാവുന്ന രീതിയിൽ ദ്വീപിൽ തന്നെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിൽക്കാനും പ്രദർശിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. വിദേശത്ത് നിന്നെത്തുന്ന ദേശാടനക്കിളികളെയും നിരീക്ഷിക്കുന്നതിനും സൂര്യോ​ദയവും സൂര്യാസ്തമയവും കാണുന്നതിനുള്ള സജ്ജീകരണങ്ങൾ, വിനോദസഞ്ചാരികൾക്ക് മീൻ പിടിക്കുന്നതിനും വാങ്ങുന്നതിനുമുള്ള സംവിധാനങ്ങൾ, വള്ളത്തിലൊരുക്കിയ ഫ്ലോട്ടിങ്ങ് റെസ്റ്റോറന്റുകൾ, ജലയത്ര നടത്താൻ ബോട്ട് പോയിന്റ്, ഹോംസ്റ്റേ എന്നിവയെല്ലാം പദ്ധതിയുടെ ഭാ​ഗമായിരുന്നു.

പദ്ധതി ആവിഷ്കരിച്ച് നാലു വർഷം പിന്നിട്ടുമ്പോഴും ഈ വാ​ഗ്ദാനങ്ങളിൽ പകുതിയിലേറെയും നടപ്പിലായിട്ടില്ല. ആനന്ദ് മഹീന്ദ്രയുടെ സന്ദർശനത്തോടെ ജീവിതം പച്ച പിടിക്കുമെന്ന പ്രതീക്ഷയിലാണ് ​ഗ്രാമം.

content summary: Kadamakkudy is preparing to welcome Anand Mahindra, but it currently lacks adequate infrastructure

This post was last modified on July 9, 2025 10:32 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment