എറണാകുളത്തെ ‘കലാഭവന്‍’ എന്ന പ്രസ്ഥാനവും, അതിന്റെ സാരഥിയായിരുന്ന ഫാദര്‍ ആബേല്‍ എന്ന കലാഹൃദയമുള്ള പുരോഹിതനും ഒരു കൂട്ടം യുവാക്കളും ചേര്‍ന്ന് മിമിക്രിയെ കേരളത്തിലെ ഏറ്റവും ജനപ്രിയമായ കലാരൂപമാക്കി മാറ്റിയ ചരിത്രമാണ് കലാഭവന്‍ റഹ്‌മാന്റെ ആത്മകഥയായ ‘കലാഭവന്‍ ഡയറീസ്’ പറയുന്നത്. ‘ഒരു പക്ഷേ, കലാഭവന്റെ ചിരി ചരിത്രം ആദ്യമായി ഒരു മിമിക്രി കലാകാരന്‍ സ്വന്തം അനുഭവങ്ങളിലൂടെ എഴുതുന്നു എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. ഈ ആത്മകഥാ കുറിപ്പില്‍ മമ്മൂട്ടിയുണ്ട്, എം.ജി. സോമനുണ്ട്, സിദിഖ് ലാലുണ്ട്, ജയറാമുണ്ട്, കലാഭവന്റെ കെ.എസ്. പ്രസാദും അന്‍സാറുമുണ്ട്. 90 കളിലെ മലയാള ചിത്രങ്ങളില്‍ നിരന്തരമായ സാന്നിധ്യമായ ഹാസ്യരംഗങ്ങളെ മികച്ച നര്‍മ്മ മുഹൂര്‍ത്തമാക്കി മാറ്റിയ, അകാലത്തില്‍ അന്തരിച്ച നടന്‍ സൈനുദ്ദീനുണ്ട്. എന്തിന് സാക്ഷാല്‍ അമിതാബ് ബച്ചന്‍ വരെ കടന്നു വരുന്നുണ്ട്.
നാല് പതിറ്റാണ്ട് മുന്‍പ് എറണാകുളത്തെ ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ആരംഭിച്ച മിമിക്രി, കടലും കടന്ന് ഗള്‍ഫ് രാജ്യത്തെ വേദികളെ പോലും ചിരിപ്പറമ്പുകളാക്കി മാറ്റിയ ചരിത്രം കലാഭവന്‍ റഹ്‌മാന്‍ എഴുതുന്നത് കലാഭവന്റെ മിമിക്രി പോലെ തന്നെ രസകരമാണ്.
സി ഐ ഡി. ഉണ്ണിക്കൃഷ്ണന്‍ ബി.എ. ബി.എഡില്‍ ഓവര്‍ കോട്ടണിഞ്ഞ് സി ഐ ഡിയാവാന്‍ പോകുന്ന ഉണ്ണികൃഷ്ണന്‍ ബി.എ. ബി. എഡിനെ ഓടിച്ചിട്ട് പിടിക്കാനോടുന്ന പോലീസുകാരനെ ഓര്‍മ്മയില്ലേ? ഇവനല്ലെ അവന്‍ എന്ന് ചിന്തിച്ച് നിന്ന് പിടിക്കാനോടുന്ന പോലീസുകാരനായി അഭിനയിച്ചത് ഈ കലാഭവന്‍ റഹ്‌മാനായിരുന്നു. ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയെ കാണാനെത്തുന്ന ഭാര്‍ഗവിയോട് ‘കാലിപ്പുകയില്ലേ? എന്ന് ചോദിക്കുന്ന പൂവാലന്‍, ഹിറ്റ്‌ലര്‍ എന്ന ഹിറ്റ് സിനിമയിലെ റഹ്‌മാന്റെ ചെറിയ ഒരു വേഷമാണ്. ‘ഉണ്ടായിരുന്ന പുകല ഇപ്പോ കാലിയായി എന്ന് പ്രായം ചെന്ന ഭാര്‍ഗവിയമ്മ പറയുന്ന രംഗം. ഇത്തരം ചെറിയ വേഷങ്ങളില്‍ കലാഭവന്‍ റഹ്‌മാന്‍ മലയാള സിനിമയില്‍ തന്റെ സാന്നിധ്യം ശ്രദ്ധേയമാക്കിക്കൊണ്ടിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് വന്ന ‘രണ്ട്’ എന്ന സിനിമയിലെ മുക്രി വേഷത്തോടെ ഗൗരവമായ വേഷങ്ങള്‍ ചെയ്ത് വിജയിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും മിമിക്രിക്കാരന്‍ കലാഭവന്‍ റഹ്‌മാനില്‍ നിന്ന് താന്‍ ഏറെ മുന്നോട്ട് പോയി എന്ന് മലയാള സിനിമാ രംഗത്തെ ഓര്‍മ്മിപ്പിച്ചു. ആ ദീര്‍ഘമായ കാലത്തെ ചലചിത്ര ജീവിതത്തില്‍ റഹ്‌മാന്നെ നടന്‍ ചെയ്ത ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഓര്‍ത്തു വേണം ഈ പുസ്തകം വായിക്കാന്‍. കലാഭവനില്‍ ഏറ്റവും കൂടുതല്‍ കാലം മിമിക്രി അവതരിപ്പിച്ച കലാകാരനായിരുന്നു റഹ്‌മാന്‍.
ആലുവയിലെ ഒരു കച്ചവടകുടുംബത്തില്‍ നിന്ന് വരുന്ന മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ യുസി കോളേജില്‍ നിന്ന് പഠനം കഴിഞ്ഞാണു കലാഭവനില്‍ എത്തുന്നത്. 1969 സെപ്റ്റംബറില്‍ എറണാകുളത്ത് സ്ഥാപിച്ച കലകളെയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച ‘ക്രിസ്ത്യന്‍ ആര്‍ട്‌സ് ക്ലബ്ബാ’ണ് പിന്നീട് ‘കലാഭവന്‍’ എന്നറിയപ്പെട്ടത്. ഗായകന്‍ യേശുദാസിന്റെ നിര്‍ദേശമനുസരിച്ച് ‘കലാഭവന്‍’ എന്ന് ഈ ക്ലബിന്റെ പേര് പുനനാമകരണം ചെയ്യുകയായിരുന്നു. ആദ്യ കാലത്ത് യേശുദാസ് കലാഭവനുമായി സഹകരിച്ച് ഗാനമേളകളും നടത്തിയിരുന്നു.
കലാഭവന്റെ സാരഥിയായ ഫാദര്‍ ആബേല്‍ ഒരു പ്രൊഫഷണല്‍ ചിരി പരിപാടിക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ മിമിക്രിയില്‍ സമ്മാനം നേടിയ ചിലരെ ചേര്‍ത്തായിരുന്നു കലാഭവന്റെ മിമിക്രി പ്രസ്ഥാനത്തിന്റെ ആരംഭം. കെ.എസ് പ്രസാദ്, സിദ്ദിക്ക്, ലാല്‍, വര്‍ക്കിച്ചന്‍ പേട്ട, അന്‍സാര്‍ എന്നിവര്‍ കലാഭവന്റെ ‘മിമിക്‌സ് പരേഡ് ‘ ട്രൂപ്പിലെ സ്ഥാപക അംഗങ്ങളായി.
44 വര്‍ഷം മുന്‍പ് 1981 സെപ്റ്റംബര്‍ 21 ന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ കലാഭവന്റെ ‘മിമിക്‌സ് പരേഡ്’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
കാവി നിറമുള്ള ജുബ്ബയും കറുത്ത പാന്റ്ന്‍സും അണിഞ്ഞ് രണ്ട് മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ഈ ആറു ചെറുപ്പക്കാരും അരങ്ങ് തകര്‍ത്തു. നിറഞ്ഞ സദസില്‍ നിന്ന് ഒന്നിച്ചുയര്‍ന്ന ചിരിയുടെ അലയൊലികളും കൈയ്യടികളുടേയും സാക്ഷ്യം വഹിച്ച് കലാഭവന്‍ മിമിക്‌സ് പരിപാടി വന്‍ വിജയമായി.
കേരളത്തില്‍ ഇത്തരമൊരു ലൈവ് ഹാസ്യ പരിപാടി ആദ്യമായാണ് നടക്കുന്നതെന്ന് റഹ്‌മാന്‍ അവകാശപ്പെടുന്നുണ്ട്. അക്കാലത്ത് കേരളത്തിലെങ്ങും പടര്‍ന്ന് പന്തലിച്ച ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികളിലൂടെ (FAS) ‘കലാഭവന്‍ മിമിക്‌സ് ‘എല്ലായിടത്തും അവതരിപ്പിച്ചു വന്‍ ജനപ്രീതി നേടി. ഫാദര്‍ ആബേല്‍ നല്ലരൊരു സംഘാടകനും കലാരംഗത്ത് നല്ല ബന്ധങ്ങളുള്ള വ്യക്തിയുമായതിനാല്‍ ജാതിമതഭേദമില്ലാതെ വേദികള്‍ കലാഭവനെ തേടി വന്നു. മിമിക്രിയെന്ന കലാരൂപം യേശുദാസിന്റെയോ ജയചന്ദ്രന്റെയോ ഗാനമേളകള്‍ പോലെ ജനപ്രീതി നേടി. അതൊരു കൂട്ടായ്മയുടെ വിജയമായിരുന്നു. കലാകാരന്മാരുടെ നിശിതമായ അച്ചടക്കവും ആബേലച്ചന്റെ മികച്ച സംഘാടക മികവുമായിരുന്നു ഈ വിജയത്തിന്റെ പിന്നില്‍.
1987 ല്‍ ആദ്യമായി കലാഭവന്‍ ഗള്‍ഫില്‍ പരിപാടി അവതരിപ്പിക്കുന്നത്. പിന്നീട് പുറത്തിറങ്ങിയ കലാഭവന്റെ ഗള്‍ഫ് പരിപാടിയുടെ വീഡിയോ കാസെറ്റ് കേരളത്തിലാകെ തരംഗമുണ്ടാക്കി. അതിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് ജയറാമിനെ സംവിധായകന്‍ പത്മരാജന്‍ അപരനിലെ നായകനാക്കുന്നത്.
ഓഡിയോ കാസെറ്റുകളുടെ പുഷ്‌ക്കാലകാലമായ 80 കളും 90 കളിലും കലാഭവനിലൂടെ പുറത്ത് വന്ന കോമഡി കാസറ്റുകള്‍ വളരെ ജനപ്രീതിയാര്‍ജ്ജിച്ചു. റഹ്‌മാനും ജയറാമും സൈനുദീനുമായിരുന്നു ഇതിലെ പ്രധാന താരങ്ങള്‍. ചെറിയ തമാശ സ്‌കിറ്റുകള്‍, പാരഡികള്‍, ഇതിലൂടെ പ്രചാരം നേടി. ഓണം വിഷു, ക്രിസ്തുമസ് കാലങ്ങളില്‍ പല കാസെറ്റ് കമ്പനിക്കാരും ഇത്തരം കോമഡി കാസറ്റുകള്‍ ഇറക്കി. ഇന്നസെന്റും, മാള അരവിന്ദനും, മാമ്മുക്കോയയുമൊക്കെ ഇതില്‍ പങ്കെടുത്തു. പില്‍ക്കാലത്ത് ചാനലുകളില്‍ പ്രതൃക്ഷപ്പെട്ട പല ഹാസ്യപരിപാടികളും ആരംഭിച്ചത് ഈ കാസെറ്റുകളുടെ കോമഡി സ്‌കിറ്റുകളില്‍ നിന്ന് പ്രചോദനം നേടിയാണ്.
തന്റെ ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ തന്നെ ഏറ്റവും സ്വാധീനിച്ച, മാതൃകയാകേണ്ട ഒരു വ്യക്തിയെ റഹ്‌മാന്‍ തന്റെ കഥയില്‍ രേഖപ്പെടുത്തുന്നുണ്ട്. കലാഭവന്റെ രക്ഷാധികാരിയായ ഫാദര്‍ ആബേലച്ചനെ.
”അച്ചന്റെ സമയ കൃത്യത സ്വന്തം ജീവിതത്തിലും പകര്‍ത്താന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. വാക്ക് പറഞ്ഞ സമയത്ത് കൃത്യമായി എത്തുക എന്ന പാഠം മനസ്സില്‍ എത്തിച്ചത് അബേലച്ചനായിരുന്നു. കലാഭവന്‍ എന്ന പ്രസ്ഥാനത്തെ എത്ര ദീര്‍ഘവീക്ഷണത്തോട് കൂടിയാണ് അദ്ദേഹം പടുത്തുയര്‍ത്തിയത് എന്ന് ശ്രദ്ധിച്ചാല്‍ ആ സംഘാടക മികവ് തിരിച്ചറിയാനാകും. എത് പ്രശ്‌നത്തേയും അഭിമുഖീകരിക്കാനും ഉത്തമമായ തീരുമാനത്തിലൂടെ പരിഹരിക്കാനുള്ള അച്ചന്റെ കഴിവ് പലവട്ടം നേരില്‍ കണ്ടിട്ടുണ്ട്; റഹ്‌മാന്‍ എഴുതുന്നു.
‘കലാഭവനിലെ ആര്‍ട്ടിസ്റ്റുകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായെന്നറിഞ്ഞാല്‍ രണ്ടു പേരേയും ഒരേ സമയത്ത് വിളിച്ച് അച്ചന്‍ സംസാരിക്കില്ലായിരുന്നു. പകരം ആദ്യമൊരാളെ അകത്ത് വിളിച്ച് സംസാരിക്കുമ്പോള്‍ മറ്റെയാളെ പുറത്ത് നിറുത്തും. അകത്തുള്ള ആര്‍ട്ടിസ്റ്റ് പുറത്തിറങ്ങിക്കഴിഞ്ഞ് പുറത്ത് നിര്‍ത്തിയ ആളെ അകത്തു വിളിച്ച് സംസാരിക്കും. രണ്ടു പേരും മാറി മാറി ആബേലച്ചനോട് സംസാരിച്ച് പുറത്തിറങ്ങിക്കഴിയുമ്പോള്‍ അവരുടെ പ്രശ്‌നം തീര്‍ന്നിരിക്കും.’
അകാലത്തില്‍ അന്തരിച്ച നടന്‍ സൈനുദീനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് റഹ്‌മാന്‍ എഴുതുന്നു. തമാശകളുടെ തമ്പുരാന്‍ എന്നാണ് സൈനുദ്ദീനെ വിശേഷിപ്പിക്കുന്നത്. കലാഭവനില്‍ ദീര്‍ഘകാലം റഹ്‌മാന്റെ കൂടെ പരിപാടി അവതരിപ്പിച്ച സൈനുദ്ദീന്‍ ‘നടന്‍ മധുവിനെ’ അനുകരിച്ചിരുന്നത് മിമിക്രി വേദികളില്‍ വളരെ ജനപ്രീതി നേടിയ ഒരു ഐറ്റമായിരുന്നു. മധുവിന്റെ ശരീരഭാഷയും സ്വരവും സൈനുദിനെപ്പോലെ ഏറ്റവും ഭംഗിയായി അനുകരിക്കാന്‍ ഇപ്പോഴും ആര്‍ക്കും സാധിച്ചിട്ടില്ല.
ഒരു ഞായറാഴ്ച വിദ്യാര്‍ത്ഥികളായി നടിച്ച് പുസ്തകം കൈയ്യില്‍ പിടിച്ച് പ്രൈവറ്റ് ബസില്‍ കയറിയ സൈനുദ്ദീനും റഹ്‌മാനും മട്ടാഞ്ചേരിയില്‍ നിന്ന് ആലുവക്ക് യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് കണ്‍സഷനു വേണ്ടി ബസ് കണ്ടക്റ്ററോട് വാദിച്ച് ജയിച്ച ഒരു രസകരമായ യഥാര്‍ത്ഥ സംഭവ സ്‌കിറ്റ് വിവരിക്കുന്നുണ്ട്.
‘ഞായറാഴ്ചയോ കണ്‍സെഷനൊന്നും തരാന്‍ പറ്റില്ല’ പരിഹാസത്തോടെ ബസിലെ കണ്ടക്ടര്‍ സൈനുദിനോട് പറഞ്ഞു.
‘എവിടെ പഠിക്കാന്‍ പോയതാണി ഞായറാഴ്ച?’: കണ്ടക്ടര്‍
‘അത് നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല’: സൈനുദ്ദീന്‍
കണ്ടക്ടര്‍ ചൂടായിത്തന്നെ പ്രതികരിച്ചു തുടങ്ങി. ബസ്സിലെ യാത്രക്കാരെല്ലാം ഉടക്ക് സംസാരം കേട്ടു നില്‍ക്കുകയാണ്.
കണ്ടക്ടര്‍ രൂക്ഷമായി സൈനുദ്ദീനെ ചോദ്യം ചെയ്യാന്‍ തുടങ്ങി.
‘കാര്യം പറ നിങ്ങളവിടെയാ പോണത്?: കണ്ടക്ടര്‍
തന്നോട് പറഞ്ഞില്ലെ, കാര്യം പറഞ്ഞാല്‍ തനിക്ക് മനസിലാവില്ല: സൈനുദ്ദീന്‍ ഗൗരവത്തില്‍ പറഞ്ഞു.
‘എന്ത് മനസിലാകില്ലെന്ന്? കാര്യം പറ’: കണ്ടക്ടര്‍ ചൂടായി
‘എടോ ഞങ്ങള്‍ എവിടെയാ പോകുന്നതെന്ന് തനിക്ക് മനസിലാവില്ല. നിറുത്തി നിറുത്തി വ്യക്തമായി സൈനുദ്ദീന്‍ മറുപടി പറഞ്ഞു.
കണ്ടക്ടര്‍ വിട്ടില്ല. ‘പറ എനിക്ക് മനസിലാകുന്നേ,’
‘ഞങ്ങള്‍ ‘കോഷന്‍ മണി വിത്ത് ഹെല്‍ഡ്’ ചെയ്യാന്‍ പോകുന്നതാണ്’ സൈനുദ്ദീന്റെ മറുപടി ഉടന്‍ വന്നു.
‘എന്ത്? എന്ത്?’ പിടി കിട്ടാതെ കണ്ടക്ടര്‍ വീണ്ടും ചോദിച്ചു.
‘അതാണ് പറഞ്ഞത് തനിക്ക് മനസിലാവുല്ലാ എന്ന്’ സൈനുദീന്‍
അത് കേട്ട് ബസ്സില്‍ വലിയ കൂട്ടച്ചിരി മുഴങ്ങി. കണ്ടക്ടര്‍ ആകെ ചമ്മി ചളമായി നിന്നു.
എസ്. ടി യെങ്കില്‍ എസ് ടി ചില്ലറ വാങ്ങി ടിക്കറ്റ് കൊടുത്ത് കണ്ടക്ടര്‍ വേഗം സ്ഥലം വിട്ടു. ഇതേ പോലെ കുറെ സൈനുദ്ദീന്‍ കഥകള്‍ ഇതില്‍ വായിക്കാം.
90 കളില്‍ ദൂരദര്‍ശന്‍ സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ച റഹ്‌മാന്റെ പുറത്ത് വന്ന ആദ്യ ചിത്രം ‘ഒന്നു മുതല്‍ പൂജ്യം വരെ’ യാണ്. എം.ജി. സോമന്‍ തൊട്ട് പുതിയ തലമുറയിലെ നടന്‍ ഉണ്ണി മുകുന്ദന്റെ ഒപ്പം വരെ അഭിനയിച്ച റഹ്‌മാനെ കലാഭവന്‍ റഹ്‌മാനായി സിനിമാരംഗത്ത് അവതരിപ്പിച്ചത് ഫാസിലിന്റെ ‘ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളുടെ സഹസംവിധായകനായ സിദ്ധിക്കായിരുന്നു.
കൂടെവിടെ റഹ്‌മാന്‍ ഉള്ളപ്പോള്‍ തിരിച്ചറിയാന്‍ കലാഭവന്‍ തന്നെ മുന്നില്‍ വെച്ചതിനാല്‍ കലാഭവന്‍ റഹ്‌മാനായി.
വലിയ തത്വങ്ങളോ, സിദ്ധാന്തങ്ങളോ പറയാത്ത മിമിക്രി താരത്തില്‍ നിന്ന് സിനിമാക്കാരനായ ഒരു സാധാരണ കലാകാരന്റെ അനുഭവങ്ങളാണ് ഈ അനുഭവക്കുറിപ്പുകള്‍. സിദ്ധിക്ക് -ലാല്‍, ജയറാം, ദിലീപ് തുടങ്ങിയ സഹപ്രവര്‍ത്തകര്‍ പിന്നിട് ഉയരങ്ങള്‍ കീഴടക്കിയത് അഭിമാനത്തോടെ ഓര്‍ക്കുന്ന അയാള്‍ക്ക് അവരുടെ ഒപ്പമെത്താത്തതില്‍ നഷ്ടബോധങ്ങളൊന്നുമില്ല.
‘ജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടം ഏതെന്ന് ചോദിച്ചാല്‍ കലാഭവനില്‍ മിമിക്‌സ് കളിച്ചു കൊണ്ടിരുന്ന കാലമെന്ന് ഒട്ടും ആലോചിക്കാതെ തന്നെ പറയാന്‍ സാധിക്കും.’ കലാഭവന്‍ റഹ്‌മാന്‍ എഴുതുന്നു. Kalabhavan Rahman’s memories Kalabhavan Diaries
കലാഭവന്‍ ഡയറീസ്
കലാഭവന്‍ റഹ് മാന്‍
മാതൃഭൂമി ബുക്‌സ്
വില: 220.
Content Summary; Kalabhavan Rahman’s memories Kalabhavan Diaries