കനിയെ കുറിച്ച് പറയാന്‍ പി കെ റോസിയില്‍ നിന്നു തുടങ്ങണം. അന്നുവരെ ആര്‍ക്കും തോന്നിയില്ല. അല്ലെങ്കില്‍ തന്നെ ആര് ഓര്‍ക്കുന്നു ജാതി വെറിയന്മാര്‍ കല്ലെറിഞ്ഞോടിച്ച മലയാള സിനിമയുടെ ആദ്യ നായികയെ? കേരളം പാടെ മറന്ന ആ ദളിത് സ്ത്രീക്കാണ് തനിക്ക് കിട്ടിയ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കരം കനി സമര്‍പ്പിച്ചത്. kani kusruti watermelon bag at cannes
പച്ചപ്പുറന്തോടില്‍ അകം ചുവന്ന് കറുത്ത കുരുക്കള്‍ കാണുന്ന മുറിച്ചുവച്ചൊരു തണ്ണിമത്തിന്‍ കഷ്ണത്തിന്റെ ബാഗും തൂക്കി കാനിലെ ചുവപ്പ് പരവതാനിയില്‍ വിടര്‍ന്ന് ചിരിയോടെ നടന്ന കനി ലോകം കണ്ട മനോഹരമായൊരു പ്രതീകമാണ്; അവഗണിക്കപ്പെടുന്നവര്‍ക്ക്, അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക്, ഇല്ലായ്മ ചെയ്യപ്പെടുന്നവര്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുന്നതെന്ന് പ്രഖ്യാപിക്കുന്ന മനുഷ്യന്റെ പ്രതീകം.
റോസിയോടും ഗസയിലെ മനുഷ്യരോടും ഒരുപോലെ ഐക്യദാര്‍ഢ്യപ്പെടുന്നതിലൂടെയാണ് കനിയെന്ന കലാകാരി അവരുടെ നിലപാടുകള്‍ ഉറപ്പിക്കുന്നത്. അടുത്തിടെ ഒരു തിരക്കഥാകൃത്ത് പറഞ്ഞ് സിനിമ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനാണെന്നും രാഷ്ട്രീയം പറയാനുള്ളതല്ലെന്നുമാണ്. ഇത്തവണ കാനില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’. ആ സിനിമയുടെ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് അതിസാഹസികമായാണ് ഇറാനില്‍ നിന്നും രക്ഷപ്പെട്ട് യൂറോപ്പില്‍ എത്തിയതും ചലച്ചിത്രമേളയില്‍ പങ്കെടുത്തതും. റസൂലോഫ് എന്തിനാണ് സ്വന്തം നാട് ഉപേക്ഷിച്ച് ഓടിപ്പോന്നത്? ഇറാന്‍ ഭരണകൂടം അദ്ദേഹത്തിന് എട്ടുവര്‍ഷത്തെ തടവും ചാട്ടവാറടിയും ശിക്ഷ വിധിച്ചു, ഒപ്പം സ്വത്ത് കണ്ടുകെട്ടാനും. റസൂലോഫ് എന്തു ചെയ്തു? അയാള്‍ തന്റെ സിനിമയിലൂടെ രാഷ്ട്രീയം പറഞ്ഞു. ഇറാനിലെ മതഭരണകൂടം സ്ത്രീകളോടും ജനങ്ങളോടും കാണിക്കുന്ന ക്രൂരതകള്‍ വിളിച്ചു പറഞ്ഞു.
ചോദിക്കാനും പറയാനും ഒരു പ്രകാശ് രാജ് എങ്കിലുമുണ്ടല്ലോ!
ഇന്നത്തെ ലോകത്തില്‍ സിനിമയോളം സ്വാധീനമുള്ള മാധ്യമം വേറെയില്ല. സിനിമ രാഷ്ട്രീയം പറയാനുള്ളതല്ലെന്ന് ഒരാള്‍ക്കു തോന്നുന്നതും, മറ്റൊരാള്‍ക്ക് മറിച്ചു തോന്നുന്നതും കലാകാരന്റെ സമൂഹികോത്തരവാദിതത്തെ കുറിച്ചുള്ള ബോധ്യത്തില്‍ വരുന്ന വ്യത്യാസം കൊണ്ടാണ്, ലഘുവായി പറഞ്ഞാല്‍ ഭയത്തിന്റെ പ്രശ്‌നമാണ്. ഭരണകൂടം വയ്ക്കുന്ന ഓഫറുകള്‍ നിരസിക്കുമ്പോഴാണ് നാസി ജര്‍മനിയില്‍ നിന്നും ഫ്രിറ്റ്‌സ് ലാഗിനും ഇറാനില്‍ നിന്ന് മുഹമ്മദ് റസൂലോഫിനും ഓടിപ്പോകേണ്ടി വന്നത്.
എലിസയോട് മീ ടൂ എന്നു പറയുന്ന ഹോളിവുഡും പാര്‍വതിയെ ഫെമിനിച്ചിയാക്കുന്ന മോളിവുഡും
2018 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങ് ഓര്‍ക്കുക. ചുവപ്പ് പരവതാനിയില്‍ കാമറ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന പതിവ് തെറ്റിച്ച് കറുപ്പണിഞ്ഞെത്തിയ അഭിനേത്രികളെ കണ്ട ചടങ്ങ്. അതൊരു ഐകദാര്‍ഢ്യം പ്രകടിപ്പിക്കലായിരുന്നു. ഹോളിവുഡില്‍ തുടങ്ങി ലോകമാകമാനം ഏറ്റെടുത്ത മീ ടൂ കാമ്പയിനുള്ള ഐകദാര്‍ഢ്യം. എലിസ മിലാനോ എന്ന അഭിനേത്രിയുടെ ഒരു ട്വീറ്റാണ് അതിന് തുടക്കം കുറിച്ചത്. ‘ എപ്പോഴെങ്കിലും നിങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഈ ട്വീറ്റിന് റിപ്ലെ ആയി മീ ടൂ എന്ന് കമന്റ് ചെയ്യാനായിരുന്നു എലിസയുടെ ട്വീറ്റ്. ആലോചിക്കുക, ആ ഒരൊറ്റ ട്വീറ്റ് ലോകത്തുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍. എലിസ കാണിച്ചതാണ് ആര്‍ട്ടിസ്റ്റിന്റെ ഉത്തരവാദിത്തം. മലയാളത്തില്‍ മീ ടൂ കാമ്പയിന്റെ ഭാഗമായവര്‍ ‘ ഫെമിനിച്ചികള്‍’ ആയി പരിഹസിക്കപ്പെട്ടു. അവരുടെ പ്രൊഫഷനില്‍ നിന്നും പുറന്തള്ളപ്പെട്ടു. ഭയമില്ലാത്തവര്‍ പൊരുതും, അല്ലാത്തവര്‍ സന്ധി ചെയ്യും. കമലിന്റെ ‘ആമി’യില്‍ നിന്നു പിന്മാറിയവരും വനിത മതിലില്‍ നിന്നും വിട്ടു നിന്നവരുമൊക്കെ ചെയ്തതുമതാണ്; സന്ധി ചെയ്യല്‍. അതുകൊണ്ട് അവരൊക്കെയിപ്പോഴും ഒന്നും നഷ്ടപ്പെടാതെ കഴിയുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന വേദിയില്‍ ‘ അവള്‍ക്കൊപ്പം’ എന്നെഴുതിയ ബാനറുമായി നിന്ന റിമയെ പോലുള്ളവര്‍ തുടച്ചു നീക്കപ്പെടുന്നു. പേടിയുള്ളവരാണ് ചോദിക്കുന്നത് സിനിമ രാഷ്ട്രീയ പറയാനുള്ളതാണോയെന്ന്? അത്തരക്കാരാണ് എനിക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയമെന്നും രണ്ടുനേരം ദീപാരാധന തൊഴുന്നയാളാണെന്നുമൊക്കെ സാക്ഷ്യമെഴുതി കൊടുക്കുന്നത്.
അലന്‍സിയറും വിദ്യാബാലനും; ഇവരില്‍ ഒരാള്‍ക്ക് അഭിനയിക്കാനേ അറിയൂ
സിനിമയില്‍ സവര്‍ണവേഷക്കാരിയായി നടിച്ചതിന്റെ പേരില്‍ ചാലക്കമ്പോളത്തില്‍ വച്ച് പരസ്യമായി വസ്ത്രാക്ഷേപം ചെയ്യപ്പെട്ടവളാണ് റോസി. അവളുടെ കൂര കത്തിച്ചു കളഞ്ഞു, സമൂഹിക ഭ്രഷ്ട് കല്‍പ്പിച്ചു. നാട്ടില്‍ നിന്നും കല്ലെറിഞ്ഞോടിച്ചു. വിഗതകുമാരനും ജെ സി ഡാനിയേലും ചരിത്ര ബിംബങ്ങളായപ്പോള്‍ റോസിയെ എല്ലാവരും മറന്നു കളഞ്ഞു. ‘ഞാന്‍ മനുഷ്യ പാര്‍ട്ടിയാണ്, മനുഷ്യന്റെ ഉയര്‍ച്ചയിലും നന്മയിലും വിശ്വസിക്കുന്ന പാര്‍ട്ടി’ എന്നു പറഞ്ഞത് വൈക്കം മുഹമ്മദ് ബഷീറാണ്. തിരുവിതാംകൂറുകാരി റോസിക്കും പേരറിയാത്ത ഗാസയിലെ മനുഷ്യര്‍ക്കും വേണ്ടി നിലപാടെടുക്കാന്‍ കനിയെപോലൊരാള്‍ക്ക് തോന്നിയത് ബഷീര്‍ പറഞ്ഞ അതേ മനുഷ്യപ്പാര്‍ട്ടിക്കാരിയായതുകൊണ്ടാണ്. സന്ധി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മനുഷ്യര്‍ക്കൊപ്പം നില്‍ക്കാന്‍ ഭയമുണ്ടാകില്ല.
ഏജ് ഓഫ് ഗോഡ് എടുത്തതിന്റെ പേരില്‍ പത്തൊമ്പത് കൊല്ലമാണ് ലാറ്റിന്‍ അമേരിക്കന്‍ സംവിധായകന്‍ ബ്യുനുവലിന് സിനിമയില്‍ അവസരം നിഷേധിക്കപ്പെട്ടത്. ഗസ വംശഹത്യയില്‍ നിശബ്ദത പുലര്‍ത്തുന്ന നിലപാടുകള്‍ ചോദ്യം ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നും ഇറങ്ങിപ്പോരുന്ന നിരവധി മാധ്യമപ്രവര്‍ത്തകര്‍ 2023 ഒക്ടോബര്‍ എട്ടിന് ശേഷം ഉണ്ടായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരായാലും സിനിമാക്കാരായാലും എഴുത്തുകാരായാലും, പ്രതികരിക്കാന്‍ കിട്ടുന്ന വേദികള്‍ അവരവര്‍ക്കു വേണ്ടിയല്ലാതെയും ഉപയോഗിക്കാം.
‘ ഞാന്‍ എന്താണെന്ന് എന്റെ സിനിമ പറയും’ എന്നു പ്രഖ്യാപിച്ചത് വെര്‍ണര്‍ ഹെര്‍സോഗ് ആണ്. എന്റെ നാടകങ്ങള്‍ സമൂഹത്തിലെ ദ്രവിച്ച തൂണുകള്‍ക്കിട്ടുള്ള ഇടിയാണെന്നു പറഞ്ഞത് എന്‍ എന്‍ പിള്ളയും. കലാകാരന് സ്വയം അവനിലൂടെയും അവനുണ്ടാക്കുന്ന കലയിലൂടെയും സമൂഹത്തോട് സംവദിക്കാന്‍ കഴിയും. ചില ഘട്ടങ്ങളില്‍ ചെറിയൊരു ബാഗ് പോലും അതിനുപയോഗിക്കാം.
Content Summary; kani kusruti’s watermelon bag at cannes symbol of palestine solidarity