March 18, 2025 |
Share on

കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലപാതക കേസില്‍ അറസ്റ്റില്‍

രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്‌

കൊലപാത കേസില്‍ കന്നഡ താരം ദര്‍ശന്‍ തൂഗുദീപ അറസ്റ്റില്‍. ജൂണ്‍ 11 ന് മൈസൂരുവിലെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നിന്നാണ് പൊലീസ് ദര്‍ശനെ കസ്റ്റഡിയില്‍ എടുക്കുന്നത്. താരത്തെ പിന്നീട് ബെംഗളൂരുവിലേക്ക് കൊണ്ടു പോയി. ബെംഗളൂരു കാമാക്ഷിപാളയത്തിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. kannada actor darshan arrested in murder case bengaluru police

ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് നടത്തി വന്ന അന്വേഷണത്തിലാണ് ദര്‍ശനും പിടിയിലായിരിക്കുന്നത്. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്റെ പങ്കിനെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്നാണ് താരത്തെ കസ്റ്റഡിയിലെടുക്കുന്നത്.

ദര്‍ശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓണ്‍ലൈന്‍ വഴി അപകീര്‍ത്തിപ്പെടുത്തിയതിന്റെ വൈരാഗ്യത്തിലാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

രേണുകസ്വാമിയെ മൈസൂരുവിലുള്ള ദര്‍ശന്റെ ഫാം ഹൗസിലേക്ക് വിളിച്ചു വരുത്തിയശേഷം അവിടെ വച്ച് ഉപദ്രവിച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം മൃതദേഹം കാമാക്ഷിപാളയത്തുള്ള അഴുക്ക് ചാലില്‍ ഉപേക്ഷിച്ചു. രണ്ട് മാസങ്ങള്‍ മുമ്പാണ് കൊലപാതകം നടക്കുന്നത്.

രേണുകസ്വാമിയെ കാണാനില്ലെന്ന പരാതിയുടെ പുറത്താണ് പൊസീസ് അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണം പുരോഗമിക്കവെ മൂന്നു പേര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ വന്നു. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് തങ്ങള്‍ രേണുകസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കീഴടങ്ങിയവര്‍ പറഞ്ഞത്. എന്നാല്‍, പൊലീസ് അവിടം കൊണ്ട് അന്വേഷണം അവസാനിപ്പിക്കാതെ മുന്നോട്ടു പോയതോടെയാണ് ദര്‍ശനില്‍ വരെ എത്തിയത്.

kannada actor darshan arrested in murder case bengaluru police

×