June 04, 2026 |
Share on

അജിത് ചിത്രം റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കും; കന്നഡ നടന്റെ ഭീഷണി

മുന്‍നിര താരങ്ങളടക്കം ചിത്രത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്

ഗൗതം മേനോന്‍ സംവിധാനം ചെയ്ത അജിത് നായകനായ യെന്നെ അറിന്താല്‍ എന്ന സിനിമ കര്‍ണാടകത്തില്‍ റിലീസ് ചെയ്താല്‍ തിയേറ്ററുകള്‍ കത്തിക്കുമെന്ന വെല്ലുവിളിയുമായി കന്നട നടന്‍ ജഗ്ഗേഷ്. കര്‍ണാടക മുന്‍ എംഎല്‍എ വാട്ടാല്‍ നാഗരാജും ഇതേ ഭീഷണി മുഴക്കിയിട്ടുണ്ട്.

തമിഴ് ചിത്രമായ യെന്നൈ അറിന്താല്‍ സത്യദേസ് ഐപിഎസ് എന്ന പേരില്‍ മൊഴിമാറിയാണു കന്നഡയില്‍ എത്തുന്നത്. ഇതു തന്നെയാണു ചിത്രത്തിനെതിരേയുള്ള പ്രതിഷേധത്തിനു കാരണവും. അന്യഭാഷ ചിത്രങ്ങള്‍ കന്നഡയിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പ് സംസ്ഥാനത്തുണ്ട്. ഒരുകാലത്ത് മൊഴിമാറിയെത്തുന്ന മലയാളത്തിലെയും തമിഴിലേയും ചിത്രങ്ങള്‍ക്കു വന്‍ സ്വീകാര്യതയായിരുന്നു കന്നഡത്തിലെങ്കിലും പിന്നീട് തങ്ങളുടെ ചിത്രങ്ങളെ ഈ കടന്നു കയറ്റം കാര്യമായി ബാധിക്കുന്നൂവെന്ന ആരോപണവുമായി ഒരു വിഭാഗം സിനിമാപ്രവര്‍ത്തകര്‍ രംഗത്തു വരികയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി മൊഴിമാറ്റ ചിത്രങ്ങള്‍ക്കു സാന്റല്‍വുഡില്‍ അനൗദ്യോഗിക വിലക്കുണ്ട്.

ജഗ്ഗേഷിനെ കൂടാതെ സാധു കോകില, അകുല്‍ ബാലാജി, ഷാരണ്‍, അനിരുദ്ധ്, പ്രജ്വാല്‍ ദേവര എന്നീ താരങ്ങളും അജിത് ചിത്രത്തിനെതിരേ രംഗത്തു വന്നിരുന്നു. മൊഴിമാറ്റ ചിത്രങ്ങള്‍ കന്നഡ സിനിമ വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×