കണ്ണൂര്‍ എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്‌ഫോടനത്തില്‍ വയോധികന്‍ മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സിന എന്ന യുവതിക്കുനേരെ പാര്‍ട്ടിക്കാരുടെ ഭീഷണിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി പഞ്ചായത്ത് അംഗങ്ങള്‍. വാര്‍ഡ് അംഗമായ നിമിഷ ഇന്നലെ രാത്രി വീട്ടിലെത്തി അമ്മയോട് മകളെ കാര്യം പറഞ്ഞ് മനസിലാക്കിക്കണമെന്ന് പറഞ്ഞു എന്നാണ് ഇന്ന് സീന മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ഭീഷണി ആണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഭീഷണി അല്ലാതെ പിന്നെ എന്താണെന്നായിരുന്നു സിനയുടെ ചോദ്യം. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വിഷയം ചര്‍ച്ചയായത്. kannur bomb blast.
നാട് വിടാന്‍ പോയവരെ സമാധാനിച്ചു, അതാണോ തെറ്റ് ?-നിമിഷkann ur bomb blast
ഇന്നലെ വൈകുന്നേരം സീനയുടെ വീട്ടില്‍ പോയിരുന്നുവെന്നത് സത്യമാണെന്ന് വാര്‍ഡ് അംഗമായ നിമിഷ പറഞ്ഞു. ചെറുപ്പം മുതല്‍ അറിയുന്ന വീട്ടുകാരാണ് സിനയുടേത്. പോരാത്തതിന് താന്‍ അവിടുത്തെ ജനപ്രതിനിധിയും. വളരെ സഹകരിച്ച് ജീവിക്കുന്ന ആളുകളുള്ള ഒരിടത്ത് നിന്നാണ് ആരോപണം വന്നത്. പോലീസ് പോലും സ്‌ഫോടനം ഉണ്ടായത് സിപിഎം ഉണ്ടാക്കിയ ബോംബാണെന്ന് സ്ഥിരീകരിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. അപ്പോഴാണ് സിന അത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. സ്വാഭാവികമായും ഏത് ജനപ്രതിനിധിയും ചെയ്യുന്ന കാര്യമാണ് അവിടെ പോയി കാര്യങ്ങള്‍ അന്വേഷിക്കുക എന്നത്.
അവിടെ സിനയുടെ സഹോദരനും മാതാപിതാക്കളുമാണ് ഉണ്ടായിരുന്നത്. അവിടെ ചെന്നപ്പോഴാണ് നാട് വിട്ട് പോവാന്‍ ആലോചിക്കുന്നതായി സീനയുടെ അമ്മ പറഞ്ഞത്. സിന സിപിഎമ്മിനെ വിമര്‍ശിച്ച വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി സിനയുടെ അമ്മ പറഞ്ഞു. 80ഓളം കോളുകള്‍ വന്നെന്നാണ് പറഞ്ഞത്. ചിലത് ബന്ധുക്കളുടേതായിരുന്നു. ഉടന്‍ തന്നെ ഈ നാട് വിട്ട് പോവണമെന്നാണ് ബന്ധുക്കള്‍ അടക്കം പറഞ്ഞത്. അല്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാവും. സിനയുടെ സഹോദരനെ ബാംഗ്ലൂരിലേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഒരു വീടുണ്ട്. ഈ വിഷയം തണുക്കും വരെ അങ്ങോട്ട് മാറാമെന്നാണ് വിചാരിക്കുന്നതെന്ന് സിനയുടെ അച്ഛനും പറഞ്ഞു. ആ സമയത്ത് ഇക്കാലമത്രയും എങ്ങനെയാണോ കഴിഞ്ഞത് അത് പോലെ തന്നെ നമ്മള്‍ മുന്നോട്ട് പോവും, ഇവിടെ ആരും നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വരില്ല എന്നാണ് മറുപടി പറഞ്ഞത്. അരമണിക്കൂറോളം നേരം എല്ലാവരുമായി സംസാരിച്ച് ഇരുന്നു. ചേച്ചി പറഞ്ഞത് അവളുടെ മാത്രം അഭിപ്രായമാണ്. ഇത്രയും കാലം പ്രശ്‌നങ്ങളില്ലാതെയാണ് എല്ലാവര്‍ക്കുമൊപ്പം ജീവിച്ചത്. ഇതോടെയാണ് പ്രശ്‌നങ്ങള്‍ വന്നതെന്ന് സിനയുടെ അനിയനും പറഞ്ഞു. എവിടെയും പോവണ്ടെന്നും ഒത്തൊരുമിച്ച് തന്നെ പോവുമെന്നും പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങുകയും ചെയ്തു. ഇന്ന് മാധ്യമങ്ങളില്‍ നിന്നാണ് മകളെ പറഞ്ഞ് മനസിലാക്കിക്കാന്‍ ആവശ്യപ്പെട്ടു എന്ന വാക്കുകള്‍ കേള്‍ക്കുന്നത്. അത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ല. പറഞ്ഞതാണെങ്കില്‍ അത് സമ്മതിക്കുമായിരുന്നുവെന്നും നിമിഷ അഴിമുഖത്തോട് കൂട്ടിച്ചേര്‍ത്തു.
നിമിഷ ഇന്നലെ ആ വീട്ടില്‍ പോയിരുന്നു. എന്നെയും വിളിച്ചിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ കൊണ്ട് പോവാതിരുന്നതാണെന്നും പറഞ്ഞുകൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റായ എം പി ശ്രീഷ സംസാരം തുടങ്ങിയത്. 2008 മുതല്‍ ഈ പ്രദേശത്ത് ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച് വരികയാണ്. അന്നൊന്നും ഇല്ലാതിരുന്ന ഒരു ആരോപണമാണ് പാര്‍ട്ടിക്കെതിരേ വന്നത്. മതമോ രാഷ്ട്രീയമോ നോക്കാതെ, സമാധാനത്തില്‍ ജീവിക്കുന്ന ആ പ്രദേശത്തെ കുറിച്ചാണ് ആരോപണം. മാധ്യമങ്ങളിലെല്ലാം വന്നു. നാട് മൊത്തത്തില്‍ നാണം കെട്ടു. എന്നാല്‍ അതിന് തക്കതായ കാര്യമോ കാരണങ്ങളോ അവിടെയില്ല. തങ്ങളുടെ ഏരിയയിലെ സ്ഥലമെന്ന തരത്തില്‍ ഞങ്ങള്‍ അവിടെ പോവുക തന്നെയല്ലേ വേണ്ടത്. അതാണ് നിമിഷ അവിടെ പോയത്.
ഏതെങ്കിലും തരത്തില്‍ സംഘര്‍ഷങ്ങളോ പ്രശ്‌നങ്ങളോ ഉള്ള പ്രദേശമല്ല ഇത്. പരസ്പരം അത്രത്തോളം സഹകരിച്ചാണ് കഴിയുന്നത്. പ്രദേശത്ത് സീനയുടേത് അടക്കം 73 ഓളം കുടുംബങ്ങള്‍ കോണ്‍ഗ്രസുകാരാണ്. അത്തരത്തില്‍ രാഷ്ട്രീയ വ്യത്യാസം നോക്കി ഒരിക്കല്‍ പോലും ഇടപെടേണ്ടി വന്നിട്ടില്ല. നാട്ടുകാരും പാര്‍ട്ടി നോക്കിയല്ല, ജനപ്രതിനിധി എന്ന തരത്തില്‍ തന്നെയാണ് ഇടപെട്ടിരുന്നത്.
ആരോപണം ഉന്നയിച്ച സിന കാലങ്ങളായി പ്രദേശത്ത് അല്ല താമസം. പഠനകാലം മുതല്‍ പുറത്തായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം അധികം ഇവിടെ വരാറില്ല. കഴിഞ്ഞ ദിവസം മരണ വിവരം അറിഞ്ഞാണ് വന്നതെന്നാണ് അറിവ്. സീനയുടെ അയല്‍വാസിയാണ് ഇന്നലെ സ്‌ഫോടനത്തില്‍ മരിച്ചത്. ഇക്കാലമത്രയും സിനിയുടെ വീട്ടുകാരുടെ അടക്കം പ്രശ്‌നങ്ങളില്‍ പഞ്ചായത്ത് ഇടപെട്ടിട്ടുണ്ട്. ഇത് അവരുടെ അച്ഛനും അമ്മയും സഹോദരനും ശരിവയ്ക്കുന്നുണ്ട്.
സിന ഇവിടെ ഇല്ലാതിരുന്ന വ്യക്തിയാണ്. അവര്‍ക്ക് അത്തരം കാര്യങ്ങളെ കുറിച്ച് ധാരണയൊന്നും ഇല്ല. മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളില്‍ പോലും അമ്മ പിന്നില്‍ നിന്ന് സിനയെ പിന്‍തിരിപ്പിക്കാന്‍ നോക്കുന്നത് കാണാം. എന്ത് തരം ഭീഷണിയാണ് നിമിഷ അടക്കമുള്ളവര്‍ സിനിയോട് പറഞ്ഞതെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും പ്രസിഡന്റായ എം പി ശ്രീഷ പറഞ്ഞു.
പച്ചകള്ളമാണ് സിന ഇന്നലെയും ഇന്നും പറഞ്ഞത്. സിനയുടെ കുടുംബം വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കാരാണ് ആ പ്രദേശത്ത് കൂടുതല്‍. സിപിഎം ശക്തി കേന്ദ്രമല്ല. ബിജെപിയ്ക്കും സ്വാധീനമുണ്ട്. അവിടെയാണ് സിപിഎം ബോംബ് സ്‌ഫോടനം നടത്തി എന്ന ആരോപണം വരുന്നത്. അത്തരത്തില്‍ പോലീസ് പോലും പറഞ്ഞിട്ടില്ല. സിനയുടെ വീട് പോലും കോണ്‍ഗ്രസ് നേതാക്കളിലൊരാളുടേതിന് അടുത്താണ്. സിനയുടെ സംസാരത്തില്‍ നിന്ന് തോന്നിയത് അവര്‍ നാട്ടുകാരെ ഒരു പ്രശ്‌നത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതായിട്ടല്ല. പകരം മറ്റ് ഉദ്ദേശ്യമുള്ളതായാണ് തോന്നിയത്. ആദ്യത്തെ ആരോപണത്തോടെ തന്നെ വിഷയം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. അതില്‍ നിന്ന് നേട്ടം കൊയ്യാനാണ് മറ്റ് പാര്‍ട്ടിക്കാര്‍ നോക്കുന്നത്. വര്‍ഷങ്ങളായി സംഘര്‍ഷങ്ങളോ പ്രശ്‌നബാധിതമോ അല്ലാതിരുന്ന നാട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് തന്നെ വിഷമകരമാണെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ വിജു പി പ്രതികരിച്ചത്.
ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ 85കാരനാണ് കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനത്തില്‍ മരിച്ചത്. തേങ്ങയെടുക്കുന്നതിനിടയില്‍ കിട്ടിയ സ്റ്റീല്‍പാത്രം വീടിന്റെ തറയോട് അടിച്ചപ്പോഴുണ്ടായ സ്‌ഫോടനമാണ് വേലായുധന്റെ മരണത്തിലേക്ക് നയിച്ചത്. ആളൊഴിഞ്ഞ വീടുകള്‍ ബോംബ് നിര്‍മാണ കേന്ദ്രങ്ങളാക്കുകയാണ്. ആരെങ്കിലും തുറന്നുപറഞ്ഞാല്‍ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. കൊന്നാലും വേണ്ടില്ല സത്യം വിളിച്ചുപറയും. തേങ്ങയെടുക്കാന്‍ പോയപ്പോഴാണ് വേലായുധേട്ടന്‍ ബോംബ് പൊട്ടി മരിച്ചത്. വയലില്‍ പുല്ലുപറിക്കാന്‍ സ്ത്രീകള്‍ പോകാറുണ്ട്. അവിടെയും ബോംബ് സൂക്ഷിച്ചാല്‍ പൊട്ടിത്തെറിക്കില്ലേ. ഇങ്ങനെ പോയാല്‍ കുഴിബോബ് കണ്ടെത്താന്‍ യന്ത്രം വേണ്ടിവരും. 15 വര്‍ഷംമുന്‍പ് വീട് വാടകയ്ക്കു നല്‍കി. അന്ന് വീട്ടില്‍ ബോംബുണ്ടെന്നു പറഞ്ഞ് വാടകക്കാര്‍ പേടിച്ച് വീട്ടില്‍നിന്നു പോയി. മതില്‍ കെട്ടിയ കല്ലിനുള്ളില്‍വരെ ബോംബ് വെക്കാറുണ്ടായിരുന്നു. എന്തുകൊണ്ട് പോലീസ് ഇത്തരം കാര്യങ്ങള്‍ അറിയുന്നില്ല. ഭരണഘടന വാഗ്ദാനംനല്‍കുന്ന സമാധാനം ലഭിക്കേണ്ടേ എന്നുമായിരുന്നു ഇന്നലെ സിന
പറഞ്ഞത്.
ആ ചിരി കൊലച്ചിരിയല്ലാതെന്ത്?
മാധ്യമ വാര്‍ത്തയ്ക്ക് പിന്നാലെ പഞ്ചായത്ത് അംഗങ്ങള്‍ വീട്ടിലെത്തി മകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണമെന്ന് ആവശ്യപ്പെട്ടു. സംസാരിച്ച് ശേഷം അവര്‍ പോവുമ്പോള്‍ അമ്മ അവരോട് അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളെ കൊന്ന് കളയുമോ എന്ന് അവരോട് ചോദിക്കുകയായിരുന്നു. അതിന് അവര്‍ ചിരിച്ചു. ആ ചിരി എന്ത് ചിരിയായിരിക്കുമെന്ന് പറയേണ്ടല്ലോ എന്നാണ് അഴിമുഖത്തോട് സിന പ്രതികരിച്ചത്.
English summary: Kannur woman’s revelation on bomb making puts Kerala CPI(M) in tight spot