കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബജ്‌റംഗ്ദൾ പ്രവർത്തകർ പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട സംഭവം ഏറെ ചർച്ചയാവുകയാണ്. പുനെയിൽ താമസിക്കുന്ന വിമുക്ത ഭടൻ ഹക്കിമുദ്ദീൻ ഷെയ്ഖിന്റെയും ബന്ധുക്കളുടെയും വീട്ടിൽക്കയറിയാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രശ്നമുണ്ടാക്കിയത്. ഹക്കിമുദ്ദീൻ ഷെയ്ഖിന്റെ വീട് ആക്രമിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇതേ ജനക്കൂട്ടം മറ്റൊരു മുസ്ലീം കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായി ദി സ്ക്രോൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന സമയത്ത് സഹോദരന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന ചന്ദൻ നഗറിലെ തന്റെ വാടക വീടിന്റെ താഴത്തെ നിലയിൽ നിന്നും വാതിലിൽ ഉച്ചത്തിൽ മുട്ടുന്നത് കേട്ടത്. പൂനെയിൽ ഒരു ഹെയർ സലൂൺ നടത്തുന്നയാളാണ് സൽമാൻ.
സഹോദരൻ വാതിൽ തുറന്നപ്പോൾ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ഒരു കൂട്ടം പേർ വീടിനുള്ളിലേക്ക് കയറിവരികയും ആധാറും പാൻ കാർഡും കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി സ്ക്രോളിന്റെ റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെയൊപ്പം പൊലീസ് ഉണ്ടെന്നും വന്നവർ അറിയിച്ചിരുന്നതായും സൽമാൻ പറഞ്ഞു. വീടിന്റെ സമീപത്ത് മറ്റ് മുസ്ലീം കുടുംബങ്ങൾ താമസിക്കുന്നുണ്ടോയെന്നും അവർ അന്വേഷിച്ചിരുന്നു. ഷെയ്ഖ് കുടുംബത്തെക്കുറിച്ച് അക്രമകാരികൾ പരാമർശിച്ചിരുന്നുവെന്നും തങ്ങളുടെ മുകളിലത്തെ നിലയിൽ താമസിക്കുന്ന വീട്ടുടമസ്ഥനെ വിളിച്ച് തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടുവെന്നും സൽമാൻ വ്യക്തമാക്കി.
രണ്ട് സംഭവങ്ങളിലും ബജ്‌റംഗ്ദൾ പ്രവർത്തകർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ ജനരോഷം വർദ്ധിച്ചതോടെ ഏഴ് ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരിൽ മുസ്ലീങ്ങളെ ഉപദ്രവിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഷംഷാദ് ഷെയ്ഖ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ തുടർന്ന് ഷെയ്ഖും കുടുംബവും രാത്രിയിൽ പോലീസ് സ്റ്റേഷനിൽ പോയി രേഖകൾ കാണിക്കാനും നിർബന്ധിതരായി.
തങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്നും പലരും സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും എന്നിട്ടും പൗരത്വത്തിന്റെ പേരിൽ വേട്ടയാടപ്പെടുകയാണെന്നും ഷെയ്ഖ് പറഞ്ഞു.
അതേസമയം, ഷെയ്ഖ് കുടുംബത്തെ ബംഗ്ലാദേശികളായി മുദ്രകുത്തുമെന്ന ആരോപണം തെറ്റാണെന്നും അടുത്ത ദിവസം അവരുടെ രേഖകളുമായി വരാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ചന്ദൻ നഗർ പോലീസ് ഇൻസ്പെക്ടർ സീമ ധക്നെ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രേഖകൾ ഹാജരാക്കിയതിന് ശേഷം പൊലീസ് കുടുംബങ്ങളെ ശല്യപ്പെടുത്തിയിട്ടില്ലെന്നും ധക്നെ പറഞ്ഞു.
അസമിൽ നിന്നുള്ള ചിലർ പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് ബജ്‌റംഗ്ദൾ അംഗങ്ങൾ പോലീസിനോട് പറഞ്ഞിരുന്നതായും തുടർന്ന് പൊലീസ് അവരുമായി നേരിട്ട് വീടുകളിൽ പോയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അവർ ബംഗ്ലാദേശികളായിരിക്കാമെന്ന് ഞങ്ങൾ സംശയിച്ചു. കുടിയേറ്റക്കാരെക്കുറിച്ചുള്ള സൂചന ലഭിക്കുമ്പോൾ ഞങ്ങൾ സ്ഥലത്തേക്ക് പോവുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ ഞങ്ങളുടെ ഉദ്യോഗസ്ഥർ ചിലപ്പോൾ സാധാരണ വസ്ത്രം ധരിക്കും. അതാണ് ഇവിടെയും സംഭവിച്ചത്, ധക്നെ കൂട്ടിച്ചേർത്തു.
തുടക്കത്തിൽ ജനക്കൂട്ടത്തിനെതിരെ ഫയൽ ചെയ്ത എഫ്‌ഐആറിൽ ഭാരതീയ ന്യായ സംഹിത പ്രകാരം നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ തുടങ്ങിയ ചെറിയ കുറ്റങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പ്രത്യേകിച്ചും കാർഗിൽ യുദ്ധത്തിന്റെ 26-ാം വാർഷികമായ ജൂലൈ 26 നാണ് സംഭവം നടന്നതിനാൽ പൊലീസ് കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തുകയായിരുന്നു.
Content Summary: Kargil veteran being asked for citizenship documents; Bajrang Dal activists targeted other Muslim families
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.