കര്‍ണാടകയില്‍ ഡികെ യുഗം; അധികാരം വെട്ടിമുറിച്ച് ഹൈക്കമാന്‍ഡ്, മൂന്ന് ഉപമുഖ്യമന്ത്രിമാരും പുതിയ പാര്‍ട്ടി അധ്യക്ഷനും വരും

അധികാരം പൂര്‍ണമായി ഡികെയുടെ കൈകളിലെത്തുന്നത് തടയാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്‌

karnataka-siddaramaiah dk shivakumar

കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കാന്‍ തീരുമാനിച്ചു. നേതൃമാറ്റം വേണമെന്ന ദീര്‍ഘനാളത്തെ ആവശ്യത്തോട് പുറംതിരിഞ്ഞു നിന്നിരുന്ന സിദ്ധരാമയ്യ, കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ചര്‍ച്ചകളുടെ ഭാഗമായാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ വഴിക്ക് വന്നിരിക്കുന്നത്. പദവി ഒഴിഞ്ഞുതരണമെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭയിലെ പ്രഭാതഭക്ഷണ യോഗത്തിലാണ് താന്‍ രാജിവെക്കുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം സിദ്ധരാമയ്യ നടത്തിയത്. ഇതോടെ പുതിയ മുഖ്യമന്ത്രിയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ. ശിവകുമാര്‍ ചുമതലയേല്‍ക്കുമെന്നുറപ്പായി. ശിവകുമാറിനൊപ്പം രണ്ട് മുതല്‍ മൂന്ന് വരെ ഉപമുഖ്യമന്ത്രിമാരും കര്‍ണാടകയില്‍ ഉണ്ടാകുമെന്നാണ് സൂചന.

ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നതോടെ, 2020 മുതല്‍ അദ്ദേഹം വഹിച്ചുവരുന്ന കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയും. വടക്കന്‍ കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്നുള്ള പ്രമുഖ എസ്ടി (പട്ടികവര്‍ഗ്ഗ) നേതാവായ സതീഷ് ജാര്‍ക്കിഹോളി പുതിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡി.കെ. ശിവകുമാറിന് പാര്‍ട്ടിയിലും ഭരണത്തിലും അമിത സ്വാധീനം ഉണ്ടാകാതിരിക്കാന്‍ തുല്യശക്തിയുള്ള ഒരു പ്രതിരോധമായി ജാര്‍ക്കിഹോളിയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡ് നീക്കം.

നേതൃമാറ്റത്തിന് തയ്യാറാകാന്‍ ചൊവ്വാഴ്ച തന്നെ ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് സിദ്ധരാമയ്യയെ കടുത്ത ഞെട്ടലിലാഴ്ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സ്വാഭാവികമായ പിന്‍ഗാമി താനാണെന്ന് ഉറപ്പായിരുന്നിട്ടും, ഹൈക്കമാന്‍ഡില്‍ നിന്നുള്ള ഔദ്യോഗിക സന്ദേശത്തിനായി ഡി.കെ. ശിവകുമാറിനും കാത്തിരിക്കേണ്ടി വന്നു. ശിവകുമാറിന് മന്ത്രിസഭാ രൂപീകരണത്തില്‍ പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്‍കാതിരിക്കാന്‍ കേന്ദ്ര നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ശിവകുമാറിന് പരമാധികാരം നല്‍കിയാല്‍ അത് സിദ്ധരാമയ്യ വിഭാഗത്തെ പ്രകോപിപ്പിക്കുമെന്ന ഭയമാണ് ഹൈക്കമാന്‍ഡിനുള്ളത്. അതുകൊണ്ടുതന്നെ, ജാതി-മേഖലാ സമവാക്യങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്ത ശേഷമേ ശിവകുമാറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കൂ.

ഒറ്റ മുഖ്യമന്ത്രിക്ക് കീഴില്‍ ലിംഗായത്ത്, ദളിത് വിഭാഗങ്ങളില്‍ നിന്നായി രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകാനാണ് നിലവില്‍ സാധ്യത. വൊക്കലിഗ സമുദായക്കാരനാണ് ഡി.കെ. ശിവകുമാര്‍. എന്നാല്‍, തന്റെ മകന്‍ യതീന്ദ്രയെ കൂടി ഉപമുഖ്യമന്ത്രിയാക്കണമെന്ന് സിദ്ധരാമയ്യ കടുംപിടുത്തം പിടിച്ചാല്‍ ഉപമുഖ്യമന്ത്രിമാരുടെ എണ്ണം മൂന്നായേക്കും. യതീന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കുന്നത് ശിവകുമാര്‍ സര്‍ക്കാരിന്റെ സുസ്ഥിരത ഉറപ്പാക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഹൈക്കമാന്‍ഡും ഇതിന് പൂര്‍ണ്ണമായി എതിരല്ല.

ലിംഗായത്ത് സമുദായത്തിലെ പ്രമുഖ മുഖവും നിലവിലെ വന്‍കിട-മധ്യകിട വ്യവസായ മന്ത്രിയുമായ എം.ബി. പാട്ടീലാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാനി. സിദ്ധരാമയ്യയുടെ വിശ്വസ്തനായ അദ്ദേഹം ശിവകുമാര്‍ മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ചാല്‍, അദ്ദേഹത്തെ കെ.പി.സി.സി അധ്യക്ഷനാക്കാനും സാധ്യതയുണ്ട്. ദളിത് സമുദായത്തില്‍ നിന്നുള്ള മുന്‍ കെ.പി.സി.സി അധ്യക്ഷനും നിലവിലെ ആഭ്യന്തര മന്ത്രിയുമായ ജി. പരമേശ്വരയാണ് രണ്ടാമത്തെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

കര്‍ണാടകയിലെ പുതിയ മന്ത്രിസഭയില്‍ ‘അഹിന്ദ’ (ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, ദളിതര്‍ എന്നിവരുടെ കൂട്ടായ്മ) വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നിര്‍ബന്ധമുണ്ട്. കുറുബ സമുദായക്കാരനായ സിദ്ധരാമയ്യയായിരുന്നു കോണ്‍ഗ്രസിനുള്ളിലെ ഏക പിന്നാക്ക വിഭാഗ മുഖ്യമന്ത്രി. വര്‍ഷങ്ങളായി അദ്ദേഹം കെട്ടിപ്പടുത്ത ‘അഹിന്ദ’ വോട്ട് ബാങ്ക് ചോര്‍ന്നുപോകാതിരിക്കാന്‍ ഹൈക്കമാന്‍ഡ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ശിവകുമാറിനൊപ്പം മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യം. യുവത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു പുതിയ മുഖമുള്ള മന്ത്രിസഭയ്ക്കാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രൂപം നല്‍കുന്നത്.

Content Summary: Karnataka CM Siddaramaiah announces resignation following High Command’s directive. DK Shivakumar is set to take over as new Chief Minister with a revamped Cabinet

This post was last modified on May 28, 2026 2:03 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment