ഏഴ് ലക്ഷം പിഴ, 10 വര്‍ഷം തടവ്; വ്യാജ വാര്‍ത്തകള്‍ തടയാനുള്ള ബില്ലില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനം

പൗരാവകാശത്തിന് മേലുള്ള കടന്നു കയറ്റമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആക്ഷേപം

വ്യാജ വാർത്തകൾ തടയുന്നതിനുള്ള കർണാട സർക്കാരിൻ്റെ പുതിയ ബിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിമർശനങ്ങളുയരുന്നതായി റിപ്പോർട്ട്. ബിൽ സംസ്ഥാനത്തിന്റെ അതിരുകടന്ന ഇടപെടലിനെ കുറിച്ചും ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

വ്യാജ വാര്‍ത്തകള്‍ക്കും തെറ്റായ വിവരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാനായാണ് കര്‍ണാടക മിസ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫേക്ക് ന്യൂസ് ബില്‍ 2025 കൊണ്ടുവരാൻ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. ബിൽ ഉടൻ കൊണ്ടുവരുമെന്നും സർക്കാർ വൃത്തങ്ങൾ ജൂണിൽ അറിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുക, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് നിരോധിക്കുക, സനാതന ധര്‍മത്തെയും അതിന്റെ ചിഹ്നങ്ങളേയും വിശ്വാസങ്ങളേയും ആക്ഷേപിക്കുന്നതോ അനാദരവ് കാണിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് നിരോധിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. ഇതിനായി ആറ് അംഗ സോഷ്യല്‍ മീഡിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചിരുന്നു. ഈ ബില്‍ പ്രകാരം സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ വ്യാജ വാര്‍ത്തകള്‍ പങ്കിട്ടതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാനും ബിൽ നിർദ്ദേശിക്കുന്നു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ശാസ്ത്രം, ചരിത്രം, മതം, തത്വചിന്ത, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചാണെങ്കില്‍ ആധികാരിക ഗവേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് സോഷ്യല്‍ മീഡിയ റെഗുലേറ്ററി അതോറിറ്റി ഉറപ്പാക്കും.

സർക്കാർ നിയമിച്ച കമ്മിറ്റിക്ക് സോഷ്യൽ മീഡിയയിലെ വ്യാജ വാർത്ത എന്താണെന്ന് തീരുമാനിക്കാനും ബിൽ അനുവദിക്കുന്നു. കലാപരമായ ആവിഷ്കാരങ്ങൾ, ആക്ഷേപഹാസ്യങ്ങൾ, മതപരമായ പ്രസംഗങ്ങൾ എന്നിവ വ്യാജ വാർത്തകളുടെ നിർവചനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും നിയമം പറയുന്നു. എന്നാൽ കലാപരമായ ആവിഷ്കാരമായി കണക്കാക്കുന്നത് എന്താണെന്നുള്ള നിർവചനം ബില്ലിൽ നൽകിയിട്ടില്ല.

വ്യാജ വാർത്തകൾ, തെറ്റായ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള ബില്ലിന്റെ അവ്യക്തമായ നിർവചനങ്ങൾ എളുപ്പത്തിൽ ദുരുപയോഗം ചെയ്യപ്പെടാമെന്നാണ് വിമർശകർ വാദിക്കുന്നത്. കുറ്റകൃത്യങ്ങൾക്ക് മുൻകൂർ ജാമ്യം നൽകാനുള്ള ഓപ്ഷനും ബിൽ നീക്കം ചെയ്യുന്നു. മുൻകാല കോടതി വിധികൾക്ക് വിരുദ്ധമാണ് പുതിയ ബിൽ എന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ജുഡീഷ്യൽ മേൽനോട്ടമില്ലാതെ ഉള്ളടക്കത്തെ വ്യാജ വാർത്തയായി മുദ്രകുത്തിയ സമാനമായ കേന്ദ്ര സർക്കാർ നിയമത്തെ 2024 സെപ്റ്റംബറിൽ ബോംബെ ഹൈക്കോടതി റദ്ദാക്കിയതായി നിയമ വിദ​ഗ്ധർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കർണാടകയുടെ നിർദ്ദിഷ്ട നിയമം സംസ്ഥാനത്തിന് അമിതമായ കൈകടത്തലിനും ഓൺലൈനിൽ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും വിമർശകർ ആരോപണങ്ങൾ ഉയർത്തുകയാണ്.

Content Summary: Karnataka government criticized for bill to curb fake news

This post was last modified on July 2, 2025 9:03 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment