ഉന്നത വിഭ്യാഭ്യാസ രംഗത്തെ ജാതിവിവേചനത്തിന് തടവും പിഴയും

കര്‍ണാടകയില്‍ രോഹിത് വെമുലയുടെ പേരില്‍ ബില്‍ വരുന്നു

ഉന്നത വിദ്യാഭ്യാസ രംഗത്ത് ജാതിവിവേചനം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവേചന നടപടികളില്‍ കുറ്റക്കാരാണ് എന്ന് തെളിയുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും നിര്‍ദ്ദേശിക്കുന്ന പുതിയ ബില്ല് കര്‍ണാടക സര്‍ക്കാര്‍ പരിഗണിക്കുന്നു. രോഹിത് വെമുല (പ്രിവന്‍ഷന്‍ ഓഫ് എക്സ്‌ക്ലൂഷന്‍ ഓര്‍ ഇന്‍ജസ്റ്റിസ്, റൈറ്റ് റ്റു എഡ്യുക്കേഷന്‍ ആന്റ് ഡിഗ്നിറ്റി) ബില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ നിയമനിര്‍മ്മാണം പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍കൈ എടുത്ത് നടക്കുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

2016 ജനവരിയിലാണ് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ജാതിവിവേചനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നത്. ഭരണകൂടകൊലപാതകമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം രാജ്യം മുഴുവന്‍ കത്തിപ്പടര്‍ന്നിരുന്നു. ”രോഹിത് വെമുല ദളിത് വിഭാഗക്കാരനായത് കൊണ്ടുമാത്രമാണ് അദ്ദേഹം ഇരയാക്കപ്പെട്ടത് എന്നത് വ്യക്തമാണെങ്കിലും ഈ സംഭവം മൂടിവയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്’-കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ കരട് ബില്ലിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് വ്യക്തമാക്കി. അമേരിക്കയിലും ഇത്തരം നിയമമുണ്ടെന്നും വംശീയ വിവേചനം പോലെ ഗൗരവപ്പെട്ടതാണ് ജാതി വിവേചനമെന്നും അദ്ദേഹം പറഞ്ഞു.

വിവേചനവും അനീതിയും തടയുന്നതിനും പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക, ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ അന്തസും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനുമാണ് ഈ ബില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. ഉന്നതവിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള മുഴുവന്‍ സര്‍വ്വകലാശാലകളിലും തുല്യവും നീതിയുക്തവുമായ വിദ്യാഭ്യാസം സാര്‍വ്വത്രികമായി ലഭ്യമാക്കാനും നീതി ഉറപ്പാക്കും ഈ ബില്ലിന് സാധിക്കുമെന്നും അവര്‍ വൃക്തമാക്കി. കര്‍ണാടകയില്‍ 41 പൊതുസര്‍വ്വകലാശാലകളും 28 സ്വകാര്യ സര്‍വ്വകലാശാലകളുമുണ്ട്. ഇവിടങ്ങളിലായി 24.36 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് ആള്‍ ഇന്ത്യ ഉന്നതവിദ്യാഭ്യാസ സര്‍വ്വേ വ്യക്തമാക്കുന്നത്. ഇതില്‍ 3.35 ലക്ഷം ദളിത് വിദ്യാര്‍ത്ഥികളും 1.25 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികളുമാണ്.

ഏപ്രില്‍ പതിനാറിനാണ് രാഹുല്‍ഗാന്ധി കര്‍ണാടക സര്‍ക്കാര്‍ രോഹുത് വെമുലയുടെ പേരില്‍ നിയമമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചത്. ‘ഡോ.ബി.ആര്‍.അംബേദ്കറും രോഹിത് വെമുലയും മറ്റുള്ള ലക്ഷക്കണക്കിനാളുകളും അനുഭവിച്ച കഠിനതകള്‍ ഇന്ത്യയിലെ ഒരു വിദ്യാര്‍ത്ഥിയും നേരിടേണ്ടി വന്നുകൂടാ എന്നുറപ്പാക്കണം’-രാഹുല്‍ ഗാന്ധി എഴുതി. എത്രയും പെട്ടെന്ന് നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മറുപടിയെഴുതിയതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. cast discrimination in higher education; karnataka government introduce a bill in the name of rohith vemula 

Content Summary: cast discrimination in higher education; karnataka government introduce a bill in the name of rohith vemula

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment