January 14, 2025 |

കാവട് യാത്ര: വീണ്ടും മുസഫര്‍ നഗര്‍, വീണ്ടും മുസ്ലീം വിദ്വേഷം; മറയായി പിന്നാക്ക ഹിന്ദു വികാരം

ഉള്ളിക്കറി വിളമ്പിയതിന്റെ പേരില്‍ പോലും ഹിന്ദുത്വ വൈതാളികര്‍ അഴിഞ്ഞാടി കടകള്‍ തകര്‍ക്കുന്നതിന് പിന്നിലെ രാഷ്ട്രീയമെന്ത്?

ഗംഗയില്‍ നിന്ന് പുണ്യ ജലം ശേഖരിക്കാനായി കാവട് യാത്രക്കാര്‍ കടന്ന് പോകുന്ന മുസഫര്‍ നഗര്‍ പ്രദേശത്തെ കടകള്‍ക്ക് പുറത്ത് ഉടമസ്ഥരുടെ പേര് തൂക്കണം, ഹലാല്‍ ഭക്ഷണം വില്‍ക്കുന്നതിടത്ത് നിന്ന് കാവടിയാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കേണ്ട സാഹചര്യം ഉണ്ടാകരുത് എന്നെല്ലാം പറഞ്ഞ് ഉത്തര്‍പ്രദേശില്‍ വര്‍ഗീയത ഇളക്കി വിടുന്ന സാഹചര്യം എങ്ങനെ ഉണ്ടായി? ഉള്ളിക്കറി വിളമ്പിയതിന്റെ പേരില്‍ പോലും ഹിന്ദുത്വ വൈതാളികര്‍ അഴിഞ്ഞാടി കടകള്‍ തകര്‍ക്കുന്നതിന് പിന്നിലെ രാഷ്ട്രീയമെന്ത്?

അതറിയാന്‍ നാം രണ്ട് ചുവട് പിന്നോട്ട് നടക്കണം.

പശ്ചിമ യു.പിയിലെ മുസഫര്‍ നഗറില്‍ നിന്നാണ് സമീപകാലത്ത് ബിജെപിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. വര്‍ഷം 2013. യു.പിയുടെ മുഖ്യമന്ത്രി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കേന്ദ്രത്തില്‍ രണ്ടാം യു.പി.എ/മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും മാധ്യമങ്ങളിലൂടെ ഗുജറാത്ത് വികസന മാതൃകയുടെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് നരേന്ദ്ര മോദിയുടെ സ്തുതിഗീതങ്ങളും അന്തരീക്ഷത്തില്‍ മുഴങ്ങുന്ന കാലം. പക്ഷേ യു.പിയില്‍ അഖിലേഷ് യാദവിന്റെ കീഴില്‍ പിന്നാക്ക ഹിന്ദു, മുസ്ലീം ഐക്യം ശക്തമായിരുന്നു. അതിനും ഒരു പതിറ്റാണ്ട് മുമ്പ് 1993-ല്‍ 221 സീറ്റുകളോടെ അവിഭക്ത യു.പിയില്‍ ബി.ജെ.പി ഒറ്റയ്ക്ക് ഭരണത്തില്‍ വന്നതിന് ശേഷം ഏതാണ്ട് പൂര്‍ണമായും എസ്.പി-ബി.എസ്.പി കക്ഷികളാണ് സംസ്ഥാനത്തെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ യു.പിയുടെ അധികാരം കൈക്കലാക്കാതെ ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പതാകയുയര്‍ത്താന്‍ ബി.ജെ.പിക്ക് കഴിയില്ല എന്ന് സര്‍വര്‍ക്കും അറിയാമായിരുന്നു. പിന്നാക്ക ഹിന്ദുക്കളും മുസ്ലീങ്ങളും ദളിതരും ഏതാണ്ട് ഒരേ പോലെ ബി.ജെ.പി വിരുദ്ധ നിലപാട് കൈക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്ത് എങ്ങനെയാണ് ഹിന്ദുത്വ എന്ന തീവ്രവാദ ആശയത്തിലൂന്നി ബി.ജെ.പിക്ക് അധികാരത്തില്‍ വരാനാവുക?

അതിനുളള ഉത്തരമായിരുന്നു മുസഫര്‍ നഗര്‍. ചൗധരി ചരണ്‍ സിങ്ങിന്റെ കാലം മുതല്‍ മുസഫര്‍ നഗര്‍ അടങ്ങുന്ന പശ്ചിമ യു.പിയില്‍ മിക്കവാറും സമയത്ത് മുസ്ലീങ്ങളും ജാട്ടുകളും ഒരേ ചേരിയില്‍ ആയിരുന്നു. കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും മാറി മാറി ഭരിക്കുമ്പോഴെല്ലാം അത് തുടര്‍ന്നു. എന്നാല്‍ 2013-ല്‍ പൊടുന്നനെ കലാപമാരംഭിച്ചു. പിന്നെ തുടര്‍ച്ചയായി ആക്രമണങ്ങള്‍, ഭീതി പരത്തുന്ന കഥകള്‍, പരസ്പര വിദ്വേഷം. ഒന്നിന് പിറകെ ഒന്നായി ആക്രമണങ്ങള്‍ നടന്നു. കലാപങ്ങള്‍ എന്ന് പറയുമ്പോഴും പ്രധാനമായും മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ഏകപക്ഷീയമായ ആക്രമണമായിരുന്നു. ജാട്ടുകളില്‍ നിന്ന് അത് ഹിന്ദു-മുസ്ലീം കലാപമായി മാറി. പശ്ചിമ യു.പിയില്‍ നിന്ന് അത് കിഴക്കോട്ട് പടര്‍ന്ന് പിടിച്ചു. പിന്നാക്ക ഹിന്ദു-മുസ്ലീം-ദളിത് കൂട്ടായ്മകളൊക്കെ തകര്‍ന്നു. ദളിതരും പിന്നാക്ക വിഭാഗങ്ങളുമെല്ലാം ഹിന്ദു എന്ന കുടക്കീഴിലെത്തി. മറുവശത്ത് മുസ്ലീങ്ങള്‍ മാത്രമായി. (അക്കാലത്ത് യു.പിയിലും ബിഹാറിലും നൂറുകണക്കിന് കലാപങ്ങള്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സൃഷ്ടിച്ചെടുത്തതാണ് എന്ന് പിന്നീട് ഇന്ത്യന്‍ എക്സ്പ്രസ് അന്വേഷണം കണ്ടെത്തിരുന്നു)

ഒരു വര്‍ഷത്തിന് ശേഷം, 2014-ല്‍, രാജ്യത്ത് ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നു. അതിന് മുമ്പ് ഉത്തര്‍പ്രദേശില്‍ ലോക്‌സഭ സീറ്റുകളില്‍ എണ്‍പതില്‍ പത്ത് സീറ്റും നിയമസഭയില്‍ 403-ല്‍ 47 സീറ്റുകളുമാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. കഷ്ടി പതിനഞ്ച് ശതമാനം വോട്ട്. മുസഫര്‍ നഗറില്‍ നിന്നാരംഭിച്ച കലാപങ്ങളുടെ തീയില്‍, മരണവും വെറുപ്പും പകയും മൃതദേഹങ്ങളുടെ കരിഞ്ഞ മണവും നിറഞ്ഞ് നിന്ന 2014 ലോകസഭ തിരഞ്ഞെടുപ്പില്‍ 80-ല്‍ 71 സീറ്റ് ബി.ജെ.പിയും രണ്ട് സീറ്റ് സഖ്യകക്ഷിയും നേടി. അഥവാ 80-ല്‍ 73 സീറ്റുകളും അവര്‍ക്ക്. 15 ശതമാനം വോട്ടില്‍ നിന്ന് 46 ശതമാനത്തിലേയ്ക്ക് കുതിച്ച് കയറി ബി.ജെ.പി വോട്ട്. പിന്നീട് രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും ഒരു ലോകസഭ തിരഞ്ഞെടുപ്പിലും ഏതാണ്ട് ഇതുതന്നെ ആവര്‍ത്തിച്ചു. യു.പി ബി.ജെ.പിയുടേതായി. ചെറുതാണെങ്കിലും ഒരു മാറ്റമുണ്ടായിട്ടുള്ളത് ഇത്തവണയാണ്.

Post Thumbnail
അമേഠി, റായ്ബറേലി സസ്‌പെന്‍സ് ഇന്നെങ്കിലും പൊളിക്കുമോ?വായിക്കുക

സംവിധായകനും സംഗീതജ്ഞനുമായ വിശാല്‍ ഭരദ്വാജിന്റേയും നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെയും ജന്മനാടാണ് മുസഫര്‍ നഗര്‍. കവി ആലം മുസഫര്‍നഗരിയുടേയും കഥാകാരനായ വിഷ്ണുപ്രഭാകറിന്റേയും നാട്. പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രി ലിഖായത്ത് അലി ഖാന്റേയും കര്‍ഷക നേതാവ് മഹേന്ദ്രസിങ്ങ് ടികായത്തിന്റേയും നാട്. കൃഷി ഭൂമികളും തോട്ടങ്ങളുമാണ് നാടിന്റെ കരുത്ത്. കര്‍ഷകരായ ജാട്ടുകള്‍, കാലി വളര്‍ത്തലുകാരായ ഗുജ്ജറുകള്‍, തോട്ടങ്ങളും പലവിധ തൊഴിലുകളുമായി കഴിയുന്ന മുസ്ലീങ്ങള്‍ എന്നിങ്ങനെയാണ് നാടിന്റെ ഭൂരിപക്ഷം ജനസംഖ്യയും. പക്ഷേ വിവിധ ഇനം മാങ്ങകളുടേയും ലീച്ചി പഴങ്ങളുടേയും പേരയ്ക്ക തോട്ടങ്ങളുടേയും പേരിലോ കലയുടെയും സംസ്‌കാരത്തിന്റേയും പേരിലോ അല്ല, ചോരക്കറ പിടിച്ച വിദ്വേഷത്തിന്റെ പേരിലാണ് പിന്നീട് മുസഫര്‍ നഗര്‍ അറിയപ്പെട്ടത്. രക്തരൂക്ഷിതമായ കലാപങ്ങള്‍ക്ക് ശേഷം ഈ കലാപങ്ങളുടെ ആസൂത്രകന്‍ എന്ന് കണക്കാക്കപ്പെടുന്ന സഞ്ജീവ് ബലിയാന്‍ ആയിരുന്നു മുസഫര്‍ നഗറിലെ എം.പി. ഒന്നല്ല, രണ്ട് വട്ടം. പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ മുസഫര്‍ നഗറില്‍ സഞ്ജീവ് ബലിയാന്‍ തോറ്റു. തൊട്ടടുത്തുള്ള കൈറാനയിലും സഹ്റന്‍പൂറിലും ബി.ജെ.പി തോറ്റുവെന്ന് മാത്രമല്ല, എസ്.പിയുടേയും കോണ്‍ഗ്രസിന്റേയും മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ യു.പിയിലെ മുസഫര്‍ നഗറില്‍ നിന്ന് അതിവേഗതയില്‍ സമീപ ജില്ലകളിലും സമീപ പ്രദേശങ്ങളിലും പടര്‍ന്ന് യു.പിയുടെ സര്‍വ്വ ഞരമ്പുകളിലൂടെയും വ്യാപിച്ച വര്‍ഗീയ വിദ്വേഷത്തിന്റെ വിഷബാധ പത്ത് വര്‍ഷത്തിന് ശേഷം പതുക്കെ പതുക്കെ അപ്രത്യക്ഷമാവുകയാണ് എന്നര്‍ത്ഥം.

Muzaffarnagar riot, uttar pradesh

പിന്നാക്ക ഹിന്ദുക്കളേയും മുസ്ലീങ്ങളേയും മുസ്ലീം വിരുദ്ധതയുടേയും തീവ്രദേശീയതയുടേയും പിന്തുണക്കാരായി നിലനിര്‍ത്തി എല്ലാക്കാലത്തും ഹിന്ദുത്വയുടെ ഭരണം സ്ഥാപിക്കാം എന്നുള്ള പ്രതീക്ഷകള്‍ തകരാന്‍ ആരംഭിച്ചതോടെ ബി.ജെ.പി പ്രതിസന്ധികളെ തിരിഞ്ഞ് നോക്കുകയാണ്. പിന്നാക്കക്കാരുടെ നീരസത്തിന് കാരണമായി ഒരു വിഭാഗം യു.പിയില്‍ കാണുന്നത് യോഗി ആദിത്യനാഥിനെയാണ്. ഠാക്കൂര്‍ നേതാവ് എന്നുള്ള യോഗിയുടെ പരിവേഷവും സംസ്ഥാനത്ത് ഠാക്കൂറുകള്‍ നടത്തുന്ന ആക്രമണങ്ങളും പാവപ്പെട്ടവര്‍ക്ക് നേരെയുള്ള ബലപ്രയോഗങ്ങളുമാണ് പരാജയത്തിലേയ്ക്ക് എത്തിച്ചത് എന്ന് ബി.ജെ.പിയുടെ പിന്നാക്ക ഹിന്ദു നേതാക്കളില്‍ പ്രമുഖനും ഉപമുഖ്യമന്ത്രിയുമായ കേശവ്പ്രസാദ് മൗര്യയും ധാരാളം അനുയായികളും കരുതുന്നു. യോഗിയുടെ വളര്‍ച്ചയെ ഭീതിയോടെ കാണുന്ന അമിത് ഷായുടെ പിന്തുണയും ഇവര്‍ക്കുണ്ട്. രാജസ്ഥാനില്‍ ഈ വികാരം മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മക്ക് എതിരാണ്. മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെതിരെയും. ബ്രാഹ്‌മണരായ ഭജന്‍ലാലും ഫട്നാവിസും ഠാക്കൂറായ ആദിത്യനാഥും ഭരിക്കുന്നിടത്ത് പിന്നാക്ക ഹിന്ദുക്കള്‍ ബി.ജെ.പിക്ക് എതിരെയാകുന്നു എന്നാണ് ബി..ജെ.പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം മോദിയില്‍ പതിക്കാതിരിക്കാന്‍ ജാഗ്രതയുള്ള പ്രബല സംഘം പ്രചരിപ്പിക്കുന്നത്.

യു.പിയില്‍ ഈ ആരോപണങ്ങളെ നേരിടാനും പിന്നാക്ക ഹൈന്ദവ വികാരത്തെ മുസ്ലീങ്ങള്‍ക്കെതിരായി ഒരിക്കല്‍ കൂടി ഉത്തേജിപ്പാക്കാനും യോഗി ആദിത്യനാഥും യു.പി ഭരണകൂട ഹിന്ദുത്വയും ആയുധമാക്കുന്നത് കാവട് യാത്രയെ ആണ്. കഴിഞ്ഞ കുറച്ച് കാലമായി മറ്റെല്ലാം പോലെ ഉത്തേജിത, ആക്രമാസക്ത ഹിന്ദുത്വയുടെ പ്രദര്‍ശനമായി മാറിയ ഈ കാവട് യാത്ര എന്താണ്? എന്താണതിന്റെ പ്രസക്തി?

എല്ലാം ആരംഭിക്കുന്നത് പരശുരാമനില്‍ നിന്നാണെന്ന് വിശ്വാസം. കാവട് എന്ന മണ്‍പാത്രമുപയോഗിച്ച് ഗംഗയില്‍ നിന്ന് വെള്ളമെടുത്ത് ഹരിദ്വാറിലെ ഭോലെനാഥ് ക്ഷേത്രത്തിലെ ശിവവിഗ്രഹത്തില്‍ പരശുരാമന്‍ തളിച്ചതിന്റെ ഓര്‍മയിലാണ് കാവട് എന്ന മണ്‍പാത്രങ്ങള്‍ ഒരു മുളവടിയില്‍ തൂക്കി നഗ്നപാദരായി കിലോമീറ്ററുകള്‍ താണ്ടി ഭക്തര്‍ ഹരിദ്വാറിലും ഗംഗോത്രിയിലും ഗോമുഖിലുമെത്തി ഗംഗാനദിയില്‍ നിന്ന് ജലം ശേഖരിച്ച് ദൈവാര്‍ച്ച നടത്തിയ ശേഷം ബാക്കി ജലം പ്രസാദമായി തിരികെ കൊണ്ടുപോകുന്നത്. തിരികെയുള്ള യാത്രയില്‍ ചുമലിലെ മുളക്കോലിയില്‍ ഇരു വശത്തും തുല്യ ഭാരത്തില്‍ കാവടുകളില്‍ ഗംഗാജലമുണ്ടാകും. അത് ഭൂമിയില്‍ സ്പര്‍ശിക്കരുത്. ഈ യാത്രകളിലുടനീളം തീര്‍ത്ഥാടകര്‍ക്ക് ശുദ്ധം നിര്‍ബന്ധം. മദ്യം, മാംസം, ലൈംഗികത എല്ലാം നിഷദ്ധമാണെങ്കിലും ശൈവാരാധനയുടെ ഭാഗമായ ഭാംഗിനും ചരസിനും വിലക്കില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ ഭക്തജനങ്ങളുടെ ഈ യാത്ര രേഖപ്പെടുത്തിയിട്ടുണ്ട്. മഹാശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചും ശിവഭക്തരുടെ പുണ്യമാസമായ ശ്രാവണത്തിലെ ശിവരാത്രി ദിവസം അവസാനിക്കുന്ന തരത്തിലും ഈ യാത്രകള്‍ ഉണ്ട്. സ്ത്രീകളെ യാത്രയില്‍ നിന്ന് വിലക്കുന്ന നിയമമൊന്നും ഇല്ലെങ്കിലും നൂറ്റമ്പതും ഇരുന്നൂറ്റിയമ്പതും കിലോമീറ്ററുകള്‍ ആഴ്ചകളോളം നടന്നുള്ള യാത്രകളില്‍ നിന്ന് സ്ത്രീകള്‍ സ്വഭാവികമായും ഒഴിവാക്കപ്പെട്ടു.

Post Thumbnail
യോഗി സര്‍ക്കാരിനെ പുകഴ്ത്തു, ലക്ഷങ്ങള്‍ സമ്പാദിക്കു;  വിമര്‍ശിച്ചാല്‍ ജയില്‍വായിക്കുക

കാറിലും ബസിലും സഞ്ചരിച്ച് ഹരിദ്വാറിലെത്തി ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നവരുണ്ടെങ്കിലും സ്ത്രീകളില്ലാതെ, നഗ്‌നപാദരായ പുരുഷന്മാര്‍ കൂട്ടമായി സഞ്ചരിച്ച് ആഘോഷപൂര്‍വ്വം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ആരംഭിക്കുന്നത് വര്‍ദ്ധിച്ചതോടെയാണ് കാവട് യാത്ര ശ്രദ്ധേയമാകുന്നത്. വിശ്വഹിന്ദുപരിഷദിന്റെ നേതൃത്വത്തില്‍ ബാബ്രി പള്ളി പൊളിക്കുന്നതിന് മുന്നോടിയായി ഇന്ത്യയിലുനീളം നടത്തിയ ഹിന്ദുത്വ പ്രചാരണത്തിന്റെ തുടര്‍ച്ചയായാണ് കാവട് യാത്രയിലും ജനത്തിരക്ക് വര്‍ദ്ധിക്കുന്നത്. കാവട് യാത്രികരുടെ എണ്ണം നിരന്തരം വര്‍ദ്ധിക്കുന്നത് ഉത്തരേന്ത്യയിലെ പിന്നാക്ക, ദരിദ്ര വിഭാഗം ജനങ്ങളിലെ വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയുടെ സൂചനയാണെന്നും ദളിത് പിന്നാക്ക വിഭാഗങ്ങളെ അവരുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വയുടെ വഴികളിലേയ്ക്ക് കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നുമെല്ലാം വിവിധ പഠനങ്ങള്‍ ഇതുസംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ചരിത്രപരമായി അവഗണിക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ദാരിദ്രവും വിവേചനവും അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് മുഖ്യധാര ഹിന്ദുത്വമായ ഒരു ചാര്‍ച്ചയും അവര്‍ കൂടി ഇതിന്റെ ഭാഗമാണ് എന്ന തോന്നലും ഈ യാത്രകള്‍ നല്‍കുന്നുവെന്നാണ് പഠനങ്ങള്‍ മിക്കതും ചൂണ്ടിക്കാണിക്കുന്നത്.

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും മുതല്‍ കാവട് യാത്രക്ക് രാഷ്ട്രീയ മാനങ്ങളും കൈവന്നു. യാത്രികരെ സഹായിക്കാനും അവര്‍ക്ക് വെള്ളവും ഭക്ഷണവും വിതരണം ചെയ്യാനും സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ ആരംഭിച്ചു. പ്രധാനപ്പെട്ട ചത്വരങ്ങളില്‍ ഷാമിയാന വിരിച്ച പന്തലുകളൊരുക്കി അവര്‍ക്ക് സ്വീകരണവും വിശ്രമത്തിനുള്ള സൗകര്യങ്ങളും ചെയ്തു. ഹരിദ്വാറില്‍ ഈ തീര്‍ത്ഥാടകര്‍ക്ക് മേല്‍ ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി എല്ലാം ആരംഭിച്ചു. അവര്‍ കടന്ന് പോകുന്ന വഴികളില്‍ ഈ തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വേണം മറ്റ് വാഹനങ്ങളും മനുഷ്യരും യാത്ര ചെയ്യാന്‍ എന്ന് വന്നു. കാവട് യാത്രികര്‍ക്ക് പരമ്പരാഗതമായി കാവി വസ്ത്രം നിര്‍ബന്ധമില്ലെങ്കിലും ഇക്കാലം മുതല്‍ സിംഹഭാഗം യാത്രികരും കാവിയണിയാന്‍ ആരംഭിച്ചു. ഭോലേ ബം, ഹര്‍ ഹര്‍ മഹാദേവ് വിളിക്കൊപ്പം അങ്ങിങ്ങായി ജയ് ശ്രീരാം മുദ്രവാക്യവും മുഴങ്ങാന്‍ തുടങ്ങി.

കുറച്ച് കാലമായി ഹിന്ദു യുവവാഹിനിയും ബജരംഗ്ദളും ആര്‍.എസ് എസും ഈ യാത്രളുടെ പല ഏകോപനങ്ങളും ഏറ്റെടുത്തു. അതോടെ അവര്‍ കടന്ന് പോകുന്ന വഴികളില്‍ അക്രമസംഭവങ്ങളും ആള്‍ക്കൂട്ട ബഹളവും സാധാരണ മനുഷ്യര്‍ക്ക് നേരെയുള്ള ഭീഷണിയും ഉണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ യാത്രകളോട് അനുബന്ധിച്ച ക്രമസമാധാന പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു. അക്രമസംഭവങ്ങളും ഗതാഗത പ്രശ്നങ്ങളും ക്രമാതീതമായി കൂടി. കാര്‍ യാത്രക്കാര്‍ക്ക് നേരെയും ബസ് യാത്രക്കാര്‍ക്ക് നേരെയും അക്രമണങ്ങള്‍ പതിവായി. ഈ ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടുപോയ കാറുകള്‍ ആക്രമിക്കുക, ഒറ്റപ്പെട്ട മനുഷ്യരെ ആക്രമിക്കുക എന്നതെല്ലാം സ്ഥിരം പ്രശ്നമായി. 2022-ല്‍ ഹരിദ്വാറില്‍ അക്രമാസക്തരായ കാവട് തീര്‍ത്ഥാടകര്‍ ഒരു സൈനികനെ വളഞ്ഞാക്രമിച്ച് കൊന്നു. മറാത്ത ലൈറ്റ് ഇന്‍ഫെന്ററി സേനാംഗമായിരുന്ന 26 കാരനായ കാര്‍ത്തിക് ചൗധരിയാണ് ഹരിയാനയില്‍ നിന്നുള്ള കാവട് തീര്‍ത്ഥാടകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതെല്ലാം കാവട് യാത്രയുടെ ഹിന്ദുത്വവത്കരണത്തിന് ശേഷം ആരംഭിച്ചതാണ്.

kawad yatra, uttar pradesh

എന്നാല്‍ ഇവര്‍ കടന്ന് പോകുന്ന വഴികളിലെ മത്സ്യ-മാംസാദികള്‍ വില്‍ക്കുന്ന കടകള്‍ അടക്കണമെന്ന ഈ വര്‍ഷത്തെ അതിഗുരുതരമായ യു.പി സര്‍ക്കാര്‍ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. കിലോമീറ്ററോളം ദൂരത്തില്‍ മാസങ്ങളോളം സസ്യഭക്ഷണം മാത്രമേ വില്‍ക്കാന്‍ പറ്റൂ എന്ന ഉത്തരവ് എത്രയോ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുമെന്ന് മാത്രമല്ല, അത് വീണ്ടും സമുദായിക സംഘര്‍ഷങ്ങളിലേയ്ക്കും മനുഷ്യര്‍ തമ്മിലുള്ള അന്തരത്തിലേയ്ക്കും വഴി തെളിക്കും. സ്വാഭാവികമായി മാംസഭക്ഷണം ജീവിതത്തിന്റെ ഭാഗമായ മനുഷ്യരെ ഉപയോഗിച്ച് തന്നെ മാംസ-മത്സ്യാദി ഭക്ഷണത്തിനെതിരായ പ്രചരണവും ആക്രമണവും നടത്തിക്കുന്നുവെന്നതാണ് ഇതിന്റെ വഴി. ഉള്ളിയെന്നത് നിത്യജീവിതത്തിലെ അടിസ്ഥാന ഭക്ഷണമാണ് ഈ യാത്രകര്‍ക്കെല്ലാം. ഉള്ളി നിഷിദ്ധമായത് വളരെ കുറഞ്ഞ വിഭാഗത്തില്‍ പെട്ട സവര്‍ണ മനുഷ്യര്‍ക്ക് മാത്രമാണ്. എന്നിട്ടും ഉള്ളി നല്‍കിയതിന്റെ പേരില്‍ പോലും കലാപം നടക്കുന്നുവെങ്കില്‍ ഹിന്ദുത്വ ബ്രിഗേഡിന്റെ ഭാഗമായ ഒരു ന്യൂനപക്ഷം ബഹുജനങ്ങളെ പേരില്‍ ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വയുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ആക്രമണങ്ങള്‍ക്ക് കാവട് യാത്രയേയും ഉപയോഗിക്കുന്നുവെന്ന് തന്നെയാണ് അര്‍ത്ഥം.

Post Thumbnail
കാഠ്മണ്ഡുവിൽ വിമാനാപകടംവായിക്കുക

അഥവാ ഉത്തരേന്ത്യന്‍ പിന്നാക്ക ഹിന്ദുക്കളെ വിശ്വാസത്തിന്റെ പേരില്‍ ഒരിക്കല്‍ കൂടി ഏകോപിപ്പിക്കാനും പ്രീണിപ്പിക്കാനും അവരെ മുസ്ലീങ്ങള്‍ക്കെതിരായി തിരിക്കാനുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും ബി.ജെ.പിയുടെയും ശ്രമം. മുസഫര്‍ നഗര്‍ കേന്ദ്രീകരിച്ചാണ് ഈ വിലക്കുകളും നിയമങ്ങളും വരുന്നത് എന്നുള്ളത് കൊണ്ട് ഒരിക്കല്‍ കൂടി കലാപങ്ങള്‍ ആസൂത്രണം ചെയ്യാനാണ് പദ്ധതിയെന്നും ഭയപ്പെടേണ്ടി വരും. മുസ്ലീങ്ങള്‍ മാത്രമല്ല, ധാരാളം ഹിന്ദുക്കളും മത്സ്യ-മാംസ ഭക്ഷണം വില്‍ക്കുന്ന സാധാരണ ഭക്ഷണശാലകള്‍ നടത്തുന്നുണ്ട്. പക്ഷേ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കുന്ന പേരില്‍ നിന്ന് മുസ്ലീങ്ങളെന്ന് തിരിച്ചറിയുന്നവരുടെ കടകള്‍ക്ക് മാത്രമായിരിക്കും വിലക്കുകളും എതിര്‍പ്പുകളും വരിക. അക്രമാസക്തമായ ഒരാള്‍ക്കൂട്ടം കടന്ന് പോകുന്ന വഴിയില്‍ തങ്ങള്‍ മതത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടേക്കാം എന്ന് ഭയപ്പെടുന്ന മുസ്ലീങ്ങള്‍ക്ക് കടകള്‍ അടച്ചിടുക മാത്രമാണ് നിവൃത്തി. അഥവാ ആ മനുഷ്യരുടെ പ്രാതിനിധ്യവും അവകാശങ്ങളും ഇല്ലാതാക്കി മുന്നേറുന്ന ബി.ജെ.പിയും സംഘപരിവാരും അവരുടെ ജീവിതമാര്‍ഗ്ഗം കൂടി ഇല്ലാതാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

കട തുറന്ന് പേര് പ്രദര്‍ശിപ്പിക്കുന്ന ഒരു മുസ്ലീമിന്റെ നേര്‍ക്കുള്ള ആക്രമണത്തോട് ചെറുത്തു നില്‍ക്കാന്‍ ഒരു ശ്രമമെങ്കിലും അവര്‍ നടത്തിയാല്‍ മതി, കലാപങ്ങളുടെ തീ പടരാനും കാവട് യാത്രയുടെ പേരില്‍ പിന്നാക്ക ഹിന്ദു ഐക്യവും മുസ്ലീം വിദ്വേഷവും കൊണ്ട് അടുത്ത ഒരു പതിറ്റാണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തി സംഘപരിവാരത്തിനും ബി.ജെ.പിക്കും ഭരിക്കാന്‍. അതുവഴി ഇളകി തുടങ്ങുന്ന ആദിത്യനാഥന്റെ കസേര ഉറയ്ക്കും. kawad yatra hindutva forces have been trying hindu muslim conflict like muzaffarnagar riot, uttar pradesh 

Content Summary; kawad yatra hindutva forces have been trying hindu muslim conflict like muzaffarnagar riot, uttar pradesh

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

×