June 13, 2026 |

ഇടതും വലതും തമ്മില്‍ ഡീല്‍ സ്ലെഡ്ജിഗ്, ഫ്രീ ഹിറ്റിന് ബിജെപി

ബിജെപി വിജയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളില്‍ അവര്‍ക്കെതിരായ രാഷ്ട്രീയം പറയാതെ പരസ്പരമുള്ള വിഴുപ്പലക്കലിലാണ്‌ കോണ്‍ഗ്രസും സിപിഎമ്മും

2026-ലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം തെങ്ങില്‍ കെട്ടിയ പശുവിനെ പോലെ ഒരേ വിഷയത്തില്‍ തന്നെ ചുറ്റിത്തിരിയുകയാണ്. ഡീല്‍: ഇതാണ് ഇത്തവണത്തെ പ്രശ്‌നം. സിപിഎമ്മിന് ബിജെപിയുമായി ഡീല്‍ ഉണ്ടെന്ന് കോണ്‍ഗ്രസും, ബിജെപിയുമായി പണ്ടു മുതലെ ഡീല്‍ ഉറപ്പിച്ചത് കോണ്‍ഗ്രസ് ആണെന്ന് സിപിഎമ്മും. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ പിണറായി വിജയിച്ചത് ബിജെപി-ആര്‍എസ്എസ് വോട്ട് കൊണ്ടാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍, കല്‍ദാത്തെ ഫോര്‍മുല തുടങ്ങി കോ-ലീ-ബി സഖ്യം തൊട്ടുള്ള കഥകളാണ് ഇടതുപക്ഷം നിരത്തുന്നത്.

ഒരോ തിരഞ്ഞെടുപ്പ് കാലത്തും പലവിധ വിഷയങ്ങള്‍ പ്രചാരണായുധങ്ങളാകാറുണ്ട്. തിരഞ്ഞെടുപ്പ് ഗതി തിരിക്കുന്ന തരത്തില്‍ അവയില്‍ ചിലത് വജ്രായുധങ്ങളുമാകും. എന്നാല്‍ ഇത്തവണ ഇടതുപക്ഷ-ഐക്യജനാധിപത്യ മുന്നണികള്‍ ബിജെപിയെന്ന കടകോലില്‍ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും കടഞ്ഞു കൊണ്ടിരിക്കുകയാണ്. പാലക്കാടാണ് ഇത് ഏറ്റവും തീവ്രം. അക്കാര്യത്തിലേക്ക് കൂടുതല്‍ പോകുന്നില്ല.

കേരളത്തില്‍ സിപിഎം നയിക്കുന്ന ഇടതുപക്ഷവും, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണിയും മാത്രമല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സ്ഥിരമായ വളര്‍ച്ചയുമായി ബിജെപിയും അവരുടെ മുന്നണിയുമുണ്ട്. എന്തുകൊണ്ട് പാലക്കാട് ആയാലും, മഞ്ചേശ്വരത്തായാലും നേമത്തോ ചാത്തന്നൂരോ മലമ്പുഴയിലോ ബിജെപിക്ക് എതിരായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഇടത് വലത് മുന്നണികള്‍ തയ്യാറാകുന്നില്ല?

2016 ല്‍ ആദ്യമായി കേരള നിയമസഭയില്‍ ബിജെപി അകൗണ്ട് തുറന്നു. 2024-ല്‍ ആദ്യമായി കേരളത്തില്‍ നിന്നും ബിജെപിക്ക് ഒരു പാര്‍ലമെന്റ് അംഗം ഉണ്ടായി. 2015-ല്‍ അവര്‍ ആദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ ഭരിക്കാന്‍ തുടങ്ങി. പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്തി.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപി സഖ്യം രണ്ടാം സ്ഥാനത്ത് എത്തിയത്. മഞ്ചേശ്വരം, കാസറഗോഡ്, മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്. 2021- ഏഴില്‍ നിന്നും ഒമ്പതായി അവരുടെ രണ്ടാം സ്ഥാനം. നേമം അവര്‍ക്ക് നഷ്ടമായെങ്കിലും ആ മണ്ഡലവും കോന്നിയിലും അടക്കം നിലവില്‍ രണ്ടാമത് ഉണ്ടായിരുന്ന ഏഴ് മണ്ഡലങ്ങളിലെയും സ്ഥിതി അതേപോലെ നിലനിര്‍ത്തിയാണ് ബിജെപി നേട്ടമുണ്ടാക്കിയത്. 2024-ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ വിജയം നേടിയ ബിജെപി, തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്തി. ആറ്റിങ്ങലില്‍ മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശുമായി 16,272 വോട്ടിന്റെയും എല്‍ഡിഎഫിന്റെ വി എസ് ജോയിയുമായി 15,588 വോട്ടിന്റെയും വ്യത്യാസം മാത്രമായിരുന്നു വി. മുരളീധരനുണ്ടായിരുന്നത്.

പാര്‍ലമെന്റ് മത്സരത്തിലെ വോട്ട് പരിശോധിക്കുമ്പോള്‍ കേരളത്തിലെ 11 മണ്ഡലങ്ങളില്‍ അവര്‍ ഒന്നാം സ്ഥാനത്താണ്. സുരേഷ് ഗോപി ജയിച്ച തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, നാട്ടിക, ഇരിങ്ങാലിക്കുട, ഗുരുവായൂര്‍. രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരത്ത് നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളിലും, വി. മുരളീധരന്‍ മത്സരിച്ച ആറ്റിങ്ങലിലെ ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തിലും ബിജെപി ഒന്നാം സ്ഥാനത്ത് എത്തി.

തിരഞ്ഞെടുപ്പ് സര്‍വേകളില്‍ രണ്ട് സീറ്റ് വരെയാണ് ബിജെപിക്ക് പ്രവചിക്കുന്നതെങ്കിലും നേമം, പാലക്കാട്, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തൃശൂര്‍ എന്നീ മണ്ഡലങ്ങള്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നു. നേമവും പാലക്കാടും മഞ്ചേശ്വരവും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

ബിജെപി ആദ്യമായി ഒരു നിയമസഭ സീറ്റ് നേടിയ 2016-ലെ തിരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് വിഹിതം 14.96 ശതമാനമായിരുന്നു. 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 15.64 ശതമാനമായി ഉയര്‍ന്നു. 2021-ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ 12.47 ശതമാനമായി കുറഞ്ഞെങ്കിലും അവര്‍ ഒമ്പതിടത്താണ് രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും 19.21 ശതമാനം വോട്ട് അവര്‍ സ്വന്തമാക്കി. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 14.71 ശതമാനമാണ് വോട്ട് വിഹിതം.

ബിജെപി രണ്ടാം സ്ഥാനത്തുള്ള ഒമ്പത് മണ്ഡലങ്ങളില്‍ കാസറഗോഡ്, മഞ്ചേശ്വരം, പാലക്കാട് എന്നീ മൂന്നു മണ്ഡലങ്ങളില്‍ സിപിഎമ്മിനെയാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയതെങ്കില്‍ ബാക്കി ആറിടത്ത്-തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കോന്നി, ചാത്തന്നൂര്‍, മലമ്പുഴ- കോണ്‍ഗ്രസിനെയാണ് കീഴിലാക്കിയത്. ഇതില്‍ തന്നെ മഞ്ചേശ്വരവും കാസറഗോഡും ബിജെപിയെ പ്രതിരോധിക്കുന്നത് മുസ്ലിം ലീഗാണ്. അവരുടെ വോട്ടാണ് ബിജെപിയെ വിജയത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ആകെ പാലക്കാട് മാത്രമാണ് കോണ്‍ഗ്രസ് ബിജെപിയെ നേരിടുന്നതെന്ന് കാണാം. നേമം, കഴക്കൂട്ടം, കോന്നി, മലമ്പുഴ, ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ് എന്നീ, കോണ്‍ഗ്രസ് വിജയിച്ചിരുന്നതോ രണ്ടാമത് ഉണ്ടായിരുന്നതോ ആയ മണ്ഡലങ്ങളില്‍ എല്ലാം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി അവര്‍ക്ക് ബിജെപിയെ കടന്നു മുന്നേറാന്‍ സാധിച്ചിട്ടില്ല.

തങ്ങള്‍ക്ക് നേരിട്ട് ഭീഷണിയാകുമ്പോഴും കോണ്‍ഗ്രസ് ബിജെപിയെ ദുര്‍ബലമാക്കാനല്ല ശ്രമിക്കുന്നത്, മറുവശത്ത് ബിജെപിയുടെ മുന്നേറ്റം തങ്ങള്‍ക്ക് ഭീഷണിയാണെന്ന് കണ്ടിട്ടും സിപിഎമ്മും അവരെയല്ല പ്രധാന ശത്രുവായി കാണുന്നത് എന്നാണ് ഇപ്പോള്‍ നടക്കുന്ന പരസ്പരമുള്ള ആരോപണപ്രത്യാരോപണങ്ങളില്‍ നിന്നും മനസിലാക്കേണ്ടത്.

തങ്ങള്‍ക്ക് സുരക്ഷിതമായ വോട്ട് ബാങ്ക് ഉണ്ടെന്ന വിശ്വാസമായിരിക്കണം കോണ്‍ഗ്രസിനും സിപിഎമ്മിനും ഇപ്പോഴുള്ള നിസ്സംഗതയുടെ കാരണം. കേരളത്തിലെ ജനങ്ങള്‍ സെക്യുലറാണെന്നും വിശ്വസിക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മറക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജനങ്ങളില്ല, വോട്ടര്‍മാര്‍ മാത്രമാണ്. തിരഞ്ഞെടുപ്പുകളോട് അയിത്തം കാണിക്കുന്ന അരാഷ്ട്രീയക്കാരെ മാറ്റി നിര്‍ത്തിയാല്‍, വോട്ടെടുപ്പിന്റെ ഭാഗമാകുന്നവരെല്ലാം പലഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു. രാഷ്ട്രീയമായാകം, ജാതിയാകാം മതമാകാം.

മുസ്ലിം വോട്ടുകളിലൊഴിച്ച് ബിജെപി സ്വാധീനം വളര്‍ത്തുന്നുണ്ട്. ഹിന്ദു വോട്ടുകളെടുത്താല്‍, കോണ്‍ഗ്രസിനെ പരമ്പരാഗതമായി തുണച്ചിരുന്ന നായര്‍, ബ്രാഹ്‌മണര്‍ തുടങ്ങിയവര്‍ക്കിടയിലും, ഇടതുപക്ഷത്തിന്റെ ശക്തി കോട്ടകളായ ഈഴവ-ദളിത് വിഭാഗങ്ങള്‍ക്കിടയിലും ബിജെപിയുടെ വളര്‍ച്ച വ്യക്തമാണ്.

ഹിന്ദുവോട്ടുകളില്‍ ഏകദേശം 21 ശതമാനം ബിജെപി നേടിയെടുത്തിട്ടുണ്ട്. നായര്‍ വോട്ടുകളില്‍ 27 ശതമാനത്തോളവും, മറ്റ് മുന്നാക്ക വിഭാഗങ്ങളില്‍ നിന്നും 32ശതമാനത്തോളവും വോട്ടുകളും ഈഴവ വിഭാഗത്തില്‍ നിന്നും 23 ശതമാനവും ദളിത് വിഭാഗത്തില്‍ നിന്ന് ഏഴു ശതമാനവും എസ് ടി വിഭാഗത്തില്‍ നിന്ന് 22 ശതമാനവും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അവര്‍ സ്വന്തമാക്കി. അവര്‍ക്ക് കൂടുന്ന വോട്ടുകള്‍ പോകുന്നത് ഇടതുപക്ഷത്ത് നിന്നും വലതുപക്ഷത്തു നിന്നുമാണ്. നായര്‍, മറ്റ് മുന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ നേടുന്നത് കോണ്‍ഗ്രസിനും, ഈഴവ വോട്ടുകള്‍ സ്വന്തമാക്കുന്നത് ഇടതുപക്ഷത്തിനും തിരിച്ചടിയാണുണ്ടാക്കുന്നത്. തിരുവിതാംകൂര്‍ മേഖലയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുന്നത് ബിജെപിയുടെ വളര്‍ച്ചയാണ്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ട് തവണയും ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം കുറഞ്ഞതിനൊപ്പം ഈഴവ-നായര്‍ വോട്ടുകള്‍ കൂടുതലായി ബിജെപിയിലേക്കു പോകുന്നതുമാണ് അവിടെ ബിജെപിയുടെ വളര്‍ച്ചയുടെ അടിസ്ഥാനം. ഇതേ തിരിച്ചടി മലബാര്‍ മേഖലയില്‍ ഇടതുപക്ഷവും നേരിടുന്നുണ്ട്. മലപ്പുറത്ത് ഇടതുപക്ഷം സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെ സീറ്റ് പിടിക്കുന്ന തീരദേശ മേഖലകളില്‍ ഈഴവ വോട്ടുകള്‍ നിര്‍ണായകമാകാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡ് കാണിക്കുന്നത് ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നതാണ്. പല ബൂത്തുകളില്‍ നിന്നും നൂറു മുതല്‍ ഇരുനൂറു വോട്ടുകള്‍ വരെ ഇത്തരത്തില്‍ ബിജെപിയിലേക്ക് പോകുന്നതായാണ് കണക്ക്. നദാപുരത്തെ സിപിഐയുടെ വിജയതുടര്‍ച്ചയെ ബാധിക്കുന്ന തരത്തിലും മണ്ഡലത്തില്‍ ഹിന്ദു-ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നുണ്ട്.

ബിജെപി ഒരു രാഷ്ട്രീയ എതിരാളി എന്ന നിലയില്‍ ശക്തമായി കൊണ്ടിരിക്കെ, അവരെ പ്രതിരോധിക്കാന്‍ ഇവിടുത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഉണ്ടെന്ന ചിന്തയിലാണ് എല്‍ഡിഎഫും യുഡിഎഫും എന്നുവേണം കരുതാന്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തില്‍ ബിജെപി ഇടപെട്ടു തുടങ്ങി. അരമനകളും വികാരികളും മുസ്ലിം വിരുദ്ധരായ ഒരു കൂട്ടം വിശ്വാസികളും ബിജെപിയുടെ കൂടെ കൂടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ തുടരുന്ന ക്രൈസ്തവ വേട്ടയാണ് ഒരുപരിധിവരെ കേരള ബിജെപിക്ക് തിരിച്ചടിയായി നില്‍ക്കുന്നത്. മറ്റെല്ലാം കൂട്ടിക്കിഴിച്ച് എടുത്തു കഴിഞ്ഞാല്‍ കേരളത്തില്‍ പ്രബലമായി നില്‍ക്കുന്ന മുസ്ലിം വോട്ടുകളാണ് ബിജെപിയെ പ്രതിരോധിക്കാന്‍ ഇടതു-വലതു മുന്നണികള്‍ ആശ്രയിക്കുന്നത്.

ഈ മുസ്ലിം വോട്ടുകള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ഡീല്‍ ആരോപണം ഉയര്‍ത്തുന്നത്. ബിജെപിയോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ എന്ന ഭീതി ഒരു മുന്നണിക്കു മേല്‍ ചാര്‍ത്താന്‍ സാധിച്ചാല്‍ അതുവഴി മുസ്ലിം വിഭാഗത്തിനിടയില്‍ ഉണ്ടായേക്കാവുന്ന അരക്ഷിതാബോധം തങ്ങള്‍ക്ക് ഗുണമാകുമെന്ന വിശ്വാസം. ഈയൊരൊറ്റ പോയിന്റിലേക്ക് പോകുമ്പോള്‍ രക്ഷപ്പെടുന്നതും ബിജെപിയാണ്. ബിജെപിക്ക് എതിരേ രാഷ്ട്രീയം പറയാന്‍ സാധിക്കുന്നില്ല.

ഇപ്പോള്‍ നാട് നേരിടുന്ന ഗ്യാസ് പ്രതിസന്ധി മുതല്‍ വയനാട് ദുരന്തബാധിതരോട് കേന്ദ്രസര്‍ക്കാര്‍ ചെയ്ത വാക്ക് വ്യത്യാസം വരെയുള്ള രാഷ്ട്രീയകാരണങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥിള്‍ക്കെതിരേ ഉയര്‍ന്നു കേള്‍ക്കുന്നില്ല. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന നരേഷന്‍ ഉറപ്പിക്കുമ്പോഴും ബിജെപി എന്ന മൂന്നാം കക്ഷിയെ അപ്രസക്തമായി കണ്ടുകൊണ്ടുള്ള കാമ്പയ്‌നുകള്‍ എത്രകണ്ട് പരാജയമായിരുന്നുവെന്ന് അവസാന ഫലം കൊണ്ടുമാത്രമായിരിക്കും ഇടതും വലതും മനസിലാക്കാന്‍ പോവുക.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×