April 20, 2025 |

മണ്ഡല പുനർനിർണ്ണയം; ശക്തമായി എതിർക്കുമെന്ന് പിണറായിയും സ്റ്റാലിനും

മുഖ്യമന്ത്രി പിണറായി വിജയനടക്കം 13 പാർട്ടികളുടെ പ്രതിനിധികളാണ് യോ​ഗത്തിൽ പങ്കെടുത്തത്

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള യോ​ഗം ഇന്ന് നടന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം 13 പാർട്ടികളുടെ പ്രതിനിധികളാണ് യോ​ഗത്തിൽ പങ്കെടുത്തത്. ബിജെപിയ്ക്ക് ലോക്സഭയിലുള്ള പ്രാതിനിധ്യം കൂട്ടിയെടുക്കണമെന്ന ഭരണപക്ഷത്തിന്റെ രാഷ്ട്രീയ താത്പര്യം മാത്രം മുൻനിർത്തിയാണ് മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുന്നതെന്ന് വ്യക്തമാണ്. ഈ താത്പര്യം നടപ്പിലാക്കപ്പെടുമ്പോൾ കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള ബിജെപിയ്ക്ക് സ്വാധീനകുറവുള്ള സംസ്ഥാനങ്ങളുടെ ലോക്സഭ പ്രാതിനിധ്യം കുറഞ്ഞുവരും. ബിജെപിയ്ക്ക് സ്വാധിനമുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർദ്ധിക്കുകയും ചെയ്യും. ഈ നടപടി സംസ്ഥാനങ്ങളുടെ ചെറുത്ത് നിൽപ്പാണ് ഇന്ന് നടന്ന യോ​ഗം. കേരളം, കർണ്ണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷ, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

ഇടുങ്ങിയ മനോഭാവത്തോടെയാണ് ബിജെപി മണ്ഡല പുനർനിർണ്ണയം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോ​ഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് പ്രത്യേക നന്ദി പറയുകയും ചെയ്തു. നമ്മുടെയെല്ലാം തലയ്ക്ക് മുകളിൽ തൂങ്ങി കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണ്ണയം. വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നുള്ളത് കൊണ്ടാണ് ബിജെപി മണ്ഡല പുനർനിർണ്ണയവുമായി മുന്നോട്ട് പോകുന്നതെന്നും കേരളത്തോട് കേന്ദ്രം അവ​ഗണന കാണിക്കുന്നതായും പിണറായി വിജയൻ വ്യക്തമാക്കി.

ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനാണ് ഈ പോരാട്ടമെന്നും മണ്ഡല പുനർനിർണ്ണയം തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കും അതു കൊണ്ട് തന്നെ ഈ നീക്കത്തെ ഒന്നിച്ച് എതിർക്കുമെന്നും ​യോ​ഗത്തിൽ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ ശക്തി കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും മണ്ഡല പുനർനിർണ്ണയം സംബന്ധിച്ച അമിത് ഷായുടെ വാക്കുകൾക്ക് വ്യക്തതയില്ലെന്നും സ്റ്റാലിൻ പറഞ്ഞു. രണ്ട് വർഷത്തിലേറെയായി മണിപ്പൂർ കത്തുന്നു അവരുടെ ശബ്ദം പാർലമെന്റിൽ എത്തുന്നില്ല അതിന് കാരണം അവർക്ക് അം​ഗബലമില്ലാത്തതാണെന്നും അതു കൊണ്ട് മണ്ഡല പുനർനിർണ്ണയം നടത്തുന്നത് നീതിയല്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. പിണറായി വിജയന് പുറമേ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവത് മാൻ എന്നിവരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

ജനസംഖ്യാ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനക്രമീകരണം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു സീറ്റ് പോലും കുറയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. ബിജെപി പാർട്ടി ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ വാ​ഗ്ദാനം. മണ്ഡല പുനക്രമീകരണത്തിന് ശേഷവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് സാധാരണ മണ്ഡല പുനർനിർണ്ണയം നടത്തുക. ദേശീയ ജനസംഖ്യാ നയം നടപ്പിലാക്കിയതാണ് വർഷങ്ങൾക്ക് ശേഷം കേരളം ഇപ്പോൾ പ്രതിസന്ധിയിലാവാൻ കാരണം. ജനസംഖ്യ കുറവായത് മൂലം ഫണ്ടും പ്രാതിനിധ്യവും കുറവു മതിയെന്ന സമീപനമാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നത്. ധനകമ്മീഷന്റെ നികുതിവിഹിതത്തിൽ കുറഞ്ഞ ജനസംഖ്യയുടെ പേരിൽ കേരളത്തിനടക്കം നിരന്തരം തിരിച്ചടികൾ ഉണ്ടാവുന്നുണ്ട്. 10 ധനകാര്യ കമ്മീഷന്റെ ഘട്ടത്തിൽ 3.875 ശതമാനമായിരുന്ന കേന്ദ്ര വിഹിതം 15ാം കമ്മീഷന്റെ ഘട്ടമായപ്പോഴേക്കും 1.925 ശതമാനമായി കുറഞ്ഞിരിക്കയാണ്. കേന്ദ്ര വിഹിതത്തിൽ നിന്നുള്ള കുറവിന്റെ തുടർച്ചയായി പ്രാതിനിധ്യം കൂടി കുറഞ്ഞാൽ കേരളത്തിനെതിരെയുള്ള കേന്ദ്ര അവ​ഗണനകൾ പലപ്പോഴും അഭിസംബോധന ചെയ്യപ്പെടാതെ പോവും. എല്ലാ മേഖലകളിലും ഒരു പോലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര നയത്തിനെതിരാണ് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണ്ണാടക, പശ്ചിമബം​ഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ഒഡീഷയിലെ പ്രതിപക്ഷവും ശബ്ദമുയർത്തിയത്. ഇക്കാര്യത്തിലെ ഏകോപന പ്രവർത്തനങ്ങളുടെ ഫലമായാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യോ​ഗം വിളിച്ചത്.

ഓരോ സെൻസസ് പൂർത്തിയാക്കുമ്പോഴും പാർലമെന്റ് സീറ്റ് പുനർനിർണ്ണയിക്കണമെന്ന് ഭരണഘടനയുടെ 82ാം അനുഛേദം നിഷ്കർഷിക്കുന്നുണ്ട്. അത്തരത്തിൽ പുനർനിർണ്ണയം നടപ്പിലാക്കിയതിന്റെ ഭാ​ഗമായാണ് 489 ആയിരുന്ന ലോക്സഭ അം​ഗസംഖ്യ പിന്നീട് 543 ആയി ഉയർന്നത്. എന്നാൽ എല്ലാ തവണയും ഇത് നടപ്പിലായിട്ടില്ല. 2021ൽ നടത്തേണ്ടിയിരുന്ന സെൻസസ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 2031ലാണ് അടുത്ത സെൻസസ് നടക്കേണ്ടത് അതിനു മുൻപ് സെൻസസും മണ്ഡല പുനർനിർണ്ണയവും നടത്താനുള്ള നീക്കമാണ് കേന്ദ്രത്തിന്റേത്. 2001ലെ ജനസംഖ്യയെ അപേക്ഷിച്ച് 2011ൽ കേരളത്തിൽ 4.92 ശതമാനം വർധനവുണ്ടായിരുന്നു ദേശീയതലത്തിൽ 17.70 ശതമാനവും വർദ്ധിച്ചു. കേരളം പോലെ തന്നെ മറ്റു തമിഴ്നാട്, കർണ്ണാടക, ആന്ധ്ര പോലെയുള്ള സംസ്ഥാനങ്ങളും ജനസംഖ്യ നിരക്ക് ശരാശരിയേക്കാൾ കുറവാണ്. 1971ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന്റെ ജനസംഖ്യയുടെ 3.89 ശതമാനമായിരുന്ന കേരളം 2011ൽ 2.76 ശതമാനമായി ചുരുങ്ങി. ദേശീയ ജനസംഖ്യ നടപ്പിലാക്കിയതാണ് ഇതിന് കാരണം. ഈ നിലയിൽ കേരളത്തിലെ ജനസംഖ്യയുടെ കുറവ് പ്രാതിനിധ്യത്തിലും പ്രതിഫലിക്കും.

സംസ്ഥാനങ്ങളുടെ ചർച്ച വിജയമായത് കൊണ്ട് ജനസംഖ്യ അനുതാപത്തെ അടിസ്ഥാനമാക്കി പാർലമെന്ററി മണ്ഡലങ്ങളെ പുനർനിർവചിക്കുന്ന 2026ലെ അതിർത്തി നിർണ്ണയ പ്രക്രിയയെക്കുറിച്ചുള്ള ആശങ്കയൊഴിയുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമായേക്കും.

content summary:  meeting between chief ministers of Tamil Nadu Kerala and others against delimitation policy central is  happen at Tamil Nadu

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×