UPDATES

എഡിറ്റേഴ്സ് പിക്ക്

തമ്മിലടിയും കൊലവിളിയും കാരണം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 12 ദിവസം; യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം ഏത് വിശ്വാസത്തിന്റെ പേരില്‍?

ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അവര്‍ക്ക് നിയമം മൂലം അനുവദിച്ച് കിട്ടിയ അധികാര, അവകാശത്തെക്കുറിച്ചു പറയുമ്പോള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന മാനുഷിക നീതിയെക്കുറിച്ചാണ് യാക്കോബായ വിഭാഗക്കാര്‍ പറയുന്നത്

                       

കഴിഞ്ഞ നവംബര്‍ മൂന്നിനാണ് കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യു മരിക്കുന്നത്. മരിച്ചാല്‍ അടക്കേണ്ടത് കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. പക്ഷെ മരിച്ച അന്ന് അടക്കം നടന്നില്ല. രണ്ട് ദിവസം കഴിഞ്ഞു, അഞ്ച് ദിവസം കഴിഞ്ഞു, പത്ത് ദിവസം കഴിഞ്ഞു… മൃതദേഹം അടക്കാതെ മൊബൈല്‍ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കപ്പെട്ടു. ഇതിനിടയില്‍ വീട്ടില്‍ നിന്ന് പള്ളിയിലേക്കും പള്ളിയില്‍ നിന്ന് നടുറോട്ടിലേക്കും റോഡില്‍ നിന്ന് തിരികെ വീട്ടിലേക്കും മൃതദേഹവുമായി ബന്ധുക്കള്‍ നടന്നു. മൃതദേഹത്തിന് അര്‍ഹിക്കുന്ന മാനുഷിക പരിഗണന പോലും ലഭിക്കാതായപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപെട്ടു. ഒടുവില്‍ പന്ത്രണ്ടാം നാള്‍ കുടുംബക്കല്ലറയില്‍ തന്നെ മാത്യൂസ് അന്ത്യവിശ്രമം കൊണ്ടു… സമൂഹമന:സാക്ഷിയെ വേദനിപ്പിച്ച ഈ സംഭവത്തിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു.

വര്‍ഗീസ് മാത്യുവും കുടുംബവും യാക്കോബായ വിശ്വാസികളായിരുന്നു. വര്‍ഷങ്ങളായി യാക്കോബായ വിഭാഗത്തിന്റേതായിരുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളി ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുടേതാണ്. സുപ്രീംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശം ലഭിച്ച പള്ളികളിലൊന്ന്. കേരളത്തില്‍ മറ്റ് പലയിടത്തുമെന്നപോലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും രൂക്ഷതയില്‍ നില്‍ക്കുന്ന പള്ളിയാണ് കട്ടച്ചിറയും. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ തടഞ്ഞു. പള്ളിയില്‍ സംഘര്‍ഷമായി. അന്ന പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. യാക്കോബായ വിശ്വാസികള്‍ പള്ളി പൂട്ടി താക്കോല്‍ കൊണ്ടുപോയി. പിന്നീടിങ്ങോട്ട് ഓരോ പതിനാല് ദിവസമിടവിട്ട് പള്ളിയിലും പരിസരത്തും നിരോധനാജ്ഞ തുടര്‍ന്ന് പോന്നു. മാസങ്ങളായി പള്ളിയില്‍ പ്രാര്‍ഥനയും നടക്കാറില്ല. ഓര്‍ത്തഡോക്‌സ് വിഭാഗം കറ്റാനത്തുള്ള പള്ളിയിലും യാക്കോബായ വിശ്വാസികള്‍ കട്ടച്ചിറ പള്ളിയോട് ചേര്‍ന്നുള്ള ചാപ്പലിലും പ്രാര്‍ഥനകള്‍ നടത്തിവരുന്നു. ഇതിനിടെ മൂന്ന് തവണ ശവസംസ്‌ക്കാരം മാത്രം നടന്നു. സുപ്രീംകോടതി വിധിക്ക് ശേഷം യാക്കോബായ വിശ്വാസികള്‍ മരിച്ചാല്‍ ചാപ്പലില്‍ വച്ച് അന്ത്യശുശ്രൂഷ കര്‍മ്മങ്ങള്‍ നടത്തിയ ശേഷം പള്ളി സെമിത്തേരിയില്‍ അടക്കും. എന്നാല്‍ യാക്കോബായ വിഭാഗത്തിലെ വൈദികരെ അവിടേക്ക് പ്രവേശിപ്പിക്കില്ല.

വര്‍ഗീസ് മാത്യു മരിച്ചപ്പോള്‍ പള്ളിയില്‍ വീണ്ടും തര്‍ക്കമായി. വര്‍ഗീസിന്റെ ചെറുമകന്‍ യാക്കോബായ വൈദികനാണ്. ഇദ്ദേഹത്തിന് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വൈദികവേഷം അഴിച്ചുവച്ച് മറ്റുവേഷത്തില്‍ എത്തണമെന്ന നിബന്ധന നിയമപ്രകാരം പള്ളിയുടെ ഉടമസ്ഥരായ ഓര്‍ത്തഡോക്‌സ് വിഭാഗം വച്ചു. എന്നാല്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ വൈദിക വേഷം അഴിച്ച് വക്കണമെന്ന് കോടതി വിധിയില്‍ പറഞ്ഞിട്ടില്ല എന്നും, വര്‍ഗീസിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ ചെറുമകനായ ഫാ. ജോര്‍ജി ജോണ്‍ വൈദിക വേഷത്തില്‍ തന്നെ പങ്കുകൊള്ളണമെന്നും യാക്കോബായ വിഭാഗക്കാര്‍ ശഠിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുമില്ല. ഒടുവില്‍ ജില്ലാ കളക്ടറും എഡിഎമ്മും ഉള്‍പ്പെടെ പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശവസംസ്‌ക്കാരം നടത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് വര്‍ഗീസിന്റെ ബന്ധുക്കള്‍ റോഡില്‍ മൃതദേഹവുമായി കുത്തിയിരുന്ന പ്രതിഷേധിച്ചു. എന്നാല്‍ പിന്നീട് ജില്ലാകളക്ടര്‍ മൃതദേഹം പിടിച്ചെടുക്കും എന്ന് വന്നതോടെ അവര്‍ മൃതദേഹവുമായി വീട്ടിലേക്ക് പോയി. തമ്മില്‍ തല്ലുന്ന സഭകള്‍ക്കും അതിന് പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മുന്നില്‍ വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ദിവസങ്ങളോളം വലിയ ചോദ്യചിഹ്നമായി. പതിനൊന്ന് ദിവസം കഴിഞ്ഞപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പിന്നീടും ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ വൈദിക വേഷത്തില്‍ തന്നെ ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിക്കാം എന്ന തരത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. അങ്ങനെ പന്ത്രണ്ടാം ദിവസം മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ഭാര്യയെ അടക്കിയ അതേ കല്ലറയില്‍ അടക്കം ചെയ്തു.

*********************

ഓര്‍ത്തഡോക്‌സ് വിഭാഗം കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത മാര്‍ തോമസ് അത്തനാസിയോസ് പോലീസിന്റെ ക്ഷണമനുസരിച്ചാണ് പിറവം സെന്റ് മേരീസ് യാക്കൊബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ അഥവാ പിറവം വലിയ പള്ളിയില്‍ എത്തിയത്. പ്രാര്‍ഥനയര്‍പ്പിക്കാന്‍ അത്തനാസിയോസ് എത്തുമെന്ന വിവിരം ലഭിച്ചതും പള്ളിയിലേക്ക് ആയിരക്കണക്കിന് വിശ്വാസികള്‍ ഒത്തുകൂടി. പിന്നീട് നാടകീയ രംഗങ്ങള്‍ക്കാണ് പിറവം പള്ളി സാക്ഷ്യം വഹിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങി ചിലര്‍, വൈദികന്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ താഴേക്ക് ചാടി ആത്മഹത്യചെയ്യുമെന്ന ഭീഷണി മുഴക്കി പള്ളിക്കെട്ടിടത്തിന് മുകളില്‍ നിലയുറപ്പിച്ച് സ്ത്രീകളടക്കമുള്ളവര്‍, മുദ്രാവാക്യം വിളികളുമായി മറ്റു ചിലര്‍. പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയിട്ടായിരുന്നു പ്രതിഷേധം. ഒരു ഘട്ടത്തില്‍ താഴ് പൊട്ടിച്ച് ഗേറ്റ് തള്ളിത്തുറക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും യാക്കോബായ വിശ്വാസികളുടെ ആത്മഹത്യ ഭീഷണി മുഴക്കിയുള്ള പ്രതിഷേധത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പോലീസിനായില്ല. അത്തനാസിയോസുമായി പോലീസ് മടങ്ങി…..

പിറവം പള്ളിയില്‍ ഈ സംഭവങ്ങള്‍ അരങ്ങേറിയ അന്ന് വൈകിട്ട് കോട്ടയം നഗരം മണിക്കൂറുകളോളം നിശ്ചലമായി! വൈകിട്ട് അപ്രതീക്ഷിതമായി കോട്ടയം മണര്‍കാട് പള്ളിയില്‍ കൂട്ടമണി മുഴങ്ങി. കൂട്ടമണി കേട്ടതോടെ യാക്കോബായ വിശ്വാസികള്‍ പലയിടത്തു നിന്നായി പള്ളിയിലേക്ക് ഒഴുകിയെത്തി. ഓര്‍ത്തഡോക്‌സ് വൈദികരാരെങ്കിലും പള്ളിയില്‍ കയറാനെത്തിയതിന്റെ ‘അപായ സൂചന’യാണോ കൂട്ടമണി എന്നതായിരുന്നു യാക്കോബായ വിശ്വാസികളുടെ ആശങ്ക. എന്നാല്‍ പിറവം പള്ളിയിലെ സംഭവങ്ങള്‍ പ്രതിഷേധിക്കാനായി വിശ്വാസികളെ വിളിച്ചുകൂട്ടുകയായിരുന്നു പള്ളി അധികൃതര്‍. ഒത്തുചേര്‍ന്നവര്‍ മണര്‍കാട് പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കറ്റ് അരമനയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. വിവരമറിഞ്ഞ് മറ്റ് പള്ളികളില്‍ നിന്നും യാക്കോബായ വിശ്വാസികള്‍ എത്തിയതോടെ കോട്ടയം നഗരത്തിലെ റോഡുകളെല്ലാം പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. ദേവലോകത്തെത്തിയാല്‍ പ്രതിഷേധം കൈവിടുമെന്ന് കണ്ട പോലീസ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് മടക്കിയയച്ചു…..

********************

കോതമംഗലം പള്ളിയില്‍ പ്രാര്‍ഥനയര്‍പ്പിക്കാന്‍ കോടതിവിധിയുമായി പോലീസിന്റെ സംരക്ഷണയില്‍ വന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍ ഫാ. തോമസ് പോള്‍ റമ്പാന്‍ ഒരു ദിവസം മുഴുവന്‍ ഭക്ഷണവും ഉറക്കവുമില്ലാതെ പള്ളിക്ക് പുറത്തുനിന്നു. ‘ഇങ്ങോട്ട് കയറിയാല്‍ അവന്റെ കാല് വെട്ടും’ എന്ന ആക്രോശം പള്ളിയിലാകെ മുഴങ്ങി. മുദ്രാവാക്യം വിളികളുമായി റമ്പാന്‍ എത്തുന്നതിന് മുമ്പേ പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ ഒത്തുകൂടി. റമ്പാന്റെ വഴി തടസ്സപ്പെടുത്തി ആയിരത്തോളം യാക്കോബായ വിശ്വാസികള്‍ നിലയുറപ്പിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടക്കത്തില്‍ പോലീസ് ശ്രമിച്ചെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ ഒത്തുകൂടിയതോടെ പോലീസിന് പിന്‍വാങ്ങേണ്ടി വന്നു. പള്ളിയില്‍ കയറാതെ താന്‍ പിന്നോട്ടില്ലെന്ന് റമ്പാനും ജീവന്‍ പോയാലും റമ്പാനെ പള്ളിയില്‍ കയറ്റില്ലെന്ന് യാക്കോബായ വിശ്വാസികളും നിലപാടെടുത്തു. പിറ്റേന്ന് ഉച്ചയോടെ ആരോഗ്യ നില മോശമായെന്നറിയിച്ച് പോലീസ് റമ്പാനെ പള്ളിപ്പരിസരത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇനിയും എത്തുമെന്ന് റമ്പാനും എത്തിയാല്‍ തടയുമെന്ന് യാക്കോബായ വിശ്വാസികളും പറയുന്നു…

ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ

**********************

അന്തോഖ്യ പാത്രിയാര്‍ക്കിസുമാരും മലങ്കര മെത്രാപ്പോലീത്തമാരും, അഥാവ യാക്കോബായ സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള അധികാര വടംവലിയുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡുകളാണ് ഇവയെല്ലാം. പിറവവും മണര്‍കാടും കോതമംഗലം പോര്‍വിളിയുടേയും സംഘര്‍ഷത്തിന്റെയും ചിത്രങ്ങളായിരുന്നു എങ്കില്‍ കട്ടച്ചിറ സഭാ പോരിന്റെ ദാരുണ മുഖം കൂടിയായിരുന്നു. “അന്തോഖ്യ വിശ്വാസം വിട്ട് വേറൊരു വിശ്വാസത്തിലേക്ക് പോവാന്‍ ഞങ്ങള്‍ക്കാവില്ല. അതുകൊണ്ട് പള്ളികള്‍ വിട്ടുകൊടുക്കാനും. ഞങ്ങളുടെ പള്ളികള്‍ വിട്ടുകൊടുത്താല്‍ ഞങ്ങള്‍ എങ്ങോട്ട് പോകും?” എന്ന് യാക്കോബായ സഭക്കാര്‍ ചോദിക്കുമ്പോള്‍ “സുപ്രീംകോടതി അംഗീകരിച്ച മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഞങ്ങളാണ് പള്ളികളുടെ, സഭയുടെ അവകാശികളും ഉടമസ്ഥരും. ആരോടും പോവാന്‍ പറഞ്ഞിട്ടില്ല. അവര്‍ക്ക് ഞങ്ങളോടൊപ്പം ചേരാം” എന്ന് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ പറയുന്നു.

‘സഹോദരന്‍മാര്‍ ഒരുമിച്ച് വസിക്കുന്നത് എത്രയോ ആനന്ദകരമാകുന്നു’ എന്ന് പഠിപ്പിക്കുന്ന വേദപുസ്തകത്തെ പിന്തുടരുന്ന സഹോദരന്‍മാര്‍ തമ്മില്‍ പോരടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാവുന്നു. കോടതി ഉത്തരവ് കൊണ്ടുപോലും പരിഹാരം കാണാതെ തുടരുന്നു സഭാ തര്‍ക്കം.

ഓര്‍ത്തഡോക്‌സ് സഭയെ സര്‍വാധികാരികളാക്കിയ സുപ്രീംകോടതി വിധി

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലങ്കര സഭാ തര്‍ക്കത്തില്‍ വഴിത്തിരിവായത് 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഈ പള്ളികളുടെ ഉടമസ്ഥാവകാശം സമ്പൂര്‍ണമായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കുന്നതായിരുന്നു വിധി. എന്നാല്‍ മലങ്കര സഭയുടെ 1934ല്‍ രൂപീകൃതമായ ഭരണഘടനയെയാണ് സുപ്രീംകോടതി വിധിയിലൂടെ അംഗീകരിച്ചത്. 2002ല്‍ രൂപീകൃതമായ യാക്കോബായ വിഭാഗത്തിന്റെ ഭരണഘടനയെ സുപ്രീംകോടതി അംഗീകരിച്ചതുമില്ല. അതോടെ കേരളത്തിലെ 1064 യാക്കോബായ പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായി. ജൂലൈ നാലിന് നെച്ചൂര്‍ പള്ളിയുടെ കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ബഞ്ച് സമാന വിധി ആവര്‍ത്തിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കീഴ്‌കോടതി വിധിക്കെതിരെ യാക്കോബായ വിശ്വാസികള്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി വിധി. ജൂലൈ മൂന്നിലെ വിധിയോടെ ‘ഒരു സഭ, ഒരു നിയമം, ഒരു ഭരണക്രമം’ എന്നതായി മലങ്കര സഭകളുടെ ഭാവി. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം സഭാതര്‍ക്കം വീണ്ടും ചര്‍ച്ചാവിഷയമായി.

ബസേലിയോസ് മാര്‍ തോമ പൌലോസ് ദ്വിതീയന്‍

വിധിയിലെ പ്രധാന വസ്തുതകള്‍ ഇങ്ങനെയായിരുന്നു- 1995-ലെ സുപ്രീംകോടതി വിധി ഇടവകപ്പള്ളികള്‍ക്ക് ബാധകമാണ്, 1934ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ചു മാത്രം ഇടവകപ്പള്ളികള്‍ ഭരിക്കപ്പെടണം, 2002ലെ യാക്കോബായ ഭരണഘടന അസാധുവാണ്, 1934ലെ മലങ്കര സഭാ ഭരണഘടന ഒഴിയെയുള്ള ഉടമ്പടികളും മറ്റും ഇടവകപ്പള്ളി ഭരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. വിധി ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ആഹ്ലാദം നല്‍കിയപ്പോള്‍ യാക്കോബായ പക്ഷത്തിന് കനത്ത തിരിച്ചടിയുമായിരുന്നു.

വിധിക്ക് ശേഷം

വിധി വന്നതോടെ അന്നേവരെ യാക്കേബായ വിഭാഗത്തിന്റെ കൈവശമുണ്ടായിരുന്ന പള്ളികളുടെ ഉടമസ്ഥത ഏറ്റെടുക്കാനായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം. കോലഞ്ചേരി, വരിക്കോലി, നെച്ചൂര്‍, കന്യാട്ടുനിരപ്പ്, മണ്ണത്തൂര്‍ എന്നിവയുള്‍പ്പെടെ പന്ത്രണ്ട് പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അധികാരമുറപ്പിക്കാനായി. 74 പള്ളികളുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങള്‍ തുടരുകയാണ്. ബാക്കി വരുന്ന പള്ളികളിലെല്ലാം ചെറുതും വലുതുമായ തര്‍ക്കങ്ങളും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുകയാണ്. കോതമംഗലം, പിറവം തുടങ്ങിയ പള്ളികളിലാണ് തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നത്. അതീവ സാമ്പത്തിക ശേഷിയുള്ള പള്ളികള്‍ കൂടിയാണ് ഇവയെന്നതാണ് വിഷയത്തിന്റെ മറ്റൊരു വശം. സ്കൂളുകളും, പ്രൊഫഷണല്‍ കോളേജുകളും, ആശുപത്രികളുമുള്‍പ്പെടെ വലിയ വരുമാന സ്രോതസ്സുകള്‍ കൈവശം വയ്ക്കുന്ന പള്ളികളുമായി ബന്ധപ്പെട്ട അവകാശ തര്‍ക്കങ്ങള്‍ യഥാര്‍ഥത്തില്‍ വിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല, സാമ്പത്തിക അധികാരമാണ് അതിന്റെ മുഖ്യവശം എന്നത് ഇരുസഭക്കാരും പരസ്യമായല്ലെങ്കിലും സമ്മതിക്കുന്നു.

പിറവം വലിയപള്ളി

പെമ്പിള്ളേര് പള്ളിക്ക് മുകളില്‍ കയറിയത് വെറും ഷോ അല്ലായിരുന്നു. ഞങ്ങടെ കാര്‍ന്നോന്മാര് ഈ പള്ളിപ്പറമ്പേലാ കിടക്കുന്നോ. അവരെ വേണ്ടെന്ന് വച്ചിട്ട് ഞങ്ങക്ക് വിട്ടുകൊടുക്കാനൊക്കുവോ. ആറേകാല്‍ കോടി മുടക്കി ശവക്കോട്ട ഞങ്ങളാ പണിതത്. അവിടെ നാളെ ഞങ്ങള്‍ക്ക് കയറാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കാന്‍ പറ്റും? പത്ത് ശതമാനം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ഈ ഇടവകയില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ ഇവിടെ നിന്ന് ഇറങ്ങാം. 2317 പേരാണ് ഇവിടുത്തെ യാക്കോബായ വിശ്വാസികള്‍. 180 പേര്‍ മാത്രമാണ് ഓര്‍ത്തഡോക്‌സുകാര്‍. ഭൂരിപക്ഷത്തെ പള്ളിയില്ലാതെ തെരുവില്‍ ഇറക്കി വിട്ടിട്ട് അവര്‍ക്ക് എന്തിനാണ് ഈ പള്ളി? അവര്‍ക്ക് വേറെ പള്ളിയുമുണ്ട്. സമാധാനം കിട്ടാത്തപ്പോഴാ യുദ്ധം ഉണ്ടാവുന്നത്”, പിറവം പള്ളിയിലെ ട്രസ്റ്റിമാരില്‍ ഒരാളുടെ വാക്കുകള്‍.

സുപ്രീംകോടതിയിലെ കേസില്‍ കക്ഷികളേ അല്ലാതിരുന്ന പിറവം പള്ളിയും വിധിയില്‍ ഉള്‍പ്പെട്ടുവെങ്കിലും പള്ളി വിട്ട് നല്‍കാന്‍ തയ്യാറല്ല എന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു പള്ളിയധികാരികളും സഭാ വിശ്വാസികളും. പള്ളിയുടെ അഭിഭാഷകനായ റോയ് അലക്‌സ് പറയുന്നു, “വിധി വന്നതിന് ശേഷം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ പിറവം പള്ളിയെ പ്രത്യേകമായി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. പകരം 1934-ലെ ഭരണഘടന പിന്തുടരാനാണ് നിര്‍ദ്ദേശിച്ചത്. പിറവം പള്ളിയില്‍ 1934-ലെ ഭരണഘടനയനുസരിച്ചുള്ള ഒരു കമ്മിറ്റിയാണ് ഭരിക്കുന്നത്. യഥാര്‍ഥത്തില്‍ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറുക എന്ന് പറയുന്നതില്‍ തന്നെ കാര്യമില്ല. കാരണം ഒരുതരത്തിലുള്ള ഉടമസ്ഥാവകാശം ക്രിയേറ്റ് ചെയ്യുകയോ സ്വത്ത് മാറ്റുകയോ ചെയ്യരുതെന്ന് ജൂലൈ മൂന്നിലെ വിധിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പറയുന്നുണ്ട്. പോലീസ് ഇവിടെ വന്നത് ഈ പള്ളിയിലുള്ളവരെ മുഴുവന്‍ എടുത്ത് മാറ്റിയിട്ട് മറുപക്ഷത്തിന് ഇത് കൊടുക്കാന്‍ വേണ്ടിയാണ്. അങ്ങനെയൊരു പ്രോപ്പര്‍ട്ടി ട്രാന്‍സ്ഫര്‍ ഒരു വിധിയിലും പറഞ്ഞിട്ടില്ല. അതേസമയം പരിക്കോലി, മണ്ണത്തൂര്‍, കോലഞ്ചേരി പള്ളികളില്‍ ഇന്ന വികാരിയെ നിയമിച്ചുകൊണ്ട് വരെ ഉത്തരവായിട്ടുണ്ട്. എന്നാല്‍ പിറവം പള്ളിയെ സംബന്ധിച്ച് ഇതൊന്നും പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല, മതപരമായ കാര്യങ്ങള്‍ എന്നുപറഞ്ഞാല്‍ അവിടെയുള്ള വിശ്വാസികളേയും, കീഴ് വഴക്കങ്ങളേയും എല്ലാം പരിഗണിച്ച് വേണം. ഒരു കോടതിക്കും ജനങ്ങള്‍ക്ക് ലഭിക്കേണ്ട നീതി തടയാന്‍ പറ്റില്ല. കട്ടച്ചിറ പള്ളിയില്‍ മൃതദേഹം പതിനൊന്ന് ദിവസം തെരുവില്‍ വലിച്ചോണ്ട് നടക്കേണ്ട ഗതികേട്, അത് ലോകത്ത് ഏറ്റവും അപരിഷ്‌കൃതമായ സമൂഹത്തില്‍ പോലും നിലനില്‍പ്പില്ലാത്ത കാര്യമാണ്. അവരെന്താണ് ആവശ്യപ്പെട്ടത്? ആ മനുഷ്യന്‍ ജനിച്ച, വിശ്വസിച്ച, ജീവിച്ച ആ വിശ്വാസത്തില്‍ അടക്കപ്പെടണമെന്ന ഏറ്റവും അടിസ്ഥാനപരമായ നീതിയാണ് ആവശ്യപ്പെട്ടത്. അത് നിരാകരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ ദേവാലയങ്ങളിലൊക്കെ വിധി നടപ്പിലാക്കി. അവര്‍ ഇടവകക്കാരെ നിഷേധിക്കുകയാണ്. ഒരു സഭയിലെ വിശ്വാസി, അവന്റെ അച്ഛനേയും അമ്മയേയും അടക്കിയ കല്ലറയിലേക്ക് തന്നെ മരിക്കുമ്പോള്‍ പോവണമെന്നാണ് ആഗ്രഹിക്കുന്നത്. അവിടേക്ക് അവനെ ചെല്ലാന്‍ അനുവദിക്കാതെ, ആ മൃതശരീരം വച്ച് വിലപേശി, അവരുടെ വിശ്വാസത്തെ മുഴുവന്‍ കഴുത്ത് ഞെരിച്ച് കൊന്നിട്ട് മറ്റൊരു വിശ്വാസത്തിലേക്ക് പറിച്ച് നടുന്ന പ്രോസസ് ആണ് ഇപ്പോള്‍ ആ യാക്കോബായ ദേവാലയങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. കാരണം യേശുക്രിസ്തു, ‘പത്രോസേ നീ പാറയാവുന്നു. നിന്റെ പാറമേല്‍ ഞാനെന്റെ ആലയം പണിയും’ എന്ന് പറഞ്ഞ പത്രോസിന്റെ ത്രോണിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആ വിശ്വാസത്തില്‍ നില്‍ക്കുന്ന യാക്കോബായക്കാരെ സെന്റ് തോമസിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. ഓര്‍ത്തഡോക്‌സുകാര്‍ക്ക് ഇതിനടുത്ത് തന്നെ വേറെ ദേവാലയമുണ്ട്. മാത്രമല്ല ഈ ദേവാലയവുമായി ബന്ധപ്പെട്ട്, അടക്കോ, കല്യാണമോ അടക്കമുള്ള കൂദാശകള്‍ അവര്‍ ഇവിടെ വന്ന് അനുഭവിക്കുന്നുണ്ട്. അതിന് ഞങ്ങള്‍ യാതൊരു തടസ്സവും നില്‍ക്കുന്നില്ല. പക്ഷെ മറിച്ച് നാളെ പോലീസ് ഇവിടെ വന്ന് വരിക്കോലിയിലും കോലഞ്ചേരിയിലും ചെയ്യുന്നത് പോലെ ഇവിടെ ചെയ്താല്‍ ഈ ഇടവക വിശ്വാസികള്‍ എവിടെപ്പോവും? ഇവരുടെ മൃതദേഹം എവിടെ അടക്കും? മൃതദേഹം കത്തിച്ച് കളയാനുള്ള മാനസികാവസ്ഥയില്‍ ഞങ്ങള്‍ ഇതേവരെ എത്തിയിട്ടില്ല. നിങ്ങള്‍ക്ക് ആര്‍ക്കും കടന്നുവരാമെന്ന് അവര്‍ പറയും. പക്ഷെ എന്റെ വിശ്വാസത്തില്‍ പെടാത്ത വൈദികന്‍ വന്ന് കുര്‍ബാന അര്‍പ്പിച്ചാല്‍ എനിക്ക് മോക്ഷം കിട്ടുന്നില്ല. 1934-നേക്കാള്‍ പഴക്കമുള്ള പള്ളികളാണ് ഇവിടെയുള്ളത്. ആ പള്ളികള്‍ക്ക് അവകാശവും ആധാരവും അവകാശ പത്രങ്ങളും ഉടമ്പടികളുമുണ്ട്. 1934ലെ ഭരണഘടനയില്‍ ചേരുമ്പോള്‍ ബാക്കിയുള്ള രേഖകളെല്ലാം അപ്രസക്തമാവുമെന്ന ക്ലോസ് അവര്‍ എഴുതി വച്ചിരിക്കുകയാണ്. അത് മനപ്പൂര്‍വ്വം ചെയ്തതാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കിയ പള്ളികളില്‍ യാക്കോബായക്കാര്‍ ശൂന്യതയിലാണ്. അവര്‍ക്ക് എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോവണമെന്നോ അറിയില്ല. ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ സെമിത്തേരിയില്‍ അടക്കണമെങ്കില്‍ ഇരുപത് പേര്‍ മാത്രമേ മൃതദേഹത്തെ അനുഗമിക്കാന്‍ പാടുള്ളൂ എന്ന കാര്യം ലോകത്തെവിടെയുമുണ്ടാവില്ല. നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് ഹോമേജ് കൊടുക്കുക എന്നത് മനുഷ്യരുടെ അവകാശമാണ്. അതിന് അവിടെയൊന്നും അനുവദിക്കുന്നില്ല. പക്ഷെ യാക്കോബായക്കാര്‍ക്ക് ഒരുപാട് കാലം ഇങ്ങനെ നില്‍ക്കാന്‍ കഴിയില്ല. അതിന് സമൂഹത്തിനും സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്.

ഒന്നുകില്‍ കോലഞ്ചേരിക്കാര്‍ ചെയ്തത് പോലെ വേറെ ചാപ്പല്‍ വച്ച് മാറാം. അപ്പോള്‍ ശവക്കോട്ടയുടെ പ്രശ്‌നം വരും. കാരണം ശവക്കോട്ട അങ്ങനെ കിട്ടില്ല. പൂര്‍വികരെ അടക്കിയിരിക്കുന്ന സ്ഥലത്ത് തന്നെ എന്നെയും കൊണ്ട് വയ്ക്കണമെന്നത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. അപ്പോള്‍ സ്വാഭാവികമായും ഇങ്ങോട്ട് വരണ്ടിവരും. അവസാനം ദേവാലയത്തില്‍ വച്ച് വിടചൊല്ലുന്ന ചടങ്ങുണ്ട്. അതിന് പള്ളിയില്‍ വക്കാന്‍ പറ്റില്ല. ആത്മീയ അനുഗ്രഹം വരുന്നത് ഞങ്ങളുടെ വിശ്വാസപ്രകാരം കൈവയ്പ്പിലൂടെയാണ്. അത് അന്ത്യോഖ്യന്‍ സിംഹാസനത്തില്‍ നിന്ന് വരുന്നതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കുമ്പസാരിക്കണമെങ്കിലും അത് വേണം. പക്ഷെ ഇതെല്ലാം ഇവിടെ നിഷേധിക്കപ്പെടും. ഇങ്ങനെ മൗലിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു സമുദായം വേറെ കാണില്ല. പക്ഷെ ഇതിന് ഒരവസാനം വേണം. എന്നും ഇങ്ങനെ യുദ്ധം ചെയ്ത് വെറുപ്പും വിദ്വേഷവുമായി കഴിയാന്‍ പറ്റില്ല. പിടിച്ചെടുക്കാന്‍ വരുമ്പോഴാണ് പ്രശ്‌നം. അവരും ഞങ്ങളും സഹോദരങ്ങളാണ്. പരസ്പരം വിവാഹം കഴിക്കും. ഇന്ത്യയ്ക്ക് പുറത്തും കേരളത്തിന് പുറത്തും ഒരേ പള്ളിയില്‍ രണ്ട് അച്ചന്‍മാരും വരാറുണ്ട്. കേരളത്തിലും വരും. ഇത് കുറച്ച് സ്ഥലങ്ങളിലുള്ള പ്രശ്‌നം മാത്രമാണ്. ആ പ്രശ്‌നം തന്‍മയത്തത്തോടെ കൈകാര്യം ചെയ്യാന്‍ ഞങ്ങളുടെ എതിര്‍ വിഭാഗക്കാര്‍ തയ്യാറാവുന്നില്ല. അതിന് അവര്‍ ചില ന്യായങ്ങള്‍ പറയും. അതെല്ലാം തൊടുന്യായങ്ങളാണ്. പിടിച്ചടക്കിക്കൊണ്ട് വരാന്‍ നോക്കുമ്പോഴാണ് ആളുകളുടെ വികാരത്തെ ഹനിക്കുന്നത്. ഞങ്ങളുടെ വിശ്വാസത്തിന്റെ പുറത്തുകൂടെ പോലീസ് വണ്ടി കയറ്റാനാണ് അവര്‍ നോക്കുന്നത്. ഇവിടെ രണ്ടായിരത്തിലധികം യാക്കോബായ വിശ്വാസികളുണ്ട്. നാളെ കോലഞ്ചേരിയിലെ പോലെ ഒരവസ്ഥയുണ്ടാവും എന്നുള്ളത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയില്ല. നമുക്ക് ഇനി നമ്മുടെ അച്ചന്‍മാരുടെ കുര്‍ബാന കാണാന്‍ പറ്റില്ല, നമുക്കിനി പൂര്‍വ്വികരുടെ ശവമടക്ക് നടത്താന്‍ പറ്റില്ല, നമുക്കിനി പിറവത്ത് ഒരു പള്ളി പോലുമില്ല. അതാണ് അവന്റെ നെഞ്ചിടിപ്പ്. മറ്റുള്ളിടത്ത് ചാപ്പലെങ്കിലും കിട്ടി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സ്ഥലത്തിന്റെ വില എല്ലാം നോക്കുമ്പോള്‍ ഇനി ഒരു പള്ളിയുണ്ടാക്കാന്‍ പറ്റില്ല. അതുകൊണ്ട് യാക്കോബായക്കാര്‍ ഇവിടെ നിന്ന് ഇറങ്ങിക്കൊടുക്കില്ല. കോമണ്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കി ചര്‍ച്ച ചെയ്യണമെന്ന് കോടതിവിധിയില്‍ നിര്‍ദ്ദേശമുണ്ട്. ഇവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാര്‍ കോടതിക്കും സര്‍ക്കാരിനും ആപ്ലിക്കേഷന്‍ നല്‍കി. അതനുസരിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. അവരോട് വരാന്‍ പറഞ്ഞ് കല്‍പ്പനയയച്ചു. പക്ഷെ അവര്‍ വന്നില്ല. ശരിക്കും ഒരു ക്രൈസ്തസമൂഹത്തില്‍ ചെയ്യേണ്ട കാര്യമായിരുന്നു ആ ചര്‍ച്ച. പക്ഷെ അതുണ്ടായില്ല. നടന്നിരുന്നെങ്കില്‍ പ്രശ്‌നത്തിന് പരിഹാരം കാണാമായിരുന്നു. സത്യത്തില്‍ ഇത് അത്ര വിശുദ്ധമായ യുദ്ധമൊന്നുമല്ല. സഭയുടെ ചരിത്രത്തില്‍ നടക്കാന്‍ പാടില്ലാത്ത ഒരു യുദ്ധമാണ്.”

പിറവം വലിയ പള്ളി

എന്നാല്‍ ദേശത്തിന്റെ നിയമത്തിന് ഉപരിയായി കലഹമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പള്ളി അധികാരികളും യാക്കോബായ സഭയും ചെയ്യുന്നതെന്നാണ് ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് മെത്രാപ്പൊലീത്ത ഫാ. തോമസ് മാര്‍ അത്തനാസിയോസ് പറയുന്നത്. “ഇരുവിഭാഗങ്ങളും അംഗീകരിച്ചതാണ് 1934-ലെ ഭരണഘടന. സത്യത്തില്‍ ഇത് വിശ്വാസത്തിന്റെ പ്രശ്‌നമല്ല. രണ്ട് സഭാ വിഭാഗങ്ങളും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ പെട്ടതാണ്. അതുകൊണ്ട് തന്നെ വിശ്വാസപരമായോ, ആരാധനാപരമായോ ഒരു വ്യത്യാസവുമില്ല. 1934ലെ അഡ്മിനിസ്‌ട്രേറ്റീവ് മാന്വല്‍ മാത്രമാണ് വിഷയം. സഭ സമാധാനത്തിലേക്ക് പോയാല്‍ സഭാ അധ്യക്ഷന്‍മാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന ചിന്തകൊണ്ടാണ് ഈ യുദ്ധവും തര്‍ക്കവും. അവരുടെ വികാരത്തിന് അടിപ്പെടുക മാത്രമാണ് വിശ്വാസികളായവര്‍ ചെയ്യുന്നത്. ഇടവക സംവിധാനങ്ങള്‍ രണ്ടാക്കി ഇരുകൂട്ടര്‍ക്കും നല്‍കുക എന്നതൊന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ യോജിച്ച് പോവുകയാണ് എളുപ്പം. അവരോടാരോടും പുറത്ത് പോവണമെന്ന് പറയുകയോ, പുറത്തു കളയുകയോ ചെയ്യുന്നില്ല. അവരും കൂടി അംഗീകരിച്ച ഭരണഘടനയെ ഉള്‍ക്കൊണ്ട്, പാത്രിയാര്‍ക്കിസ് വിഭാഗത്തിലുള്ളവര്‍ തിരിച്ച് വരണമെന്നും സഭയോട് യോജിച്ച് വരണമെന്നുമേ ഞങ്ങള്‍ പറയുന്നുള്ളൂ. പള്ളി നഷ്ടപ്പെടുമെന്ന് പറയുന്നത് ഭരണഘടന പ്രകാരമുള്ള അവരുടെ അവകാശം ഉപയോഗിക്കാത്തതുകൊണ്ട് മാത്രമാണ്. ഭരണഘടന അംഗീകരിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് സഭ. അത് അംഗീകരിക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് സെമിത്തേരി പോലും നല്‍കേണ്ട കാര്യമില്ല. ഒരു സഭയില്‍ നിന്ന് ഭിന്നതയുണ്ടായി മാറിപ്പോയവര്‍ക്ക് സാധാരണ കല്ലറയുടെ അവകാശം കൊടുക്കാറില്ല. ഇവിടെ രണ്ട് കൂട്ടരും ഒന്നിച്ച് കഴിഞ്ഞിരുന്നവരാണ്. പിന്നീടാണ് യോജിപ്പില്ലാതായത്. 1995ല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി കോടതി വിധിയുണ്ടായപ്പോള്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് രമ്യതയില്‍ പോവാനും സഭാ യോജിപ്പിനും ശ്രമിച്ചവരാണ് ഓര്‍ത്തഡോക്‌സുകാര്‍. അന്ന് ഞാന്‍ യാക്കോബായ വിഭാഗക്കാരനായിരുന്നു. ഞാനടക്കം നാല് ബിഷപ്പുമാര്‍ അന്ന് സഭാ യോജിപ്പിനായി ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രേഷ്ഠ കാതോലിക്ക ബാവ അനുരഞ്ജന ശ്രമത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അന്ന് ഞാന്‍ ബാവാ കക്ഷികളുടെ മെത്രാച്ചന്‍ ആയിരുന്നു. ഇനി വഴക്കിന് പോവാതെ ഒന്നിച്ച് നില്‍ക്കണം എന്ന തോന്നലില്‍ നിന്നാണ് സഭാ യോജിപ്പിന് അനുകൂലമായ നിലപാടെടുത്തത്. പിന്നീട് ഞാന്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തേക്ക് മാറി. ആരാധനയ്ക്കായി ഞാന്‍ പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ വന്നപ്പോള്‍ അവിടെ പ്രതിഷേധത്തിന് സൗകര്യമുണ്ടാക്കി നല്‍കിയത് പോലീസുകാര്‍ തന്നെയാണ്. ബാരിക്കേഡുകള്‍ നേരത്തെ കൊണ്ടിട്ട് യാക്കോബായ വിശ്വാസികളെ പള്ളിയിലെത്തിക്കാന്‍ സഹായിച്ചു. ആ ഇടവകക്കാര്‍ മാത്രമല്ല അന്ന് പള്ളിയിലേക്ക് വന്നത്. അടുത്തകാലത്തെങ്ങും രണ്ട് കൂട്ടത്തിലേയും ബിഷപ്പുമാര്‍ അവിടെ പോവാറില്ല. എന്നാല്‍ അന്ന് അവര്‍ അവിടെ കയറിയിറങ്ങി. പോലീസുകാരുടെ ജാഗ്രതക്കുറവും പ്രാവണ്യമില്ലായ്മയുമാണ് അന്നത്തെ പ്രതിഷേധത്തിന് വഴിവച്ചത്.”

കോതമംഗലം പള്ളി

യാക്കോബായക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കിയ പള്ളിയാണ് തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി എന്ന് യാക്കോബായ വിഭാഗവും, അതല്ല എന്നതിന്റെ ചരിത്ര രേഖകള്‍ ഉണ്ടെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും പറയുന്നു. എന്നാല്‍ അതിലെല്ലാമുപരി സുപ്രീംകോടതി വിധിയാണ് നടപ്പിലാവേണ്ടതെന്നും ഓര്‍ത്തഡോക്‌സ് വൈദികര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഭരണഘടനയോ, വിധിയോ ഒന്നും അറിയണ്ട, പള്ളി വിട്ടുകൊടുക്കാനോ ഓര്‍ത്തഡോക്‌സ് വൈദികനെ പള്ളിക്കകത്ത് കയറ്റാനോ തയ്യാറല്ലെന്ന് യാക്കോബായ വിശ്വാസികള്‍ പറയുന്നു. സെന്റ് ബസലിയോസ് എല്‍ദോയെ അടക്കം ചെയ്ത പള്ളി കൂടിയായതിനാല്‍ വിശ്വാസപരമായി കോതമംഗലം പള്ളിയുടെ പ്രാധാന്യം ഏറെയാണ്. എന്നാല്‍ കേരളത്തിലെ ഏറ്റവും സമ്പത്തുള്ള പള്ളികളില്‍ ഒന്ന് കോതമംഗലം ആണെന്നതും അധികാരത്തര്‍ക്കത്തിന് മൂര്‍ച്ച കൂട്ടുന്നു. കോളേജുകളും, സ്‌കൂളുകളും, ഡന്റല്‍, നഴ്‌സസ് കോളേജുകളും പള്ളിയുടെ അധീനതയിലുണ്ട്.

യാക്കോബായ വൈദിക ട്രസ്റ്റി ഫാ. സ്ലീബാ പോള്‍ വട്ടവേലില്‍ പറയുന്നത്, “കോതമംഗലം പള്ളി 700 വര്‍ഷം പഴക്കമുള്ള പള്ളിയാണ്. യാക്കോബായ വിശ്വാസികള്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ പള്ളി. 1856-ല്‍ കൂനന്‍ കുരിശ് സത്യം കഴിഞ്ഞ് അന്ത്യോഖ്യയ പാത്രിയാര്‍ക്കിസ് ബാവ എല്‍ദോ മാര്‍ ബസേലിയോസ് എന്ന ബാവയെ കേരളത്തിലേക്കയച്ചു. 133 വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. അന്ന് അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ഇവിടെയെത്തി 10 ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം കാലം ചെയ്തു. കാലം ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന് ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഒരു തെങ്ങ് വളഞ്ഞുവന്നു എന്നും അതില്‍ നിന്ന് തേങ്ങ വെട്ടി വെള്ളം നല്‍കുകയും അദ്ദേഹം കാലം ചെയ്യുകയുമായിരുന്നു എന്നാണ് വിശ്വാസം. ഇടവകക്കാരില്‍ 2500 കുടുംബങ്ങളില്‍ 20 വീടുകള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാവരും യാക്കോബായ വിശ്വാസികളാണ്. ഒരു കോടതി വിധി വന്നതുകൊണ്ട് അവരുടെ വിശ്വാസം ഇല്ലാതാക്കി പള്ളി വിട്ട് നല്‍കാന്‍ കഴിയില്ല. ജനഹിതം മനസ്സിലാക്കാതെ വിധിച്ചാല്‍ ഇതായിരിക്കും അവസ്ഥ. കോടതി വിധി കൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ല. വേറൊന്ന്, ഞങ്ങളുടെ പള്ളികള്‍ വിട്ട് നല്‍കിയാല്‍ ഞങ്ങള്‍ എങ്ങോട്ട് പോവും? അതുകൊണ്ട് ഇനി ഒരു പള്ളിയും വിട്ടുനല്‍കില്ല.”

പള്ളിയില്‍ രണ്ട് തവണ പ്രവേശിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് മടങ്ങിയ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. “1995ല്‍ കോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വന്നപ്പോള്‍ വിധി നടപ്പാക്കാനായി എക്‌സിക്യൂഷന്‍ പറ്റീഷന്‍ കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. രണ്ട് ഇടവകക്കാരാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും യക്കോബായ വിഭാഗത്തിന് അനുകൂലമായി വിധിച്ചു. സുപ്രീം കോടതി ആ വിധി ശരിവച്ചു. പിന്നീട് ഞാന്‍ സ്വന്തം നിലയ്ക്ക് ഹര്‍ജി നല്‍കി. എന്നാല്‍ അതും ഫലം കണ്ടില്ല. കോടതികള്‍ കയറിയിറങ്ങി അവസാനം സുപ്രീം കോടതി മറ്റൊന്നും പറയാതെ ഹര്‍ജി തള്ളി എന്ന് മാത്രം പറഞ്ഞു. പിന്നീട് ഇക്കാര്യത്തില്‍ ഞങ്ങള്‍ അനങ്ങാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് 2017ലെ വിധി വരുന്നത്. അതിന് ശേഷമാണ് വിധി നടപ്പാക്കണമെന്ന് ഹര്‍ജി നല്‍കിയതും. മുന്‍സിഫ് കോടതി അനുകൂല വിധി നല്‍കുന്നതും. എന്നാല്‍ ഇതനുസരിച്ച് പള്ളിയിലെത്തിയ എന്റെ അനുഭവങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ഇനി, ബസാലിയോസ് ബാവ സിറിയന്‍ ബിഷപ്പ് ആയിരുന്നു എന്നാണല്ലോ അവരുടെ വാദം. പക്ഷെ അദ്ദേഹം പേര്‍ഷ്യന്‍ ബിഷപ്പ് ആയിരുന്നു. 1947ലാണ് കോതമംഗലം ബാവയേയും പരുമല തിരുമേനിയേയും വിശുദ്ധരാക്കി പ്രഖ്യാപിക്കുന്നത്. എന്നാല്‍ കോതമംഗലം ബാവയെ വിശുദ്ധനാക്കി പ്രഖ്യാപിക്കാന്‍ യാക്കോബായക്കാര്‍ തയ്യാറായിരുന്നില്ല. അതിന്റെ കാരണം അദ്ദേഹം സിറിയന്‍ ബിഷപ്പ് അല്ല എന്നതായിരുന്നു. ബലിയര്‍പ്പിക്കുന്ന ‘മത്തഹ’യിലാണ് ബസാലിയോസ് ബാവയെ അടക്കിയിരിക്കുന്നത്. എന്നാല്‍ സിറിയന്‍ പാരമ്പര്യത്തില്‍ ‘മത്തഹ’യില്‍ അടക്കില്ല. പള്ളിയില്‍ ചെന്നാല്‍ അറിയാം, ഇപ്പോള്‍ മത്തഹ രണ്ട് തട്ടാക്കിയിരിക്കുകയാണ്. ആദ്യം മത്തഹയായിരുന്ന പ്രദേശം രണ്ടാക്കി. ഒരു തട്ട് മത്തഹയും മറ്റേത് അടക്കിയ സ്ഥലവും. അതവര്‍ പിന്നീട് ചെയ്തതാണ്. എന്നിട്ട് 1982ല്‍ വിശുദ്ധനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ട് ആ പാരമ്പര്യം അവകാശപ്പെടാന്‍ അവര്‍ക്ക് പറ്റില്ല.”

കോതമംഗലം പള്ളി

ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പള്ളിയില്‍ ആരാധന നടത്താന്‍ സംരക്ഷണം നല്‍കണമെന്നും, കോടതി വിധി നടപ്പാക്കണമെന്നും പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം മൂലം അതിനായിട്ടില്ല.

‘എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ബോംബായി’ കോലഞ്ചേരി പള്ളി

2017ലെ വിധി വന്നതിന് തൊട്ടു പുറകെ യാക്കോബായ വിഭാഗക്കാര്‍ കോലഞ്ചേരി പള്ളിയില്‍ നിന്നൊഴിഞ്ഞു. പള്ളിയോട് ചേര്‍ന്നുള്ള ചാപ്പല്‍ ആണ് ഇപ്പോള്‍ ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളുടെ ആരാധനാലയം. സമാധാന അന്തരീക്ഷം പുലരുന്ന പള്ളി എന്ന് ഓര്‍ത്തഡോക്‌സ് വൈദികര്‍ പറയുന്നു. എന്നാല്‍ ഏത് സമയവും പൊട്ടാവുന്ന പുകയുന്ന ഒരു ബോംബാണ് കോലഞ്ചേരി പള്ളി എന്ന് യാക്കോബായ വിശ്വാസികളും പറയുന്നു. ശവസംസ്‌കാരത്തിന് 20 പേരുടെ തലയെണ്ണിക്കയറ്റുന്ന, വൈദികരെ സെമിത്തേരിയിലേക്കോ പള്ളിയിലേക്കോ പ്രവേശിപ്പിക്കാത്ത ഓര്‍ത്തഡോക്‌സ് വിഭാഗം തങ്ങളോട് ക്രൂരതയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അവരുടെ പക്ഷം. എന്നാല്‍ രണ്ട് കൂട്ടരും യോജിച്ച് കുര്‍ബാന നടത്തിയിരുന്ന പള്ളിയില്‍ കേസിന് പോയത് യാക്കോബായക്കാര്‍ തന്നെയാണെന്നും അവര്‍ പരാജയപ്പെട്ടതിന് ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ ഉത്തരവാദികളല്ലെന്നും ഓര്‍ത്തഡോക്‌സ് വൈദികരും വാദിക്കുന്നു. ശവസംസ്‌ക്കാരം നടത്തുന്നതിനുള്ള നിബന്ധനകളിലും, തങ്ങള്‍ ചെറിയ രണ്ട് കുടുസ്സുമുറികളിലേക്ക് ചുരുങ്ങിപ്പോയതിന്റെ വേദനകളുമാണ് യാക്കോബായ വിഭാഗക്കാര്‍ പങ്കുവച്ചത്.

സര്‍ക്കാരുകള്‍ക്കും കോടതിക്കും വരെ തലവേദനയാകും വിധം മലങ്കര സഭാ തര്‍ക്കം മാറിയത് കോലഞ്ചേരി പള്ളി കേന്ദ്രീകരിച്ചാണ്. 1912ല്‍ തന്നെ കോലഞ്ചേരി പള്ളിയിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടായിരുന്നു. കോലഞ്ചേരിക്കാരനായ മുറിമറ്റത്തില്‍ ബാവയെ കാതോലിക്കയായി മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചതാണ് ഇതിന് കാരണം. ഇതോടെ അന്ത്യോഖ്യ പാത്രിയാര്‍ക്കീസിന് വിരുദ്ധമായി നില്‍ക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പള്ളി ഭരണസമിതി 1913ല്‍ ഉടമ്പടിയുണ്ടാക്കി. അത് നടപ്പിലാക്കുകയും ചെയ്തു. സഭയിലെ സമാധാന കാലഘട്ടമൊഴികെ മറ്റെല്ലാ കാലവും കോലഞ്ചേരിയില്‍ സംഘര്‍ഷത്തിന്റെ നാളുകള്‍ കൂടിയായിരുന്നു.

കോലഞ്ചേരി പള്ളിയിലെ വൈദികന്‍ ഫാ. ജേക്കബ് കുര്യന്‍ പറയുന്നു: “കലാപ കലുഷിതമായ അന്തരീക്ഷം ഈ പള്ളിയേയും ബാധിച്ചിട്ടുണ്ട്. 1998ല്‍ പള്ളി അടയ്ക്കപ്പെടുകയുമുണ്ടായി. 1995ല്‍ സുപ്രീംകോടതി സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു. 1934ലെ ഭരണഘടന അംഗീകരിച്ചുകൊണ്ട്. അതോടെ മറുവിഭാഗത്തില്‍ പെട്ട ചിലരെല്ലാം ഈ സഭയില്‍ ചേരുകയുമുണ്ടായി. അങ്ങനെ ചേര്‍ന്ന് ഈ സഭയില്‍ സമാധാനമുണ്ടായി. എന്നാല്‍ 98-ല്‍ അത് തകര്‍ന്നു. എട്ട് വര്‍ഷത്തോളം പള്ളി അടച്ചിട്ടു. വീണ്ടും 2006ല്‍ പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലുണ്ടായ ധാരണ പ്രകാരം ദേവാലയം തുറന്നു. രണ്ട് ആഴ്ച ഓര്‍ത്തഡോക്‌സ് വിഭാഗവും ഒരാഴ്ച മറുവിഭാഗവും ആരാധന നടത്തി വന്നു. എന്നാല്‍ 2007ല്‍ കോലഞ്ചേരി പള്ളിക്ക് 1934ലെ ഭരണഘടന ബാധകമല്ല എന്ന് പറഞ്ഞുകൊണ്ട് മറുവിഭാഗം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. അതിന് 2010ല്‍ ഇടക്കാല വിധിയുണ്ടായത്, ഓര്‍ത്തഡോക്‌സ് വിഭാഗക്കാരാണ് പള്ളിയുടെ യഥാര്‍ഥ അവകാശികളെന്നും എന്നാല്‍ ഒര്‍ജിനല്‍ സ്യൂട്ടില്‍ വിധിയുണ്ടാവുന്നത് വരെ പള്ളിയുടെ കാര്യങ്ങള്‍ പറയുന്നില്ല എന്നുമാണ്. പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരിക്ക് അവകാശപ്പെട്ടതാണെന്നും ഇടക്കാല വിധിയില്‍ പറഞ്ഞിരുന്നു. 2011ല്‍ ഒറിജിനല്‍ സ്യൂട്ട് വിധിയാവുകയും 1934ലെ ഭരണഘടന പള്ളിക്ക് ബാധകമാണെന്നും അത് അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ കേസ് കൊടുക്കാന്‍ പോലും അധികാരമുള്ളൂ എന്നും കോടതി വിധിച്ചു. ഹൈക്കോടതിയും ജില്ലാ കോടതിയുടെ വിധി ശരിവച്ചു. എന്നാല്‍ പിന്നീട് അവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി. 2017ല്‍ സുപ്രധാനമായ വിധി പ്രസ്താവിച്ചു. 1995ലെ വിധി ഇടവക പള്ളികള്‍ക്ക് ബാധകമല്ല എന്ന് വാദിച്ചുകൊണ്ടായിരുന്നു മറുവിഭാഗം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത്. 2002ല്‍ അവര്‍ ഭരണഘടന ഉണ്ടാക്കുകയും അതിന് കീഴിലാണ് ഈ പള്ളിയെന്നുമായിരുന്നു അവരുടെ വാദം. എന്നാല്‍ സുപ്രീംകോടതി 1934ലെ ഭരണഘടനയെ അംഗീകരിക്കുക മാത്രമല്ല പാരലല്‍ അഡ്മിനിസ്‌ട്രേഷന്‍ പാടില്ല എന്ന് പറയുകയും ചെയ്തു. എന്നാല്‍ മലങ്കര സഭ ഏതെങ്കിലും ഒരു വിശ്വാസിയെ പുറത്താക്കാനല്ല ഈ വിധിയിലൂടെ ഉദ്ദേശിക്കുന്നത്. മറിച്ച് സഭയില്‍ ശാശ്വതമായ സമാധാനം ഉണ്ടാവണം എന്ന് മാത്രമേയുള്ളൂ. എന്നാല്‍ സുപ്രീംകോടതി വിധി വന്നതിന് ശേഷവും മറുവിഭാഗം അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കോതമംഗലത്തും പിറവത്തും കട്ടച്ചിറയിലുമെല്ലാം അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പൊതുസമൂഹത്തെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. മറുവിഭാഗത്തിന്റെ ശവസംസ്‌ക്കാരം നടത്താന്‍ അനുവദിക്കുന്നത് കോടതിവിധിക്ക് വിരുദ്ധമായാണ് നടക്കുന്നത്. അത് ഒരു മാനുഷിക പരിഗണന നല്‍കി, ജില്ലാ ഭരണകൂടം ഇരുപത് പേരില്‍ കൂടുതലാവാതെ സംസ്‌കാരം നടത്താന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സഭയില്‍ ശാശ്വതമായ സമാധാനം ഉണ്ടാവാന്‍ പ്രാപ്തമാണ് സുപ്രീംകോടതി വിധി. ഇവിടെ വളരെ സമാധാനപരമായ അന്തരീക്ഷത്തിലാണ് പോവുന്നത്.”

കോലഞ്ചേരി പള്ളി

എന്നാല്‍ യാക്കോബായ പള്ളിയിലെ വൈദികന്‍ ഫാ. ദിനു അമ്പാട്ട് പറഞ്ഞത് ഇതിന് വിരുദ്ധമായ കാര്യങ്ങളാണ്. “1934ലെ ഭരണഘടന അംഗീകരിച്ചുകൊണ്ടുള്ള വിധി വരുമ്പോള്‍ തന്നെ ആ ഭരണഘടന അംഗീകരിക്കാന്‍ പൂര്‍ണമായും സാധിക്കണമെന്നതാണ്. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ആണ് സഭയുടെ തലവന്‍ എന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. നിലവില്‍ ഓര്‍ത്തഡോക്‌സ വിഭാഗം 1934ലെ ഭരണഘടന അവര്‍ക്ക് മാത്രം അനുകൂലമെന്ന തരത്തില്‍ വളച്ചൊടിച്ചാണ് പോവുന്നത്. തല്‍ക്കാലം ഇവിടെ പ്രശ്‌നമില്ല എന്ന് പറയാന്‍ പറ്റില്ല. കാരണം മരണാനന്തര ശുശ്രൂഷകള്‍ പോലും അവര്‍ തടസ്സപ്പെടുത്താറുണ്ട്. ഇവിടെ സമാധാനമായിട്ടാണ് പോവുന്നതെന്നും, സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ എപ്പോഴും പറയും. ഇടവക പള്ളികള്‍ക്കുള്ള പ്രോപ്പര്‍ട്ടീസ് ഇടവകക്കാരന്റെയാണെന്ന് പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ സെമിത്തേരിയുള്‍പ്പെടെ ഇടവകക്കാര്‍ക്ക് അവകാശപ്പെട്ടതാണ്. വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കുന്ന വേദന, അത് ഒരിക്കലും മായ്ക്കാന്‍ പറ്റാത്തതാണ്. പ്രശ്‌നത്തിന് പോവാന്‍ സാധ്യതയില്ലാത്തതല്ല. പക്ഷെ പരമാവധി ക്ഷമിച്ച് ക്ഷമിച്ച് ഇരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബ് തന്നെയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ ശുശ്രൂഷയാണ് മരണാനന്തര ശുശ്രൂഷ. അതിന് കാര്‍മ്മികത്വം വഹിക്കേണ്ടത് വൈദികരാണ്. ആ വൈദികരെ അവിടേക്ക് പ്രവേശിപ്പിക്കാതെ, ഒരു മൃഗത്തെ കുഴിച്ചിടുന്ന മട്ടിലാണ് ഞങ്ങളുടെ ആളുകളുടെ മരണാനന്തര ചടങ്ങുകള്‍ നടത്തപ്പെടുന്നത്. പ്രാര്‍ഥന പള്ളിയില്‍ നടത്തിയാലും കബറിടത്തില്‍ നടത്തേണ്ടുന്ന ധൂപപ്രാര്‍ഥന, 30, 40 ദിനങ്ങളില്‍ നടത്തുന്ന പ്രാര്‍ഥന… ഇതൊന്നും അവര്‍ക്ക് ലഭ്യമാവാതെ വരികയാണ്. 1418 വീട്ടുകാര്‍ ഞങ്ങളും അറുന്നൂറിലേറെ വീട്ടുകാര്‍ അവര്‍ക്കുമുണ്ട്. അവരുടെ കൂട്ടത്തിലെ പഴയ ഓര്‍ത്തഡോക്‌സുകാരും മുന്‍ വികാരിയുമെല്ലാം മരണാനന്തര ശുശ്രൂഷ ചെയ്യാന്‍ യാക്കോബായക്കാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഇപ്പോഴത്തെ വികാരിയും പുറത്ത് നിന്ന് വന്ന് താമസിക്കുന്നവരും ഇപ്പോള്‍ പുതുതായി സഭയില്‍ ചേര്‍ന്നവരുമെല്ലാം ആണ് പ്രശ്‌നമുണ്ടാക്കുന്നത്. അതുകൊണ്ട് ഇവിടെ ശാന്തമാണ് എന്നൊന്നും പറയുന്നത് ശരിയല്ല. ഞങ്ങള്‍ പരമാവധി ദു:ഖവും സങ്കടവുമെല്ലാം അടക്കിപ്പിടിച്ചിരിക്കുകയാണ്. പക്ഷെ അത് എപ്പോള്‍ വേണമെങ്കിലും പുറത്തെത്താം. കാരണം ഇപ്പോള്‍ മറ്റ് പല പള്ളികളും നഷ്ടപ്പെടുമെന്ന് വരുമ്പോള്‍ ആളുകള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല.

സഭകളുടെ ചരിത്രം, പോരിന്റെയും

1345-ല്‍ സിറിയന്‍ കുടിയേറ്റത്തിന് ശേഷം ക്‌നാനായ തൊമ്മന്റെ നേതൃത്വത്തില്‍ 99 കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിക്കുന്നു. എന്നാല്‍ ഒരു സഭാ നേതൃത്വം ഉണ്ടായിരുന്നില്ല. പല സ്ഥലത്തേക്കും കുറിമാനങ്ങള്‍ അയച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. പിന്നീട് ക്രിസ്തുവിന്റെ ശിഷ്യനായ പത്രോസിന്റെ നാല് സിംഹാസനങ്ങള്‍ അഥവാ പാത്രിയേക്കിസ് (അന്ത്യോഖ്യ, അലക്‌സാണ്ട്രിയ, കോണ്‍സ്റ്റാന്റിനേപ്പിള്‍, റോം) സഭയുടെ കീഴില്‍ ഇവരെ ഏറ്റെടുത്തു. അങ്ങനെ അന്ത്യോഖ്യ പാത്രിയാര്‍ക്കിസ് സഭയായി അത് അറിയപ്പെട്ടു. സഭാ വഴക്കും കോടതി വ്യവഹാരവും ഇരു സഭകളായി പിരിയുന്നതിന് മുമ്പ് തന്നെ സഭയെ വേട്ടയാടി. ഇതില്‍ ആദ്യത്തേതാണ് 1887-ല്‍ ആരംഭിച്ച് 1889 തിരുവിതാംകൂര്‍ റോയല്‍ കോര്‍ട്ട് വിധിയോടെ അവസാനിച്ച സെമിനാരിക്കേസ്. പുലിക്കാട്ടില്‍ ജോസഫ് മാര്‍ ദ്യുവന്നാസ്യോയ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായും പിന്നീട് മാര്‍ത്തോമാസഭ എന്നറിയപ്പെട്ട നവീകരണ വിഭാഗത്തിന്റെ സ്ഥാപകന്‍ പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസും തമ്മിലുള്ളതായിരുന്നു ആ കേസ്. കേസില്‍ മാര്‍ ദ്യുവന്നാസ്യോസ് അഞ്ചാമന്‍ കേസില്‍ വിജയിച്ചു. എന്നാല്‍ അദ്ദേഹത്തെ കേസില്‍ പിന്തുണച്ചിരുന്ന അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് പത്രോസ് തൃതീയന് കോടതിവിധി തിരച്ചടിയായി. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് മലങ്കര സഭയില്‍ ലൗകികാധികാരം (ടെംപറല്‍ അതോറിറ്റി) ഇല്ലെന്നും, മലങ്കര അസോസിയേഷന്റെ തിരഞ്ഞെടുപ്പ് കൂടാതെ ആര്‍ക്കും മെത്രാന്‍ പട്ടം നല്‍കാന്‍ പാടില്ലെന്നും മലങ്കര മെത്രോപ്പോലീത്ത സ്വദേശിയായിരിക്കണമെന്നും കോടതി വിധിയില്‍ പ്രസ്താവിച്ചു.

എന്നാല്‍ പത്രോസ് തൃതീയന്‍, അന്ത്യോഖ്യാ പാത്രിയാര്‍ക്കീസിന് മലങ്കരയില്‍ ലൗകികാധികാരം ഉണ്ടെന്ന് മലങ്കര മെത്രാപ്പോലീത്തയും അസോസിയേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയും രജിസ്റ്റര്‍ ചെയ്ത ഉടമ്പടി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തിന് അവര്‍ വഴങ്ങിയില്ല. ഇതോടെ അധികാര കേന്ദ്രീകരണത്തിനായി അന്ത്യോഖ്യയും മലങ്കരയും തമ്മിലുള്ള പോര് ശക്തമായി. ഇതേച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ 1911ല്‍ അബ്ദുള്‍ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ, മാര്‍ ദിവന്നാസിയോയ് ആറാമനെ മുടക്കി. ഇതോടെ പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്നവര്‍ ബാവ കക്ഷിയെന്നും മലങ്കര മെത്രാപ്പൊലീത്തയെ അനുകൂലിക്കുന്നവര്‍ മെത്രാന്‍ കക്ഷിയും എന്ന പേരില്‍ 1912-ല്‍ മലങ്കര സഭ ചേരി തിരിഞ്ഞു.

1912 മുതല്‍ 1928 വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് പിന്നീട് സഭ സാക്ഷിയായി. ഇതേസമയം അന്ത്യോഖ്യയിലുണ്ടായ അധികാരത്തര്‍ക്കങ്ങള്‍ക്കൊടുവില്‍ പാത്രിയര്‍ക്കീസ് ബാവയായിരുന്ന അബ്ദുള്‍ മിശിഹയെ സ്ഥാനഭ്രഷ്ടനാക്കി അബ്ദുള്‍ ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ആയി. ഈ അവസരം മെത്രാന്‍ അനുകൂലികള്‍ വേണ്ടവിധം ഉപയോഗിച്ചു. സ്ഥാനഭൃഷ്ടനാക്കിയ ബാവയെ മലങ്കരയിലേക്ക് കൊണ്ടുവന്നു. നിരണത്ത് വച്ച് അദ്ദേഹത്തെക്കൊണ്ട് മാര്‍ ഇവാനിയോസിനെ കാതോലിക്ക ബാവയായി വാഴിക്കുകയും സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുകയും ചെയ്തു. 1932ല്‍ വട്ടശേരിയില്‍ മാര്‍ ദിവന്നാസിയോസ് ആറാമന്‍ പിന്‍ഗാമിയെ വാഴിക്കാതെ കാലംചെയ്തു. 32-ല്‍ മലങ്കര അസോസിയേഷന്‍ യോഗം ചേര്‍ന്നെങ്കിലും യാക്കോബായ വിഭാഗക്കാരെ യോഗത്തിലേക്ക് വിളിച്ചില്ല. എന്നാല്‍ പിന്നീട് 1934 ഡിസംബറില്‍ കോട്ടയം എംഡി സെമിനാരിയില്‍ മലങ്കര അസോസിയേഷന്‍ യോഗം ചേര്‍ന്നു. ബസേലിയോസ് ഗീവര്‍ഗീസ് കാതോലിക്ക ബാവയെ മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കുകയും ചെയ്തു. ആ യോഗത്തില്‍ മലങ്കര സഭാ ഭരണഘടന പാസ്സാക്കുകയും ചെയ്തു. അതാണ് 1934ലെ ഭരണഘടന. വീണ്ടും ഇരു വിഭാഗവും കേസുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. മെത്രാന്‍ കക്ഷിക്കായിരുന്നു അതില്‍ വിജയം. 1958ലും ബാവാക്കക്ഷികള്‍ക്കെതിരായ സുപ്രീംകോടതി വിധി വന്നു. 1934ലെ അസോസിയേഷന്‍ തീരുമാനം ശരിവച്ചുകൊണ്ടുള്ളതായിരുന്നു ആ വിധി. ആ വര്‍ഷമാണ് പരസ്പര സ്വീകരണ കല്‍പ്പന ഇരുവിഭാഗങ്ങളും കൈമാറുന്നത്. ഭരണഘടന പ്രകാരം പാത്രിയാര്‍ക്കീസ് ബാവ തന്നെയാണ് സഭാ അധിപന്‍ എന്നും അദ്ദേഹത്തെ സ്വീകരിക്കുമെന്നും കല്‍പ്പനയില്‍ എഴുതിയിരുന്നു. സ്വീകരിക്കുന്നതിനാല്‍ നാം പ്രസാദിച്ചിരിക്കുന്നു എന്ന് തിരിച്ചും പാത്രിയാര്‍ക്കിസ് ബാവ കല്‍പ്പന നല്‍കി. അങ്ങനെ ഇരുസഭകളും യോജിച്ചു.

1964 മെയ് 22ന് യാക്കോബ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവ കോട്ടയത്ത് വച്ച് ഔഗേന്‍ തീമോത്തിയോസിനെ സംയുക്ത കാതോലിക്കയാക്കുകയും ചെയ്തു. യോജിച്ച സഭയുടെ ആദ്യത്തെ കാതോലിക്കയായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹം പാത്രിയാര്‍ക്കീസിനെ തനിക്ക് സമനായാണ് കണ്ടത്. പാത്രിയാര്‍ക്കീസിനെ തനിക്ക് മുകളില്‍ കാണാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും സഭയ്ക്കുള്ളില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു. 12 വര്‍ഷത്തെ സമാധാനത്തിനും യോജിപ്പിനും ശേഷം സഭ വീണ്ടും പിളര്‍പ്പിലേക്ക് അടുത്തു. 1972 സഭ പിളര്‍ന്നു.

തുടര്‍ന്ന് ബാവാ കക്ഷിയില്‍ പെട്ട തോമസ് മാര്‍ ദിവന്നാസിയോസ്, കുര്യാക്കോസ് മാര്‍ കൂറിലോസ്, ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് എന്നിവരെ 1974 ഫിബ്രവരി 24ന് ഡമസ്‌കസില്‍ വച്ച് യോക്കോബ് തൃതീയന്‍ പാത്രിയാര്‍ക്കിസ് ബാവ മെത്രാപ്പോലീത്തമാരായി വാഴിച്ചു. 1975 സെപ്തംബര്‍ ഏഴിന് കണ്ടനാട് മെത്രാപ്പോലീത്തയായിരുന്ന പൗലോസ് മാര്‍ പീലക്‌സിനോസിസിനെ ബസാലിയോസ് പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്ക ബാവയായും വാഴിച്ചു. വീണ്ടും കേസുകളും കോടതി വ്യവഹാരങ്ങളും ആരംഭിച്ചു. പരസ്പരം പോരും സംഘര്‍ഷവും പതിവായി. ഇതിനിടെയാണ് 1995ല്‍ കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത്. 1934ലെ മലങ്കര സഭാ ഭരണഘടനയെ അംഗീകരിക്കുന്നതായിരുന്നു വിധി. ഈ വിധി നടപ്പാക്കുന്നതിനായി ഓര്‍ത്തഡോക്‌സ് വിഭാഗം നിരവധി ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് 2002 മാര്‍ച്ചില്‍ സുപ്രീംകോടതി നിരീക്ഷകനായിരുന്ന ജസ്റ്റിസ് മളീമഠിന്റെ സാന്നിധ്യത്തില്‍ പരുമലയില്‍ മലങ്കര അസോസിയേഷന്‍ വിളിച്ച് ചേര്‍ത്തു. എന്നാല്‍ പാത്രിയാര്‍ക്കീസ് വിഭാഗം ഈ അസോസിയേഷന്‍ ബഹിഷ്‌ക്കരിച്ചുകൊണ്ട് പുത്തന്‍കുരിശില്‍ മറ്റൊരു അസോസിയേഷന്‍ വിളിച്ച് ചേര്‍ത്തു.യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ രൂപവത്ക്കരിച്ചത് ആ യോഗത്തിലാണ്. സൊസൈറ്റീസ് ആക്ട് അനുസരിച്ച് 2002 ജൂലൈ അഞ്ചിന് കോതമംഗലത്ത് രജിസ്റ്റര്‍ ചെയ്തു. പ്രത്യേകം ഭരണഘടനയും ഉണ്ടാക്കി. 2002 ജൂലൈ 26ന് തോമസ് മാര്‍ ദിവന്നാസിയോസിനെ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ എന്ന പേരില്‍ കാതോലിക്കയായും വാഴിച്ചു. ഭദ്രാസന ചുമതലയുള്ളവരും ഇല്ലാത്തവരുമായി 32 മെത്രാപ്പോലീത്തമാര്‍ യാക്കോബായ സഭയിലുണ്ട്.

1934ലെ ഭരണഘടനയും വിധിയും

1934ലെ ഭരണഘടനയുണ്ടാക്കുമ്പോള്‍ സഭയുടെ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവയായിരുന്നു. എന്നാല്‍ പിന്നീട് പല വിധ ഭേദഗതികള്‍ ഭരണഘടനയില്‍ വന്നു എന്ന് യാക്കോബായ വിഭാഗം ആരോപിക്കുന്നു. പാത്രിയാര്‍ക്കീസ് ബാവയ്ക്ക് ആത്മീയാധികാരം മാത്രമാക്കി പിന്നീട്. എന്നാല്‍ ഇപ്പോള്‍ അതും നിലനില്‍ക്കുന്നില്ല എന്നാണ് യാക്കോബായ വിശ്വാസികള്‍ പറയുന്നത്. 2002ലെ യാക്കോബായ വിഭാഗത്തിന്റെ ഭരണഘടന റദ്ദാക്കിയതോടെ സുപ്രീംകോടതി വിധി പ്രകാരം അങ്ങനെയൊരു സഭ തന്നെ ഇല്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ അന്ത്യോഖ്യ പാത്രിയാര്‍ക്കീസ് വിശ്വാസം വിട്ട് മറ്റൊരു വിശ്വാസത്തിലേക്ക് പോവാന്‍ കഴിയാത്ത തങ്ങള്‍ യാക്കോബായ സഭയായി നിലനില്‍ക്കുമെന്നും പള്ളികള്‍ വിട്ടുനല്‍കില്ലെന്നുമാണ് യാക്കോബായ വിഭാഗക്കാരുടെ നിലപാട്.

സഭാ തര്‍ക്കത്തില്‍ വെട്ടിലായിരിക്കുന്നത് സര്‍ക്കാരാണ്. കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതി മുതല്‍ സുപ്രീംകോടതി വരെ ഹര്‍ജികള്‍ നല്‍കിയിരിക്കുകയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. ഇതിനിടെ കോടതികളില്‍ നിന്നുള്ള വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നുമുള്‍പ്പെടെ വിധി വരികയും ചെയ്യുന്നു. എന്നാല്‍ അത് ഇതേവരെ നടന്നിട്ടുമില്ല. ഇക്കാര്യത്തില്‍ എങ്ങനെ പരിഹാരം കാണും എന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാരും പോലീസും. എന്നാല്‍ എല്ലാം യാക്കോബായ വിഭാഗക്കാരും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ ആരോപിക്കുന്നത്.

ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അവര്‍ക്ക് നിയമം മൂലം അനുവദിച്ച് കിട്ടിയ അധികാരത്തെക്കുറിച്ചും, അവകാശത്തെക്കുറിച്ചും സംസാരിച്ചപ്പോള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന മാനുഷിക നീതിയെക്കുറിച്ചാണ് യാക്കോബായ വിഭാഗക്കാര്‍ പറഞ്ഞത്. മറ്റെല്ലാം മാറ്റി നിര്‍ത്തിയാല്‍, രണ്ട് സഹോദരന്‍മാര്‍ തമ്മില്‍ അനവധിയായ സ്വത്തുക്കള്‍ക്കായി മല്ലടിക്കുന്നു എന്ന അഭിപ്രായവും മറ്റിടങ്ങളില്‍ നിന്നായി കേള്‍ക്കുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍