UPDATES

ട്രെന്‍ഡിങ്ങ്

സമൂഹം, മാധ്യമങ്ങള്‍, ലൈംഗികതാചര്‍ച്ചകള്‍; നമ്മുടെ നീതിബോധത്തിന്റെ ചുമതലകളെവിടെ?

‘ചുംബനസമരം ചുംബിക്കാന്‍ വേണ്ടിയല്ല’ എന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും തങ്ങള്‍ ലക്ഷ്യമിടുന്ന ലോകഗതിയെന്തെന്നു പറയാനുള്ള രാഷ്ട്രീയബോധം ഇവര്‍ കാണിച്ചിട്ടില്ല.

                       

കേരളത്തില്‍ നിരന്തരം നടക്കുന്ന ലൈംഗികപീഡന സംഭവങ്ങള്‍ ഉറക്കംകെടുത്തുംവിധം ഭീകരമാണ്. ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ മുഖ്യാഹാരം ചൂടുള്ള ഈ വിഭവം തന്നെ. പൊതുജനം പേടിയോടെയും ആര്‍ത്തിയോടെയും വായിക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്താവിശേഷവും ഈ ഇനമാണ്. ഇതിന്റെ പെരുപ്പമെത്രയെന്നോ എവിടെ, ഏത് പ്രായക്കാരാണ് പ്രതികളും ഇരകളുമെന്നോ കണക്കുകളുദ്ധരിക്കുന്നതിന് പ്രസക്തിയില്ലാതായിട്ടുണ്ട്. ഓരോ അമ്മയും അച്ഛനും പിഞ്ചുകുട്ടികളെക്കുറിച്ച് ഭയംകൊണ്ട് വിറക്കുന്നു. എപ്പോഴാണ് ഒരു മിഠായി അവരുടെ നേരെ നീളുകയെന്നും ഏത് കുളത്തിലാണ് അവരുടെ മൃതശരീരം പൊങ്ങുകയെന്നുമുള്ള ആധിയാല്‍ ഓരോ മാതൃഹൃദയവും ചുട്ടുപൊള്ളുകയാണ്. വീട്ടുമുറ്റത്ത് മണ്ണപ്പം ചുട്ട് ഒറ്റക്കിരുന്നു കളിക്കുന്ന പിഞ്ചുമോളുടെ കാര്യത്തില്‍ ചാക്കുമായെത്തുന്ന ‘കുട്ടിപ്പിടുത്തക്കാരനെ’യാണോ പേടിക്കേണ്ടത്, തൊട്ടയല്‍പ്പക്കത്തെ ‘അങ്കിളി’നെയോ? അഥവാ സ്വന്തം ബന്ധുക്കളെയോ?

ഇതൊരു വശം. സ്വന്തം മക്കള്‍ പീഢനത്തിനിരയായി ജീവന്‍ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തുകഴിഞ്ഞാല്‍ മനസ്സും ശരീരവും തളര്‍ന്നു തകര്‍ന്ന് പോവുന്ന കുടുംബത്തിന് താങ്ങായി ഈ നാട്ടില്‍ എന്ത് പ്രതീക്ഷയാണുള്ളത്? ഉടന്‍ നേരിടുന്ന ഭീഷണി മാധ്യമങ്ങളിലൂടെ കിട്ടുന്ന വന്‍പരസ്യവും വിചാരണയുമാണ്. നാല് പേജ് നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്താപരമ്പരകള്‍! ചാനലുകളിലെ കിടിലന്‍ ചര്‍ച്ചകള്‍. പ്രസിദ്ധര്‍ക്കും അപ്രസിദ്ധര്‍ക്കും വന്‍ശ്രദ്ധ ഒരുക്കിക്കൊടുക്കുന്ന ആഘോഷങ്ങള്‍! പരസ്യക്കൂലി വേണ്ടാത്ത ഈ പ്രസിദ്ധി ഇരയുടെ കുടുംബത്തില്‍ ബാക്കിയുള്ള പെണ്‍കുട്ടികളെയും മറ്റ് അംഗങ്ങളെയും മരണംവരെ വേട്ടയാടാന്‍ കാരണമാവുന്നതിലപ്പുറം വല്ല പ്രയോജനവുമുണ്ടെങ്കില്‍ അത് രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ്. ഭരണപക്ഷത്തിന്റെ അലംഭാവത്തെക്കുറിച്ച് വലിയവായില്‍ ബഹളംവെക്കാന്‍ പ്രതിപക്ഷത്തിന് കിട്ടുന്ന സുവര്‍ണ്ണാവസരം. ഭരണപക്ഷത്തിനോ? ആളും തരവും നോക്കി അതിശക്തമായ അന്വേഷണം തുടരുന്നതിന്റെ ‘സത്യസന്ധമായ’ സ്ഥിതിവിവരണം ഉരുളക്കുപ്പേരിയെന്ന മട്ടില്‍ നല്‍കാന്‍ കഴിയുന്നു. അങ്ങനെ ചിത്രം പൂര്‍ത്തിയാവുന്നു. അറസ്റ്റും വിചാരണയുംവഴി പരമാവധി വേഗത്തില്‍ കോടതി വിധിയില്‍ ലക്ഷ്യം കാണേണ്ട ഈ ഗുരുതര സംഭവങ്ങള്‍ വര്‍ഷങ്ങളോളം ഫയലുകളില്‍ ഉറങ്ങിക്കിടക്കുന്ന പതിവുരീതി മാറ്റമില്ലാതെ തുടരുമ്പോള്‍ വേട്ടക്കാരന്‍ തന്റെ താവളത്തില്‍ സുഖസുന്ദരമായി സ്വൈരസഞ്ചാരം തുടരുന്നു.

നമ്മുടെ രാജ്യത്തിന്റെ പൊതു സാമൂഹികാവസ്ഥയാണിത്. ചാനല്‍ ചര്‍ച്ചകളും പത്രവാര്‍ത്തകളുമാണ് സമൂഹത്തെ പിടിച്ചുകുലുക്കുന്ന മുഖ്യഘടകം. പക്ഷെ, വാര്‍ത്താ വിതരണത്തില്‍ ഗുണപരമായ സാമൂഹികനന്മയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഫോര്‍മുല വേണ്ടരീതിയില്‍ ഇതേവരെ നിര്‍ദ്ദേശിക്കപ്പെട്ടതായി കാണുന്നില്ല. ഭരണവ്യവസ്ഥയുടെ പഴുതുകളുപയോഗിച്ച്, അപകടം ആവര്‍ത്തിക്കാന്‍ സഹായിക്കുന്ന കുറ്റകരമായ അനാസ്ഥയും സാമൂഹിക-സാംസ്‌കാരിക സംവിധാനത്തിന്റെ നിലപാടു തറകള്‍ രൂപീകരിക്കുന്നതിലുള്ള മൂല്യപരമായ അശ്രദ്ധയും നിയമ- ശിക്ഷാസംവിധാനത്തില്‍ അവിഹിതമായി ഇടപെടാന്‍ പ്രേരിപ്പിക്കുന്ന പ്രവണതകളും തെറ്റുകള്‍ തിരുത്തുവാനല്ല, ആവര്‍ത്തിക്കുവാന്‍ കാരണമാവുന്നു. ഈ മട്ടിലുള്ള വാര്‍ത്താവിതരണത്തെക്കുറിച്ച് ഗൗരവപൂര്‍വ്വം പഠനവിധേയമാക്കി ഗുണപരമായ ഒരു ഘടന മാധ്യമ സംസ്‌കാരത്തില്‍ കൂട്ടിച്ചേര്‍ക്കുക നിര്‍ബ്ബന്ധമാണ്.

മത്സരാധിഷ്ഠാനത്തില്‍ ബഹുജനത്തെ പിടിച്ചിരുത്തുന്ന തലവാചകങ്ങള്‍ പുതുമയുടെ മേമ്പൊടി ചേര്‍ത്തവതരിപ്പിച്ച് കമ്പോളത്തിലെ മുമ്പന്മാരാവാനുള്ള ത്വരയാണ് ഇന്ന് നാം കാണുന്നത്. അതിനനുസരിച്ചുള്ള അവിനയപൂര്‍വ്വമായ അവതരണരീതിയും. അവതരണരീതികൊണ്ട് പോര്‍ക്കളം തീര്‍ക്കുന്ന ഈ ക്ഷാത്രവീര്യത്തില്‍ വസ്തുതകളുടെ സത്യാന്വേഷണപരമായ ആത്മാവ് ചോര്‍ന്നുപോവുകയും സാമൂഹിക മാറ്റത്തിന്റെ ഗുണപരമായ ഫലം നഷ്ടമാവുകയും ചെയ്യുന്നു. പകരം മാറ്റത്തിലേക്ക് നയിക്കുന്ന സമചിത്തതയോടുകൂടിയ ആലോചനയുടെ വശം നഷ്ടമാവുന്ന ഒരുതരം രൂക്ഷത ശ്രോതാവിന്റെ ഉള്ളില്‍ ഊറി നില്‍ക്കുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരില്‍ ശക്തവും സൃഷ്ടിപരവുമായ ഉള്‍പ്രേരണയുണര്‍ത്തിയാല്‍ മാത്രമെ ഇവിടത്തെ നിയമത്തെയും പോലീസിനെയും രാഷ്ട്രീയത്തെയും മാറ്റിപ്പണിയാന്‍ നമുക്ക് കഴിയൂ. ഈ ദൗത്യബോധം മാധ്യമ വിചാരത്തിനും വിചാരണക്കും ഒരിക്കലും നഷ്ടപ്പെട്ടുകൂട.

വാര്‍ത്തകളുടെ വൈകാരികവല്‍കരണംകൊണ്ട് ഉണ്ടാവുന്ന വലിയ അപകടം സംഭവങ്ങളുടെ സാമൂഹിക കാരണങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ എത്താതാവുന്നു എന്നതാണ്. അതുപോലെ ധാര്‍മ്മിക രോഷത്തിന്റെ കണക്കില്‍ നടക്കുന്ന, പാര്‍ട്ടിയും സംഘടനയും തിരിഞ്ഞുള്ള ചെളിവാരിയെറിയലുകള്‍ ഒരു ജനത എന്ന നിലയ്ക്കുള്ള നമ്മുടെ ധാര്‍മ്മിക ശക്തിയെ തളര്‍ത്തുംവിധം വളരുകയും ചെയ്യുന്നു. ഇത് കാണാതിരിക്കരുത്. രാഷ്ട്രീയ-സാമുദായിക പക്ഷപാതങ്ങള്‍ താന്തോന്നിത്തത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇത് അപകടകരമാണ്. നീതിബോധം സ്‌നേഹത്തിന്റെയും കരുണയുടെയുടെയും മൂല്യങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന പൊതു ചര്‍ച്ചാതലത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഈ താന്തോന്നിത്തത്തെ എതിര്‍ത്തു തോല്‍പിച്ചേ പറ്റൂ.

വയനാട്ടിലെ ഒരു അനാഥാലയത്തില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ച് സ്വാഭാവികമായും നടന്ന ചാനല്‍ ചര്‍ച്ച ശ്രദ്ധിച്ചുകേട്ടപ്പോഴാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ തോന്നിയത്. ചാനല്‍ചര്‍ച്ചയില്‍ പ്രകോപനങ്ങള്‍ക്ക് ഒട്ടും വശംവദനാവാത്ത പക്വമതിയായ ശ്രീ. വേണു (മാതൃഭൂമി ചാനല്‍) ഉന്നയിച്ച പ്രധാന ചോദ്യത്തിന്റെ ആശയം ഇങ്ങനെ: ‘പീഡനവിധേയരായ കുട്ടികളുടെ സുരക്ഷിതത്വത്തിന് സ്ഥാപനം സ്വീകരിച്ച നടപടികളുടെ മികവിനെക്കുറിച്ചുള്ള അവകാശവാദമല്ല പ്രധാനം; സുരക്ഷാസംവിധാനത്തെ മറികടന്നുകൊണ്ട് പീഡനം നടന്നതിന്റെ വിശദീകരണമെന്താണെന്നതാണ്… അക്രമികളെ പിടികൂടാനുള്ള ശക്തമായ അന്വേഷണം പോലീസ് നടത്തുന്നു എന്ന മേനി പറയുന്നതിലല്ല കാര്യം; കുറ്റക്കാരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കാന്‍ കഴിഞ്ഞുവോ എന്നതാണ്. ദിനംപ്രതി കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ കഴിയാതെ സ്ഥാപനങ്ങളും സര്‍ക്കാരും മറ്റു സംവിധാനങ്ങളും പരാജയപ്പെടുന്നുവെന്നതാണ്’. കരുത്തുറ്റ ഈ വാദമുഖങ്ങളെ വെറുംകയ്യോടെ നേരിടാന്‍ സാധ്യമല്ലെന്ന് വ്യക്തം. അത്രക്ക് ന്യായമാണ് ചോദ്യങ്ങള്‍. മറുപടി പറയാന്‍ ഉത്തരവാദപ്പെട്ട സ്ഥാനത്ത് വേണുവിനെയിരുത്തിയാല്‍ ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്നറിഞ്ഞുകൂട. കാരണം, ഇവിടെ കുറ്റകൃത്യങ്ങളുടെ ഉറവിടത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരിശോധിക്കുന്നതില്‍ ചോദ്യവും മറുപടിയും കാര്യമായ പങ്ക് വഹിക്കുന്നില്ല.

ലൈംഗികപീഡനംതന്നെ എടുക്കുക. പീഡനം നടക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ അതാത് ഭാഗത്തുനിന്നുണ്ടാവണം. അതില്‍ കൃത്യവിലോപത്തിന് കാരണമാവുന്നവര്‍ യഥാസമയം ശിക്ഷിക്കപ്പെടണം. അതിനാവശ്യമായ നടപടികള്‍ അതാത് കേന്ദ്രങ്ങളില്‍നിന്ന് ഉടനുടന്‍ ഉണ്ടാവണം. അലംഭാവം എന്തു കാരണംകൊണ്ട് സംഭവിച്ചാലും ശിക്ഷ ഉറപ്പ് വരുത്തണം. കുറ്റങ്ങള്‍ ഉണ്ടാവാത്ത സാമൂഹിക-വൈകാരികാന്തരീക്ഷം നിലനിര്‍ത്തണം. ഇതാണ് ഒരു മാതൃകാസമൂഹത്തിന്റെ സ്വപ്നസങ്കല്‍പം. ഈ സങ്കല്‍പ്പത്തിലെ നീതിബോധം ഉള്‍ക്കൊള്ളുന്ന മട്ടിലാണ് നമ്മുടെ ചര്‍ച്ചകള്‍.

പക്ഷെ, അത്ര ലളിതമാണോ ഇവിടെ കാര്യങ്ങള്‍? സമൂഹത്തിന്റെ അടിത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെ ചികഞ്ഞു നോക്കിയാലും സാമൂഹികമായ നീതിബോധത്തിന്റെ ലക്ഷണംപോലും കാണാന്‍ കഴിയാത്ത ദുരവസ്ഥയല്ലേ നമ്മുടെ ശാപം? നീതിബോധത്തിലധിഷ്ഠിതമായ സാമൂഹിക സങ്കല്‍പം കരിമേഘങ്ങളെ പീഡിപ്പിച്ചു പെയ്യിക്കേണ്ട കൃത്രിമ മഴയല്ല. അത് മനുഷ്യത്വത്തിന്റേയും വിജ്ഞാനത്തിന്റേയും നാഗരിക വികാസത്തിലൂന്നിയ സഹവര്‍ത്തിത്വത്തിന്റെയും മണ്ണും വെള്ളവും ഋതുഭേദങ്ങളും സംഗമിച്ചുണ്ടാവേണ്ട സാംസ്‌കാരിക വളര്‍ച്ചയാണ്. ഈ അടിസ്ഥാന ധാരണയെ മറന്നുകൊണ്ടുള്ള ഒരു നീക്കവും ഗുണപ്രദമാവില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് നിയമവാഴ്ച സുപ്രധാനമാണ്. അതുകൊണ്ടാണ് അക്രമികളും ചൂഷകരും പീഡകരും ശിക്ഷിക്കപ്പെടണമെന്ന് പറയുന്നത്. കുറ്റം ചെയ്തവരെ അതിന്റെ ഉത്തരവാദികളാക്കാനും അതിലൂടെ കുറ്റകൃത്യങ്ങളെ കുറ്റങ്ങളായിത്തന്നെ കണക്കാക്കാനും, ആ ബോധം പങ്കിട്ടെടുക്കുന്ന ശിക്ഷാവിധിയില്‍ വിശ്വസിക്കുന്ന ജനത എന്ന നിലയ്ക്ക് നാം മനസ്സിലാക്കുന്ന സാമൂഹ്യമൂല്യങ്ങളെ ഭദ്രമാക്കാനും ഉള്ള വഴിയാണ് ശിക്ഷ. അല്ലാതെ ആരെങ്കിലും ശിക്ഷിക്കപ്പെടുമ്പോള്‍ സന്തോഷിക്കാനുള്ള വകയല്ല.

മനുഷ്യന്‍ മൃഗത്തില്‍നിന്ന് വ്യത്യസ്തനാവുന്ന മൂലഘടകം മാനവികബോധമാണെന്നാണ് വിശ്വാസം. മതവും രാഷ്ട്രീയവും വിദ്യാഭ്യാസവും സദാചാരസമ്പ്രദായങ്ങളും വഴി സമൂഹം ഉത്പാദിപ്പിക്കാന്‍ ശ്രമിച്ചുവന്നത് ഈ മാനവിക ബോധത്തിന്റെ പരിരക്ഷയാണ്. സത്തുക്കളുടെ ആചാരമായ സദാചാരത്തില്‍ മുഖ്യമായ ഘടകം ലൈംഗികതയുടെ പക്വമായ ആചരണമാണ്. സ്ത്രീയും പുരുഷനും പുലര്‍ത്തുന്ന ഈ പാരസ്പര്യത്തിന് അതാതു കാലവും സമൂഹവും വ്യത്യസ്തമായ രീതികളാണ് നിര്‍ബ്ബന്ധമാക്കിയിരുന്നത്. അതില്‍ ന്യായവും അന്യായവും കൂടിക്കലര്‍ന്ന അനുഭവങ്ങള്‍ സുലഭമാകുന്നു. സാമൂഹികബോധത്തിന്റെയും സാമൂഹിക വികാസത്തിന്റെയും അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളാണ് ശരിയും തെറ്റും നിശ്ചയിച്ചിരുന്നത്. ഇന്നും സമൂഹമനസ്സ് പ്രധാനമായും വ്യാപരിക്കുന്നത് ലൈംഗികമായ ശരിതെറ്റുകളില്‍ത്തന്നെയാണ്. സ്ത്രീ, പുരുഷ ബന്ധങ്ങളെ എങ്ങനെ വീക്ഷിക്കണമെന്ന പ്രശ്‌നത്തിന് സര്‍വ്വസമ്മതമായ മറുപടി നമുക്കിന്നും ലഭ്യമല്ല. അത് വ്യത്യസ്ത സമൂഹങ്ങളിലും നാടുകളിലും വ്യത്യസ്തമായാണ് വീക്ഷിക്കപ്പെടുന്നത്.

ഇവിടെയാണ് കമിതാക്കളെയോ ഭാര്യഭര്‍ത്താക്കന്മാരെയോ പൊതുസ്ഥലത്ത് കണ്ടാല്‍ അടിച്ചോടിക്കുന്ന ശിവസേനാ ഗുണ്ടായിസവും അതിനെതിരെ നടന്ന ചുംബനസമരവും വിശകലന വിധേയമാക്കേണ്ടത്. സ്വയം പട്ടാളക്കാര്‍ ചമഞ്ഞ് നടത്തിയ അടിച്ചോടിക്കല്‍ നിയമവ്യവസ്ഥയെ ദുര്‍ബ്ബലപ്പെടുത്തുന്ന പണിയായിരുന്നു- തങ്ങള്‍ക്ക് തെറ്റെന്ന് തോന്നുന്നതിനെതിരെ നിയമം കയ്യിലെടുത്ത് നടത്തിയ ഹിംസാത്മകമായ പ്രതികരണം. അതിനെതിരെ നടന്ന ചുംബനസമരമോ? നാട്ടിന്റെ നിയമവാഴ്ചക്കെതിരല്ലെങ്കിലും നമ്മുടെ സമൂഹത്തിനംഗീകരിക്കാന്‍ കഴിയാത്ത പ്രകോപനപരമായ നീക്കവും! ശിവസേനക്കെതിരായ ക്ഷുഭിത മറുപടിയില്‍, ഒരു വിഭാഗം യുവാക്കളുടെ സമരരീതിക്കുള്ള കാര്യമായ അപകടം സദാചാര ഗുണ്ടായിസത്തിനും ചുംബനസമരത്തിനും ഇടയിലുള്ള വലിയൊരു ജനവിഭാഗത്തെ അത് അദൃശ്യവല്‍ക്കരിക്കുന്നു എന്നതാണ്. ‘ചുംബനസമരം ചുംബിക്കാന്‍ വേണ്ടിയല്ല’ എന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും തങ്ങള്‍ ലക്ഷ്യമിടുന്ന ലോകഗതിയെന്തെന്നു പറയാനുള്ള രാഷ്ട്രീയബോധം ഇവര്‍ കാണിച്ചിട്ടില്ല. ആളുകളെ പേടിപ്പിച്ചും പ്രകോപിപ്പിച്ചുമല്ല; അവരോട് സംവദിച്ചും അവരിലെ ധാര്‍മ്മികബോധത്തെ ഉണര്‍ത്തിയും മാത്രമേ സമൂഹത്തെ നമുക്ക് മുമ്പോട്ട് കൊണ്ടുപോവാനാവൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

സി.ടി അബ്ദുറഹിം

സി.ടി അബ്ദുറഹിം

ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയും എഴുത്തുകാരനും

More Posts

Share on

മറ്റുവാര്‍ത്തകള്‍