2030 ൽ യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസനത്തിനായുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയ വികസന മാർഗങ്ങളിൽ ഒന്ന് കുടിയേറ്റമായിരുന്നു. ആ വികസനം ജിസിസി രാജ്യങ്ങൾക്ക് മുതൽകൂട്ടാകുമെങ്കിലും വികസ്വര രാജ്യങ്ങളിൽ ഏറിയ പങ്കും ആശങ്കയിലേക്കാണ് വഴി വയ്ക്കുന്നത്. കുടിയേറ്റം കേരളത്തെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ പുതിയ വാർത്തയല്ല. 80 കളിലും 90 കൾക്കും മുൻപ് തന്നെ ആളുകൾ തൊഴിൽ തേടി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കടക്കം പോയിരുന്നു, എന്നാൽ ഇന്നത്തെ സ്ഥിതി വിഭിന്നമാണ്. Kerala student migration
കേരളത്തിലെ യുവ സമൂഹം തൊഴിലനുമപ്പുറം, പഠനവും, ഉയർന്ന ജീവിത നിലവാരവും കണക്കിലെടുത്താണ് വിദേശ രാജ്യങ്ങളിലേക്ക് എത്തുന്നത്. ഈ സ്വഭാവത്തിലുള്ള കുടിയേറ്റം കേരളത്തിൽ വർഷം പ്രതി കൂടിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. കേരള മൈഗ്രേഷൻ സർവേ (കെ.എം.എസ്) പ്രകാരം അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം ഓരോ വർഷവും വർധിച്ചു കൊണ്ടിരിക്കുകയാണ്. 2023 ൽ ഏകദേശം 2,50,000 പേരാണ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുന്നത്. ഓരോ വർഷവും മുന്നോട്ടു പോകുംന്തോറും ഈ കണക്കുകൾ ഇരട്ടിയാവുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നിവയിൽ കേരളത്തിൻ്റെ വികസനത്തിന് കുടിയേറ്റം ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് സർവ്വേ പറയുന്നു. കുടുംബത്തിലെ ഒരംഗമെങ്കിലും വിദേശത്തേക്ക് പോയ വീടുകളിൽ, പോകാത്ത വീടുകളെ അപേക്ഷിച്ച് ഉയർന്ന ജീവിത നിലവാരം പുലർത്തുന്നുണ്ട്.
എന്താണ് ഈ കുടിയേറ്റത്തിന്റെ സ്വഭാവം ?
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വിദ്യാർത്ഥി കുടിയേറ്റത്തിന്റെ മുകളിലേക്കുള്ള ഉയർച്ച സൂചിപ്പിക്കുന്നത് വിദ്യാഭ്യാസ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടിയാണ്. കേരള മൈഗ്രേഷൻ സർവേ 2023 കണക്കാക്കുന്നത് പ്രകാരം, കേരളത്തിൽ നിന്നുള്ള ഏകദേശം 13.3 ദശലക്ഷം ആളുകൾ വിദേശത്താണ് താമസിക്കുന്നത്. അതായത് സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് (38%) ശതമാനം. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കും, സമ്പത് വ്യവസ്ഥക്കും വലിയ രീതിയിൽ ഉപയോഗപ്രദമാകുന്നുണ്ട് കുടിയേറ്റം. അതെ സമയം ഇത് പ്രതികൂലമായും ബാധിക്കുന്നുണ്ട്.
ബിരുദം പൂർത്തിയാക്കിയതിനു ശേഷം വിദേശത്തേക്ക് ഉപരിപഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾ പിന്നീട് തിരികെ പോരാൻ സന്നദ്ധരാകുന്നില്ല. തിരിച്ചെത്തിയാൽ ജോലി സാധ്യതയിലടക്കം നേരിടേണ്ടി വരുന്ന അനിശ്ചിതത്വം ആണ് ഇതിന് വഴി വയ്ക്കുന്നത്. ഇതോടെ വിദ്യാർത്ഥികളുടെ കുടുംബവും വിദേശത്തേക്ക് ചേക്കേറും. ആ ട്രെൻഡ് കൂടുന്നതോടെ കേരളത്തിൽ ആളുകളില്ലാതെ അടച്ചിടുന്ന വീടുകളുടെ എണ്ണവും ക്രമാതീതമായി വർധിക്കും. ഈ ജനസംഖ്യാപരമായ മാറ്റം ‘ ബ്രെയിൻ ഡ്രയിനിന് ‘ വഴി വയ്ക്കുന്നതായും പഠനം ചൂണ്ടികാണിക്കുന്നുണ്ട്. കുടിയേറ്റത്തിന്റെ ആകെ തുകയായുള്ള സാമൂഹിക മാറ്റങ്ങളെയും, പ്രതിഫലനങ്ങളും എങ്ങനെയാണെന്ന് അഴിമുഖവുമായി വിലയിരുത്തുകയാണ് എസ് ഇരുദയ രാജൻ. കെഎംഎസ് റിപ്പോർട്ട് തയ്യാറാക്കിയ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ ചെയർമാനും, സർവേയുടെ പ്രോജക്ട് ഡയറക്ടറുമാണ് ഇരുദയ രാജൻ.
”കേരളത്തിലുൾപ്പെടെ നടക്കുന്ന കുടിയേറ്റത്തിന് ഇരുവശങ്ങളുണ്ട്. ഏകദേശം 3 മില്യൺ വരുന്ന ആളുകൾ കേരളത്തിന് പുറത്ത് ജോലി തേടിപോയിട്ടുണ്ട്. അപ്പോൾ ഇവിടെ തുറന്ന് കിട്ടുന്ന അത്രയും ജോലി സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത് രാജ്യത്തിന്റെ പല കോണുകളിൽ നിന്നുള്ള കുടിയേറ്റക്കരാണ്. ‘റീപ്ലെയ്സ്മെന്റ് മൈഗ്രന്റ്സ്’ എന്നാണ് ഞാൻ അവരെ വിളിക്കുന്നത്. കേരളത്തിൽ ജോലി ചെയ്തിരുന്ന ഒരു വ്യക്തി കേരളത്തിന് പുറത്തുപോയാലും ആ ജോലി ഇവിടെ തുടർന്ന് കൊണ്ടുപോകാൻ ആളുകൾ എത്തുന്നുണ്ട്. തെങ്ങു കയറ്റം പോലുള്ള തൊഴിലുകൾക്ക് പോലും ഈ റീപ്ലെയ്സ്മെന്റ് മൈഗ്രന്റ്സ് ഇന്നിവിടെയുണ്ട്. കേരളം ഇനി അഭിമുഖീകരിക്കാനിരിക്കുന്ന അടുത്ത പ്രതിസന്ധി കൂടി വരുന്ന വയോജന ജനസംഖ്യ ആയിരിക്കും. വിദേശത്ത് പോകുന്ന യുവാക്കൾ കേരളത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വിരളമാണ്. നിലവിൽ ആളുകൾ താമസിക്കുന്ന വീടുകളേക്കാൾ ഇരട്ടിയാണ് അടച്ചിട്ടിരിക്കുന്ന വീടുകൾ. ഒരുപക്ഷെ ഈ വീടുകൾ ഭാവിയിൽ വിൽക്കുകയും ചെയ്തേക്കാം. ആ തുക അവരുടെ വിദേശ ജീവിതത്തിന് വേണ്ടി മാറ്റി വച്ചേക്കാം. ഭാവിയിൽ അത്തരം ട്രെൻഡുകളും ഉണ്ടായി വരാൻ ഇടയുണ്ട്.
കേരളത്തിൽ ചെറിയ തോതിൽ നെഗറ്റീവ് പോപുലേഷൻ ഗ്രോത്ത് ഉണ്ടാകുന്നുണ്ട്. ഇതുനുപുറമെ വർധിച്ചു വരുന്ന കുടിയേറ്റം, പ്രായമായ ജനസംഖ്യ എന്നീ പ്രശ്നങ്ങളും കൂടി അഭിമുഖീകരികേകണ്ടതായി വരും. എന്നാൽ ഗൾഫിലേക്ക് പോകുന്ന പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല. ആളുകൾ കേരളത്തിൽ നിന്ന് പോകുകയും തിരിച്ചെത്തുകയും ചെയ്യും.” അദ്ദേഹം പറയുന്നു.
എന്താണ് കേരളത്തിന്റെയും കുടിയേറ്റത്തിന്റെയും ഭാവി ?
വിദേശത്ത് നിന്ന് തിരികെ എത്തുന്നവരെ സ്വീകരിക്കാൻ തക്ക മൈഗ്രേഷൻ ഇൻഫ്രാസ്ട്രക്ചർ കേരളത്തിൽ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം വിദ്യാഭ്യസം നേടി എത്തുന്ന യുവാക്കൾക്ക് പറ്റിയ തൊഴിൽ അവസരങ്ങൾ കൂടി തുറന്നു കൊടുക്കേണ്ടിയിരിക്കുന്നു. ഈ ബ്രെയിൻ ഡ്രയിനിൽ നിന്ന് പുറത്തുകടക്കാൻ കേരളത്തിലെ കുടിയേറ്റക്കാർക്കുള്ള സാധ്യതകളും സംസ്ഥാന വികസനത്തിനൊപ്പം കൊണ്ടുപോകേണ്ടതുണ്ട്. കുടിയേറ്റക്കാരുടെ പ്രായ ഘടന മാറിക്കൊണ്ടിരിക്കുകയാണ്.
ഈ മാറ്റം ഒരുപക്ഷെ ഭാവിയിൽ സംസ്ഥാനത്തിൻ്റെ ഡെമോഗ്രാഫിക് പ്രൊഫൈലിനെയും തൊഴിൽ വിപണിയെയും ബാധിച്ചേക്കാം. കൂടാതെ സ്ത്രീ പുരുഷ അനുപാതത്തിൽ വിദേശത്തേക്ക് പോകുന്നവരിൽ കൂടുതലും പുരുഷന്മാരാണ്. കേരളത്തിലേക്ക് തിരികെ വരുന്നതും ഇവർ തന്നെയാണ്. മിക്കവരെയും കുറഞ്ഞ വേതനമാണ് തങ്ങളുടെ തിരിച്ചുവരവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതുമല്ലെങ്കിൽ ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് മടങ്ങിവരുന്നത്. ആരോഗ്യപ്രശ്നങ്ങൾ, ഗൃഹാതുരത്വം, മോശം തൊഴിൽ സാഹചര്യങ്ങൾ, കരാറിൻ്റെ കാലാവധി കോവിഡ് വെല്ലുവിളികൾ തുടങ്ങിയവയാണ് മറ്റു കാരണങ്ങളായി പറയുന്നത്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾ മടങ്ങിവരുന്നത് കുറവാണ്. ഭൂരിഭാഗം പേരും മൈഗ്രേഷന് വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ തന്നെ ശിഷ്ടകലം ചിലവഴിക്കാനാണ് താല്പര്യപ്പെടുന്നത്.
”നിലവിൽ പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ സ്ഥിതി വിശകലനം ചെയ്യുകയാണെങ്കിൽ, കാനഡയിൽ കുടിയേറ്റത്തിന് വലിയ നിയന്ത്രങ്ങളാണ് കൊണ്ട് വന്നിരിക്കുന്നത്, കൂടാതെ അമേരിക്ക മറ്റൊരു പ്രിസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. കുടിയേറ്റത്തെ എതിർക്കുന്ന വലതുപക്ഷം അധികാരത്തിലേക്ക് സ്വാധീനം നേടിക്കൊണ്ടിരിക്കുന്നു. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയാൽ വീണ്ടും നിയന്ത്രണങ്ങൾ നടപ്പിലാക്കിയേക്കാം. എന്നാൽ ഇവ വിദേശത്തേക്ക് പോകുന്നവരെ ഒരു പരിധിയിൽ കൂടുതൽ ബാധിക്കില്ല. രേഖകകളില്ലതെ അവിടെ തുടരുന്ന ആളുകൾക്ക് പോലും നിയമത്തിന്റെ ഇളവുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
രാഷ്ട്രീയം ഒരു സമയം വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു. അത് കഴിഞ്ഞ് അധികാരത്തിലെത്തിയാൽ സ്ഥിതി മാറും. കുടിയേറ്റക്കാർ ചെയ്യുന്ന തൊഴിൽ മുഖേന ഈ സർക്കാരിലേക്കാണ് പണമെത്തുക. സമൂഹത്തിനോട് അത്തരം വാഗ്ദാനങ്ങൾ നൽകിയാലും, കുടിയേറ്റക്കാരില്ലത്ത പക്ഷം സമ്പത് വ്യവസ്ഥയുടെ വളർച്ചയടക്കം അവതാളത്തിലാകുമെന്ന് കൃത്യമായ ധാരണയുണ്ട്. ലോകത്തിന്റെ ഏതു രാജ്യത്തായാലും നമ്മൾ ഇന്ത്യക്കാർ ഈ വെല്ലുവിളികൾ തീർച്ചയായും അഭിമുഖീകരിക്കും. 70 വർഷത്തോളമായി ഇന്ത്യയിൽ നിന്ന് കുടിയേറുന്നവരുണ്ട് അതായത് മൂന്ന് തലമുറയോളം.” അദ്ദേഹം പറയുന്നു. ഇന്ത്യയിൽ നിന്ന് പൗരത്വം ഉപേക്ഷിച്ചു പോകുന്നവരും ചുരുക്കമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പഠനത്തിന് വേണ്ടി പുറത്തുപോകുന്നവർ തിരികെ ഇന്ത്യയിലേക്ക് എത്തില്ലെന്നും അദ്ദേഹം പറയുന്നു. Kerala student migration
content summary ; Student migration from Kerala has increased significantly over the last five years.