April 20, 2025 |
Share on

എന്റെ കേരളം എത്ര സുന്ദരം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 12

ലോകത്തെ ഒട്ടേറെ രാജ്യങ്ങളില്‍ യാത്ര ചെയ്യുവാന്‍ എനിക്ക് സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം എത്തിപ്പെടുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ജന്മനാടായ കേരളത്തില്‍ നിന്ന് കിട്ടുന്ന സുഖമോ കാഴ്ച്ചകളിലെ സൗന്ദര്യമോ മറ്റൊരിടത്തുനിന്നും ലഭിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ മുന്‍പേ എഴുതിയ ലേഖനങ്ങളില്‍ പലതരം യാത്രകളെക്കുറിച്ച് പറയുമ്പോള്‍ യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഒരു വ്യക്തി എന്നുള്ള നിലയില്‍ മലയാളികളായ വായനക്കാരോട് ഒരു മലയാളി എന്നുള്ള നിലയില്‍ വ്യക്തിപരമായി നിര്‍ദ്ദേശിക്കുവാന്‍ ഉള്ളത് നമ്മുടെ കേരളം ഒന്ന് പൂര്‍ണമായി കാണുക എന്നതാണ്. കേരളത്തിലെ പോലെ സൗന്ദര്യമായ ഒരു പ്രദേശം ലോകത്തിന്റെ പല ഭാഗങ്ങളിലെ സന്ദര്‍ശനത്തില്‍ എനിക്ക് കാണുവാന്‍ സാധിച്ചില്ല എന്നുള്ള സത്യം ഇവിടെ സൂചിപ്പിക്കട്ടെ.

കേരളം എന്ന വാക്ക് കൊണ്ട് തന്നെ സൂചിപ്പിക്കുന്നത് കേരവൃക്ഷങ്ങളുടെ അഥവാ തെങ്ങുകളുടെ നാട് എന്നാണ്. തെങ്ങുകളും, പുഴകളും, കടലും, കായലും, മരങ്ങളും, മലകളും നിറഞ്ഞ ഒരു പ്രദേശമാണ് കേരളം. ഒരു യാത്രികന്റെ കാഴ്ച്ചയ്ക്ക് കുളിര്‍മയേകുന്നത് കൊണ്ട് മനസിനും കുളിര്‍മയേകുന്നതാണ് കേരളത്തിലെ കാഴ്ചകള്‍. അതുകൊണ്ടാണ് സഞ്ചാരികളെ കേരളത്തിലേയ്ക്ക് കൂടുതലായി മാടിവിളിക്കുന്നത്.

പുരാണ ഐതിഹ്യമനുസരിച്ച്, കേരളം സൃഷ്ടിച്ചത് ദൈവങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. വ്യത്യസ്തമായ പുരാതന പുരാണ വിവരണങ്ങള്‍ അനുസരിച്ച് പല വ്യാഖ്യാനങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ട്. വിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ തന്റെ മഴു എറിഞ്ഞു കൊണ്ട് കേരളം സൃഷ്ടിച്ചു എന്നതാണ് ഒരു വ്യാഖ്യാനം. പരശുരാമന്‍ മഴു സമുദ്രത്തിലേയ്ക്ക് എറിഞ്ഞാണ് കേരളത്തെ സൃഷ്ടിച്ചതെന്ന് പലരും വിശ്വസിക്കുന്നുണ്ട്.

മഹാബലി എന്ന രാജാവ് കേരളം ഭരിച്ചിരുന്നതായും അക്കാലത്ത് രാജ്യത്തിന്റെ ഐശ്വര്യത്തിലും സമ്പത്തിലും ദേവന്മാര്‍ അസൂയപ്പെട്ടു എന്നും മറ്റൊരു പുരാണ വിവരണമുണ്ട്. ഒടുവില്‍ വാമനന്‍ എന്ന മഹാവിഷ്ണുവിന്റെ അവതാരത്തിലൂടെ മഹാബലി രാജാവിനെ ചവിട്ടി താഴ്ത്തി. മഹാബലി രാജാവിന്റെ സ്മരണകള്‍ക്കായി, കേരളത്തിന്റെ സംസ്ഥാന ഉത്സവമായ ഓണം എല്ലാ വര്‍ഷവും സന്തോഷത്തോടെയും തീക്ഷ്ണതയോടെയും ആഘോഷിക്കുന്നു. അങ്ങിനെ വിശ്വാസങ്ങളള്‍ പലതാണ്. നമുക്ക് കേരളത്തേയും യാത്രയേയും കുറിച്ചാകാം ചര്‍ച്ച.

കേരളത്തിലെ ആദ്യത്തെ ട്രാവല്‍ ഏജന്‍സിയായ കേരള ട്രാവല്‍സ് സ്ഥാപിച്ചത് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ കേണല്‍ ജി വി രാജയും, പി ജി സി പിള്ളയും ചേര്‍ന്നാണ്. വേണ്ടത്ര വിജയം തുടക്കത്തില്‍ ഉണ്ടായില്ല. പക്ഷെ 1980കളുടെ ആരംഭം വരെ, കേരളം താരതമ്യേന അജ്ഞാതമായ ഒരു സ്ഥലമായിരുന്നു. വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വ്വ് വരുവാന്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം തുടങ്ങേണ്ടതായി വന്നു. അക്കാലത്ത് രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വടക്ക് കേന്ദ്രീകരിച്ചായിരുന്നു. കേരളത്തിന്റെ സര്‍ക്കാര്‍ ഏജന്‍സി വന്നതോടെ വലിയ മാറ്റമാണ് ഉണ്ടായത്.

കേരളത്തില്‍ നിന്ന് ധാരാളം പ്രവാസികള്‍ മറ്റ് രാജ്യങ്ങളില്‍ ഉണ്ട്. അവരുടെ യാത്രാ ആവശ്യങ്ങള്‍ സുഗമമാക്കുന്നതിന് ഒട്ടേറെ ട്രാവല്‍ ഓപ്പറേറ്റര്‍മാരും ഏജന്‍സികളും സംസ്ഥാനത്ത് ഉണ്ടായിരുന്നു. അവര്‍ പ്രവാസി മലയാളികളുടെ യാത്ര മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. വിനോദ യാത്രികരെ കൂടി അവര്‍ ലക്ഷ്യം വെച്ചതോടെ അതിന് മാറ്റം വന്നു. അതോടെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍ കുതിപ്പാണ് ഉണ്ടായത്.

1989 ല്‍ കേരളം ഭരിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു. അന്ന് ടൂറിസം മന്ത്രിയായിരുന്നത് സിപിഐയുടെ പി. എസ്. ശ്രീനിവാസന്‍ ആയിരുന്നു. ദൈവവിശ്വാസം ഇല്ലാതിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ടൂറിസം മന്ത്രി എന്നുള്ള നിലയില്‍ അദ്ദേഹം എടുത്ത നിലപാടാണ് ലോകം മുഴുവന്‍ ഇന്ന് കേള്‍വികേട്ട ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന കേരള ടൂറിസത്തിന്റെ ടാഗ് ലൈന്‍. 1989ല്‍ കേരളത്തിന്റെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന പദം വാള്‍ട്ടര്‍ മെന്‍ഡസ് എന്ന വ്യക്തി സ്യഷ്ടിച്ചതാണ്. ഒരു പരസ്യ ഏജന്‍സിയുടെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന സിപിഐയുടെ പി. എസ്. ശ്രീനിവാസന്‍ അംഗീകരിക്കുകയായിരുന്നു. ദൈവം എന്ന വാക്കിന് ടാഗ് ലൈനില്‍ ഇടം കൊടുത്തത് തന്നെ വലിയ വിപ്ലവമാണ്. ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന ടാഗ് ലൈന്‍ കേരളത്തിലെ ടൂറിസം മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു.

കേരളത്തിന്റെ ടൂറിസം മേഖലയെ വളര്‍ച്ചയുടെ ഉന്നതങ്ങളില്‍ എത്തിക്കുവാന്‍ ഈ ടാഗ് ലൈന്‍ കാരണമായി എന്നു പറയുന്നതില്‍ തെറ്റില്ല. ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്നറിയപ്പെടുന്ന കേരളത്തെ കാണുവാനും കേരളത്തിന്റെ സൗന്ദര്യം നുകരുവാനും പിന്നീട് ഇങ്ങോട്ട് വിദേശയാത്രികരുടെ തിരക്കായിരുന്നു എന്നുള്ള കാര്യത്തിലും സംശയമില്ല. ഇന്ന് കേരളത്തെക്കാള്‍ യാത്രികര്‍ പറയുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് യാത്ര പോകുന്നു എന്നാണ്.

1972 സുനില്‍ മേത്തയാണ് ആദ്യമായി ഇന്ത്യന്‍ ടൂറിസം രംഗത്തെ വളര്‍ത്തുന്നതിനായി ഇന്‍ഗ്രിഡിബിള്‍ ഇന്ത്യ എന്ന ടാഗ് ലൈന്‍ ഉപയോഗിച്ചത്. 2002 ല്‍ മാത്രമാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ഇന്‍ഗ്രിഡിയബിള്‍ ഇന്ത്യ എന്ന ടാ​ഗ് ലൈൻ ഔദ്യോഗികമായി ഇന്ത്യന്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കായി പ്രഖ്യാപിച്ചത്. ഇതായിരിക്കും ഒരുപക്ഷെ കേരളത്തിന്റെ ടൂറിസം ടാഗ് ലൈനിന് പ്രേരകമായി മാറിയിട്ടുണ്ടാവുക.

ഇന്ന് ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കപ്പെടുന്ന കേരളത്തിന് ഒട്ടേറെ വിശേഷണങ്ങളുണ്ട് എന്നത് യാത്രികരെ കൂടുതല്‍ ആകര്‍ഷിക്കുന്നു. ചെറിയ ഒരു പ്രദേശത്ത് തന്നെ എത്രയോ സ്ഥലങ്ങളാണ് കേരളത്തിലുള്ളത്. കേരളത്തിലെ ബീച്ചുകള്‍, കായലുകള്‍, മലനിരകള്‍, ഹൗസ് ബോട്ടുകള്‍, ചരിത്രം നിറഞ്ഞ് നില്‍ക്കുന്ന ഒട്ടേറെ പ്രദേശങ്ങള്‍, വിവിധ മതവിശ്വാസികളുടെ പ്രധാന ആരാധനാലയങ്ങള്‍, സമ്പന്നമായ സംസ്‌കാരവും പൈതൃകവും എല്ലാം 400 കിലോമീറ്റര്‍ ദൂരത്തില്‍ ഒരിടത്ത് ആസ്വദിക്കാന്‍ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് കേരളം.

കേരളം ലോക ടൂറിസം രംഗത്ത് പ്രാധാന്യമുള്ള ഒരിടമായി മാറിയിരിക്കുന്നു. നാഷണല്‍ ജിയോഗ്രാഫിക്കിന്റെ ട്രാവലര്‍ മാഗസിന്‍ കേരളത്തെ ലോകത്തിലെ പത്ത് പറുദീസകളില്‍ ഒന്നായി വിലയിരുത്തിയിട്ടുണ്ട്. ഒരു മനുഷ്യന്റെ ജീവിതകാലത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി കേരളത്തെ അവര്‍ കണ്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 100 മഹത്തായ യാത്രകളില്‍ ഒന്നാണ് കേരളമെന്ന് ട്രാവല്‍ ആന്‍ഡ് ലെഷര്‍ വിലയിരുത്തി. സിഎന്‍എന്‍ ട്രാവല്‍, തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഏറ്റവും മികച്ച 19 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തി. സമാനമായി ടൈം മാഗസിന്‍ കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. അങ്ങിനെ ഇക്കോ-ടൂറിസം ഹോട്ട് സ്‌പോട്ട്, ന്യൂയോര്‍ക്ക് ടൈംസ്, തുടങ്ങിയ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ ലോകത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമായി കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.

കേരളത്തില്‍ വ്യത്യസ്തങ്ങളായ സസ്യങ്ങളും വൃക്ഷങ്ങളും ജന്തുക്കളും ഉണ്ട് എന്നുള്ളത് മറ്റു പ്രദേശങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. ഇവരുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങള്‍ കേരളത്തിലുണ്ട്. കേരളത്തിലെ വന്യജീവികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതും ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ആയിരക്കണക്കിന് വന്യജീവികളേയും, പക്ഷികളേയും, സസ്യങ്ങളേയും, വൃക്ഷങ്ങളെയും കാണുവാനുള്ള ഒരു അവസരം കേരളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നു. മൂന്നാറിലെയും ഇരവികുളത്തേയും നാഷണല്‍ പാര്‍ക്ക് സഞ്ചാരികള്‍ക്ക് പ്രകൃതിയുമായി ഇഴകി ചേരാന്‍ അവസരമൊരുക്കുന്നു. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വേറിട്ട അനുഭവങ്ങളാണ് ഓരോ കാഴ്ച്ചയും സമ്മാനിക്കുന്നത്. കേരളത്തിലെ ജനപ്രിയ ഹില്‍ സ്റ്റേഷനുകളായ മൂന്നാര്‍, തെന്മല, വൈത്തിരി, വയനാട്, വാഗമണ്‍, പൊന്‍മുടി എന്നിവ പ്രകൃതിയും സമൃദ്ധമായ സസ്യജാലങ്ങളും കൊണ്ട് സമ്പന്നമാണ്.

കേരളത്തിന്റെ പച്ചപ്പ് ഒരു വിശേഷപ്പെട്ട കാഴ്ച തന്നെയാണ്. പ്രവാസ ലോകത്ത് താമസിക്കുന്നവര്‍ കേരളത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. കേരളത്തില്‍ വിമാനം ഇറങ്ങുമ്പോള്‍ പച്ചപരവതാനിയാണ് ഓരോ യാത്രികനെയും കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. വിമാനത്തിലൂടെ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് താഴ്ന്നു ഇറങ്ങുമ്പോള്‍ ചുറ്റും കാണുന്ന പച്ചപ്പ് ആരെയാണ് ആനന്ദിപ്പിക്കാത്തത്. അത് പ്രവാസി മലയാളി ആയാലും, വിനോദ യാത്രികനായാലും ഒന്ന് തന്നെ. പ്രവാസി മലയാളിക്ക് ആനന്ദം അല്‍പം കൂടും എന്ന് മാത്രം. കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് തീവണ്ടി കടക്കുമ്പോള്‍ പരന്ന പച്ചപ്പ് ആരെയാണ് ആനന്ദിപ്പിക്കാത്തത്. കപ്പല്‍ മാഗ്ഗമുള്ള യാത്രികരുടെ വരവ് വളരെ അപൂര്‍വ്വമാണെങ്കിലും കേരളത്തിന്റെ തീരങ്ങള്‍ പച്ച പുതപ്പിച്ചതാണ് എന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതൊക്കെ ഒരോ പ്രവാസി മലയാളികളെയും, യാത്രക്കാരേയും സംബന്ധിച്ചിടത്തോളം ആനന്ദം നല്‍കുന്ന കാര്യങ്ങളാണ്. പച്ചനിറത്തോടുള്ള കണ്ണിന്റെ താല്പര്യം ജാതി മത രാഷ്ട്രീയ ദേശ വ്യത്യാസമില്ലാതെ ഉള്ളതാണെന്നുള്ള സത്യം കേരളത്തിനെ കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നു എന്നുതന്നെ വേണം കരുതാന്‍.

രാജ്യത്തെ മറ്റു പ്രദേശങ്ങളിലെ ഭൂപ്രകൃതി പോലെയല്ല കേരളത്തിന്റെത് എന്നത് യാത്രികരെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. മലയും പുഴയും തോടും കടലും എല്ലാം കുറഞ്ഞ ദൂരത്തില്‍ ഒരു യാത്രികന് കാണുവാന്‍ സാധിക്കുന്നു എന്നുള്ളത് കേരളത്തിന് മാത്രം അവകാശപ്പെടാനുള്ള കാര്യമാണ്. ഇത് ഒരു ചെറിയ കാര്യമല്ല എന്നുള്ളത് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയുന്നു. കടലും കപ്പലും കാണാത്ത എത്രയോ പേരെയാണ് ഡല്‍ഹിയില്‍ വ്യക്തിപരമായി കണ്ടിട്ടുള്ളത്. അവര്‍ പലപ്പോഴും കേരളീയരായവരെ കുറിച്ച് അസൂയയോടുകൂടി പറയുന്നത് നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍ എന്നാണ്. കടല് കാണാത്തവരെ രാജ്യതലസ്ഥാനത്ത് ആദ്യകാലങ്ങളില്‍ കണ്ടിട്ടുണ്ട് എന്നുള്ളത് അത്ഭുതമായിരുന്നു. ഓരോ നാളുകള്‍ ചെല്ലുന്തോറും ഇങ്ങനെയുള്ളവരുടെ എണ്ണവും കൂടുന്നത് ഓര്‍ക്കുകയാണ്. കടല് കാണാനും, കപ്പല്‍ കാണാനും കൊച്ചിയിലെത്തിയ വടക്കേ ഇന്ത്യക്കാര്‍ എത്രയാണെന്നോ… കേരളത്തിലിരുന്ന് കൊണ്ട് കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുന്നില്ല എന്നുള്ളത് ഒരു കുറ്റമായി കാണരുത്. കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളില്‍ ജീവിക്കുമ്പോഴാണ് നമ്മുടെ കേരളം എത്ര സുന്ദരം എന്ന് നമ്മള്‍ തിരിച്ചറിയുക.

കേരളത്തിലെ മതപരമായ ഒട്ടേറെ ചടങ്ങുകള്‍ കൗതുകമുള്ള കാഴ്ചയാണ്. അത് ഹിന്ദുമതം ആയാലും ക്രിസ്തുമതം ആയാലും മുസ്ലിം സമുദായത്തിലുള്ള ആഘോഷമായാലും വിശേഷപ്പെട്ടത് തന്നെയാണ്. ഇവിടെ മനുഷ്യരില്‍ മതപരമായ വ്യത്യാസങ്ങള്‍ ഇല്ലാതെയാണ് ആഘോഷങ്ങള്‍ നടക്കുന്നത് എന്നത് മറ്റു പ്രദേശങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. വ്യത്യസ്തങ്ങളായ ഉത്സവ രീതികള്‍ ഒരു വിനോദയാത്രികന് കൗതുക കാഴ്ച സമ്മാനിക്കുന്നുണ്ട്. നമ്മുടെ കേരളത്തിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ തന്നെ വൈവിധ്യങ്ങള്‍ ഉണ്ട് എന്നുള്ളത് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും ഉത്സവങ്ങള്‍ക്ക് പോലും വ്യത്യസ്തമായ പ്രത്യേകതകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. പള്ളികളിലെ പെരുന്നാളുകളും അത്തരം വ്യത്യാസങ്ങള്‍ നിറഞ്ഞതാണ്. ഇത്തരം വൈവിധ്യങ്ങളാണ് ഒരു യാത്രികന്‍ കേരളത്തിലെ ഉത്സവങ്ങളില്‍ വേറിട്ടു നോക്കിക്കാണുന്നത്. ആനപ്പുറത്തുള്ള എഴുന്നള്ളത്തും വാദ്യമേളങ്ങളും മറ്റ് എഴുന്നള്ളത്തുകളും എല്ലാം ഒരു വിനോദയാത്രികന് കൗതുകം നിറച്ച കാഴ്ചകളാണ്. അവന് അവന്റെ നാട്ടില്‍ കാണുവാന്‍ സാധിക്കാത്ത ഒട്ടേറെ കാഴ്ചകളാണ് വ്യത്യസ്തങ്ങളായ ഉത്സവ പരിപാടികളിലൂടെ കാണുവാന്‍ സാധിക്കുന്നത്. കേവലം പറയെഴുന്നള്ളിപ്പ് പോലും ഒരു വിനോദയാത്രികന് കൗതുകമായി തീരുന്നുണ്ട് എന്നുള്ളത് ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

കേരളത്തിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്ന് ഓണമാണ്. ഓണ നാളുകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം വേറിട്ട ഒട്ടേറെ ആഘോഷങ്ങള്‍ നടക്കുന്നു. പൂക്കളവും, തിരുവാതിര കളിയും മറ്റും ആരേയും ആകര്‍ഷിക്കും. വിനോദ യാത്രക്കാരുടെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഓണക്കാലം. ഇത്തരത്തില്‍ മതപരമായ നിരവധി ആഘോഷങ്ങള്‍ കേരളത്തില്‍ പലയിടത്തും കാണാം. തൃശൂര്‍ പൂരം ആഘോഷങ്ങളില്‍ എടുത്ത് പറയേണ്ട ഒന്നാണ്. വിനോദ മേഖലയെ ഉണര്‍ത്തുന്ന കാലമാണ് ഉത്സവ കാലം. തൃശൂര്‍ പൂരം അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തന്നെ. ആറ്റുകാല്‍ പൊങ്കാല, ബീമാ പള്ളി ഉറൂസ്, ചെട്ടികുളങ്ങര ഭരണി എന്നിവയാണ് കേരളത്തിലെ പ്രധാന ക്ഷേത്രോത്സവങ്ങള്‍. കേരളത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ശിവരാത്രിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ ഉത്സവമാണ് ആലുവ ശിവരാത്രി ഉത്സവം. ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ ക്രിസ്ത്യാനികള്‍ ആചരിക്കുന്നു. പരുമല പെരുന്നാള്‍, മണര്‍കാട്, അര്‍ത്തുങ്കല്‍, തുമ്പോളി, എടത്വാ പെരുന്നാള്‍ എന്നിവയാണ് ക്രൈസ്തവരുടെ മറ്റ് പ്രാദേശിക ആഘോഷങ്ങള്‍. ഈദുല്‍ ഫിത്തറും ഈദുല്‍ അദ്ഹയും മുസ്ലീം സമൂഹം ആഘോഷിക്കുന്നു. വിവിധ മതവിശ്വാസങ്ങള്‍, അനുബന്ധ ഉത്സവങ്ങള്‍, ഘടനകള്‍ എന്നിവയുടെ വൈവിധ്യത്തില്‍ വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് കേരള ടൂറിസം വകുപ്പ് പില്‍ഗ്രിമേജ് ടൂറിസം പദ്ധതി തന്നെ ആരംഭിച്ചത്.

കേരളത്തിലെ തെക്കന്‍ മലബാര്‍ മേഖലയിലെ ഗ്രാമ ദേവാലയങ്ങളിലാണ് തിറയാട്ടം നടക്കുന്നത്. മലബാറിലെ തെയ്യം മഹോത്സവം വിനോദസഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമായ ഒന്നാണ്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന തെയ്യം കാണുവാനായി എത്രയെത്ര വിദേശികളും സ്വദേശികളുമായ യാത്രികരാണ് മലബാര്‍ മേഖലകളില്‍ എത്തുന്നത്. ഓരോ തെയ്യവും ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്നുള്ളതാണ് യാത്രികനെ കൂടുതല്‍ വേദികളില്‍ എത്തിക്കുന്നത്. അത്ഭുതകരമായ ചുവടുകളും ആകര്‍ഷകമായ നിറങ്ങളും താളവും എല്ലാം തെയ്യം കലാരൂപത്തെ വിനോദസഞ്ചാരികളില്‍ കൂടുതല്‍ താല്പര്യം ഉണ്ടാക്കുന്നു.

കേരളത്തിന്റെ സ്വന്തം കഥകളിയും, കൂടിയാട്ടവും, മോഹിനിയാട്ടവും, ഓട്ടന്‍തുള്ളലും, കൂത്തും (സ്റ്റാന്‍ഡ്-അപ്പ് കോമഡിക്ക് തുല്യമാണ് ഇത്) തുടങ്ങിയവയെല്ലാം വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചവിട്ടുനാടകങ്ങളും, മാര്‍ഗം കളിയും, താളാത്മകമായ കൈകൊട്ടിക്കളിയും, ഒപ്പനയും ഏറെ വിശേഷപ്പെട്ടതാണ്. പ്രാചീന അനുഷ്ഠാന കലകളായ കളരിപ്പയറ്റ്, തിറയാട്ടം, തെയ്യം, പൂരക്കളി, കുത്തിയോട്ടം, പടയണി തുടങ്ങിയവയും ശ്രദ്ധേയമാണ്. സോപാന സംഗീതവും, പഞ്ചവാദ്യം പോലുള്ള പരമ്പരാഗത വാദ്യ സംഗീതവും വിശേഷപ്പെട്ടതാണ്. അതുകൊണ്ട് നമ്മുടെ കലാസാംസ്‌കാരിക രംഗം വളരെ സമ്പന്നമാണ് എന്നുള്ളതും വിനോദയാത്രികരെ ഏറെ ആകര്‍ഷിക്കുന്നു. നമ്മുടെ നാട്ടിലെ കലാപ്രവര്‍ത്തനങ്ങള്‍ വിനോദസഞ്ചാരത്തെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.

കേരളത്തിന്റെ ചുമര്‍ചിത്ര ചരിത്രം ഏറെ ശ്രദ്ധേയമാണ്. പരമ്പരാഗത കേരള ചുവര്‍ ചിത്രങ്ങള്‍ നമ്മുടെ കേരളത്തിലെ ക്ഷേത്രങ്ങളിലും പള്ളികളിലും കൊട്ടാരങ്ങളിലും കാണപ്പെടുന്നുണ്ട് എന്നുള്ളത് ഈ മേഖലകളില്‍ താല്പര്യമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒന്‍പതാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉള്ള പ്രത്യേകതരം ശൈലിയും പ്രാധാന്യവും കേരളത്തിലെ ചുമര്‍ ചിത്രങ്ങള്‍ക്കുണ്ട്. കേരളത്തിലെ ചിത്രകല പാരമ്പര്യം വളരെ വിശേഷപ്പെട്ടതാണ്. രാജാ രവിവര്‍മ്മ മുതല്‍ സമകാലീന ചിത്രകാരന്‍മാര്‍ വരെ വൈവിധ്യങ്ങളായ രചനകള്‍ ആണ് നിര്‍വഹിക്കുന്നത്. കാര്‍ട്ടൂണ്‍ രംഗത്തും അനിമേഷന്‍ രംഗത്തും വലിയ വിപ്ലവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. കൊച്ചി മുസ്ലീം ബിനാലെ രാജ്യത്തെ ഏറ്റവും വലിയ ആര്‍ട്ട് എക്‌സിബിഷനുകളില്‍ ഒന്നാണ്. ഇതൊക്കെ വിനോദയാത്രക്കാരെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ കാരണമായിട്ടുണ്ട്.

ഉത്സവങ്ങളുടെ വൈവിധ്യങ്ങള്‍ പോലെ തന്നെയാണ് കേരളത്തിന്റെ രുചിയുടെ വൈവിധ്യവും. ഒരു വിനോദ യാത്രികന്‍ പ്രകൃതിയെ തൊട്ടറിയുവാന്‍ വേണ്ടിയാണ് യാത്രകള്‍ നടത്തുന്നത് എന്നതുപോലെ തന്നെയാണ് അവര്‍ യാത്ര ചെയ്യുന്ന പ്രദേശത്ത് രുചികള്‍ രുചിച്ചറിയുന്നത്. മറ്റു രാജ്യങ്ങളിലെ ഭക്ഷണരീതിയില്‍ നിന്ന് വ്യത്യസ്തങ്ങളായി ഒട്ടേറെ വിഭവങ്ങളാണ് കേരളത്തില്‍ ലഭിക്കുന്നത്. കേരളത്തിലെ ഓരോ പ്രദേശത്തേയും വൈവിധ്യങ്ങള്‍ നിറഞ്ഞ രുചിക്കൂട്ടുകള്‍ ഒരു യാത്രികനെ തീര്‍ച്ചയായും ആകര്‍ഷിക്കും. ചെറിയ പ്രദേശത്തെ വ്യത്യസ്തങ്ങളായ ഭക്ഷണത്തെ അവര്‍ ആവേശപൂര്‍വ്വമാണ് എതിരേല്‍ക്കുന്നത് എന്നുള്ളത് വിശേഷപ്പെട്ടത് തന്നെ.

കേരളം സുഗന്ധവ്യഞ്ജനകളുടെ കലവറയാണെന്നാണ് പറയപ്പെടുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍ വിദേശയാത്രികരെ ഏറെ ആകര്‍ഷിക്കുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. കേരളത്തില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന കുരുമുളകിന് വിദേശത്ത് വലിയ പ്രിയമാണ്. വാസ്‌കോഡഗാമ കേരളത്തിലെ കോഴിക്കോടിന് അടുത്തുള്ള കാപ്പാട് തീരത്ത് എത്തിച്ചേര്‍ന്നത് കുരുമുളകില്‍ ആകൃഷ്ടനായിട്ടാണ് എന്നാണ് ചരിത്രം പറയുന്നത്. ബ്രിട്ടീഷുകാര്‍ കേരളത്തെ ഏറെ സ്‌നേഹിച്ചത് ഇവിടുത്തെ സുഗന്ധവ്യഞ്ജനങ്ങളില്‍ ആകൃഷ്ടരായിട്ട് തന്നെ.

ലോകത്തെ മറ്റേത് രാജ്യങ്ങളെക്കാള്‍ ആരോഗ്യ പരിപാലന രംഗത്ത് ഏറെ പ്രശസ്തമാണ് കേരളം. കേരളത്തിന്റെ ആയുര്‍വേദ, സിദ്ധ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ ഏറെ ഗുണനിലവാരമുള്ളതാണ്. അതുകൊണ്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ളവരും, വിദേശിയരുമായ ജനങ്ങള്‍ക്ക് കേരളത്തിന്റെ ആരോഗ്യ രംഗത്തോട് വിശ്വാസമാണ്. അതുകൊണ്ടുതന്നെ കേരളത്തിലേക്കുള്ള മെഡിക്കല്‍ ടൂറിസം വലിയ രീതിയില്‍ വളരുന്നുമുണ്ട്.

കേരളത്തിലേയ്ക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്ന ഒട്ടേറെ പരിപാടികള്‍ ചുറ്റിനും നടക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി മുതല്‍ കേരളത്തിന്റെ ജലാശയങ്ങളില്‍ നടക്കുന്ന ഒട്ടേറെ വള്ളംകളികള്‍ ടൂറിസം രംഗത്തെ ആകര്‍ഷിക്കുന്ന ഒന്നാണ്. കൊച്ചി മുസരീസ് ബിനാലെ കലാ ലോകത്തെ ആകര്‍ഷിക്കുന്നു. രാജ്യാന്തര ചലചിത്രോത്സവം, നാടകോത്സവം, സാഹിത്യോത്സവം തുടങ്ങി എന്തെല്ലാം നടക്കുന്നു. കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഇത്തരം സാംസ്‌കാരിക പരിപാടികള്‍ ടൂറിസം രംഗത്തിന് കൂടുതല്‍ ഉണര്‍വ്വ് നല്‍കുന്നു. എന്റെ കേരളം എത്ര സുന്ദരം എന്ന് ഓരോ മലയാളിയും മനസിലെങ്കിലും പറയുന്നുണ്ട്.

content summary; kerala tourism; gods own country

ബാബു പണിക്കര്‍

ബാബു പണിക്കര്‍

പണിക്കേഴ്‌സ് ട്രാവല്‍സ് സിഇഒ ആണ് ബാബു പണിക്കര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×