കേരള സർവകലാശാലയിലെ സംസ്കൃതം വകുപ്പ് ഡീനിനെതിരെ ഗവേഷക വിദ്യാർത്ഥി ജാതിവിവേചനം ആരോപിച്ച സംഭവത്തിൽ ഡീനിനെതിരെ കൂടുതൽ ആരോപണങ്ങളുയരുന്നു. പിഎച്ച്ഡി പാനൽ ചെയർപേർസൺ അംഗീകാരം നൽകിയ പ്രബന്ധം നിഷേധിക്കാൻ ഡീനിന് അവകാശമില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഗവേഷക അധ്യാപകനും കേരള സർവകലാശാല മുൻ പിഎച്ച്ഡി ഗൈഡുമായ അഴിമുഖത്തോട് പ്രതികരിച്ചു. ഇല്ലാത്ത അധികാരമാണ് ഡീൻ ഉപയോഗിച്ചതെന്നും പ്രബന്ധത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് പാനൽ ചെയർപേർസൺ ആണെന്നും ഗവേഷക അധ്യാപക പറഞ്ഞു.
‘പിഎച്ച്ഡി ചെയ്യുമ്പോൾ ഒപ്പം ഒരു സൂപ്പർവൈസിങ്ങ് ടീച്ചറുണ്ടാകണം. പ്രബന്ധം സമർപ്പിക്കേണ്ട സമയം വരുമ്പോൾ ആർക്കൊക്കെയാണ് ഇവാല്യുവേഷന് അയക്കേണ്ടത് എന്നത് തീരുമാനിച്ച് സൂപ്പർവൈസിങ്ങ് ടീച്ചർ പത്ത് പേരടങ്ങുന്ന പാനലിന് കൊടുക്കണം. അതിൽ നിന്നും വൈസ് ചാൻസലർ തൻ്റെ ഇഷ്ടപ്രകാരം മൂന്ന് പേരടങ്ങുന്ന ഒരു പാനലിന് പ്രബന്ധം അയക്കുകയാണ് ചെയ്യുന്നത്. ആ പാനലിൽ കേരളത്തിന് പുറത്ത് നിന്നുള്ളവർ തീർച്ചയായും ഉണ്ടായിരിക്കണം. പ്രബന്ധം അയക്കുന്നവരിൽ ഒരാളെ ചെയർമാനായി തീരുമാനിക്കും. ഇതിൽ വിദ്യാർത്ഥിക്കോ സൂപ്പർ വൈസിങ്ങ് ടീച്ചർക്കോ ഡിപ്പാർട്ട്മെൻ്റിനോ ഇടപെടാൻ യാതൊരു അവകാശവുമില്ല. ആർക്കൊക്കെയാണ് അയച്ചതെന്ന് അറിയാൻ സാധാരണ നിലയിൽ യാതൊരു വഴിയുമില്ല. ഇവാല്യൂഷേൻ കഴിഞ്ഞതിന് ശേഷം വൈസ് ചാൻസലർ സൂപ്പർവൈസിങ്ങ് ടീച്ചർക്ക് കത്തയക്കും. പിന്നീടാണ് ഓപ്പൺ ഡിഫൻസും വൈവയും ഒരുമിച്ചുള്ള സെക്ഷൻ നടക്കുന്നത്.
ഓപ്പൺ ഡിഫൻസ് നടക്കുന്ന സ്ഥലവും സമയവും രേഖപ്പെടുത്തി സൂപ്പർവൈസിങ്ങ് ടീച്ചർ നിശ്ചിത ആളുകൾക്ക് കത്ത് അയക്കണം. അതിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട കുറച്ച് പേരുണ്ട്. ബാക്കിയുള്ളവർക്കായി ലൈബ്രറിയിലും ഡിപ്പാർട്ട്മെൻ്റിലെ നോട്ടീസ് ബോർഡിലുമായി പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്. ഓപ്പൺ ഡിഫൻസിൽ വെച്ചാണ് വിദ്യാർത്ഥി തൻ്റെ പ്രബന്ധത്തിൻ്റെ സംഗ്രഹം അവതരിപ്പിക്കുന്നത്. അവിടെയുള്ളവർക്കൊക്കെ തന്നെ പ്രബന്ധത്തിനുള്ളിൽ നിന്നുകൊണ്ട് വിദ്യാർത്ഥിയോട് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. ശേഷം പ്രബന്ധത്തിൽ സംതൃപ്തരാണെങ്കിൽ അവിടെ വെച്ച് തന്നെ ചെയർപേഴ്സൺ പ്രബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ ആ വ്യക്തിക്ക് പിഎച്ച്ഡി നൽകാൻ സർവകലാശാലയോട് അപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തുന്നു. അങ്ങനെയൊരു പ്രഖ്യാപനം വന്നുകഴിഞ്ഞാൽ അതിന് മുകളിൽ അഭിപ്രായം പറയാൻ ഡീനിന് അവകാശമില്ല. തനിക്കില്ലാത്ത അധികാരം പ്രയോഗിക്കുകയാണ് സി. എൻ വിജയകുമാരി ചെയ്തത്. ഇതിൽ ഒരു അഭിപ്രായം പറയാനോ റിപ്പോർട്ട് കൊടുക്കാനോ അവർക്കാകില്ല.
ചെയർപേഴ്സൺ നൽകിയ റിപ്പോർട്ട് ഫോർവേർഡ് ചെയ്യുക മാത്രമാണ് ഡീനിന് ചെയ്യാൻ കഴിയുക. ഓപ്പൺ ഡിഫൻസും പ്രഖ്യാപനവുമെല്ലാം കഴിഞ്ഞതിന് ശേഷം അതിൽ അതിക്രമിച്ച് കയറി റിപ്പോർട്ട് അയക്കാൻ തയ്യാറാകാതിരിക്കുകയുമാണ്.
ഡൽഹി യൂണിവേഴ്സിറ്റിയിലും മദ്രാസ് യൂണിവേഴ്സിറ്റിയിലുമെല്ലാം സംസ്കൃതം ഡിപ്പാർട്ട്മെൻ്റുള്ളതാണ്. അവിടെയെല്ലാം കൂടുതൽ പ്രബന്ധങ്ങളും എഴുതുന്നത് ഇംഗ്ലീഷിലാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 90 ശതമാനം പ്രബന്ധങ്ങളും സമർപ്പിക്കുന്നത് ഇംഗ്ലീഷ് ഭാഷയിൽ എഴുതിയത് തന്നെയാണ്. ഒരു പത്ത് പ്രബന്ധങ്ങൾ വരുകയാണെങ്കിൽ അതിൽ രണ്ടെണ്ണം മാത്രമായിരിക്കും സംസ്കൃതത്തിൽ ഉണ്ടാകുന്നത്. സി. എൻ വിജയകുമാരി ഗൈഡായിട്ട് നിന്ന പ്രബന്ധങ്ങളിൽ പോലും സബ്മിറ്റ് ചെയ്തിരിക്കുന്നത് ഇംഗ്ലീഷിൽ തന്നെയാണ്.
ആരോപണ വിധേയയായ ഡീൻ സംഘപരിവാർ പശ്ചാത്തലമുള്ളയാളാണെന്ന് വളരെ വ്യക്തതയുള്ള കാര്യമാണ്. ഡീനും വൈസ് ചാൻസലറുമായി വളരെ അടുത്ത രാഷ്ട്രീയ ബന്ധവുമുണ്ട്. അഡ്ജുഡിക്കേഷൻ കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ വൈസ് ചാൻസലർക്ക് നടപടിയെടുക്കാൻ കഴിയുകയുള്ളൂ. നിലവിലെ വൈസ് ചാൻസലറുടെ തീരുമാനങ്ങൾ വെച്ച് നോക്കുമ്പോൾ ഇതിൽ ഡീനിന് അനുകൂലമായി അയാൾ നീങ്ങാൻ സാധ്യതയുണ്ട്. രജിസ്ട്രാറെ പുറത്താക്കുന്ന തീരുമാനങ്ങളും മറ്റും വന്നത് വിസിയുടെ രാഷ്ട്രീയവും വെളിപ്പെടുത്തുന്നതാണല്ലോ? അങ്ങനെയൊരു സാഹചര്യത്തിൽ അന്വേഷണ കമ്മീഷനെ വെയ്ക്കുകയോ എക്സ്പേർട്ട് കമ്മിറ്റിയെയോ വെയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ അതൊന്നും സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ട് അനുസരിച്ച് നിയമപരമല്ല. പിഎച്ച്ഡിയുടെ നിയമാവലി അനുസരിച്ചും നിയമപരമല്ല,’ ഗവേഷക അധ്യാപകനും കേരള സർവകലാശാല മുൻ പിഎച്ച്ഡി ഗൈഡുമായ അഴിമുഖത്തോട് പ്രതികരിച്ചു.
ഇക്കഴിഞ്ഞ നവംബർ നാലിനാണ് കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കാര്യവട്ടം ക്യാമ്പസിലെ പിഎച്ച്ഡി വിദ്യാർത്ഥി അധ്യാപികയിൽ നിന്ന് തനിക്ക് നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സംസ്കൃതം ഡിപ്പാർട്ട്മെന്റിൽ എം ഫിൽ ചെയ്യുന്ന വിപിൻ വിജയന് അക്കാദമിക് യോഗ്യതയില്ലെന്നും സംസ്കൃതം വായിക്കാൻ അറിയില്ലെന്നും ചൂണ്ടിക്കാട്ടി സംസ്കൃത വകുപ്പ് ഡീൻ ഡോ. സി. എൻ വിജയകുമാരി വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. ഇത് ജാതി വിവേചനത്തിൻ്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി വിപിൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
Content Summary: Kerala University Sanskrit Department Dean C.N. Vijayakumari’s action was an abuse of power
This post was last modified on November 7, 2025 4:06 pm
Leave a Comment