ശങ്കുവിന് ഇനി അങ്കണവാടിയിലിരുന്ന് ബിർണാണി കഴിക്കാം. അംഗണവാടിയിലെ ഭക്ഷണക്രമം പരിഷ്കരിക്കാമെന്ന് ശങ്കുവിന് നൽകിയ വാക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് പാലിച്ചു. അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റിയിട്ട് ബിർണാണിയും പൊരിച്ച കോയീം വേണമെന്ന നിഷ്കളങ്കമായ ആവശ്യവുമുന്നയിച്ച മൂന്നരവയസുകാരൻ തൃജൽ എസ് സുന്ദർ എന്ന ശങ്കുവിനെ മലയാളികൾ ആരും മറന്നിട്ടില്ല. ഈ വർഷം ആദ്യമാണ് കായംകുളം ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അങ്കണവാടിയിൽ പഠിക്കുന്ന ശങ്കു അങ്കണവാടിയിൽ ഭക്ഷണമെനു പരിഷ്കരിക്കണമെന്ന ആഗ്രഹം പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അന്ന് മന്ത്രി വീണാ ജോർജ്ജ് കുഞ്ഞ് ശങ്കുവിന് ഒരു വാക്ക് നൽകിയിരുന്നു. ശങ്കുവിന് അങ്കണവാടിയിൽ ബിർണാണി തരുമെന്ന്. ആ വാക്കാണ് മന്ത്രി പാലിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 33,120 അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അങ്കണവാടിയിലെ ഭക്ഷണക്രമം പരിഷ്കരിച്ചുവെന്ന് മന്ത്രി അറിയിച്ചത്. ശങ്കുവിന്റെ അഭ്യര്‍ത്ഥന പ്രകാരം അന്ന് പറഞ്ഞത് പോലെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌ക്കരിച്ചുവെന്ന് മന്ത്രി പറഞ്ഞു. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഏകീകൃത മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ താരമാവുകയും മന്ത്രിയുടെ ഉറപ്പ് നേടുകയും ചെയ്ത ശങ്കുവിന് അഭിനന്ദനവുമായി അന്ന് നിരവധി പേരാണ് എത്തിയിരുന്നത്. പ്രയാർ വടക്ക് പുന്നക്കുഴിയിൽ സോമസുന്ദറിന്റെയും അശ്വതിയുടെയും മകനാണ് ശങ്കു.
Content Summary: Kerala’s Anganwadi food menu modified to keep Shanku’s promise