1919 ഒക്ടോബര്‍ മാസം വിദൂഷകന്റെ അഞ്ചാം ലക്കത്തിലാണ് ആദ്യമായി മഹാക്ഷാമദേവത എന്ന പേരില്‍ ഒരു ഹാസ്യ ചിത്രം അച്ചടിച്ച് വരുന്നത്. ലക്ഷണമൊത്ത കാര്‍ട്ടൂണായിരുന്നു അത് എന്ന് പൊതുവായി വിലയിരുത്തപ്പെടുന്നു. അതിന് മുന്‍പ് അത്തരത്തിലൊന്ന് വരയ്ക്കപ്പെടുകയും, പ്രസിദ്ധീകരിക്കപ്പെടുകയും ഉണ്ടായതായി നാളിതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കേരളത്തില്‍ ചിത്രങ്ങള്‍ അച്ചടിക്കുന്ന വിദ്യ പ്രചാരമില്ലാത്ത കാലത്തായിരുന്നു വിദൂഷകന്‍ ഒരു ഹാസ്യ ചിത്രവുമായി ഇറങ്ങിയത്. ഈ വിഷയത്തില്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തിയ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നിഗമനം ഇപ്രകാരമാണ്. മഹാക്ഷാമദേവത എന്ന ശീര്‍ഷകത്തില്‍ അച്ചടിച്ച കാര്‍ട്ടൂണ്‍ വരച്ചത് പത്രാധിപരായ പി എസ് നീലകണ്ഠപിള്ളയുടെ മാത്യസഹോദരനും ചിത്രകാരനുമായ പി എസ് ഗോവിന്ദപിള്ളയാണ് എന്ന് കരുതപ്പെടുന്നു. കാര്‍ട്ടൂണിസ്റ്റിന്റെ പേരോ, ഒപ്പോ ആദ്യ കാര്‍ട്ടൂണില്‍ ഇല്ലായിരുന്നു. മറ്റ് പ്രസിദ്ധീകരണങ്ങളിലും പി എസ് ഗോവിന്ദപിള്ളയുടെ രചനകളും, ഹാസ്യ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ കാരണമെന്ന് സുകുമാര്‍ പറയുന്നു. അതിന് മുന്‍പ് ഇങ്ങനൊന്ന് ഉണ്ടായതായി കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ പി എസ് ഗോവിന്ദപിള്ളയുടേതെന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു എന്നാണ് സുകുമാര്‍ പറഞ്ഞത്. 1987 ലെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ജനറല്‍ ബോഡി യോഗത്തിലാണ് സുകുമാര്‍ ഇങ്ങനെ പറഞ്ഞത്. പല വേദികളിലും അദ്ദേഹം ഇത് പറയുന്നത് കേട്ടിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുഖപത്രത്തില്‍ 1992ല്‍ സുകുമാര്‍ ആദ്യ കാര്‍ട്ടൂണിനെ കുറിച്ച് കുറിപ്പും എഴുതിയിട്ടുണ്ട്.
കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍
സുകുമാര്‍ കാര്‍ട്ടൂണ്‍ അക്കാദമി മുഖപത്രത്തില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്തായിരുന്നു പ്രസ്തുത കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. നാട്ടില്‍ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്. ക്ഷാമം ഒരു ഭീകരനായ അസുര രൂപം പൂണ്ട് ഇടത്തേ കൈയില്‍ മനുഷ്യരെ തന്റെ കുന്തത്തില്‍ കോര്‍ത്തിറക്കിയിരിക്കുന്നു. വലത്തേ കൈയില്‍ ജീവന് വേണ്ടി പിടയുന്ന അസ്ഥിപഞ്ജരനായ മറ്റൊരു മനുഷ്യന്‍ ജീവനായി പിടയുന്നു. കാല്‍ ചുവട്ടിലും മനുഷ്യര്‍ ചവിട്ടിമെതിക്കപ്പെടുന്നു. ഒരു ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥന്‍ ഭീകരനായ അസുരരൂപത്തോട് എന്തോ നിര്‍ദ്ദേശിക്കുന്നുണ്ട്. ക്ഷാമകാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായ മരച്ചീനി (കപ്പ) ചിത്രത്തില്‍ പ്രാധാന്യത്തോടെ വരച്ചിട്ടിരിക്കുന്നു. മഹാക്ഷാമദേവത എന്ന തലക്കെട്ടോടെ വിദൂഷകനില്‍ വന്ന ആദ്യ കാര്‍ട്ടൂണിന് എത്ര ശക്തമായ ആശയമാണ് ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്.
മലയാളത്തിന്റെ ആദ്യത്തെ കാര്‍ട്ടൂണിന്റെ ചിത്രമുണ്ട്. കാര്‍ട്ടൂണിസ്റ്റ് ആരെന്നും അറിയാം. പക്ഷേ, അദ്ദേഹത്തിന്റെ ചിത്രം മാത്രമില്ല. പി.എസ്.ഗോവിന്ദപ്പിള്ള എന്ന ആദ്യത്തെ മലയാള കാര്‍ട്ടൂണിസ്റ്റിന്റെ ചിത്രം തേടി അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ തന്റെ വര്‍ഷങ്ങളായ പരിശ്രമം അവസാനിപ്പിച്ച് ബാറ്റണ്‍ ലേഖകനെ ഏല്‍പ്പിച്ചു. ഒപ്പം ഞാനുമുണ്ടാകും എന്ന ഉറപ്പും. സാംസ്‌ക്കാരിക കേരളം ആദ്യ മലയാള കാര്‍ട്ടൂണിസ്റ്റിന്റെ ചിത്രം തേടുന്നു എന്ന വാര്‍ത്തയും വന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തിരഞ്ഞു. കാര്‍ട്ടൂണിന്റെ ചരിത്രം പൂര്‍ത്തിയാക്കി പുറത്ത് വന്നപ്പോള്‍ ആദ്യ കാര്‍ട്ടൂണിസ്റ്റിന്റെ ചിത്രം ഇല്ലായിരുന്നു. 2018 നവംബര്‍ ഒന്നാം തീയതി മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിയുടെ ഭാഗമായി 31 പട്ടണങ്ങളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തിയപ്പോഴും ആദ്യ കാര്‍ട്ടൂണിസ്റ്റിന്റെ ചിത്രം ഇല്ലായിരുന്നു.
2019 ജനുവരി 3 വ്യാഴം, ടിവി യില്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷ വാര്‍ത്തകള്‍ കണ്ടു കൊണ്ടിരിക്കെ ഫോണ്‍ ബെല്ലടിച്ചു. ട്രൂ കോളര്‍ അബിത സുരേഷ് (ലേഖ) വിളിക്കുന്നതായി സൂചന തന്നു. കേരളത്തില്‍ നിന്നുള്ള വിളിയാണ്. ഫോണ്‍ എടുത്തപ്പോള്‍ അവര്‍ പറഞ്ഞു. ആള്‍ ഇന്ത്യ മലയാളി അസോസിയഷന്‍ സെക്രട്ടറി ശ്രീകുമാറാണ് നമ്പര്‍ തന്നത്. ഞാന്‍ പി. എസ് ഗോവിന്ദപിള്ളയുടെ കൊച്ചു മകളാണ്. എനിക്ക് മുത്തച്ഛന്റെ കാര്‍ട്ടൂണുകളുടെ പകര്‍പ്പ് തരാമോ…?
തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെയാണ് അവരുടെ വിളി എനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ ചോദ്യത്തിന് ഉത്തരമായി ഞാന്‍ ചോദിച്ചു.
മുത്തച്ഛന്റെ ചിത്രം ഉണ്ടാകുമോ…?
ഉണ്ടല്ലോ… എന്ന അവരുടെ മറുപടി എത്ര ആഹ്‌ളാദമുണ്ടാക്കി എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല…
മലയാളത്തിലെ ആദ്യ കാര്‍ട്ടൂണിസ്റ്റ് പി എസ് ഗോവിന്ദപിള്ളയുടെ കൊച്ചു മകള്‍ അബിത സുരേഷ് മുത്തച്ഛനെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞു. അപ്പോളാണ് മലയാളത്തിലെ ആദ്യ കാര്‍ട്ടൂണിന്റെ രചയിതാവ് മുത്തച്ഛനാണെന്ന് അവര്‍ അറിയുന്നത്. മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിയുടെ ഭാഗമായി മേഘാലയയിലെ ഷില്ലോങ്ങില്‍ നടന്ന പ്രദര്‍ശനത്തിന്റെ വാര്‍ത്തയില്‍ ആദ്യ മലയാള കാര്‍ട്ടൂണ്‍ രചയിതാവായ മുത്തച്ഛന്റെ പേരവര്‍ കണ്ടു. സംഘാടകരുടെ ഷില്ലോങ്ങിലെ നമ്പര്‍ അവര്‍ ഇന്റര്‍നെറ്റ് വഴി തപ്പി എടുത്ത് വിളിച്ചു. അവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അന്നത്തെ ആള്‍ ഇന്ത്യ മലയാളി അസോസിയഷന്‍ സെക്രട്ടറി ശ്രീകുമാറിനെ വിളിക്കാന്‍ പറഞ്ഞു. പ്രദര്‍ശനത്തിന്റെ ക്യൂറേറ്ററായ എന്റെ നമ്പര്‍ അദ്ദേഹം നല്‍കി. അങ്ങനെ മലയാളത്തിന്റെ ആദ്യ കാര്‍ട്ടൂണിസ്റ്റിന്റെ ചിത്രം സാംസ്‌കാരിക കേരളത്തിന് ലഭ്യമായി…
പി എസ് ഗോവിന്ദപിള്ള
ആരായിരുന്നു പി. എസ് ഗോവിന്ദപിള്ള…?
വിദൂഷകന്‍ എന്ന വിനോദ മാസികയുടെ പത്രാധിപരും, പ്രസാധകനുമായ പി.എസ് നീലകണ്ഠപിള്ളയുടെ സഹോദരനാണ് പി. എസ് ഗോവിന്ദപ്പിള്ള. ചിത്രകാരന്‍ മാത്രമായിരുന്നില്ല ഗോവിന്ദപ്പിള്ള… നല്ല ഗായകന്‍ കൂടിയായിരുന്നു. കൊല്ലം ജില്ലയിലെ പരവൂരിലെ പ്രശസ്ത തറവാടായ കോങ്ങാല്‍ ദേവി അഴികത്ത് വീട്ടില്‍ ശിവശങ്കരപിള്ള ജഡ്ജിയുടെ മക്കളാണ് ഇരുവരും. ശിവശങ്കരപിള്ളയ്ക്ക് നാല് ആണ്‍മക്കള്‍. പി എസ് നാരായണപിള്ള (ഹൈക്കോട്ട് അഡ്വക്കേറ്റ്), പി എസ് നീലകണ്ഠപിള്ള (മാധ്യമ പ്രവര്‍ത്തകന്‍), പി എസ് ബാലക്യഷ്ണപിള്ള (ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍), പി എസ് ഗോവിന്ദപിള്ള (കാര്‍ട്ടൂണിസ്റ്റ്, ചിത്രകാരന്‍, ഗായകന്‍). വിദൂഷകന്‍ മാസികയുടെ പത്രാധിപര്‍ പദവി ജേഷ്ഠന്‍ നീലകണ്ഠപിള്ള നീണ്ട യാത്ര പോയ അവസരത്തില്‍ ഇടക്കാലത്ത് ഗോവിന്ദപിള്ളയ്ക്ക് ലഭിച്ചു. അന്നായിരുന്നു ആദ്യത്തെ കാര്‍ട്ടൂണ്‍ വിദൂഷകനില്‍ പ്രസിദ്ധീകരിച്ചത്. പില്‍ക്കാലത്ത് സുഭാഷിണി പത്രത്തിന്റെ പത്രാധിപര്‍ കൂടിയായി പി എസ് ഗോവിന്ദപിള്ള. പത്രാധിപര്‍ ഗോവിന്ദപിള്ള എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്.
ദിവാനും തിരുവിതാംകൂര്‍ രാജാവിനും എതിരെ സ്ഥിരമായി ഹാസ്യ ലേഖനങ്ങളും ഹാസ്യ ചിത്രങ്ങളും വിദൂഷകനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ അനീതിക്കും അതിക്രമങ്ങളേയും അതിരൂക്ഷമായി ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്ന ശൈലി തന്നെ വിദൂഷകനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള പീഠനം ഏല്‍കേണ്ടിയും വന്നിട്ടുണ്ട്. സ്വതന്ത്ര സമരത്തെ അനുകൂലിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ എഴുതിയതിനും, വരച്ചതിനും വിദൂഷകന്‍ കണ്ടു കെട്ടി. അതിലെ പ്രധാന ഹാസ്യ ചിത്രകാരനായ പി എസ് ഗോവിന്ദപിള്ളയെ ബ്രിട്ടീഷുകാര്‍ നാടുകടത്തി. കാര്‍ട്ടൂണ്‍ വരച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നാടുകടത്തപ്പെട്ട പി. എസ്. ഗോവിന്ദപിള്ള കേരള മാധ്യമ ചരിത്രത്തിലെ പുതിയ ഏടാണ്.
ആന്റമാനിലെ കലാപാനിയിലായിരുന്നു ജയില്‍ വാസം. ജയില്‍വാസം കഴിഞ്ഞ് മടങ്ങി എത്തിയ ഗോവിന്ദപിള്ള രോഗിയായി. ഭാര്യ ജാനകിഅമ്മയുടെ മടിയില്‍ കിടന്ന് മരണപ്പെട്ടു. സ്ത്രീകളെ പുരോഗമന ആശയത്തിലേയ്ക്ക് കൊണ്ടുവരാന്‍ ജാനകി അമ്മ കല്ലടയില്‍ വനിതാസമാജം തുടങ്ങാന്‍ നേത്യത്ത്വം നല്‍കി. ഇവര്‍ക്ക് ആറ് മക്കള്‍. നാല് ആണും, രണ്ട് പെണ്ണും. പൊന്നമ്മ, കെ എസ് ഇ ബി എന്‍ജിനിയറായിരുന്ന മാധവന്‍ നായര്‍, തങ്കമ്മ, സിംഗപ്പൂരില്‍ സിവില്‍ എന്‍ജിനിയറായിരുന്ന തങ്കപ്പന്‍ നായര്‍, ചന്ദ്രന്‍ നായര്‍ (28ാം വയസില്‍ വിവാഹത്തിന് മുന്‍പ് അപകടത്തില്‍ മരണപ്പെട്ടു), ഭിലായില്‍ സ്റ്റില്‍ പ്ലാന്റില്‍ ഡെപ്യൂട്ടി മാനേജറായിരുന്ന ജി. രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് മക്കള്‍. ആരും ഇന്ന് ജീവിച്ചിരിപ്പില്ല. മാധവന്‍ നായരും, തങ്കപ്പന്‍ നായരും, സുഭാഷ് ചന്ദ്രബോസിന്റെ അനുയായികളായിരുന്നു. അവരുടെ ഭാര്യമാര്‍ ഐഎന്‍എ പെന്‍ഷ്യന്‍ വാങ്ങുന്നുണ്ടായിരുന്നു.
മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ (മഹാക്ഷാമദേവത), 1919 ല്‍ വിദൂഷകന്‍ മാസിക
പി.എസ്. ഗോവിന്ദപിള്ളയുടെ ഇളയ മകന്‍ ജി. രാമചന്ദ്രന്റെ മകളാണ് മുത്തച്ഛന്റെ വിവരങ്ങള്‍ക്കായി വിളിച്ചത്. ബിലായിലായിരുന്നപ്പോള്‍ അച്ഛന്‍ മുത്തച്ഛനെ കുറിച്ച് മക്കള്‍ക്ക് പറഞ്ഞത് കൊടുത്തിരുന്നു. അമ്മയില്‍ നിന്ന് അച്ഛനെ കുറിച്ച് കൂടുതല്‍ അറിഞ്ഞ ഇളയ മകന്‍ രാമചന്ദ്രന്‍ നായര്‍ മകളോട് മുത്തച്ഛന്റെ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു. കാര്‍ട്ടൂണിസ്റ്റും ഗായകനുമായ മുത്തച്ഛനെ അഭിമാനത്തോടെ മനസില്‍ കൊണ്ടു നടന്ന കൊച്ചു മക്കള്‍ ഇപ്പോള്‍ പതിന്‍ മടങ്ങ് സന്തോഷത്തിലാണ്. ആദ്യ ഹാസ്യ മാസിക നടത്തിയ മുത്തച്ഛന്‍… ആദ്യ മലയാള കാര്‍ട്ടൂണ്‍ വരച്ച മുത്തച്ഛന്‍… മുത്തച്ഛന്റെ ചിത്രവും മുത്തശ്ശിയുടെ ചിത്രവും അവര്‍ അഭിമാനത്തോടെ സാംസ്‌കാരിക കേരളത്തിന് സമര്‍പ്പിച്ചു.
മലയാള നാട്ടിലേയ്ക്ക് പിന്നീട് പലരും കാട്ടൂണ്‍ രചന നടത്തുന്നതിന് മിക്കവാറും പി. എസ്. ഗോവിന്ദപിള്ളയുടെ രചനകളെ പിന്തുടര്‍ന്നാകും. പി. എസ്. ഗോവിന്ദപിള്ളയ്ക്ക് വളരെ മുന്‍പ് തന്നെ ഗുണ്ടര്‍ട്ട് ജര്‍മ്മനിയില്‍ നിന്ന് ചിത്രകാരന്‍മാരെ കടല്‍ മാര്‍ഗം കൊണ്ടു വന്ന് കേരളത്തിന്റെ പല പ്രദേശങ്ങളും ചിത്രീകരിപ്പിച്ചിട്ടുണ്ട്. അതില്‍ ചിലതിന് കാര്‍ട്ടൂണ്‍ ശൈലി ഒളിഞ്ഞിരിക്കുന്നു എന്നും കാണാം. പക്ഷെ അതൊന്നും ലക്ഷണമൊത്ത കാര്‍ട്ടൂണുകളായി പരിഗണിക്കുവാന്‍ സാധിക്കില്ല. കേരളത്തിലെ വൈദ്യശാലകളും, ചന്തകളുമാണ് ചിത്രീകരിക്കപ്പെട്ടതില്‍ ശ്രദ്ധേയമായത്. അക്കാലത്ത് ഫോട്ടോഗ്രാഫി അത്ര പ്രചാരമില്ലായിരുന്നു. ചിത്രകാരന്‍മാരാണ് അതിന് പകരം വെയ്ക്കാന്‍ ഉണ്ടായത്. ഗുണ്ടര്‍ട്ട് തന്റെ പല പ്രസിദ്ധീകരണങ്ങളിലും കേരളത്തിന്റെ ചിത്രീകരണം ചേര്‍ത്തത് ആദ്യ കാര്‍ട്ടൂണായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. kerala’s first cartoonist ps govindapillai
Content Summary: kerala’s first cartoonist ps govindapillai