April 20, 2025 |
Share on

നിസാര വഴക്കുകളിൽ നിന്ന് കൂട്ടത്തല്ലുകളിലേക്ക്‌

കുട്ടികളുടെ പ്രശ്‌നങ്ങൾ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും അറിയുമോ?

ഒരു ദിവസം ഒരു പൂര തല്ലിന് ശേഷം ഓടി തെറിച്ച് മുന്നിൽ വീണ ഒരുത്തനോട് ഞാൻ ചോദിച്ച്
‘എന്തിനാ അടിച്ചത്’
‘ഇച്ചറീല മിസ്’
‘അപ്പൊ പിന്നെ നീ എന്തിനാ അടിക്കാൻ പോയത്’
‘അത് ഓല് എല്ലാരും അടിക്കാണ് അപ്പൊ ഞാനും പോയി’
‘ആരാ തുടങ്ങിയത്?’
‘ഇബല് രണ്ടാളും’
അവരോട് ചോദിച്ചപ്പോ തല്ല് തുടങ്ങിയവൻ പറഞ്ഞ്
‘ഓന കണ്ടപ്പോ ബേർത ഒന്നാണ്ട് കൊടുത്ത്’
‘ന്നാലും കാരണം എന്താ?’
‘അത് ഇച്ചറീല മിസ്,’
തന്റെ സ്‌കൂളിലെ വിദ്യാർഥികൾക്കിടയിലുണ്ടായ കൂട്ടത്തല്ലിനെ കുറിച്ച് മലപ്പുറം പുല്ലങ്കോട് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക സി നഫീസ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ ഭാഗമാണിത്. പലപ്പോഴും കുട്ടികൾ തമ്മിലുണ്ടാകുന്ന അടിപിടികൾ അന്വേഷിച്ചു പോയാൽ അതിന് പിന്നിലെ കാരണം ഒരു കൂവലോ, അടക്കിപിടിച്ചുള്ള ചിരിയോ ആയിരിക്കാമെന്ന് നഫീസ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി സഹപാഠികളുടെ ആക്രമണം മൂലം മരണം സംഭവിക്കുകയോ, അപകടങ്ങൾ പറ്റുകയോ ചെയ്യുന്ന കുട്ടികളുടെ വാർത്തകളാണ് നാം നിരന്തരം കാണുന്നത്. കൂടെ പഠിക്കുന്ന കുട്ടികളുടെ ക്രൂര വിനോദത്തിനിരയായി മരണപ്പെട്ട മിഹിറിനെയും, താമരശ്ശേരിയിൽ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഷഹബാസിനെയും നമ്മൾ മറന്നിട്ടുണ്ടാകില്ല. മറ്റൊരു തരത്തിൽ സഹപാഠികളിൽ നിന്ന് പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട് കാക്കനാട് തെങ്ങോട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിക്ക്. സഹപാഠികൾ ദേഹത്ത് നായിക്കരണ പൊടി വിതറിയതിനെ തുടർന്ന് ആഴ്ച്ചകളായി ദുരിതം പേറുകയാണ് ഈ പെൺകുട്ടി. എന്നാൽ പെൺകുട്ടിക്ക് നേരെ ആക്രമണം നടത്തിയതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല.

നമ്മുടെ കുട്ടികൾക്ക് എന്താണ് പറ്റിയതെന്ന് മനസിലാകാതെ അമ്പരന്ന് നിൽക്കുകയാണ് മാതാപിതാക്കളും അധ്യാപകരും. കുട്ടികളെ തല്ലി പഠിപ്പിക്കാത്തതിന്റെ പ്രശ്നമാണെന്ന് പറയുന്ന ആളുകളും, തല്ലിയല്ല പഠിപ്പിക്കേണ്ടതെന്ന് പറയുന്ന ചിലരും തമ്മിലുള്ള വാക്ക് തർക്കങ്ങളും സോഷ്യൽ മീഡിയയിലടക്കം നിറഞ്ഞ് നിൽക്കുന്നു. കുട്ടികളുടെ മാത്രം പ്രശ്നമാണോ ഇതെന്നും, കുട്ടികളെ ഇത്തരത്തിലാക്കിയത് സമൂഹമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.

aggression of children in kerala

ക്ലാസിലെ കുട്ടികൾ തമ്മിലുണ്ടായ അടിപിടി മുറുകിയപ്പോൾ അടിയുണ്ടാക്കിയവനെ സ്കൂൾ കൗൺസിലറുടെ അടുത്തെത്തിച്ചു അധ്യാപകർ. നീ എന്തിനാ മോനെ എപ്പോഴും ഇങ്ങനെ അടിയുണ്ടാക്കുന്നതെന്ന് ചോദിച്ചപ്പോൾ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ ഒൻപതാംക്ലാസുകാരനെ ഓർക്കുകയാണ് കണ്ണൂരിലെ ഒരു സ്കൂൾ കൗൺസിലർ.

എനിക്ക് പഠിക്കാൻ പറ്റുന്നില്ല ടീച്ചറേ.. ക്ലാസില് പഠിപ്പിക്കുന്ന കാര്യങ്ങൾ എനിക്ക് മനസിലാകുന്നില്ല. ക്ലാസിൽ പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്ന് പറഞ്ഞപ്പൊ അമ്മ എന്നെ ട്യൂഷന് ചേർത്തു. ഇപ്പോ ട്യൂഷൻ ക്ലാസിൽ പഠിപ്പിക്കുന്നതും, ക്ലാസിൽ പഠിപ്പിക്കുന്നതും പഠിക്കണം. എല്ലാം കൂടെ എനിക്ക് പറ്റുന്നില്ല. അടുത്ത വർഷം പത്തിലാണെന്ന വാക്ക് കേൾക്കാത്ത ഒരു ദിവസം പോലുമില്ല. അതിൽ പിന്നെ എനിക്ക് ആരെന്ത് പറഞ്ഞാലും പെട്ടെന്ന് ദേഷ്യം വരും. ആ കുട്ടിയുടെ സങ്കടം ന്യായമായിരുന്നു. പഠിക്കാനുള്ള കഴിവ് എല്ലാവർക്കും ഒരു പോലെ ഉണ്ടാകുമെന്ന് സമൂഹത്തെ ആരോ പറഞ്ഞു പഠിപ്പിച്ചതിന്റെ ഭാരം പേറുന്നത് നമ്മുടെ കുട്ടികളാണ്. അവർ അഴിമുഖത്തോട് പറഞ്ഞു.

‘വളരെ ചെറിയ കാര്യങ്ങൾക്ക് തന്നെ വലിയ രീതിയിൽ പ്രകോപിതരാവുകയാണ് ഇന്നത്തെ കുട്ടികൾ. കുട്ടികളിലെ കൂടി വരുന്ന അക്രമവാസനയെ നിരീക്ഷിച്ചുകൊണ്ട് ജിവിഎച്ച്എസ്എസിലെ അധ്യാപകൻ ശ്രീജേഷ് എടത്തുംകര പറഞ്ഞു.

ക്ലാസ് റൂമുകളിലെയും, സ്‌കൂളുകളിലെയും സാഹചര്യമെടുത്ത് നോക്കിയാൽ ഒരു ചെറിയ ശാസനയോ, സ്‌ട്രെസോ താങ്ങാൻ കഴിയാത്ത ഒരുപാട് കുട്ടികളെ കാണാൻ കഴിയും. എന്നാൽ സ്‌കൂളുകളും, വിദ്യാർഥികളുമെല്ലാം സമൂഹത്തിന്റെ മിനിയേച്ചർ രൂപമാണ്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം അവിടെയും പ്രതിഫലിക്കും, വയലൻസും അത്തരത്തിലാണെന്ന് തോന്നുന്നു.’ ശ്രീജേഷ് പറയുന്നു.

aggression of children in kerala

കൂടാതെ, മുൻകാലങ്ങളിൽ ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന് സമൂഹത്തിന് വലിയ രീതിയിൽ പങ്കുണ്ടായിരുന്നു. കുട്ടികളെ ശ്രദ്ധിക്കുന്നതിന് അധ്യാപകർക്കും, രക്ഷിതാക്കൾക്കും പുറമെ അയൽക്കാരും പൊതുസമൂഹവുമെല്ലാം മുൻകൈ എടുത്തിരുന്നു. എന്നാൽ ഇന്ന് അത്തരത്തിലൊരു പോസിറ്റീവ് നിരീക്ഷണം സമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു.

ഒരു വീട്ടിൽ ഒരു കുട്ടിയൊക്കെ ഉള്ള സാഹചര്യങ്ങളിൽ കൂടുതലും കുട്ടികൾ സ്വാർത്ഥരായി വളരുകയാണ്. സഹിഷ്ണുതയുടെയും പങ്കുവയ്ക്കലിന്റെയും പാഠങ്ങൾ അവർ വീട്ടിൽ നിന്ന് പഠിക്കുന്നില്ല. സ്‌കൂളിലും ക്ലാസ്മുറികളിലുമൊക്കെ വലിയ തർക്കങ്ങളും അടിപിടികളുമൊക്കെ ഉണ്ടാകാൻ കാരണം പലപ്പോഴും ഇൻസ്റ്റഗ്രാമിൽ ഇടുന്ന പോസ്റ്റ് വരെയാകാം. അത്തരത്തിൽ ചെറിയ കാര്യങ്ങൾ പോലും ഉൾക്കൊള്ളാൻ കുട്ടികൾക്ക് കഴിയാതെ വരുന്നുണ്ട്. ശ്രീജേഷ് വ്യക്തമാക്കി

പണ്ടൊക്കെ കുട്ടികൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ അവരത് രക്ഷിതാക്കളോട് പറയുകയും, രക്ഷിതാക്കൾ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറി. പണ്ടത്തെ പോലെ സാഹചര്യങ്ങൾ കുട്ടികൾക്ക് മറികടക്കാൻ പറ്റുന്നില്ല. അത് രക്ഷിതാക്കൾക്ക് സാഹചര്യം മനസിലാക്കി കൊടുക്കാൻ കഴിയാത്തത് കൊണ്ടാണോ, അതോ കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ശ്രീജേഷ് പറയുന്നു.

ഇൻസ്റ്റഗ്രാം തുറന്നാൽ ട്രോളുകളെല്ലാം 2K കിഡ്‌സ് അക്രമകാരികളാണ് എന്ന തരത്തിലുള്ളതാണ്. എന്നാൽ, എല്ലാ കുറ്റവും ഞങ്ങളുടേതാണെന്ന് പറയാൻ പൂർണമായും കഴിയുമോ എന്ന് ചോദിക്കുകയാണ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ അലൻ ശ്യാം.

aggression of children in kerala

രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും അതിൽ ഭാഗമാകാറുണ്ട്. പലപ്പോഴും രക്ഷിതാക്കൾ പുറത്തുള്ള കുട്ടികളൊക്കെ മെന്റൽ സപ്പോർട്ട് കിട്ടാതെ വളരുകയാണ്. അവർക്ക് അതിലൂടെ ലഭിക്കുന്നത് വൈൽഡ് ഫ്രീഡമാണ്. അത് അവർ പരമാവധി ഉപയോഗിക്കും. പിന്നെ അക്കാദമിക്കലി ഉണ്ടാകുന്ന പ്രഷർ വലിയ തോതിലുണ്ട്. എല്ലാവർക്കും ഫുൾ എ പ്ലസ് കിട്ടണം എന്നൊക്കെ പറഞ്ഞാണ് സമൂഹം വിദ്യാർഥികളെ നോക്കിക്കാണുന്നത്. അതും കുട്ടികളിൽ വലിയ സമ്മർദമുണ്ടാക്കുന്നുണ്ട്.’ അലൻ ശ്യാം പറഞ്ഞു.

content summary; Why are Kerala’s children becoming increasingly aggressive

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×