അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ത്യയിലെ മത്സ്യമേഖലയെ മുഴുവനായും ബാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ള ചെമ്മീന് ഏകദേശം എട്ട് ശതമാനം ചുങ്കമായിരുന്നു അമേരിക്ക ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് 26 ശതമാനമായി ഉയർത്തിയിരിക്കുകയാണ്. 26 ശതമാനമാണ് ട്രംപ് പ്രഖ്യാപിച്ചതെങ്കിലും ആന്റി ഡംപിങ് ഡ്യൂട്ടി (2.49 ശതമാനം), കൗണ്ടർവെയ്‌ലിങ് ഡ്യൂട്ടി (5.77 ശതമാനം) എന്നിവയും ചേരുമ്പോൾ ആകെ ചുങ്കം 34.26 ശതമാനമാകും. ഇത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയിൽ തന്നെ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുഎസിന്റെ നികുതി നടപടി ഇന്ത്യയിലെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചെമ്മീൻ കയറ്റുമതിയെയാണെന്നും രാജ്യത്തെ ആദ്യ ഓൺലൈൻ മീൻ വിൽപന പ്ലാറ്റ്‌ഫോം ആയ ഫ്രഷ് ടു ഹോം സഹസ്ഥാപകൻ മാത്യു ജോസഫ് അഴിമുഖത്തോട് പ്രതികരിച്ചു.
നിലവിൽ മത്സമേഖല വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് നേരിടുകയാണ്. ഇങ്ങനെയൊരു അവസരത്തിൽ യുഎസ് ഏർപ്പെടുത്തുന്ന ചുങ്കം പ്രത്യേകിച്ച് ചെമ്മീൻ മേഖലലെ പിടിച്ചുലയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഇതിന്റെ വേറൊരു വശമെന്ന് പറയുന്നത്, ഇന്ത്യയിലെ ജനങ്ങൾ ഈ പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ, ഒരുപക്ഷേ നമ്മുടെ നാട്ടിൽ നിന്ന് മറ്റ് രാജ്യങ്ങൾ അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് അതിൽ നിന്നും നിർമിക്കുന്ന ഉത്പ്പന്നം യുഎസിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതയുണ്ട്. സർട്ടിഫിക്കറ്റ് ഇന്ത്യ തന്നെയല്ലേ, അത് അമേരിക്ക സമ്മതിക്കുമോ എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ പല രാജ്യങ്ങളും സർട്ടിഫിക്കറ്റ് മാറ്റി ചെയ്യുന്നുണ്ട്. നമ്മുടെ ഉത്പ്പന്നം നികുതിയില്ലാതെ മറ്റ് രാജ്യങ്ങളിൽ ഉപയോഗിക്കാനുള്ള സാധ്യത ഇതിലൂടെ വളരെ കൂടുതലാണ്. സാധാരണക്കാരായ ജനങ്ങൾ സമരം ചെയ്തത് കൊണ്ട് ഇതിൽ തീർപ്പുണ്ടാകുമെന്ന് കരുതുന്നില്ല. കേന്ദ്ര സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ കയറ്റുമതിയുടെ ലാഭം 56000 കോടിയിലേക്ക് വളർന്നിട്ടുണ്ട്. എന്നാൽ ഓരോ കമ്പനികളെ വെച്ചു നോക്കുമ്പോൾ അവസ്ഥ മോശമായാണ് കാണുന്നത്. ഇപ്പോൾ തന്നെ ഇക്വഡോർ പോലുള്ള രാജ്യങ്ങളുമായി കയറ്റുമതിയിൽ മത്സരം നേരിടുകയാണ്. അധിക നികുതി ഇന്ത്യക്ക് മേൽ ചുമത്തുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ നമ്മുടെ രാജ്യത്തിന് പിടിച്ചുനിൽക്കാൻ കഴിയാതെ വരും.
വനാമി എന്ന ചെമ്മീനാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത്. ഏറ്റവും കൂടുതൽ വനാമി ഉത്പാദിപ്പിക്കുന്നത് ആന്ധ്രയിലും ഒറീസയിലുമാണ്. വനാമി നമ്മുടെ നാട്ടിൽ വരുന്നത് നമുക്കിവിടെ പീലിങ്ങ് മെച്ചപ്പെട്ടതായത് കൊണ്ടാണ്. യുഎസിന്റെ ഈ നയം വളരെ സാധാരണക്കാരായ പീലിങ്ങ് തൊഴിലാളികളെ സാരമായി തന്നെ ബാധിക്കും, മാത്യു ജോസഫ് അഴിമുഖത്തോട് പറഞ്ഞു.
യുഎസിന്റെ ഇന്ത്യക്കുള്ള തിരിച്ചടി തീരുവ കാരണം ചെമ്മീൻ ഫാക്ടറികൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണ് കേരളത്തിലെ മാധ്യമങ്ങളക്കം റിപ്പോർട്ട് ചെയ്യുന്നത്. സംസ്കരിച്ച ചെമ്മീന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാർ നിർദേശം നൽകിയതായാണ് ലഭിക്കുന്ന വിവരം.
കേരളത്തിൽ സംസ്കരിക്കുന്ന ചെമ്മീൻ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച ശേഷം യുഎസിലേക്കൊ പുനർസംസ്കരണത്തിനും മൂല്യ വർധനയ്ക്കുമായി വിയറ്റ്നാം, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കൊ അയയ്ക്കുകയാണു ചെയ്യുന്ന രീതി. എന്നാൽ ചരക്ക് ഇനി അയയ്ക്കേണ്ട എന്നാണ് അവിടങ്ങളിൽ നിന്നെല്ലാം അറിയിപ്പ് വന്നിരിക്കുന്നത്.
ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരാണ് യുഎസും ചൈനയും. ഇരു രാജ്യങ്ങളിലേക്കും വലിയ അളവിലുള്ള ചെമ്മീനാണ് ഇന്ത്യയിൽ നിന്നും പോകുന്നതെന്നാണ് ഡാറ്റകൾ സൂചിപ്പിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും ഉയർന്ന അളവായ 1,781,602 ദശലക്ഷം ടൺ സമുദ്രോൽപ്പന്നമാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. 60,523.89 കോടിയായിരുന്നു അതിന്റെ മൂല്യം. ഇതിൽ അളവിലും മൂല്യത്തിലും പ്രധാന കയറ്റുമതി ശീതീകരിച്ച ചെമ്മീനായിരുന്നു.
2023-24 കാലയളവിൽ ശീതീകരിച്ച ചെമ്മീനിന്റെ മൊത്തം കയറ്റുമതി 716,004 മെട്രിക് ടൺ ആയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ ശീതീകരിച്ച ചെമ്മീൻ ഇറക്കുമതിക്കാരും യുഎസ് ആയിരുന്നു. 297,571 മെട്രിക് ടൺ ആണ് യുഎസിലേക്ക് ഇറക്കുമതി ചെയ്തത്. തൊട്ടുപിന്നിലിള്ളത് ചൈനയാണ്. 148,483 മെട്രിക് ടൺ ആണ് ചൈനയിലേക്ക് ഇറക്കുമതി ചെയ്തത്.
ഇന്ത്യയിലെ വനാമി, ബ്ലാക്ക് ടൈഗർ ഇനം ചെമ്മീനുകളുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 4.25 ബില്യൺ ഡോളർ മൂല്യമുള്ള വനാമി ചെമ്മീൻ കയറ്റുമതി ചെയ്തു, അതിൽ 53.52 ശതമാനവും യുഎസിലേക്കാണ് പോയത്.
Content Summary: Kerala’s Shrimp Business Suffers Under Donald Trump’s Tariff Policy