June 04, 2026 |
Share on

കേരളം നായപ്പേടിയില്‍, ഇടപെടലുമായി സുപ്രീംകോടതി; മാതൃകയാകുന്ന ലോകരാജ്യങ്ങള്‍

മൈക്രോചിപ്പില്‍ ഉടമസ്ഥന്റെ വിവരങ്ങള്‍ രേഖപ്പെടുത്തും

തെരുവ് നായകളുടെ ശല്യം അതിരൂക്ഷമായതോടെ സുപ്രീംകോടതിക്ക് തന്നെ നേരിട്ട് ഇടപെടേണ്ടി വന്നിരിക്കുകയാണ്. തെരുവുനായ ശല്യം തടയാന്‍ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പാക്കപ്പെടുന്നില്ലെന്നാണ് കോടതിയുടെ വിമര്‍ശനം.

ഡല്‍ഹി-എന്‍സിആറിലെ റോഡുകളിലൂടെ അലയുന്ന മുഴുവന്‍ തെരുവ് നായകളെയും ഷെല്‍ട്ടറുകളിലേക്ക് മാറ്റാനും, അവയെ തിരികെ തെരുവുകളിലേക്ക് വിടുന്നത് കര്‍ശനമായി നിരോധിക്കാനും ആഗസ്റ്റ് 11 നാണ് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയില്‍ പേവിഷബാധ ഏറ്റുള്ള മരണവും നായകളുടെ ആക്രമണവും വര്‍ധിച്ച സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍.

തെരുവ് നായകളുടെ കടിയേറ്റ് പേ വിഷബാധയേറ്റ് മരിച്ച കുട്ടികളെ തിരികെ കൊണ്ടുവരാന്‍ മൃഗസ്നേഹികള്‍ക്ക് കഴിയുമോ എന്നും വിമര്‍ശനത്തിനിടെ കോടതി ചോദിച്ചിരുന്നു. തെരുവ് നായകളെ പിടികൂടി, വന്ധ്യംകരിച്ച്, വാക്സിന്‍ നല്‍കി ഡോഗ് ഷെല്‍ട്ടറുകിലേക്ക് മാറ്റാനാണ് കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. പിടികൂടുന്ന നായകള്‍ക്ക് ഭക്ഷണം, വൈദ്യസഹായം, പരിചരണം എന്നിവ കൃത്യമായി നല്‍കണം.കോടതി ഉത്തരവിനെ തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജസ്റ്റിസ് പര്‍ദിവാല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉത്തരവിന് സ്‌റ്റേയില്ല

കോടതി ഉത്തരവിനെതിരെ ഇതിനോടകം തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മിണ്ടാപ്രാണികളെ മാറ്റി നിര്‍ത്തുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന് പ്രമുഖരുള്‍പ്പെടെ വാദിക്കുമ്പോള്‍, മൃഗങ്ങളെക്കാള്‍ പ്രാധാന്യം മനുഷ്യനാണെന്ന് നിലപാടുമായി രംഗത്ത് വരുന്നവരും കുറവല്ല. കോടതി ഉത്തരവിനെതിരെയുള്ള മൃഗസ്നേഹികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അറിയിച്ചിട്ടുണ്ട്. ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റി.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, മേനക ഗാന്ധി, ക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ പങ്കാളി റിതിക സജ്ദേഹ തുടങ്ങി നിരവധി പ്രമുഖരാണ് തെരുനായ്ക്കള്‍ക്ക് വേണ്ടി രംഗത്തുവന്നിരിക്കുന്നത്.

നായപ്പേടിയില്‍ കേരളം

അടുത്തിടെയായി കേരളത്തിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവില്‍ അലഞ്ഞ് തിരിയുന്ന നായകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.

2025 ജനുവരി മുതല്‍ മെയ് വരെ മാത്രം 16 ജീവനുകളാണ് തെരുവുനായയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. 2024-ല്‍ 26, 2023-ല്‍ 25, 2022-ല്‍ 27, 2021-ല്‍ 11, 2020-ല്‍ 5, 2019-ല്‍ 8, 2018-ല്‍ 9, 2017-ല്‍ 8, 2016-ല്‍ 5, 2015-ല്‍ 10, 2014-ല്‍ 10, 2013-ല്‍ 11, 2012-ല്‍ 13 മരണങ്ങളും നായയുടെ കടിയേറ്റ് സംഭവിച്ചു. ഇതില്‍ 2025 ജനുവരി മുതല്‍ മെയ് വരെ നായ് കടിയേറ്റ് മരിച്ച 16 പേരില്‍ 5 പേര്‍ കുത്തിവയ്പ്പ് എടുത്തവരാണ് എന്നതും ഭീതിയുളവാക്കുന്നതാണ്.

2024 ല്‍ 3,16,793 പേര്‍ക്കും, 2023-ല്‍ 3,06,427 പേര്‍ക്കും, 2022-ല്‍ 2,94,032 പേര്‍ക്കും, 2021-ല്‍ 2,21,379 പേര്‍ക്കും, 2020-ല്‍ 1,60,483 പേര്‍ക്കും, 2019-ല്‍ 1,61,055 പേര്‍ക്കും, 2018-ല്‍ 1,48,899 പേര്‍ക്കും, 2017-ല്‍ 1,35,749 പേര്‍ക്കും, 2016-ല്‍ 1,35,217 പേര്‍ക്കും, 2015-ല്‍ 1,21,693 പേര്‍ക്കും, 2014-ല്‍ 1,19,191 പേര്‍ക്കും നായ്ക്കളുടെ കടിയേറ്റതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിദേശരാജ്യങ്ങളും തെരുവുനായകളും

തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ ഓരോ രാജ്യവും സ്വീകരിച്ചിരിക്കുന്നത് വ്യത്യസ്ത സമീപനങ്ങളാണ്. രാജ്യത്ത് തെരുവുനായകളെ കൂട്ടത്തോടെ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്നും വേണ്ടെന്നുമുള്ള വാഗ്വാദങ്ങള്‍ക്കിടയില്‍ മറ്റ് രാജ്യങ്ങളിലെ രീതികളും നാം പരിശോധിക്കേണ്ടതാണ്.

നെതര്‍ലാന്‍ഡ് മാതൃക

സ്വന്തമായി നായ ഇല്ലാത്തവര്‍ നെതര്‍ലാന്‍ഡില്‍ വിരളമായിരുന്നു. നായകളെ വാങ്ങിക്കൂട്ടിയതോടെ ഇവയുടെ എണ്ണവും പെരുകി. അക്കാലത്ത് രാജ്യത്ത് പേവിഷബായയും ഉണ്ടായി. ഇതോടെ പലരും വളര്‍ത്തുനായയെ തെരുവില്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. പിന്നീട് ഇവ പെറ്റുപെരുകി ക്രമാതീതമായി.

പിന്നീട് 2016 ല്‍ വളര്‍ത്തുമൃഗങ്ങളെ ദ്രോഹിക്കുന്നതും ഉപേക്ഷിക്കുന്നതും കുറ്റകരമാക്കി നെതര്‍ലാന്‍ഡ് നിയമം കൊണ്ടുവന്നു. ഇതിന് പിന്നാലെ തെരുവില്‍ അലഞ്ഞുതിരിഞ്ഞ നായകളെ കൃത്യമായി വന്ധ്യംകരിച്ച്, പേവിഷബാധ തടയുന്നതിനായി വാക്‌സിനേഷനും നല്‍കി. പി.എസ്.വി.ഐ.ആര്‍ എന്ന വന്ധ്യംകരണ മാതൃകയാണ് നെതര്‍ലാന്‍ഡ് നടപ്പിലാക്കിയത്. അതായത്, നായകളെ പിടികൂടി, വന്ധ്യംകരിക്കുക, വാക്‌സിനേഷന്‍ നല്‍കുക, തിരിച്ചറിയാനാവുന്ന വിധം അടയാളമിടുക, അവയെ വിട്ടയയ്ക്കുന്ന എന്നതായിരുന്നു രീതി.

പതിറ്റാണ്ടുകളുടെ പരിഷ്‌കരണങ്ങള്‍ക്ക് ശേഷം തെരുവ് നായകളില്ലാത്ത രാജ്യമായി നെതര്‍ലാന്‍ഡ്സ് അറിയപ്പെടുന്നു. ആക്രമണകാരികളായ നായകള്‍ക്ക് (പിടികൂടുക, വന്ധ്യംകരിക്കുക, വാക്സിന്‍ നല്‍കുക, തിരികെ വിടുക) ക്യാമ്പയിനുകള്‍, നിര്‍ബന്ധിത തിരിച്ചറിയല്‍, രജിസ്ട്രേഷന്‍, നായകളെ ഉപേക്ഷിക്കുന്നതിനുള്ള കര്‍ശന നിയമങ്ങള്‍ എന്നിവ നടപ്പിലാക്കി. ദത്തെടുക്കല്‍ സംസ്‌കാരവും മുന്‍കാലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നായകള്‍ക്കുള്ള നികുതിയും കൃത്യമായ വന്ധ്യംകരണവും ഈ മാറ്റത്തിന് കാരണമായി.

ഇംഗ്ലണ്ട്

2015-ലെ നിയമപ്രകാരം ഇംഗ്ലണ്ടില്‍ മൈക്രോചിപ്പിംഗ് നിര്‍ബന്ധമാക്കി. ഇതുപ്രകാരം എല്ലാ നായകള്‍ക്കും എട്ട് ആഴ്ച പ്രായമാകുമ്പോള്‍ തന്നെ മൈക്രോചിപ്പ് ഘടിപ്പിക്കുന്നത് നിയമപരമായി നിര്‍ബന്ധമാണ്. ഈ ചിപ്പില്‍ നായയുടെ ഉടമസ്ഥന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഒരു നായയെ തെരുവില്‍ കണ്ടാല്‍, അധികാരികള്‍ക്ക് മൈക്രോചിപ്പ് സ്‌കാന്‍ ചെയ്ത് ഉടമയെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. ഇത് വഴി, നായയെ ഉടന്‍ തന്നെ ഉടമസ്ഥന് തിരികെ നല്‍കാനും, നായയെ അലഞ്ഞുതിരിയാന്‍ വിട്ടതിന് പിഴ ചുമത്താനും സാധിക്കുന്നു.

തെരുവുകളില്‍ അലയുന്ന നായകളുടെ ഉടമകളെ ഏഴ് ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആ നായയുടെ ഉടമസ്ഥാവകാശം കൗണ്‍സിലിന് ലഭിക്കും. അതിനുശേഷം, നായയെ മൃഗസംരക്ഷണ സംഘടനകള്‍ക്ക് ദത്തെടുക്കാനായി കൈമാറുകയോ അല്ലെങ്കില്‍ പുതിയൊരു ഉടമയെ കണ്ടെത്തുകയോ ചെയ്യും.

ഇംഗ്ലണ്ടിലെ Animal Welfare Act 2006 പോലുള്ള നിയമങ്ങള്‍ മൃഗങ്ങളെ ഉപദ്രവിക്കുന്നതിനും ഉപേക്ഷിക്കുന്നതിനും കര്‍ശനമായ ശിക്ഷകള്‍ നല്‍കുന്നു. നായയെ തെരുവില്‍ ഉപേക്ഷിക്കുന്നത് ഗുരുതരമായ കുറ്റമാണ്. കൂടാതെ, നായ പൊതുസ്ഥലങ്ങളില്‍ അക്രമകാരിയായാല്‍ ഉടമയ്ക്ക് കനത്ത പിഴയോ, ജയില്‍ ശിക്ഷയോ ലഭിക്കാം. ഈ കര്‍ശനമായ നിയമങ്ങളും, ആളുകളുടെ ഉത്തരവാദിത്തബോധവും ഇംഗ്ലണ്ടില്‍ തെരുവുനായ്ക്കളുടെ എണ്ണം വളരെ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.

സ്വിറ്റ്സര്‍ലാന്‍ഡ്

യൂറോപ്പില്‍ ഏറ്റവും കര്‍ശനമായ മൃഗസംരക്ഷണ നിയമങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. അതിനാല്‍ തന്നെ അവിടെ തെരുവുനായ്ക്കളുടെ എണ്ണം വളരെ കുറവാണ്. മൃഗങ്ങളെ ഉപദ്രവിക്കുന്നതും ഉപേക്ഷിക്കുന്നതും സ്വിറ്റ്സര്‍ലന്‍ഡില്‍ ഗുരുതരമായ കുറ്റകൃത്യമാണ്. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കനത്ത പിഴയോ, മൂന്ന് വര്‍ഷം വരെ തടവുശിക്ഷയോ ലഭിക്കാം. മൃഗങ്ങളെ ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമായതിനാല്‍, അതുകൊണ്ട് തന്നെ ആരും വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കില്ല.

കൂടാതെ എല്ലാ നായകള്‍ക്കും മൈക്രോചിപ്പ് നിര്‍ബന്ധമാണ്. കൂടാതെ, രാജ്യത്തെ പ്രധാന ഡാറ്റാബേസായ AMICUS-ല്‍ നായയെയും ഉടമയെയും രജിസ്റ്റര്‍ ചെയ്യണം. കര്‍ശനമായ വന്ധ്യംകരണം, വില്‍പ്പന നിയമങ്ങള്‍ നായകളുടെ എണ്ണം നിയന്ത്രിക്കുന്നു.

ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍

ജര്‍മ്മനിയുടെ മൃഗക്ഷേമ ചട്ടക്കൂട്, നായകളെ സംരക്ഷിക്കുന്നതിനും വ്യാപാരം നിയന്ത്രിക്കുന്നതിനും ഫെഡറല്‍ നിയമങ്ങള്‍ ബാധകമാക്കുന്നു. മൈക്രോചിപ്പിംഗും രജിസ്ട്രേഷനും കൂടുതല്‍ കര്‍ശനമാക്കാന്‍ ദേശീയ, യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ നീക്കങ്ങളുണ്ട്. പൊതുജനങ്ങളെ FINDEFIX വളര്‍ത്തുമൃഗ രജിസ്ട്രികളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നു.

തായ്‌ലന്‍ഡ്

തായ്ലന്‍ഡില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലെ പോലെ കര്‍ശനമായ നിയമങ്ങളിലൂടെയല്ല. മറിച്ച് പ്രധാനമായും മൃഗസംരക്ഷണ സംഘടനകളുടെയും സര്‍ക്കാരിന്റെയും സംയുക്ത ശ്രമങ്ങളിലൂടെയാണ്. ‘പിടികൂടുക, വന്ധ്യംകരിക്കുക, വാക്‌സിനേഷന്‍ നല്‍കുക, തിരികെ വിടുക’ (CNVR – Catch, Neuter, Vaccinate, Return) എന്ന സമീപനമാണ് അവിടെ പ്രധാനമായും പിന്തുടരുന്നത്.

ഏറ്റവും ഫലപ്രദമായ മാര്‍ഗം ഇതാണെന്ന് തായ്ലന്‍ഡ് തിരിച്ചറിഞ്ഞിട്ടുണ്ട്. സന്നദ്ധ സംഘടനകളായ ‘സോയ് ഡോഗ് ഫൗണ്ടേഷന്‍’ (Soi Dog Foundation) പോലുള്ളവ ഈ പദ്ധതികള്‍ വലിയ തോതില്‍ നടപ്പാക്കുന്നു. ഇത് നായകളുടെ ജനസംഖ്യ കുറയ്ക്കുന്നതിനും, പേവിഷബാധ പോലുള്ള രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു.

തായ്ലന്‍ഡിലെ ബുദ്ധമത വിശ്വാസങ്ങള്‍ കാരണം മൃഗങ്ങളെ ഉപദ്രവിക്കുന്നത് പാപമായിട്ടാണ് പലരും കാണുന്നത്. അതിനാല്‍ നായകളെ ദയാവധം ചെയ്യുന്നതിനെതിരെ ശക്തമായ എതിര്‍പ്പുണ്ട്. ഈ കാരണത്താല്‍, തെരുവുനായ്ക്കള്‍ക്ക് ബുദ്ധവിഹാരങ്ങള്‍ അഭയകേന്ദ്രങ്ങളാകാറുണ്ട്.

ജപ്പാന്‍

പല ഏഷ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് ജപ്പാനില്‍ തെരുവുനായ്ക്കളുടെ എണ്ണം വളരെ കുറവാണ്. കര്‍ശനമായ നിയമങ്ങളും, കേന്ദ്രീകൃതമായ നയങ്ങളും ഇതിന് കാരണമാണ്. എന്നാല്‍, ഇതിന്റെ പ്രധാന ഭാഗം നായകളെ ദയാവധം (euthanasia) ചെയ്യുന്ന രീതിയാണ്. തെരുവില്‍ അലയുന്ന ഒരു നായയെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചാല്‍, അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഉടമയെ കണ്ടെത്താന്‍ കഴിയാത്തപക്ഷം ദത്തെടുക്കാനും ആരും വരാതിരുന്നാല്‍ ദയാവധം ചെയ്യാനുള്ള അനുമതി നല്‍കും.

ഓസ്‌ട്രേലിയ

ഓസ്ട്രേലിയയില്‍ തെരുവുനായ നിയന്ത്രണം വളരെ കര്‍ശനവും കാര്യക്ഷമവുമാണ്. ഇത് പ്രധാനമായും കര്‍ശനമായ നിയമങ്ങള്‍, ലൈസന്‍സിംഗ്, മൈക്രോചിപ്പിംഗ്, കൂടാതെ ഉത്തരവാദിത്തമുള്ള ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുക എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

വളരെ അപൂര്‍വ്വമായി മാത്രം, രോഗം ബാധിച്ചതോ, ആക്രമണകാരികളായതോ ആയ നായകളെ ദയാവധം ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ആരോഗ്യവാന്മാരായ നായകളെ കൊല്ലുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

ഓസ്ട്രേലിയയില്‍ ഒരു നായ പൊതുസ്ഥലത്ത് ഒരു വ്യക്തിയെ ആക്രമിക്കുകയോ, മറ്റ് മൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്താല്‍, ആ നായയെ ‘Dangerous Dog’ ആയി പ്രഖ്യാപിക്കാം. അങ്ങനെയുള്ള നായകളെ വളര്‍ത്തുന്നതിന് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ പാലിക്കേണ്ടി വരും. അല്ലെങ്കില്‍ നായയെ അധികാരികള്‍ക്ക് കൈമാറേണ്ടി വരും.

സര്‍ക്കാര്‍, മൃഗക്ഷേമ സംഘടനകള്‍, പോലീസ്, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഓസ്ട്രേലിയയുടെ തെരുവുനായ നിയന്ത്രണത്തിന് പിന്നില്‍. ആളുകള്‍ തെരുവുനായ്ക്കളെ കണ്ടാല്‍ അധികാരികളെ വിവരമറിയിക്കാന്‍ ബാധ്യസ്ഥരുമാണ്.

അമേരിക്ക

യൂറോപ്പിലെ പല രാജ്യങ്ങളെയും പോലെ കര്‍ശനമായതും കേന്ദ്രീകൃതവുമായ ഒരു ദേശീയ നയം അമേരിക്കയിലില്ല. നായകളെ വളര്‍ത്തുന്നത് ഒരു വലിയ ഉത്തരവാദിത്തമായി അമേരിക്കന്‍ സമൂഹം കാണുന്നു. നായയെ ഉപേക്ഷിക്കുന്നത് പലയിടത്തും ഗുരുതരമായ കുറ്റകൃത്യമാണ്. നായയെ തുറന്നുവിടുന്നത് (running at large) നിയമവിരുദ്ധമാണ്. Kerala’s stray dog problem: successful global models

Content Summary: Kerala’s stray dog problem: successful global models

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×