തന്റെ രണ്ടാം ഊഴത്തില്‍ കൂടെയാരൊക്കെ ഉണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. കാബിനറ്റ് അംഗങ്ങളായും, പ്രധാന ഉപദേശകരായും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരായും ട്രംപ് നാമനിര്‍ദേശം ചെയ്തിരിക്കുന്നവരൊക്കെയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തരായവരാണ്.
രണ്ടാം ട്രംപ് ഭരണകൂടത്തിലെ പ്രധാനികള്‍ ആരൊക്കെയാണെന്ന് നോക്കാം.
സൂസി വൈല്‍സ്- ചീഫ് ഓഫ് സ്റ്റാഫ്
ട്രംപിന്റെ രാഷ്ട്രീയ സംഘത്തില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുപോരുന്ന സൂസി വൈല്‍സ് ആണ് വൈറ്റ് ഹൗസിലെ പുതിയ ചീഫ് സ്റ്റാഫ്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ വനിത. 2016 മുതല്‍ ട്രംപിനൊപ്പമുള്ള വൈല്‍സ് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചവരിലൊരാളാണ്. പിന്നണിയില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന വൈല്‍സിനെ വിശേഷിപ്പിക്കുന്നത് ട്രംപ് സംഘത്തിലെ ‘ ഐസ് മെയ്ഡന്‍’ എന്നാണ്.
സ്റ്റീഫന്‍ മില്ലര്‍- ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്
ട്രംപ് ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളുടെ ഉത്തരവാദിത്തമുള്ള ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി ട്രംപ് നിര്‍ദേശിക്കുന്നത് സ്റ്റീഫന്‍ മില്ലറെയാണ്. പുതിയ സര്‍ക്കാരിന്റെ കുടിയേറ്റ അജണ്ടകള്‍ മില്ലറുടെ മേല്‍നോട്ടത്തിലായിരിക്കും നടപ്പാക്കുക. 2016 ലെ പ്രചാരണ കാലം മുതല്‍ ട്രംപിന്റെ കൂടെയുള്ള വിശ്വസ്തനായ ഉപദേശകനാണ് മില്ലര്‍. ട്രംപ് ആദ്യം അധികാരത്തില്‍ എത്തിയ കാലത്ത് വൈറ്റ് ഹൗസില്‍ മുതിര്‍ന്ന ഉപദേശകരുടെ റോളിലും മില്ലര്‍ ഉണ്ടായിരുന്നു.
ബില്ലി മക്ഗിന്‍ലെ- വൈറ്റ് ഹൗസ് കണ്‍സല്‍
മുതിര്‍ന്ന ഇലക്ഷന്‍ അറ്റോര്‍ണിയായ ബില്‍ മക്ഗിന്‍ലെ, ട്രംപിന്റെ ആദ്യ ടേമില്‍ വൈറ്റ് ഹൗസ് കാബിനറ്റ് സെക്രട്ടറിയായിരുന്നു. വീണ്ടും വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്ന ബില്ലിന്റെ ദൗത്യം വൈറ്റ് ഹൗസ് കൗണ്‍സല്‍ ആയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നതിനുവേണ്ടിയുള്ള റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയിലും ബില്‍ മക്ഗിന്‍ലെ അംഗമായിരുന്നു.
പീറ്റ് ഹെഗ്‌സെത്- പ്രതിരോധ സെക്രട്ടറി
മുന്‍ സൈനികനും ഫോക്‌സ് ന്യൂസ് അവതാരകനുമായ പീറ്റ് ഹെഗ്‌സെത്തിനെയാണ് തന്റെ പ്രതിരോധ സെക്രട്ടറിയായി നിയോഗിക്കാന്‍ ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ഇറാഖ്, അഫ്ഗാനിസ്താന്‍, ഗ്വാണ്ടിനാമോ എന്നിവിടങ്ങളില്‍ ആര്‍മി നാഷണല്‍ ഗാര്‍ഡിന്റെ ഭാഗമായി പീറ്റ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വെങ്കല നക്ഷത്ര ചിഹ്നം ഉള്‍പ്പെടെ ഒന്നിലധികം തവണ അദ്ദേഹം സൈനിക സേവനത്തിനുള്ള ബഹുമതികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്നാം ടേമില്‍ നിന്ന് വ്യത്യസ്തമായാണ് പ്രതിരോധ സെക്രട്ടറിയുടെ കാര്യത്തില്‍ ട്രംപ് തീരുമാനം എടുത്തിരിക്കുന്നത്. രാഷ്ട്രീയ രംഗത്ത് നിന്നല്ല, മാധ്യമ പശ്ചാത്തലവുമായാണ് പീറ്റ് ഹെഗ്‌സെത്ത് നിര്‍ണായക പദവിയിലേക്ക് എത്തുന്നത്.
ക്രിസ്റ്റി നോം-ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി
അതിര്‍ത്തി സുരക്ഷ, കുടിയേറ്റ പരിഷ്‌കരണം എന്നിവയ്ക്ക് വേണ്ടി വാദിക്കുന്ന സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോം ആയിരിക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ പുതിയ സെക്രട്ടറി. അതിര്‍ത്തി സുരക്ഷയില്‍ സഹായിക്കാന്‍ നാഷണല്‍ ഗാര്‍ഡ് സേനയെ അയക്കുന്നതില്‍ അതീവ തത്പരയാണ് ക്രിസ്റ്റി. കുടിയേറ്റ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ അവരുടെ നേതൃത്വത്തെ ട്രംപ് പ്രശംസിച്ചിട്ടുമുണ്ട്.
ജോണ്‍ റാറ്റ്ക്ലിഫ്-സിഐഎ ഡയറക്ടര്‍
നാഷണല്‍ ഇന്റലിജന്‍സ് മുന്‍ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി-സിഐഎ-യുടെ പുതിയ തലവനാകും. ദീര്‍ഘകാലമായി ട്രംപിനൊപ്പമുണ്ട് റാറ്റ്ക്ലിഫ്. വിവാദങ്ങളിലെല്ലാം ട്രംപിനെ പ്രതിരോധിച്ച് രംഗത്തു വന്നിരുന്ന റാറ്റ്ക്ലിഫ്, 2016 ലെ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലെ റഷ്യന്‍ ഇടപെടല്‍ ആരോപണത്തെ പൂര്‍ണമായി നിഷേധിച്ചിരുന്നു.
മാര്‍കോ റുബിയോ- ആഭ്യന്തര സെക്രട്ടറി
ഫ്‌ളോറിഡയില്‍ നിന്നുള്ള മാര്‍കോ റുബി അമേരിക്കയുടെ പുതിയ ആഭ്യന്തര സെക്രട്ടറിയാകുമെന്നാണ് വിവരം. റുബിയോ തന്നെയാണ് ആ കസേരയില്‍ ഇരിക്കുന്നതെങ്കില്‍, അതിലൊരു പുതുമയുണ്ട്. ആഭ്യന്തര സെക്രട്ടറിയാകുന്ന ആദ്യ ലാറ്റിനോക്കാരനായിരിക്കും അദ്ദേഹം. 2016 തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപിനെതിരേ മത്സരിച്ചയാളാണ് റുബിറോ. അവിടെ നിന്ന് ട്രംപിന്റെ വിശ്വസ്തനായ വിദേശനയ ഉപദേശകനായി റുബിയോ മാറി.
മൈക്ക് വാല്‍ട്‌സ്- ദേശീയ സുരക്ഷ ഉപദേഷ്ടാവ്
യു എസ് ആര്‍മി സ്‌പെഷ്യല്‍ ഫോഴ്‌സിലെ മുന്‍ സൈനികോദ്യോഗസ്ഥനായ മൈക്ക് വാല്‍ട്‌സ് രണ്ടാം ടേമില്‍ ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി എത്തുമെന്നാണ് വിവരം. കടുത്ത ചൈനീസ് വിമര്‍ശകനായ വാള്‍ട്ട്‌സ്, ചൈനീസ് ധാതുക്കളുടെ മേലുള്ള യുഎസ് ആശ്രിതത്വം കുറയ്ക്കാനും അമേരിക്കന്‍ സ്ഥാപനങ്ങളെ ചാരവൃത്തിയില്‍ നിന്ന് സംരക്ഷിക്കാനും നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്.
ടോം ഹോമന്‍-‘ബോര്‍ഡര്‍ സാര്‍'(Border Czar)
ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുന്‍ ഐസിഇ ഡയറക്ടര്‍ ടോം ഹോമന്‍ ആയിരിക്കും അമേരിക്കയുടെ പുതിയ ‘ബോര്‍ഡര്‍ സാര്‍'(കുടിയേറ്റ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാനം). യുഎസ് അതിര്‍ത്തികളുടെയും സമുദ്ര സുരക്ഷയുടെയും മേല്‍നോട്ടം ഈ പദവിയില്‍ ഇരിക്കുന്നയാളായിരിക്കും വഹിക്കുക. നിയമ നിര്‍വ്വഹണത്തില്‍ ഹോമാന്റെ അനുഭവം ഒന്നിലധികം പ്രസിഡന്റുമാരുമായി പങ്കിടുന്നതാണ്.
മൈക്ക് ഹക്കബി- ഇസ്രയേലിലെ യു എസ് അംബാസിഡര്‍
അര്‍ക്കന്‍സാസ് മുന്‍ ഗവര്‍ണറും ഇസ്രയേലിന്റെ പിന്തുണക്കാരനുമായ മൈക്ക് ഹക്കബിയെയാണ് ഇസ്രയേലിലെ പുതിയ യു എസ് അംബാസിഡറായി ട്രംപ് നിയോഗിച്ചിരിക്കുന്നത്. ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ബൈഡന്‍ ഭരണം കൈക്കൊണ്ട നിലപാടുകളുടെ കടുത്ത വിമര്‍ശകനായിരുന്നു ഹക്കബി. ഇസ്രയേലുമായി അമേരിക്ക ശക്തമായ ബന്ധം തുടരണമെന്ന വാദക്കാരനാണ് പുതിയ അംബാസിഡര്‍.
ലീ സെല്‍ഡിന്‍- ഇപിഎ അഡ്മിനിസ്‌ട്രേറ്റര്‍
മുന്‍ സെനറ്റര്‍ ലീ സെല്‍ഡിനെയാണ് എന്‍വിയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി(EPA) യുടെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആക്കുന്നത്. പല കാലാവസ്ഥ സംബന്ധ നയങ്ങളെയും പരസ്യമായി എതിര്‍ക്കുന്ന സെല്‍ഡി, പരിസ്ഥിതി ഉറപ്പാക്കി കൊണ്ട് നിലവിലെ പല നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന് വാദിക്കുന്നയാളാണ്.
ഇലോണ്‍ മസ്‌ക്, വിവേക് രാമസ്വാമി- ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി
ടെക് ഭീമന്‍ ഇലോണ്‍ മസ്‌കും സംരംഭകനായ വിവേക് രാമസ്വാമിയും ചേര്‍ന്നായിരിക്കും പുതുതായി സൃഷ്ടിച്ച ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ (DOGE) ന് നേതൃത്വം നല്‍കുക. അധിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനര്‍നിര്‍മ്മാണം നടത്തുക എന്നിവയിലായിരിക്കും പുതിയ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുക. key persons Donald Trump’s new administration
Content Summary; key persons Donald Trump’s new administration