കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണ നാടകത്തിന്റെ നാല് വര്‍ഷം, ബിജെപിയെ വെള്ളപൂശി ഇഡി

ബിജെപിയുടെ പങ്ക് വെളിപ്പെട്ടതോടെ കേരള പോലീസ് തണുപ്പന്‍ മട്ടിലേക്ക് നീങ്ങി

രാഷ്ട്രീയ യജമാനന്‍മാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ച് ഇല്ലാതാക്കിയ കേസുകളുടെ ലക്ഷണമൊത്ത ഉദാഹരണമായി മാറുകയാണ് കൊടകര കുഴല്‍പ്പണക്കേസ്. തൃശൂര്‍ ജില്ലയിലെ കൊടകരയ്ക്കടുത്ത് 2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ 4.40 ന് വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടിയോളം രൂപ തട്ടിയെടുക്കപ്പെട്ടു. കാര്‍ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആളുകള്‍ 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു കാറുടമ പരാതി നല്‍കിയത്. ആ പരാതിയിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തി. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കെത്തിച്ച ഈ പണം പോയ വഴിയേക്കുറിച്ചുള്ള കേസ് പിന്നീട് ‘കൊടകര കുഴല്‍പ്പണ കേസ്’ ആയി മാറി.kodakara hawala case; ED protects bjp

പിന്നാലെ കാസര്‍ഗോഡ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ധര്‍മരാജന്‍ കൊടകരയില്‍ നഷ്ടപ്പെട്ടത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കായി താന്‍ കൊണ്ടുവന്ന പണമാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നു.

ഇതിനൊക്കെ പിന്നാലെ, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ചിലവിനായി ബിജെപിക്ക് വേണ്ടിയാണ് പണം എത്തിയതെന്ന ആരോപണവും ശക്തമായി ഉയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിലവഴിക്കാന്‍ ബിജെപിയുടെ കര്‍ണാടക ഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുയര്‍ന്നെങ്കിലും ബിജെപി അതെല്ലാം നിഷേധിച്ചു. എന്നാല്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയാണ് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കോടികള്‍ വരുന്ന കുഴല്‍പ്പണമായി എത്തിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍.

പോലീസിന്റെ അന്വേഷണ വഴി

കേസില്‍ രണ്ട് സ്ത്രീകളടക്കം 23 പേരെ അന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ 12 പേര്‍ തൃശൂര്‍ സ്വദേശികളും ഏഴ് പേര്‍ കണ്ണൂര്‍ സ്വദേശികളും രണ്ടുപേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ കുടക് സ്വദേശിയുമായിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ പോലും മാറ്റി. പ്രതികളെല്ലാം ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.

വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു കെ സുരേന്ദ്രനെയും മകനെയും ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നു. തുടക്കത്തില്‍ ആവേശത്തോടെ കേസന്വേഷണം നടത്തിയ കേരള പോലീസ് പിന്നീട് ബിജെപിയുടെ പങ്ക് വെളിപ്പെട്ടതോടെ തണുപ്പന്‍ മട്ടിലേക്ക് നീങ്ങി. ഏറ്റവും ഒടുവില്‍ കേരള പോലീസ് സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തിലും ബിജെപിയുടെ പങ്കിനെ പറ്റി പരാമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

കൊടകരയിലെ കുഴല്‍പ്പണത്തിന്റെ ഉറവിടം എന്ന് കരുതപ്പെടുന്നത് ബിജെപി നേതാവും കര്‍ണാടക എംഎല്‍സിയും ആയിരുന്ന ലഹര്‍ സിങ് സിരോയ ആണെന്നാണ് കേരളാ പോലീസിന്റെ റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നല്‍കിയ റിപ്പോര്‍ട്ടിലാണ് ലഹര്‍ സിങ്ങിന്റെ പേരുള്ളത്. പണം കൈമാറിയെന്ന് കണ്ടെത്തിയ സമയത്ത് ഈ ഉന്നതനേതാവും ധര്‍മരാജനും ഒരേ സ്ഥലത്തുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന മൊബൈല്‍ ഫോണ്‍ രേഖകളും പോലീസ് കണ്ടെത്തിയിരുന്നു. അപകടം ഉണ്ടായശേഷമാകട്ടെ ധര്‍മരാജന്‍ ആദ്യം വിളിച്ചത് സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രനെയും രണ്ടാമത് സംഘടനാ സെക്രട്ടറി എം ഗണേഷിനെയാണെന്നും കേരള പോലീസ് ഇഡിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

ലഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് കേരളത്തില്‍ ചെലവഴിക്കാനുള്ളതാണ് പണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലഹര്‍ സിങ്. 2010 മുതല്‍ 2022 വരെ എംഎല്‍സിയായിരുന്നു ലഹര്‍ സിങ്. ഈ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. സതീശന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകള്‍ കൂടി സമാഹരിച്ചാണ് തുടരന്വേഷണത്തിന് വേണ്ട റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

ഒപ്പം കുഴല്‍പ്പണം അന്വേഷിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും അതിനാലാണ് വ്യക്തമായ തെളിവുണ്ടായിട്ടും അന്തിമ കുറ്റപത്രത്തില്‍ പാര്‍ട്ടിക്കാരെ പ്രതി ചേര്‍ക്കാത്തത് എന്നുമായിരുന്നു പോലീസിന്റെ നിലപാട്. കൊടകരയില്‍ കണ്ടെത്തിയ കുഴല്‍പ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇഡിക്കും കത്തയച്ചിരുന്നു.

ഇതിനെല്ലാം പുറമെ 2024 ഒക്ടോബര്‍ 30 ന് ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി തന്നെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരുന്നു. തട്ടിയെടുത്ത മൂന്നരക്കോടി രൂപ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ആറ് ചാക്കുകളിലായി എത്തിച്ചത് കണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഇതില്‍മേല്‍ നടന്ന അന്വേഷണവും എങ്ങുമെത്തിയില്ല. തിരൂര്‍ സതീഷിന്റെ മൊഴിയില്‍ കഴമ്പുണ്ടെന്നും ആറ് കോടി രൂപയുടെ കള്ളപ്പണം ബിജെപിയുടെ ഓഫീസില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാംഘട്ട അന്വേഷണം അവസാനിപ്പിച്ചാണ് പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

ബിജെപിക്കായി ഉരുണ്ടുകളിച്ച് ഇഡി

പണം കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിച്ചതാണ് എന്നായിരുന്നു കേരള പോലീസ് കണ്ടെത്തിയത്. കേരള പോലീസിന്റെ നിഗമനങ്ങളും കുറ്റപത്രവും തള്ളിയാണ് കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചത്.

കേരള പോലീസിന്റെ അന്വേഷണത്തിന് പുറമെയായിരുന്നു ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇഡി കൊച്ചി യൂണിറ്റും അന്വേഷണം നടത്തിയത്. എന്നാല്‍ ഇതിനിടെ, ഇഡി പ്രാഥമികാന്വേഷണം പോലും നടത്തുന്നില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി കൊണ്ടുവന്ന പണമാണെന്ന പോലീസ് കണ്ടെത്തലിനെ തള്ളി ബിജെപി പരാമര്‍ശം പോലുമില്ലാതെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പകരം കോഴിക്കോട് സ്വദേശി ധര്‍മരാജന്‍, ആലപ്പുഴയിലെ തിരുവിതാംകൂര്‍ പാലസ് വസ്തു വാങ്ങുന്നതിന് ഡ്രൈവര്‍ മുഖേന കൊടുത്തയച്ച 3.56 കോടി രൂപ കൊടകര ദേശീയപാതയില്‍ കൊള്ളയടിക്കപ്പെടുകയായിരുന്നു എന്നാണ് ഇഡി കുറ്റപത്രത്തില്‍ പറയുന്നത്. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ആലപ്പുഴയിലെ ട്രാവന്‍കൂര്‍ പാലസ്. എന്നാല്‍ പോലീസിന് ആദ്യം നല്‍കിയ പരാതിയില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നുമായിരുന്നു പറഞ്ഞിരുന്നത്. പിന്നീടായിരുന്നു ധര്‍മജന്‍ മൂന്നരക്കോടി നഷ്ടപ്പെട്ടെന്ന് പറഞ്ഞ് മൊഴി മാറ്റിയത്. പണം തന്റെതാണെന്ന് അവകാശപ്പെട്ട ബിജെപി അനുഭാവി ധര്‍മരാജനെ പ്രതിപ്പട്ടികയില്‍ പെടുത്താതെ രണ്ടാം സാക്ഷി മാത്രമാക്കി. ധര്‍മരാജനാകട്ടെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു.

ഇതിനെല്ലാം പുറമെയാണ് ബിജെപിയുടെ പങ്ക് വ്യക്തമാക്കി ബിജെപി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് പോലീസിന് മൊഴി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോടിക്കണക്കിന് രൂപ ബിജെപിയുടെ ഓഫീസില്‍ എത്തിച്ചെന്നായിരുന്നു സതീഷിന്റെ മൊഴി. എന്നാല്‍ ഇഡി ആകട്ടെ ഇയാളില്‍ നിന്നും മൊഴിയെടുത്തിട്ടില്ല.

കേസില്‍ ബിജെപിയുടെ പങ്ക് വ്യക്തമായതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉരുണ്ട് കളിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചാണ് അന്വേഷണം നടത്തിയതെന്നാണ് ഇഡി പറയുന്നത്. അതേസമയം ബിജെപിക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നതിന് തെളിവില്ലെന്ന് പറയുന്ന ഇഡി, കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ടേത് ആദായനികുതി വകുപ്പാണെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് ഉണ്ടായത്.

കൂടാതെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി എത്തിച്ച പണമാണെന്ന പോലീസിന്റെ കണ്ടെത്തല്‍ തള്ളിക്കൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ ബിജെപി നേതാക്കളെ കൂടി ഒഴിവാക്കിയാണ് ഇഡിയുടെ കുറ്റപത്രം. കൊടകരയിലേത് വെറുമൊരു മോഷണ കേസാണെന്ന തരത്തില്‍ ഒതുക്കി തീര്‍ക്കാനാണ് ഇഡി തുടക്കം മുതലേ ശ്രമിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 2021 മെയ് അഞ്ചിനാണ് ഇഡി കേസന്വേഷണം ആരംഭിച്ചത്. സംഭവം നടന്ന് നാല് വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും അന്വേഷണ നാടകവും കുറ്റപത്ര സമര്‍പ്പണവും അവസാനിക്കുന്നില്ല. ഇഡി ഈ കേസ് അട്ടിമറിച്ചു എന്നാരോപിച്ച് സമരം നടത്താന്‍ തീരുമാനിച്ച സിപിഎമ്മിനും സ്വന്തം സര്‍ക്കാരിന്റെ പോലീസ് കൊടകരക്കേസിനെ ഫ്രീസറിലാക്കുന്നതിന്റെ ഉത്തരവാദിത്തെക്കുറിച്ച് മിണ്ടാട്ടമില്ല.kodakara hawala case; ED protects bjp

Content Summary: kodakara hawala case; ED protects bjp

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment