April 28, 2025 |
Share on

മോദി മുതൽ ഷിൻഡ വരെ; ഹിന്ദുത്വ വാദികളുടെ കണ്ണിലെ കരട്, വിവാദങ്ങളിൽ നിറയുന്ന കുനാൽ കമ്ര

തമാശകളുടെ പേരിൽ ആരോടും മാപ്പ് പറയാൻ തയ്യാറല്ലെന്നും കമ്ര വ്യക്തമാക്കിയിരുന്നു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡക്കെതിരെയുള്ള പരാമർശത്തെ തുടർന്ന് ചർച്ചകളിൽ നിറഞ്ഞിരിക്കുകയാണ് സ്റ്റാന്റ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര. ഇതാദ്യമായല്ല ഇത്തരത്തിലുളള വിവാദങ്ങളിൽ കുനാൽ കമ്ര ഇടംപിടിക്കുന്നത്. തന്റെ സ്റ്റാന്റ് അപ്പ് പരിപാടികളിലെ രാഷ്ട്രീയപരമായ പരാമർശങ്ങൾ കാരണം പല തവണ ഹിന്ദുത്വ വാദികളുടെ കണ്ണിലെ കരടായി കമ്ര മാറിയിട്ടുണ്ട്.

രാഷ്ട്രീയ ആക്ഷേപഹാസ്യകാരൻ കൂടിയായ കുനാൽ കമ്ര, 2013ലാണ് സ്റ്റാന്റ് അപ്പ് കോമഡികൾ ചെയ്യാനാരംഭിക്കുന്നത്. ബിസിനസ്, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവ മുംബൈ സ്വദേശിയായ കമ്രയുടെ പരിപാടികളിലെ പ്രധാന വിഷയങ്ങളായിരുന്നു. 2017ൽ കാമ്ര ‘ഷട്ട് അപ്പ് യാ കുനാൽ’ എന്ന സ്റ്റാന്റ് അപ്പ് കോമഡി പരിപാടി ആരംഭിച്ചു. രാഷ്ട്രീയക്കാരുമായും ആക്ടിവിസ്റ്റുകളുമായും ഒരു അനൗപചാരിക ചർച്ചയിൽ ഏർപ്പെടുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ പരിപാടിയായിരുന്നു അത്. നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ചെയ്ത സർക്കാരും ദേശഭക്തിയുമെന്ന കമ്രയുടെ സ്റ്റാന്റ് അപ്പ് കോമഡി വീഡിയോ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വീഡിയോയുടെ പേരിൽ കമ്രക്കെതിരെ വധഭീഷണിയുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2020ൽ ഇൻഡി​ഗോ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകനായ അർണബ് ​ഗോസ്വാമിയുമായി നടത്തിയ വാ​ഗ്വാദമാണ് കമ്രയുടെ വിവാദവും വൈറലുമായ മറ്റൊരു സംഭവം. റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫായ അർണബ് ​​ഗോസ്വാമിയുടെ പത്രപ്രവർത്തനരീതിയെ ചോദ്യം ചെയ്ത കമ്ര ഗോസ്വാമിയെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ കാമ്ര സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇൻഡി​ഗോ കമ്രയ്ക്ക് ആറ് മാസത്തെ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. എയർ ഇന്ത്യ, സ്പേസ് ജെറ്റ്, ​ഗോ എയർ തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളും കമ്രക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

2020 മെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജർമനി സന്ദർശന വേളയിൽ, മോദിക്കായി ​ഗാനം ആലപിക്കുന്ന ഏഴ് വയസുകാരന്റെ എഡിറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് കമ്രക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. പീപ്ലി ലീവ് എന്ന സിനിമയിലെ മെഹങ്കായി ദയാൻ എന്ന ​ഗാനമാണ് യഥാർത്ഥ ​ഗാനത്തിന് പകരം എഡിറ്റ് ചെയ്ത വീഡിയോയിൽ ഉപയോ​ഗിച്ചിരുന്നത്. തുടർന്ന് കുട്ടിയെ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴക്കുന്നുവെന്ന് ആരോപിച്ച് പിതാവ് പരാതി നൽകിയതിനെ തുടർന്ന കമ്ര പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

ഗാന്ധി ഘാതകൻ നാഥുറാം വിനായക് ​ഗോഡ്സെയെ തള്ളിപ്പറയാനാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന് കത്തെഴുതിയതാണ് കമ്രയെ വിവാദത്തിൽപ്പെടുത്തിയ മറ്റൊരു നടപടി.

2020 ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ശരദ് അരവിന്ദ് ബോബ്ഡെക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് അറ്റോണി ജനറൽ കെ കെ വേണു​ഗോപാൽ കമ്രക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു. അടുത്തിടെ ബോളിവുഡ് താരം സൽമാൻ ഖാനെ പരിപാടിയിൽ പരിഹസിച്ചതും വിവാദത്തിന് കാരണമായിരുന്നു. തന്റെ തമാശകളുടെ പേരിൽ ആരോടും മാപ്പ് പറയാൻ തയ്യാറല്ലെന്നും കമ്ര വ്യക്തമാക്കിയിരുന്നു.

ഏക്നാഥ് ഷിൻഡയെ രാജ്യദ്രോഹി എന്ന് വിളിച്ചതാണ് നിലവിൽ കമ്ര ഉൾപ്പെട്ടിരിക്കുന്ന വിവാദം. നയാ ഭാരത് എന്ന പരിപാടിയില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കവെയാണ് കമ്ര ഷിന്‍ഡെയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. സ്റ്റാന്‍ഡ് അപ് കോമഡിയുടെ ഭാഗമായി പാടിയ പാരഡി പാട്ടിലായിരുന്നു ഷിന്‍ഡെയുടെ പേരെടുത്ത് പറയാതെയുള്ള പരാമര്‍ശം. ഷിന്‍ഡേയുടെ രൂപത്തെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായുള്ള ബന്ധത്തെയും പരിഹസിച്ചുകൊണ്ടായിരുന്നു കമ്രയുടെ പാട്ടിലെ വരികള്‍.

Content Summary: Kunal Kamra Sparks Controversy with Remarks on Hindutva Leaders

Leave a Reply

Your email address will not be published. Required fields are marked *

×