UPDATES

മഞ്ഞപ്പിത്തത്തോട് പൊരുതി വെങ്ങൂര്‍; ജല അതോറിറ്റിയുടെ അനാസ്ഥയില്‍ വീണുപോയത് ഒരു പഞ്ചായത്ത്

അഞ്ജന,ലിസി ഹോസ്പിറ്റലില്‍ അത്യാസന്ന നിലയിലാണ്. ഭര്‍ത്താവ് ശ്രീകാന്ത് രാജഗിരി ഹോസ്പിറ്റലിലും…

                       

28കാരി അഞ്ജന, മഞ്ഞപ്പിത്തം ബാധിച്ച് ലിസി ഹോസ്പിറ്റലില്‍ അത്യാസന്ന നിലയിലാണ്. ഭര്‍ത്താവ് ശ്രീകാന്ത് ഗുരുതരാവസ്ഥയില്‍ രാജഗിരി ഹോസ്പിറ്റലിലും…
ഞാന്‍ ആരുടെ കൂടെയാ നില്‍ക്കാ, ആരേ നോക്കാന്‍ പോണന്ന് അറിയില്ല. കൈയ്യില്‍ പൈസയും ഇല്ല. ആരോട് ചോദിക്കണമെന്ന് അറിയില്ലായിരുന്നു. നാട്ടിലെല്ലാവരും രോഗികളാണ്. ചേച്ചിയുടെ ജീവന്‍ രക്ഷിക്കാനായി അഞ്ജനയുടെ സഹോദരി ചികില്‍സാ പിരിവിനായി ഇറങ്ങി. കുറേ പേര് സഹായിച്ചു. ഇനിയും പണം വേണം, എന്ത് ചെയ്യണമെന്ന് അറിയില്ല. ഞങ്ങടെ ആകെയുണ്ടായിരുന്ന ജീവിത മാര്‍ഗം പശുക്കളായിരുന്നു, അതിനെയെല്ലാം വിറ്റു, ഇനി വില്‍ക്കാനുള്ളത് ഈ വീടാണ്. ലക്ഷങ്ങളാണ് ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ക്ക് ചെലവായത്. എന്നിട്ടും ഡോക്ടര്‍മാര്‍ ഒന്നും തീര്‍ത്ത് പറയുന്നില്ല. ഇനി ഞങ്ങളുടെ കൈയ്യില്‍ ഒന്നുമില്ല– മകന്റെയും മരുമകളുടെയും ജീവന്‍ തുലാസില്‍ നില്‍ക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ കണ്ണീരും പ്രാര്‍ത്ഥനയുമായി നില്‍ക്കുകയാണ് ശ്രീകാന്തിന്റെ അമ്മ. അവര്‍ മാത്രമല്ല, എറണാകുളം വെങ്ങൂര്‍ പഞ്ചായത്തിലെ 150ഓളം പേരാണ് ഇപ്പോള്‍ മഞ്ഞപ്പിത്ത വൈറസായ ഹെപ്പറ്റൈറ്റീസിനോട് പൊരുതുന്നത്.

അവള്‍ അവസാനം വെന്റിലേറ്ററിലായിരുന്നു, ഇവിടെ അടുത്തുള്ള ആശുപത്രിയില്‍. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ അലട്ടിയിരുന്നു. മഞ്ഞപ്പിത്തം കൂടിയായപ്പോള്‍ അവളങ്ങ് പോയി. വേറെന്ത് പറയാന്‍…
അഞ്ച് ദിവസം മുന്‍പ് മഞ്ഞപ്പിത്തത്തിന് കീഴടങ്ങിയ കണിയാട്ടപീടികയിലെ രാജു ഭാര്യ ജോളിയെ കുറിച്ച് പറഞ്ഞത് ഇതാണ്. ഹെപ്പറ്റൈറ്റിസ് വന്നതോടെയാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴും പലരും ക്രിട്ടിക്കല്‍ സ്റ്റേജിലാണ്. ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

കുറ്റക്കാര്‍ വാട്ടര്‍ അതോറിറ്റി: വിളിച്ചാല്‍ എഇഒ പോലും ഫോണെടുക്കില്ല

8, 9, 10, 11, 12 എന്നിങ്ങനെ അഞ്ച് വാര്‍ഡുകളിലാണ് രോഗം പടര്‍ന്ന് പിടിച്ചത്. ഈ പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കൂലിപ്പണിക്കാരാണ്. അന്നത്തെ അന്നത്തിനായി പണിയെടുക്കുന്നവര്‍. ഒരുവീട്ടിലെ 5 പേര്‍ക്കും അസുഖം ബാധിക്കുന്ന അവസ്ഥയുണ്ട്. വിശ്രമമാണ് രോഗികള്‍ക്ക് അത്യാവശ്യം വേണ്ടതും. അതുകൊണ്ട് തന്നെ വലിയ സാമ്പത്തിക കെണിയിലാണ് ആളുകള്‍ പെട്ടിരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റായ ശില്‍പ സുധീഷ് അഴിമുഖത്തോട് പറയുന്നു.
കഴിഞ്ഞ 17ാം തിയ്യതിയാണ് മഞ്ഞപ്പിത്തം പടരുന്ന കാര്യം ശ്രദ്ധയില്‍ വരുന്നത്. പിന്നാലെ 100ലധികം പേര്‍ക്ക് രോഗം സ്ഥീരികരിച്ചു. ഒപ്പം പഞ്ചായത്ത് ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിരുന്നു. ഇതിനിടെ അതിവേഗത്തില്‍ കൂടിവെള്ള ഉറവിടങ്ങളെല്ലാം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തു. അപ്പോഴാണ് രോഗം സ്ഥീരികരിച്ചിട്ടുള്ളവരെല്ലാം ജല അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിച്ചിരുന്നതെന്ന കാര്യം ശ്രദ്ധയില്‍ വരുന്നത്. പൈപ്പ് കണക്ഷന്‍ വഴിയുള്ള വെള്ളം പരിശോധനയ്ക്ക് അയക്കുകയും ഈ വെള്ളത്തില്‍ വൈറസ് ബാധയുണ്ടെന്ന് സ്ഥീരികരിക്കുകയും ചെയ്തത്. വക്കുപള്ളിയിലെ ജലഅതോറിറ്റിയാണ് മേഖലയില്‍ വെള്ളം വിതരണം ചെയ്യുന്നത്. അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണമായത്. അതോറിറ്റിയുടെ പൈപ്പ് പലയിടത്തും പൊട്ടി ഒലിച്ചിരുന്നു. ഇങ്ങനെ കുടിവെള്ളം മലിനമായത് ആവാം. കൂടാതെ ഇവിടുത്തെ പമ്പ് ഹൗസിലെ കുടിവെള്ളം കൃത്യമായി ക്ലോറിനേറ്റും ചെയ്തിരുന്നില്ല. പമ്പ് ഹൗസില്‍ ഇപ്പോള്‍ ഓപ്പറേറ്റര്‍മാര്‍ നേരിട്ട് വരാറില്ല. അവരെല്ലാം മൊബൈല്‍ വഴിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. മുന്‍പ് ഓപ്പറേറ്റര്‍മാര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ഇടയ്ക്കിടെ ഇത് പരിശോധിക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ആപ്പ് വന്നതോടെ അതെല്ലാം മാറി. പഞ്ചായത്തോ ആളുകളോ വിളിച്ചാല്‍ പോലും വാട്ടര്‍ അതോറിക്കാര്‍ ഫോണ്‍ പോലും എടുക്കില്ല. ഇപ്പോഴവര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്തു. പക്ഷെ രോഗം ഇന്നും ആളുകളെ അലട്ടികൊണ്ടിരിക്കുകയാണ്.

നിത്യവൃത്തിക്കാര്‍ പട്ടിണിയിലായി. പഞ്ചായത്ത് തന്നെ പിരിവിട്ട് സൗജ്യന കിറ്റും മരുന്നുമെല്ലാം എത്തിച്ചിട്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. 1000 രൂപയുടെ ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുന്നത്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഐസിയുവില്‍ പ്രവേശിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. രോഗം വന്ന എല്ലാ വീട്ടുകാരും പണമില്ലാത്ത അവസ്ഥയിലാണ്. പക്ഷെ അത്രത്തോളം പേരെ സഹായിക്കാനുള്ള സാഹചര്യം പഞ്ചായത്തിലും ഇല്ല. സര്‍ക്കാരില്‍ നിന്നുള്ള സഹായത്തിന് അപേക്ഷ കൊടുത്തിട്ടുണ്ട്. അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്പോഴും ഞായറാഴ്ച അവധി ആഘോഷിച്ച് സുഖമായി സര്‍ക്കാര്‍ ശബളവും വാങ്ങി കഴിയുകയാണ് ജല അതോറിറ്റി ജീവനക്കാര്‍. പരാതി പറയാന്‍ വിളിച്ചാല്‍ ജല അതോറിറ്റിയിലെ എഇഒ പോലും ഫോണെടുക്കില്ല.
കുറ്റക്കാര്‍ക്കെതിരേ വകുപ്പുതല നടപടി വേണമെന്നാണ് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ചും ഈ നിസ്സഹകരണത്തെ കുറിച്ചും എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരാതി പെട്ടിരുന്നു. എംഎല്‍എ താക്കിത് നല്‍കിയപ്പോള്‍ ഒഫിഷ്യല്‍ നമ്പറില്‍ നിന്നുള്ള കോളുകള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാലും നാട്ടുകാര്‍ വിളിച്ചാല്‍ എടുക്കില്ലെന്നും ശില്‍പ സുധീഷ് പറയുന്നു. പഞ്ചായത്തില്‍ മൊത്തം 4,116 കുടിവെള്ള സ്രോതസ്സുകളാണുള്ളത്. അവയെല്ലാം ഇപ്പോ ക്ലോറിനേറ്റ് ചെയ്തു. ആ വെള്ളം പരിശോധിച്ച് വൈറസ് ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അഴിമുഖം ജലഅതോറിറ്റിയിലേക്ക് വിളിച്ചപ്പോഴും ബെല്ലടിയും ബിസി ടോണും മാത്രമാണ് കേട്ടത്.

രോഗികളെല്ലാം ചെറുപ്പക്കാര്‍: കാരണം തണുത്ത വെള്ളത്തിനോടുള്ള പ്രീതി

പഞ്ചായത്തില്‍ രോഗത്തോട് പൊരുതുന്നവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. അതും 20 വയസിന് മുകളിലുള്ളവര്‍. അവരാണ് തിളപ്പിക്കാത്ത വെള്ളം കുടിക്കുന്നത്. ചൂട് കാലാവസ്ഥയും മറ്റും കാരണം പുറത്ത് നിന്ന് വരുമ്പോള്‍ പച്ച വെള്ളം കുടിക്കുന്നത് അവരാണ്. മറ്റ് രോഗങ്ങളുള്ളതിനാല്‍ പ്രായമായവര്‍ തിളപ്പിച്ച് ആറ്റി മാത്രമാണ് വെള്ളം കുടിച്ചിരുന്നത്. തണുത്ത വെള്ളത്തോടുള്ള പ്രീതിയാണ് ചെറുപ്പക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടതെന്നും പഞ്ചായത്ത് പ്രസിഡന്റായ ശില്‍പ സുധീഷ് പറഞ്ഞു. ഇപ്പോള്‍ വീടുകള്‍ കയറി ഇറങ്ങി ബോധവല്‍ക്കരണം നടത്തുന്നുണ്ട്. അതോടെ രീതിയ്ക്ക് മാറ്റം വന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

English summary; KWA fails to chlorinate water, 134 jaundice cases in Vengoor

Share on

മറ്റുവാര്‍ത്തകള്‍