ഒരു കുടുംബം മണ്ണിനടിയിലാവുന്നത് കണ്ട് നില്‍ക്കേണ്ടി വന്നു
ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച വയനാട്ടിലെ മുണ്ടക്കൈയില്‍ എത്തിചേരാനാവാതെ രക്ഷാ പ്രവര്‍ത്തകര്‍. പ്രദേശത്തിന്റെയും കാടിന്റെയും അതിര്‍ത്തിയിലായി താന്‍ അടക്കം 100 ഓളം പേര്‍ കുടങ്ങി കിടക്കുകയാണെന്നാണ് രക്ഷപ്പെട്ട സംഘത്തിലുള്ള ജിതിക പറയുന്നത്. ഇവിടെ ഒരു ബസ് സ്റ്റോപ്പുണ്ട്. അത് പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. പിന്നില്‍ കാടാണ്. ഇവിടെയാണ് തങ്ങള്‍ നില്‍ക്കുന്നത്. അതില്‍ കൂടുതലായി ലൊക്കേഷന്‍ വ്യക്തമാക്കാന്‍ സാധിക്കില്ല. മണ്ണ് വീണ മരുഭൂമിയായി മാറിയിരിക്കുകയാണ് ബാക്കിയുള്ള ഇടങ്ങളെല്ലാം. തങ്ങളുടെ കണ്‍മുന്നില്‍ വച്ചാണ് ഒരു കുടുംബവും അവര്‍ നിന്നിരുന്ന വീടുകളും മണ്ണിനടിയിലായത്. അവരെ രക്ഷിക്കാന്‍ സാധിക്കുന്നില്ല. ഇപ്പോഴും അവര്‍ക്ക് ജീവനുണ്ടാവാം. അപകടത്തില്‍ പെട്ട നാലു പേരെ മാത്രമാണ് ഇത്രയും നേരത്തിനുള്ളില്‍ രക്ഷിക്കാനായത്. പുലര്‍ച്ചെ അപകടമുണ്ടായപ്പോള്‍ രണ്ട് വഴിക്കായി ചിതറി ഓടിയതാണ്. മൂന്ന് തവണ ഉരുള്‍പൊട്ടലുണ്ടായി. അതില്‍ തങ്ങളുടെ കൂടെയുള്ളവര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നും ജിതിക പറയുന്നു.
പുലര്‍ച്ചെ മുതല്‍ ഫോണില്‍ സഹായം ചോദിക്കുന്നതാണ്. പക്ഷെ ആരും വന്നില്ല. മരണമാണോ ജീവിതമാണോ കണ്‍ മുന്നിലെന്ന് മനസിലാവുന്നില്ല. രക്ഷിക്കണം. ഞങ്ങള്‍ക്ക് എന്ത് വേണമെങ്കിലും സംഭവിക്കാം. ഇനിയും എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടലുണ്ടാവാം എന്നുമാണ് ജിതിക പറഞ്ഞത്.
അതേസമയം, രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയിലേക്ക് എത്തി ചേരാന്‍ കഴിയാത്തത് വലിയ ദുരന്തങ്ങള്‍ വിളിച്ച് വരുത്താനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നതെന്ന് മുണ്ടക്കെ പഞ്ചായത്ത് അംഗമായ ബാബു അഴിമുഖത്തോട് പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം ഇതുവരെ ഇവിടെ ആരംഭിച്ചിട്ടില്ല. ഗ്രാമത്തിലേക്കുള്ള പാലങ്ങളും റോഡുകളും ഒലിച്ചുപോയി, നിരവധി ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഗ്രാമത്തില്‍ സുരക്ഷിതരായവര്‍ പരസ്പരം ഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ ആരെയും ഒഴിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ ബസാര്‍ ഏതാണ്ട് ഇല്ലാതായി. നാല്‍പ്പതോളം വീടുകള്‍ മണ്ണിനടിയിലായി. ഈ കെട്ടിടങ്ങളില്‍ പലതും എസ്റ്റേറ്റ് തൊഴിലാളികളുടെ വീടുകളും ക്വാര്‍ട്ടേഴ്‌സുകളുമായിരുന്നു.
മുണ്ടക്കൈയിലെ ട്രീവാലി റിസോര്‍ട്ടിലെ ജീവനക്കാരന്‍ ജില്‍സണ്‍ പറയുന്നത് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 നും 3നും ഇടയിലാണ് ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആദ്യ സംഭവത്തിന് ശേഷം താഴ്വരയില്‍ താമസിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ റിസോര്‍ട്ടിലേക്ക് ഓടിയെത്തി. ഇപ്പോള്‍ റിസോര്‍ട്ടില്‍ അഭയം തേടിയിരിക്കുന്നത് 120 ഓളം പേരാണ്. ഗ്രാമത്തിലെ മറ്റുള്ളവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇവിടെയുള്ളവരില്‍ തന്നെ പലര്‍ക്കും പലര്‍ക്കും പരിക്കുണ്ട്. പ്രഥമശുശ്രൂഷ ആവശ്യമുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഗതിമാറി പുഴ ഒഴുകിയതാണ് അപകടം ഇത്രയും ആഴത്തിലാക്കിയത്. വെള്ളത്തില്‍ ഒലിച്ച് പോയവയില്‍
വാഹനങ്ങളും വീടുകളുമെല്ലാമുണ്ടെന്നും അദ്ദേഹം പറയുന്നു.
English Summary: Landslide devastates Mundakkai bazar, dozens of homes buried, survivors injured and displaced