February 19, 2025 |

എൽ.ഡി.എഫും യു.ഡി.എഫും സമാധാനിക്കുന്നത് എന്തുകൊണ്ട്? ബി.ജെ.പി എങ്ങനെ സ്വയം കുഴിതോണ്ടുന്നു?

ചേലക്കരയിലും ഘടനാപരമായി നല്ല നിലയിലുള്ള പ്രവർത്തനമാണ് കോൺഗ്രസ് നടത്തിയതെങ്കിലും എത്രയോ കാലമായി ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി സി.പി.ഐ.എമ്മിന്റെ ചെങ്കോട്ടയായി നിലനിൽക്കുന്ന ചേലക്കരയിൽ വിള്ളലുണ്ടാക്കാൻ അവർക്കായില്ല.

എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് ഒരുപോലെ ആശ്വാസമായി ഉപതിരഞ്ഞെടുപ്പ്‌
ഫലങ്ങൾ മാറി. ഇരുകൂട്ടരും തങ്ങളുടെ വിജയമായി ഇതിനെ കണക്കുകൂട്ടി ആത്മവിശ്വാസത്തോടെ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേയ്ക്ക് കടക്കാനും ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ സഹായിക്കും. പാലക്കാട് രണ്ടാം സ്ഥാനത്തേയ്ക്ക് എത്തുന്ന ആഗ്രഹം പൂർത്തീകരിക്കാൻ ഇടത്പക്ഷത്തിന് കഴിഞ്ഞില്ലെങ്കിലും രണ്ടായിരം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ളത്. അവസാനത്തെ നാല് റൗണ്ടുകളിൽ മൂന്നിലും സി.പി.ഐ.എമ്മാണ് മുന്നിട്ട് നിന്നതും. ബി.ജെ.പിയാകട്ടെ രണ്ടേ രണ്ട് റൗണ്ടിലാണ് മുന്നിട്ട് നിന്നത്. ആദ്യത്തേതും അഞ്ചാമത്തേയും. ചേലക്കരയിലെ വിജയവും പാലക്കാട്ടെ വോട്ട് വർദ്ധനയും പാർട്ടി സംഘടന സംവിധാനത്തിന്റെ നേട്ടമായും ഭരണവിരുദ്ധ വികാരത്തിന്റെ അഭാവമായും സി.പി.ഐ.എം കണക്കാക്കും.ldf bjp udf

യുഡിഎഫിനാകട്ടെ പാലക്കാട്ടെ മിന്നുന്ന വിജയവും പ്രിയങ്കഗാന്ധിയുടെ റിക്കോര്‍ഡ്‌ ഭൂരിപക്ഷവും മഹാരാഷ്ട്രയിലുണ്ടായ തിരിച്ചടി മറന്ന് മുന്നോട്ട് പോകാൻ അവരെ പ്രേരിപ്പിക്കുന്നതാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം മുതൽ കോൺഗ്രസിലുണ്ടായ പടല പിണക്കങ്ങളും വി.ഡി.സതീശൻ-കെ.സുധാകരൻ പോരാട്ടവും  പ്രാദേശിക നേതാക്കളുടെ രാജിയും ഡി.സി.സിയുടെ കത്തുമെല്ലാം തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയാകുമെന്ന് അവർ തന്നെ ഭയന്നുവെങ്കിലും മുസ്ലിം ലീഗിന്റേയും കോൺഗ്രസിലെ യുവ നേതാക്കളുടേയും അച്ചടക്കത്തോടെയുള്ള പ്രവർത്തനം പാലക്കാട് അവർക്ക് തുണയായി. ബി.ജെ.പിയുമായി മാത്രമേ മത്സരമുള്ളൂ, ഇടത്പക്ഷം ചിത്രത്തിലേ ഇല്ല എന്ന അവരുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം മുസ്ലീം സമുദായത്തിന്റെ വോട്ട് അവരിൽ മാത്രം കേന്ദ്രീകരിക്കാൻ സഹായകമായി.

ചേലക്കരയിലും ഘടനാപരമായി നല്ല നിലയിലുള്ള പ്രവർത്തനമാണ് കോൺഗ്രസ് നടത്തിയതെങ്കിലും എത്രയോ കാലമായി ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി സി.പി.ഐ.എമ്മിന്റെ ചെങ്കോട്ടയായി നിലനിൽക്കുന്ന ചേലക്കരയിൽ വിള്ളലുണ്ടാക്കാൻ അവർക്കായില്ല. കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനോട് ഒരു കൂട്ടം നേതാക്കൾക്കുണ്ടായിരുന്ന എതിർപ്പ് അവർക്ക് വലിയ തിരിച്ചടിയായി. മാത്രമല്ല, മുസ്ലീം സമൂഹത്തിനെതിരായി പലതരത്തിലുള്ള പ്രചാരണം നടത്തിയിട്ടുള്ള ഒരു യൂട്യൂബറുമായി രമ്യാഹരിദാസിനുള്ള സൗഹൃദം വ്യക്തിപരമായി അവർക്ക് തിരിച്ചടിയായി. പാലക്കാട് മണ്ഡലത്തിൽ ഒന്നടങ്കം രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിന്ന മുസ്ലീം വോട്ടർമാർ ചേലക്കരയിൽ എൽ.ഡി.എഫിനും യു.ആർ.പ്രദീപിനും ഒപ്പം നിന്നു. പതിമൂന്ന് റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലിൽ ഒരേയൊരു റൗണ്ടിൽ മാത്രമാണ് രമ്യഹരിദാസിന് ലീഡ് ചെയ്യാനായുള്ളൂ. ഒരു റൗണ്ടിലാകട്ടെ മണ്ഡലത്തിൽ വലിയ ശക്തിയല്ലാത്ത ബി.ജെ.പിക്കും താഴെയായി കോൺഗ്രസിന്റെ സ്ഥാനം. മണ്ഡലത്തിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര പഞ്ചായത്തുകളിൽ കോൺഗ്രസ് നിർണായക ശക്തിയായിരിക്കേയാണ് ഈ തിരിച്ചടി.

2021 -ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന് വേണ്ടി കെ.രാധാകൃഷ്ണൻ പിടിച്ച 39,400 വോട്ടുകളുടെ മഹാഭൂരിപക്ഷത്തിലേയ്ക്ക് എത്തുക എന്നത് അസാധ്യമാണ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു. 2021-ൽ സംസ്ഥാനത്ത് വ്യക്തമായ ഇടത്പക്ഷ തരംഗം തന്നെ ദൃശ്യമായിരുന്നു. അതോടൊപ്പം മണ്ഡലത്തിലെ ഏറ്റവും ജനകീയനായ മുഖമായ കെ.രാധാകൃഷ്ണന്റെ സാന്നിധ്യം കൂടിയായപ്പോൾ ആ മഹാഭൂരിപക്ഷത്തിലേയ്ക്ക് സി.പി.ഐ.എം എത്തിയതാണ്. 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണൻ തന്നെ സ്ഥാനാർത്ഥിയായിട്ടും 5000 വോട്ടുകളായി ഈ ഭൂരിപക്ഷം താഴ്ന്നത് പാർട്ടി ഘടകങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ യു.ആർ.പ്രദീപിന്റെ ജനകീയതും ഭരണവിരുദ്ധ വികാരത്തെ കുറിച്ചുള്ള വാർത്തകൾ വോട്ടിങ്ങിൽ പ്രതിഫലിക്കാതിരുന്നതും അവർക്ക് ഗുണകരമായി. 2016-ൽ യു.ആർ.പ്രദീപ് നേടിയ ഭൂരിപക്ഷത്തിനും അപ്പുറത്തുള്ള വലിയ ഭൂരിപക്ഷം നേടാൻ അവർക്ക് കഴിഞ്ഞതോടെ സർക്കാരിനും ഇടത്പക്ഷത്തിനും ഒപ്പം തന്നെ ജനങ്ങൾ ഉണ്ട് എന്ന ആത്മവിശ്വാസം സി.പി.ഐ.എമ്മിന് ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞു.

പാലക്കാട് ഡോ.പി.സരിനിനെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി കൊണ്ട് വരാനുള്ള നീക്കം ഇടത്പക്ഷത്തിന് ഗുണം തന്നെയായി. പല നേതാക്കളും പാലക്കാട് കേന്ദ്രീകരിച്ച് ശ്രദ്ധയോടെ പ്രവർത്തിക്കുകയും ചെയ്തിരുന്നു. പക്ഷേ അമിതാവേശത്തോടെയുള്ള മൂന്ന് നീക്കങ്ങൾ സി.പി.ഐ.എമ്മിന് തിരിച്ചടിയായി. ഒന്ന് സന്ദീപ് വാരിയരെ സ്വീകരിക്കുമെന്ന അർത്ഥത്തിൽ എ.കെ.ബാലൻ നടത്തിയ പ്രസ്താവന, രണ്ട്: പെട്ടി വിവാദത്തിൽ മാധ്യമ ശ്രദ്ധയ്ക്ക് അനാവശ്യമായി വഴങ്ങി കൊടുത്തത്, മൂന്ന്: സന്ദീപ് വാരിയറെ കോൺഗ്രസ് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സിറാജ്, വർത്തമാനം പത്രങ്ങളിൽ നൽകിയ പരസ്യം. ഗുണത്തിലേറെ ദോഷത്തിലേയ്ക്ക് ഈ നീക്കങ്ങൾ വഴി തെളിച്ചു. എങ്കിലും ദുർബലമായ മൂന്നാം സ്ഥാനക്കാർ എന്നതിൽ നിന്ന് ശക്തമായ ത്രികോണ മത്സരം നടത്താൻ പ്രാപ്തരായവർ എന്ന നിലയിലേയ്ക്ക് സി.പി.ഐ.എമ്മിനെ പാലക്കാട് എത്തിക്കാൻ ഡോ.പി.സരിന്റെ സ്ഥാനാർത്ഥിത്വത്തിന് സാധിച്ചു. ലോകസഭ തിരഞ്ഞെടുപ്പിലുണ്ടായ വലിയ തിരിച്ചടിയുടെ ഞെട്ടലിൽ നിന്നുള്ള താത്കാലിക ആശ്വാസം കണ്ടെത്തി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനേയും 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിനേയും നേരിടാൻ ഇത് ഇടത്പക്ഷത്തിന് സഹായകമാകും.

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ വയനാട് ലോകസഭ മണ്ഡലത്തിൽ വലിയ മത്സരത്തിൽ നിന്ന് ഇടത്പക്ഷം പിന്മാറിയതാണ്. പത്ത് വർഷം മുമ്പ്, 2014-ൽ ശക്തമായ പോരാട്ടം നടത്തിയ സത്യൻ മൊകേരി തന്നെയായിരുന്നു ഇത്തവണയും സ്ഥാനാർത്ഥിയെങ്കിലും മത്സരത്തിൽ വീറോ വാശിയോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇടത്പക്ഷത്തിന്റെ മുഴുവൻ വോട്ടർമാരേയും ബൂത്തിലെത്തിക്കാൻ പോലും ഇവർ മെനക്കെട്ടിട്ടില്ല. രാഹുൽഗാന്ധിയുടെ 2024-ലെ ഭൂരിപക്ഷത്തെ മറികടന്ന് പ്രിയങ്ക വലിയ വിജയം നേടുമ്പോൾ കേരളത്തിലെ കോൺഗ്രസിന് അതിൽ വലിയ ആഹ്ലാദത്തിന് വകുപ്പൊന്നുമില്ല. ഇടത്പക്ഷത്തിന് വലിയദുഖത്തിനും.

എന്നാൽ പാലക്കാട്ടെ വലിയ തോൽവി ബി.ജെ.പിക്ക് നാണക്കേടും തിരിച്ചടിയുമാണ്. കെ.സുരേന്ദ്രൻ പക്ഷത്തിനെതിരെ ആഞ്ഞടിക്കാനുള്ള മറുഭാഗത്തിന്റെ വലിയ ആയുധമായി ഈ വലിയ പരാജയം മാറും. പത്തനം തിട്ടയിൽ നിന്നെത്തിയ രാഹുൽമാങ്കൂട്ടത്തിൽ പാലക്കാട്ടുകാരനായ സി.കൃഷ്ണകുമാറിനെ തോൽപ്പിച്ചുവെന്ന് മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന പാലക്കാട് മുൻസിപ്പാലിറ്റിയിൽ അടക്കം തറപറ്റിച്ചു കളഞ്ഞു. ഇ.ശ്രീധരൻ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ ബി.ജെ.പിക്ക് അധികമായി ലഭിച്ച ആറ് ശതമാനത്തിലധികം വോട്ട് ഒന്നായി ഇടിഞ്ഞ് പോയി. ശോഭ സുരേന്ദ്രൻ 2016-ൽ നേടിയ വോട്ടുപോലും നേടാൻ സി.കൃഷ്ണകുമാറിന് സാധിച്ചില്ല. പാലക്കാട് നഗരസഭയിലെ കൽപ്പാത്തി അടങ്ങുന്ന ഒന്നാം റൗണ്ടിലും ബി.ജെ.പിയുടെ കാലാകാലങ്ങളായുള്ള ശക്തികേന്ദ്രമായ മണ്ണാന്തറ പ്രദേശമടങ്ങുന്ന അഞ്ചാം റൗണ്ടിലും മാത്രമാണ് സി.കൃഷ്ണകുമാർ ഒന്നാം സ്ഥാനത്ത് എത്തിയത്. പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ മൂന്നാം സ്ഥാനത്തേയ്ക്കും തള്ളപ്പെട്ടു. ഇത് കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ കുഴപ്പമാണെന്നും ശോഭസുരേന്ദ്രനെ അവഗണിച്ചതിന്റെ പ്രതിസന്ധിയാണെന്നും കെ.സുരേന്ദ്രൻ ഗ്രൂപ്പിനോടുള്ള എതിർപ്പാണെന്നും ബി.ജെ.പിക്കുള്ളിൽ ഇപ്പോൾ തന്നെ തർക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്തായാലും പാർല്യമെന്റിന് പുറമേ കേരള നിയമസഭയിലേയ്ക്കും പ്രവേശിക്കാനുള്ള ബി.ജെ.പിയുടെ മോഹം അടിയോടെ അറക്കപ്പെട്ടു. ldf bjp udf

content summary ;ldf-bjp-udf-byelection-analysis-loksabha-election

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

×