ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. ബ്രൊങ്കൈറ്റിസ് രോഗബാധയെത്തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് മൂന്നിനായിരുന്നു അദ്ദേഹം ആശുപത്രി വിട്ടത്. ആശുപത്രി വിടുന്നതിന് മുൻപ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു. ശ്വാസകോശ അണുബാധയെ സംബന്ധിച്ച് ഫെബ്രുവരി 14നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.Life of pope Francis
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെ തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസിയിലെ ഫ്രാൻസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്ക സഭയുടെ 266-ാമത് മാർപാപ്പയും ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച ആദ്യ മാർപാപ്പയുമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 731-741 കാലഘട്ടത്തിലെ സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമന് ശേഷം യൂറോപ്പിന് പുറത്തുനിന്നുള്ള മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയായിരുന്നു.
ബ്യൂണസ് അയേഴ്‌സിൽ ഇറ്റലിയിൽ നിന്ന് കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയുടെയും മരിയ സിവോരിയയുടെയും അഞ്ച് മക്കളിൽ ഒരാളായി 1936 ഡിസംബർ 17ന് ജനിച്ചു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് അദ്ദേഹം ബ്യൂണസ് അയേഴ്‌സ് രുപതയുടെ തലവനായിരുന്നു. ലാറ്റിനമേരിക്കയിൽ നിന്ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
സ്ഥാനാരോഹണത്തിന് ശേഷം നിരവധി മാറ്റങ്ങളാണ് അദ്ദേഹം സഭയ്ക്കകത്തും പുറത്തും കൊണ്ടുവന്നത്. ഭീകരതയും അഭയാർഥി പ്രശ്‌നവും മുതൽ ആഗോളതാപനം വരെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാട് ലോകം ശ്രദ്ധിച്ചിരുന്നു. മാറ്റങ്ങളുടെ മാർപാപ്പ എന്നായികരുന്നു ഇദ്ദേഹത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
മുൻഗാമികളിൽ നിന്ന് എന്നും വ്യത്യസ്തനായ സഭ അദ്ധ്യക്ഷനായിരുന്നു ഫ്രാൻസിസ് മാർപാപ്പ, അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളായിരുന്നു. മാത്രമല്ല എല്ലാ കാലത്തും ലോകം ഓർക്കുന്ന പരിഷ്കാരങ്ങൾ കൂടിയായിരുന്നു അതൊക്കെ ബിഷപ്പുമാരുടെ സിനഡ് യോഗത്തിൽ സ്ത്രീകൾക്കും മറ്റ് പ്രതിനിധികൾക്കും വോട്ടവകാശം അടക്കമുള്ല പരിഷ്കാരങ്ങൾ ഫ്രാൻസിസ് മാർപാപ്പ നടപ്പാക്കിയത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു.
ഇതോടൊപ്പം ചരിത്രത്തിൽ ആദ്യമായി ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത മാർപാപ്പയാണ് ഫ്രാൻസിസ്. ഇറ്റലിയിലെ അപ്പൂലിയയിൽ നടന്ന ഉച്ചകോടിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഊർജ്ജം, ആഫ്രിക്ക മെഡിറ്ററേനിയൻ സെഷനിൽ അദ്ദേഹം പങ്കെടുത്തു. സെഷനെ അഭിസംബോധന ചെയ്ത അദ്ദേഹം മാരക ഓട്ടണോമസ് ആയുധങ്ങൾ നിരോധിക്കണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
സായുധപോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ഉപകരണങ്ങളുടെ വികസനവും ഉപയോഗവും അപകടകരമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. യുദ്ധ ഭൂമിയിലെ പ്രയോഗം അടക്കം നിർമ്മിത ബുദ്ധിയുടെ അപകട സാദ്ധ്യതകളിലേക്കും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പെസഹാ ദിനത്തിലെ കാൽകഴുകൽ ചടങ്ങിൽ പുരുഷൻമാർ മാത്രമാകുന്ന പതിവ് പോപ്പ് ആയ ശേഷമുള്ള ആദ്യ പെസഹയിൽ തന്നെ ഫ്രാൻസിസ് തിരുത്തിക്കുറിച്ചു. 2013 ൽ ഫ്രാൻസിസ് കാൽകഴുകി ചുംബിച്ചവരിൽ 10 പുരുഷൻമാരും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. റോമിലെ കാസാ ദെൽ മർമോ ജയിലെ തടവുകാരായിരുന്നു അവർ. പോപ്പ് ഫ്രാൻസിസ് കാൽകഴുകി ചുംബിച്ച തടവുകാരിൽ ഒരു സ്ത്രീയും ഒരു പുരുഷനും മുസ്ലീങ്ങളായിരുന്നു. സഭയുടെ സുപ്രധാന സംവിധാനങ്ങളിൽ സ്ത്രീകളെ നിയമിച്ചും പോപ്പ് ഫ്രാൻസിസ് സഭയെ പുതിയ വഴികളിലേക്ക് നയിച്ചു.
കുടുംബം എന്ന ദൈവത്തിന്റെ പദ്ധതിയെ തകർക്കാനുള്ള ശ്രമം എന്ന് സ്വവർഗവിവാഹങ്ങളെ 2010ൽ വിശേഷിപ്പിച്ച ബെർഗോളിയോയുടെ നിലപാട് 2020 ൽ വിപ്ലവകരമായി പരിണമിച്ചു. സ്വവർഗാനുരാഗികൾക്ക് കുടുംബം ആകാനുള്ള അവകാശമുണ്ടെന്നും അവർ ദൈവമക്കളാണെന്നും പോപ്പ് ഫ്രാൻസിസ് പ്രഖ്യാപിച്ചു. 2023 ൽ പോപ്പ് ഫ്രാൻസിസ്, വിവാഹത്തിൽ കത്തോലിക്ക സഭയുടെ അനുശാസനങ്ങളെ നിലനിർത്തിക്കൊണ്ട് തന്നെ സ്വവർഗവിവാഹങ്ങളെ ആശിർവദിക്കാനുള്ള അനുവാദം വൈദികർക്ക് നൽകി.
സഭ മുൻകാലങ്ങളിൽ ചെയ്ത മാനവിക വിരുദ്ധമായ പ്രവൃത്തികൾക്ക് പോപ്പ് ഫ്രാൻസിസ് മാപ്പു പറഞ്ഞു. കാനഡയിലെ തദ്ദേശീയ ജനവിഭാഗത്തോട് കനേഡിയൻ കത്തോലിക്ക സഭ ചെയ്ത അതിക്രമങ്ങളിൽ 2022ൽ പോപ്പ് ലജ്ജയും ദുഃഖവും പ്രകടിപ്പിച്ചു. സഭയുടെ റെസിഡൻഷ്യൽ സ്കൂളുകളിൽ തദ്ദേശീയരായ കുഞ്ഞുങ്ങളോട് കാട്ടിയ അതിക്രമങ്ങളെ തള്ളിപ്പറഞ്ഞ പോപ് സഭയുടെ നടപടിയെ സാംസ്കാരിക വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. അടയാളങ്ങളില്ലാത്ത അജ്ഞാത ശവക്കുഴികൾ നിലനിന്നയിടം സന്ദർശിച്ച പോപ്പ് ഫ്രാൻസിസ്, ക്രിസ്ത്യാനികൾ തദ്ദേശീയരായ റെഡ് ഇൻഡ്യൻ ജനതയോട് ചെയ്ത അതിക്രമങ്ങൾക്ക് ക്ഷമചോദിക്കുന്നു എന്ന് പരസ്യമായി പറഞ്ഞു.
1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്നാണ് ബെർഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാൻ മിഗേലിലെ കോളെസിയോ മാക്‌സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1967ൽ അദ്ദേഹം വൈദ്യശാസ്ത്രപഠനം പൂർത്തിയാക്കി. 1969 ഡിസംബർ 13ന് വൈദികപട്ടം സ്വീകരിച്ചു.
”പുതിയ പോപ്പ് വളരെ എളിമയുള്ള ആളാണ്” ഫ്രാൻസിസ് മാർപാപ്പയെപ്പറ്റി അർജന്റീനിയൻ പുരോഹിതനായ റവ. എഡ്വേർഡോ മാംഗിയറോട്ടി പറഞ്ഞു. ”അദ്ദേഹം എല്ലാ ദിവസവും ഉപയോഗിക്കുന്നത് പൊതുഗതാഗതമാണ്. തന്റെ രൂപതകളിലെ ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്നവരോട് അദ്ദേഹം എപ്പോഴും കാരുണ്യവാനായിരിക്കും. അദ്ദേഹം പ്രാർഥനാശീലനും, വികാരഭരിതമായ പ്രസംഗങ്ങൾ നടത്താൻ കഴിവുള്ളവനുമാണ്.” എഡ്വേർഡ് മാംഗിയറോട്ടി വ്യക്തമാക്കി.
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് ആദ്യത്തെ പൊതുചടങ്ങിൽ അവിടെ തടിച്ചുകൂടിയ 1,50,000ത്തിലധികം ജനങ്ങൾക്ക് പതിവ് പോലെ അനുഗ്രഹം നൽകുന്നതിന് പകരം അദ്ദേഹം തനിക്കായി പ്രാർഥിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വർഷങ്ങളായി തുടർന്നുവന്ന കീഴ്‌വഴക്കത്തിന് മാറ്റം വരുത്തി.
”അദ്ദേഹം ഏറ്റവും എളിമയുള്ള മനുഷ്യനായിരുന്നു.” അറ്റ്‌ലാന്റയിലെ സഹായ ബിഷപ്പായ ലൂയിസ് ആർ സറാമ വ്യക്തമാക്കി. ”ആദ്യ ദിവസം തന്നെ ജനങ്ങളെ അനുഗ്രഹിക്കുന്നതിന് പകരം പ്രാർഥിക്കാൻ ആവശ്യപ്പെട്ടതിലൂടെ തന്നെ അത് വ്യക്തമാണ്. ഇത് ആളുകളുമായുള്ള അടുപ്പത്തിന്റെയും എളിമയുടെയും മനോഹര ദൃശ്യമായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തോലിക്ക സഭയിലെ സ്ത്രീകളുടെയും സാധാരണക്കാരുടെയും പങ്കാളിത്തമുയർത്താൻ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ച നിലപാടുകൾ ശക്തവും ശ്രദ്ധേയവുമായിരുന്നു. മുതലാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങളും ലോക ശ്രദ്ധയാർജിച്ചിരുന്നു. ലാദാത്തോ സെ എന്ന ചാക്രിക ലേഖനത്തിൽ ആഗോളവത്കരണം അടിച്ചേൽപ്പിച്ച സാമ്പത്തിക അനീതികളെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിരുന്നു.
അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും നൽകിയ പിന്തുണയിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പ ലേകമനസുകളിൽ ഇടംപിടിച്ചത്. ലാറ്റിൻ അമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാർപാപ്പയുടെ നിലപാടുകൾ ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. വത്തിക്കാനിൽ തന്നോടൊപ്പം ഇടപഴകാൻ ട്രാൻസ്‌ജെൻഡർ വ്യക്തികളെയും അദ്ദേഹം ക്ഷണിച്ചിരുന്നു.
സൊസൈറ്റി ഒഫ് ജീസസ് എന്ന ജെസ്യൂട്ടിൽ ഉൾപ്പെടുന്ന ആളാണ് ഫ്രാൻസിസ് മാർപാപ്പ. സഭകളിൽ ഏറ്റവും വലുതും, പ്രധാനപ്പെട്ടതുമായ ഗ്രൂപ്പുകളിൽ ഒന്നാണിത്. ജസ്യൂട്ടുമാർ മറ്റുള്ളവരെ സഹായിക്കുന്നതിനും, നീതിയ്ക്കുവേണ്ടി പോരാടുന്നതിനും ശക്തമായി ശ്രദ്ധകേന്ദ്രീകരിക്കുന്ന ആശുകളാണ്.
ലോകത്ത് ആകെയുള്ള 1.2 ബില്യൺ കത്തോലിക്കക്കാരിൽ ഏകദേശം 480 ദശലക്ഷം ആളുകൾ ലാറ്റിൻ അമേരിക്കയിൽ നിന്നുള്ളവരാണ്. എന്നാൽ ആ മേഖലയിൽ നിന്നുള്ളവർ ആരും തന്നെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല, ഫ്രാൻസിസ് മാർപാപ്പ ആ സ്ഥാനത്ത് എത്തുന്നത് വരെ.
2001ൽ കർദിനാളാവുകയും പിന്നീട് വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്ഠിച്ചു. 2005ൽ അർജന്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷനായി ചുമതലയേറ്റു. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോളും ലളിത ജീവിതം നയിക്കാൻ താൽപര്യപ്പെട്ട അദ്ദേഹം വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിൽ താമസം ആരംഭിച്ചു.Life of pope Francis
Content summary; Life of pope Francis; From Jorge Mario Bergoglio to pope Francis