June 29, 2026 |
Share on

ലോഹഗഡ് കോട്ട കൊലപാതം: കേതനെ തള്ളിയിടാന്‍ സിഗ്നല്‍, റിഹേഴ്‌സല്‍

പൂനെയില്‍ വ്യവസായിയെ പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ലോണാവാലയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയില്‍ കാമുകനുമായി ചേര്‍ന്ന് പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിവിട്ട് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പൂനെയിലെ പ്രമുഖ വ്യവസായിയായിരുന്ന കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസില്‍, മുഖ്യപ്രതിയും കേതന്റെ പ്രതിശ്രുത വധുവുമായ സിയ ഗോയലിനെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് ഞായറാഴ്ച തെളിവെടുപ്പ് നടത്തി. ഡമ്മി ഉപയോഗിച്ച് കൊലപാതകത്തിന്റെ പുനരാവിഷ്‌കാരം നടത്തിയിരുന്നു. ജൂണ്‍ 18-ന് നടന്ന ക്രൂരമായ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടു. സിയ ഗോയല്‍, ഇവരുടെ കാമുകന്‍ ചേതന്‍ ചൗധരി എന്നിവരുടെ പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതിക്രൂരവും ആസൂത്രിതവുമായ ഈ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കേതനെ മലമുകളില്‍ നിന്ന് തള്ളിവിടാന്‍ സിയ കാമുകന് മുന്‍കൂട്ടി നിശ്ചയിച്ച ചില രഹസ്യ സിഗ്‌നലുകള്‍ നല്‍കിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. കോട്ടയുടെ മുകളില്‍ വെച്ച് വെള്ളം കുടിക്കാനെന്ന വ്യാജേനയോ ചെരുപ്പിന്റെ വാറ് കെട്ടാനെന്ന രീതിയിലോ സിയ താഴേക്ക് ഇരിക്കുക എന്നതായിരുന്നു ആ രഹസ്യ സന്ദേശം. കേതന്‍ കൊക്കയുടെ വശത്ത് കൃത്യമായ പൊസിഷനില്‍ എത്തിക്കഴിഞ്ഞു എന്നും ചേതന് ആക്രമണം നടത്താം എന്നതുമായിരുന്നു ഈ സിഗ്‌നലിന്റെ അര്‍ത്ഥം.

ഈ പ്രത്യേക സിഗ്‌നല്‍ തിരഞ്ഞെടുത്തതിന് പിന്നില്‍ മറ്റൊരു തന്ത്രം കൂടിയുണ്ടായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ചേതന്‍ പെട്ടെന്ന് വന്ന് കേതനെ തള്ളിവിടുമ്പോള്‍, വീഴാതിരിക്കാന്‍ കേതന്‍ സിയയെ പിടിച്ചുവലിച്ചാല്‍ സിയയും ഒപ്പം കൊക്കയിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന് പ്രതികള്‍ ഭയപ്പെട്ടിരുന്നു. സിയയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തള്ളിവിടുന്ന സമയത്ത് സിയ താഴേക്ക് ഇരിക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടത്. അതീവ സൂക്ഷ്മതയോടെയാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി ഇരുവരും മുന്‍പ് ലോഹഗഡ് കോട്ട സന്ദര്‍ശിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും, കൊലപാതകം എങ്ങനെ നടത്തണമെന്ന് ഒരു ‘പരിശീലന സെഷന്‍’ വരെ നടത്തുകയും ചെയ്തതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ റിഹേഴ്‌സല്‍ എവിടെയാണ് നടന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

പിടിക്കപ്പെടാതിരിക്കാന്‍ കാമുകന്‍ ചേതന്‍ ചൗധരി അതീവ ജാഗ്രത പുലര്‍ത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. പൂനെയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ലോഹഗഡ് കോട്ടയിലേക്ക് കാറിലോ മറ്റോ യാത്ര ചെയ്താല്‍ ടോള്‍ പ്ലാസകളിലെ സിസിടിവികളില്‍ കുടുങ്ങുമെന്ന് ഭയന്ന് ഇയാള്‍ ഒരു സ്‌കൂട്ടറിലാണ് യാത്ര ചെയ്തത്. ഈ സ്‌കൂട്ടര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ, കോട്ടയിലെത്തിയ ശേഷം ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഇയാള്‍ വേഷം മാറി. ഒരു ഹൂഡി ധരിച്ച് മലമുകളിലേക്ക് കയറിയ ചേതന്‍, സംഭവസമയത്ത് അത് ഊരിമാറ്റി കറുത്ത ടി-ഷര്‍ട്ട് മാത്രമാണ് ധരിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം തിരികെ പോരുമ്പോള്‍ ആരും തിരിച്ചറിയാതിരിക്കാന്‍ വീണ്ടും ഹൂഡി ധരിക്കുകയും ചെയ്തു. കേതനെ കൊക്കയിലേക്ക് തള്ളിയിട്ട ശേഷം ഇയാള്‍ സ്‌കൂട്ടറില്‍ തന്നെ പൂനെയിലേക്ക് മടങ്ങുകയായിരുന്നു.

കേതന്‍ അഗര്‍വാളുമായി സിയയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. പദ്ധതി പ്രകാരം സിയ കേതനെ ലോഹഗഡ് കോട്ടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും രഹസ്യമായി പിന്തുടര്‍ന്ന ചേതന്‍, സിയ താഴേക്ക് ഇരുന്ന് സിഗ്‌നല്‍ നല്‍കിയ ഉടന്‍ പിന്നിലൂടെ എത്തി കേതനെ ആഴമേറിയ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. പ്രതികള്‍ തങ്ങളുടെ പ്ലാന്‍ കൃത്യമായി നടപ്പിലാക്കിയെന്നും, ഞായറാഴ്ച നടത്തിയ ക്രൈം സീന്‍ പുനരാവിഷ്‌കാരം പ്രതികളുടെ മൊഴികള്‍ ശരിവെക്കുന്നതാണെന്നും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സിയയുടെ അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരെയും പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Content Summary; Police recreate the chilling murder of realtor Ketan Agarwal at Lohagad Fort. Investigators reveal how his fiancée Siya Goyal used a pre-arranged signal to execute the crime

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×