പോതുതെരഞ്ഞെടുപ്പിന്റെഅവസാനഘട്ടം ഇന്നാണ്. ഈ സമയത്ത് തെരഞ്ഞെടുപ്പ് ആര്‍ക്ക് അനുകൂലമായിരിക്കും എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. കോണ്‍ഗ്രസും സഖ്യകക്ഷികളും ചേരുന്ന ഇന്ത്യാ മുന്നണി അധികാരം തിരിച്ചുപിടിക്കുമോ, അതോ ബി.ജെ.പി തന്നെ തുടരുമോ തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യന്‍ ജനത ഉറ്റുനോക്കുകയാണ്. മുന്‍ തെരഞ്ഞെടുപ്പുകളിലേതു പോലെയല്ല, രണ്ടാംഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ തുടക്കത്തിലെ ആത്മവിശ്വാസവും ആവേശമെല്ലാം ചോര്‍ന്ന അവസ്ഥയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍ഡിഎ മുന്നണിയും മാറിത്തുടങ്ങിയിരുന്നു. പ്രചാരണം പാതിവഴിയില്‍ എത്തിയപ്പോള്‍ മോദി അടക്കമുള്ള നേതാക്കളില്‍നിന്ന് വാചക കസര്‍ത്തുകള്‍ മാത്രമായി. വിദ്വേഷ പ്രസംഗങ്ങളും അസത്യങ്ങളും സ്ഥിരതയാര്‍ജ്ജിച്ചു. ഒരു താരതമ്യം ആവശ്യമാണെങ്കില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലും നാണം കെടുത്തുന്ന തലത്തിലേക്ക് ആ നേതാക്കളുടെ സംസാരം പരിണമിച്ചു. 400 സീറ്റെന്ന മോഹസംഖ്യയൊക്കെ എങ്ങോ മറഞ്ഞു. പകരം കോണ്‍ഗ്രസും പ്രാദേശിക കക്ഷികളും കരുത്താര്‍ജ്ജിച്ചു. ഇന്ന് നടക്കുന്ന ആറാം ഘട്ടത്തില്‍ ആവേശഘടകം ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാളാണ്.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ കാറ്റ് വീശുന്നത് ഏത് വഴിയായിരിക്കുമെന്ന സൂചനകള്‍ തന്നെയാണ് അവ നല്‍കുന്നതും. ആ ദിശ അറിയാന്‍ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. അതിന് 1984 മുതലുള്ള 10 പൊതുതെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്ക് നോക്കണം, പ്രത്യേകിച്ച് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വോട്ട് വിഹിതവും ലോക്സഭ സീറ്റുകളും പരിഗണിക്കണം. ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രം പരിശോധിച്ചാല്‍ മനസിലാവുന്ന കൗതുകകരമായ വസ്തുത, ഭരണം നേടിയ പാര്‍ട്ടി അല്ല, വോട്ട് വിഹിതത്തിന്റെ ഏറിയ പങ്ക് സ്വന്തമാക്കിയിട്ടുള്ളതെന്നതാണ്. ഉദാഹരണത്തിന് 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് 414 സീറ്റുകളാണ് നേടിയത്. വോട്ട് വിഹിതം 49 ശതമാനം. അതായത് 51 ശതമാനം വോട്ട് വിഹിതം ലഭിച്ചത് ഇതര പാര്‍ട്ടികള്‍ക്കാണ്. ദശാബ്ദക്കണക്ക് പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മൊത്തം വോട്ടുവിഹിതം ശരാശരി 51.95% ആണെന്ന് കാണാം. സീറ്റികളിലേക്ക് നോക്കിയാല്‍ ശരാശരി 325 എണ്ണം. അതായത് ലോക്സഭയിലെ 60% സീറ്റുകള്‍. ചുരുക്കത്തില്‍ ഏത് തെരഞ്ഞെടുപ്പിലും 48.05% വോട്ടുകളും 40% ലോക്‌സഭാ സീറ്റുകളും നിര്‍ണയിക്കുന്നത് പ്രാദേശിക കക്ഷികളടക്കമുള്ള ഇതര പാര്‍ട്ടികളാണ്. ഇതില്‍നിന്ന് സഹതാപ തരംഗം വോട്ടാക്കി മാറ്റി രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലിരുന്ന 84ലെയും 2019ലെ പുല്‍വാമ-ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പും മാറ്റി നിര്‍ത്തിയാല്‍ രണ്ട് ദേശീയ പാര്‍ട്ടികളുടെയും ശരാശരി വോട്ട് വിഹിതം 50.75% ആവും. ഇതു പ്രകാരം ശരാശരി സീറ്റുകളുടെ എണ്ണം 310 ആയും ചുരുങ്ങും. അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട 2014ലും 2019-ലും കോണ്‍ഗ്രസിന് ലഭിച്ച വോട്ട് വിഹിതം 19-20% ആയിരുന്നു. ബിജെപിക്കാവട്ടെ 22%.
ഒരാളുടെ തോല്‍വിയാണ് മറ്റൊരാളുടെ വിജയം. അതാണാല്ലോ തെരഞ്ഞെടുപ്പും. 2024ലെ തെരഞ്ഞെടുപ്പിനെ പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കനത്ത പോരാട്ടം എന്ന് പറയാം. എങ്കിലും മേല്‍ പറഞ്ഞ കണക്കുകളിലേക്ക് നോക്കിയാല്‍ ഇന്ത്യയുടെ ഭാവി ഈ പാര്‍ട്ടികളുടെ പുറത്ത് നില്‍ക്കുന്നവരിലാണ്. അവരുടെ വോട്ടുകളാണ് ഇത്തവണ നിര്‍ണായകമാവുന്നതും. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആയിരുന്നു ഇത്തവണത്തെ ബിജെപിയുടെ തുറുപ്പുചീട്ടുകളിലൊന്ന്. എന്നാല്‍ അവയിലൊന്നും ഈ വോട്ടര്‍മാര്‍ വീഴില്ല. അവര്‍ക്ക് വേവലാതിപ്പെടാന്‍ വേറെയും ഗൗരവകരമായ വിഷയങ്ങളുണ്ട്. തൊഴില്‍, ഭക്ഷ്യ വിലക്കയറ്റം, അഴിമതി, ഭയം, വര്‍ഗീയത, അസമത്വം അങ്ങനോ പോകുന്നവ. ദി വയറിലെ ലേഖനം പറയുന്നത് അനുസരിച്ചാണെങ്കില്‍ താഴെപ്പറയുന്ന സംസ്ഥാനങ്ങളില്‍ ബിജെപി സീറ്റുകള്‍ കോണ്‍ഗ്രസ് മാത്രം നേടാം എന്നാണ്. കര്‍ണാടക (10), മഹാരാഷ്ട്ര (5), ഗുജറാത്ത് (1), ഹരിയാന (4) , രാജസ്ഥാന്‍ (7), ഛത്തീസ്ഗഡ് (4), എംപി (3), ഉത്തര്‍പ്രദേശ് (4), ഡല്‍ഹി (1), അസം (2) , വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും (5), ബീഹാര്‍ (2), ജാര്‍ഖണ്ഡ് (2), ഉത്തരാഖണ്ഡ് (1), ഹിമാചല്‍ പ്രദേശ്(2) എന്നിങ്ങനെയായിരിക്കും അത്. ആകെ 53 ലോക്‌സഭാ സീറ്റുകള്‍. ഇത്തരത്തില്‍ നേരത്തെ ഒറ്റപ്പെട്ട് കിടന്നിരുന്ന പല ഘടകങ്ങള്‍ ഐക്യപ്പെട്ടാല്‍ അത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയാവുകയും കോണ്‍ഗ്രസ് അടങ്ങുന്ന ഇന്ത്യാ മുന്നണിക്ക് നേട്ടമായി മാറുകയും ചെയ്യും. അതായത് എന്‍സിപി (ശരദ് പവാര്‍), ഉദ്ധവ് താക്കറെ ശിവസേന, സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുതലായവ പ്രാദേശിക കരുത്തരും കൂടി ചേര്‍ന്നാല്‍ 220-230 സീറ്റുകളിലേക്ക് ബിജെപിയെ ചുരുക്കാന്‍ സാധിക്കും.
തടവറയില്‍ നിന്ന് തെരഞ്ഞെടുപ്പ് കളത്തിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി തന്നെയാണ് ഇന്ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിലെ താരം. കെജ്രിവാളിന്റെ അറസ്റ്റ് അടക്കമുള്ളവ ബിജെപിയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. ഒപ്പം ഭരണഘടന പൊളിച്ചെഴുതാനുള്ള ബിജെപി ആഗ്രഹങ്ങളും ഇന്ത്യാ മുന്നണി വലിയ ആയുധമാക്കിയിട്ടുണ്ട്. ബിജെപിയുടെ വോട്ട് ബാങ്കിനെ പോലും ചോര്‍ച്ചയുണ്ടാക്കാന്‍ തക്കവിധത്തില്‍ അത് വളര്‍ന്നിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍. അവസാനഘട്ടത്തിലെ പ്രചാരണത്തിലൊക്കെ അടിത്തട്ടിലെ മാറ്റങ്ങള്‍ പ്രത്യക്ഷവുമായിരുന്നു. മോദി തരംഗം ഇത്തവണ കൗ ബെല്‍റ്റുകളില്‍ മാത്രമാണെന്ന് എല്ലാവരും അംഗീകരിക്കുന്ന തലത്തിലേക്ക് അത് വളരുകയും ചെയ്തിരുന്നു. ഇന്ത്യ മുന്നണിയുടെ റാലികളിലെ പൊതുജന പങ്കാളിത്തം ഇതിന് അടിവരയിടുന്നതാണ്. എന്‍ഡിഎയുടെ ഉറച്ച കോട്ടയായ യുപിയെ പോലും റാലികളിലൂടെ ഇളക്കി മറിയ്ക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിരുന്നു. ബീഹാറില്‍ തോളോട് തോളോട് ചെര്‍ന്നുള്ള പ്രവര്‍ത്തനമാണ് ആര്‍.ജെ.ഡിയും ഇടതുപക്ഷവും കോണ്‍ഗ്രസും കാഴ്ചവച്ചത്. യുപിയില്‍ അയോധ്യ ഫാക്ടറിന്റെ വിലയിരുത്തല്‍ കൂടിയാവും നടക്കുക.
ബിഹാറില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങിയ ഇന്ത്യാ സഖ്യം പ്രചാരണത്തില്‍ വന്‍ മുന്നേറ്റമാണു നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ഇന്ത്യ മുന്നണിയുടെ ഒത്തൊരുമയേക്കാള്‍ സ്വന്തം മുന്നണിയിലെ പ്രമുഖഘടകകക്ഷിയാണ് ബി.ജെ.പി.ക്കു തലവേദനയാകുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന ജെ.ഡി.യുവിന്റെ അവസരവാദ നിലപാട് തിരിച്ചടിക്കുമോയെന്ന ആശങ്കയിലാണ് അവര്‍. വോട്ടര്‍മാര്‍ക്ക് ബി.ജെ.പി. ദേശീയനേതൃത്വത്തോടുള്ള അനുകൂല നിലപാടിനെ തകിടം മറിക്കുന്നതാണ് നിതീഷ്‌കുമാറിന്റെ അവസരവാദ രാഷ്ട്രീയം. ജെ.ഡി.യു. വിദ്വേഷം ബി.ജെ.പിക്കു ദോഷം ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വന്‍ തിരിച്ചടിയാവും എന്‍.ഡി.എയ്ക്കു ലഭിക്കുക.
രാജ്യത്ത് ഏറ്റവും അധികം ലോക്‌സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയില്‍ ഇത്തവണ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോന്ന തുറുപ്പുചീട്ടുകളൊന്നും ഇറക്കാന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞിട്ടില്ല. ആകെ മുന്നോട്ടുവയ്ക്കാവുന്ന അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനം വോട്ടാക്കിമാറ്റാനായില്ലെങ്കില്‍ ന്യൂഡല്‍ഹി പിടിക്കാമെന്ന മോഹം നരേന്ദ്രമോദിക്ക് ഉപേക്ഷിക്കേണ്ടിവരും. അഖിലേഷ് യാദവിന്റെ കരുത്തില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് യു.പിയില്‍ പ്രതിപക്ഷസഖ്യത്തെ നയിക്കുന്നത്. അഖിലേഷിന്റെ പ്രചാരണയോഗങ്ങളില്‍ വന്‍ ജനാവലി ഇരമ്പിയെത്തുന്നത് ഇന്ത്യാസഖ്യത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 80-ല്‍ 20 സീറ്റെങ്കിലും നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.പിയില്‍ ഇന്ത്യാസഖ്യം.
ഇതോടൊപ്പം ബാക്ക്ഫൂട്ടിലേക്ക് പോയിരുന്ന കര്‍ഷകസമരം 100 ദിവസം പിന്നിട്ടതോടെ കൂടുതല്‍ ശക്തമായതും ബി.ജെ.പിക്കു തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല കര്‍ഷകര്‍ ശക്തരായ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും യു.പിയിലെ ചില ഭാഗങ്ങളിലും ഇതിന്റെ നേട്ടം ഇന്ത്യാമുന്നണിക്ക് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 42 സീറ്റുകള്‍ ഉള്ള പശ്ചിമ ബംഗാളില്‍ 2019-ല്‍ നേടിയ 18 സീറ്റുകള്‍ നിലനിര്‍ത്താന്‍ ബി.ജെ.പിക്കു സാധിക്കില്ലെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞതവണത്തേക്കാള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ സി.പി.എം. അപ്രതീക്ഷിതമായ മുന്നേറ്റം നടത്തുന്നതിനാല്‍ കുറച്ചുസീറ്റുകള്‍ ഇരുവരും ചേര്‍ന്നു പിടിച്ചെടുത്തേക്കും. മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളില്‍ കോണ്‍ഗ്രസ്-ഇടതു സഖ്യം നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയുടെ ഏകശക്തികേന്ദ്രമായ കര്‍ണാടകയിലും കനത്ത വെല്ലുവിളിയാണ് ബി.ജെ.പി നേരിടുന്നത്. സഖ്യകക്ഷിയായ ജനതാദള്‍(എസ്) ചെയര്‍മാന്‍ ദേവഗൗഡയുടെ കൊച്ചുമകനും എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികപീഡനക്കേസാണ് കര്‍ണ്ണാടക രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയിരിക്കുന്നത്. പ്രജ്വലിനെതിരേ നിരവധി സ്ത്രീകളാണ് പീഡനപരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടെ കണ്ടെടുത്തതോടെ ജനതാദള്‍(എസ്) നേതൃത്വം പ്രതിരോധത്തിലായി. ഇതോടെ വെട്ടിലായതാകട്ടെ ബി.ജെ.പിയും. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ജനതാദള്‍(എസ്)നെ എന്‍.ഡി.എയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാലിപ്പോള്‍ ഈ പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തത് വലിയ അബദ്ധമായിപ്പോയെന്ന മുറുമുറുപ്പിലാണ് സംസ്ഥാന ബി.ജെ.പി. നേതൃത്വം. തെലങ്കാനയിലും തമിഴ്നാട്ടിലും പരമാവധി ഒന്നോ രണ്ടോ സീറ്റുകള്‍ക്ക് അപ്പുറം ബി.ജെ.പിക്ക് ലഭിക്കാനുള്ള സാധ്യതയും കുറവാണ്. കേരളത്തിലും ഇത്തവണ ബി.ജെ.പി അക്കൗണ്ട് തുറക്കാനുള്ള സാധ്യത വിരളമാണ്. ആന്ധ്രയില്‍ ബി.ജെ.പി-ടി.ഡി.പി സഖ്യം വിജയിച്ചാലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിജയിച്ചാലും മോദിക്കു തന്നെയാകും നേട്ടം. മോദി സര്‍ക്കാറിനെ നിര്‍ണായകഘട്ടങ്ങളില്‍ സഹായിച്ച ചരിത്രമാണ് ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും ഒഡീഷയിലെ ബിജു ജനതാദള്ളിനും ഉള്ളത്. എന്നാല്‍, ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നേരിയ സാധ്യത ഉണ്ടായാല്‍ ഈ പാര്‍ട്ടികള്‍ നിലപാട് മാറ്റാനും സാധ്യതയുണ്ട്.
English summary; Lok sabha election 2024 what INDIA alliance position in this 6th phase