പ്രസിഡന്റ ട്രംപിന്റെ ദേശീയ നയങ്ങള്‍ക്കെതിരെ കാലിഫോര്‍ണിയായില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ യു.എസ്.മറീന്‍സിനെ നിയോഗിച്ച നടപടി ക്രമസമാധാന നില വഷളാക്കാനെ ഉപകരിക്കൂ എന്ന് ലോസ് ഏഞ്ചലസ് പോലീസ്. 700 സൈനികരാണ് കാലിഫോര്‍ണിയായില്‍ എത്തിയിരിക്കുന്നത്. 2000 പേരെ വരെ അയയ്ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ലോസ് ഏഞ്ചലസിലും സാന്‍ഫ്രാന്‍സിസ്കോയിലും നാഷണല്‍ ഗാര്‍ഡിനെ അയച്ചതിന് പുറമെയാണിത്. എന്നാല്‍ ഇത് ഫെഡറല്‍ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രസിഡന്റ് ട്രംപിനെതിരെ കോടതിയെ സമീപിക്കുമെന്നും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം പറഞ്ഞു. ട്രംപിന്റെ നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഡെമോക്രാറ്റുകള്‍ക്ക് വലിയ ഭൂരിപക്ഷമുള്ള കാലിഫോര്‍ണിയ സ്റ്റേറ്റിനെതിരെ കടുത്ത നടപടികളുമായാണ് യു.എസ് ഭരണകൂടം മുന്നോട്ട് പോകുന്നത്.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസമിനെ അറസ്റ്റ് ചെയ്യുന്നതിനോട് യോജിപ്പാണെന്നും തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തരോട് പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നാല്‍ എന്ത് കുറ്റത്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് ട്രംപിന് മറുപടിയില്ലായിരുന്നു. ‘ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് തന്നെ കുറ്റമാണ്, അത്രയും മോശം ഭരണമാണ് അയാളുടേത്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ യു.എസ് ഭരണകൂടം സ്റ്റേറ്റുകളുടേയും പ്രദേശിക ഭരണകൂടങ്ങളുടേയും അധികാരമെടുത്ത് കളയാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോസ് ഏഞ്ചലസ് നഗരത്തെ ഒരു പരീക്ഷണ വസ്തുവായി ഉപയോഗിക്കുകയാണ് എന്ന് മേയര്‍ കരീന്‍ ബാസ് കുറ്റപ്പെടുത്തി. ഈ നഗരം ഒരു പരീക്ഷണശാലയല്ല- കരീന്‍ പറഞ്ഞു.
ലോസ്ഏഞ്ചലസില്‍ ദേശീയസേന എത്തുന്നത് മുമ്പ് തന്നെ നഗരത്തില്‍ സമാധാനം പുനസ്ഥാപിച്ചുവെന്ന് പറഞ്ഞ് സേനയെ ട്രംപ് അഭിനന്ദിച്ചത് കരീന്‍ ചൂണ്ടിക്കാണിച്ചു. എല്ലാം ആരംഭിച്ചത് തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലാണെന്നും അവര്‍ പറഞ്ഞു. അനധികൃതമായ റെയ്ഡുകള്‍ ആരംഭിച്ചതോടെയാണ് എല്ലാം വഷളായത്. ഒരോ ദിവസവും പോലീസിനെ ഭയന്ന് മനുഷ്യര്‍ക്ക് ഉറങ്ങാന്‍ പറ്റില്ല. അനധികൃത കുടിയേറ്റത്തിന്റെ പേരിലാണ് ലോസ് ഏഞ്ചലസിലും സാന്ഫ്രാന്സ്സികോയിലും അടക്കം ഒട്ടേറെ സ്ഥലത്ത് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അഥവാ ഐസിഇ റെയ്ഡുകള്‍ നടക്കുന്നത്.
ഈ ഐസിഇ റെയ്ഡുകള്‍ മനുഷ്യരില്‍ ഭീതിയാണ് ഉണ്ടാക്കുന്നത്-കരീന്‍ പറഞ്ഞു. നിയമപരമായി ഇവിടെ ജീവിക്കുന്ന പൗരസമൂഹത്തേ കൂടിയാണ് ഇത് ഭയപ്പെടുത്തുന്നത്. ഏത് സമയത്തും എവിടേയും റെയ്ഡുകള്‍ സംഭവിക്കാം. നിങ്ങള്‍ താമസിക്കുന്നിടത്താകാം. ജോലി സ്ഥലത്താകാം. കുട്ടികളെ സ്കൂളില്‍ അയയ്ക്കാനും ജോലി ചെയ്യാന്‍ പോകാന്‍ പോലും ഭയമാണ് ആളുകള്‍ക്ക്.’-കരീന്‍ പറഞ്ഞു. അമേരിക്കയിലെ ലാറ്റിനോ വംശജരേയും ഇന്ത്യാക്കാരടക്കമുള്ള കറുത്ത വര്‍ഗ്ഗക്കാരേയും ലക്ഷ്യമിട്ടാണ് ട്രംപിന്റെ ഐസിഇ റെയ്ഡുകള്‍ കാര്യമായി നടക്കുന്നത്. വിദ്യാര്‍ത്ഥികളേയും ഗവേഷകരേയും അടക്കം പിടികൂടി, രാജ്യദ്രോഹകുറ്റമാരോപിച്ച് പുറത്താക്കുകയാണ് ഈ റെയ്ഡുകളുടെ ലക്ഷ്യം.
ലോസ് ഏഞ്ചലസ് പോലീസ് ഡിപാര്‍ട്ട്മെന്റ് അഥവാ എല്‍.എ.പി.ഡിയും യു.എസ് സൈനികരുടെ കടന്ന് വരവിനെ ആശങ്കയോടെയാണ് കാണുന്നത്. പോലീസും സൈന്യവും ദേശീയ സേനയുമായി യാതൊരു തരത്തിലുള്ള ഏകോപനവും നടക്കുന്നില്ല എന്ന് നഗരത്തിന്റെ പോലീസ് മേധാവി ജിം മക്ഡോണല്‍ പറഞ്ഞു. 700 മറീനുകള്‍ യാതൊരു ഏകോപനവുമില്ലാതെ വന്നിറങ്ങുമ്പോള്‍ നഗരത്തിന്റെ സുരക്ഷ കൂടുതല്‍ പ്രതിസന്ധിയിലാകും. ലോസ് ഏഞ്ചലസ് പോലീസിന് എത്ര വലിയ പൊതുജന പ്രതിഷേധങ്ങളേയും നേരിടാനുള്ള അനുഭവസമ്പത്തും പരിശീലനവും ഉണ്ട്. തികച്ചും ഫലപ്രദമായി ഇത് ചെയ്യാമെന്ന ആത്മവിശ്വാസവും ഞങ്ങള്‍ക്കുണ്ട്. ആശയക്കുഴപ്പം ഒഴിവാക്കാന്‍ എല്ലാ ഏജന്‍സികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കണം. പ്രശ്നങ്ങള്‍ ഗുരുതരമാകാതിരിക്കാന്‍ അതാണ് നല്ലത്-അദ്ദേഹം പറഞ്ഞു. Los Angeles protests update; Mayor and police allegations against Trump administration
Content Summary; Los Angeles protests update; Mayor and police allegations against Trump administration
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.